കാലാവസ്ഥാ വ്യതിയാനം- ഓറിയന്‍റേഷന്‍ പ്രോഗാം

കാലാവസ്ഥാ വ്യതിയാനം, അതിന്‍റെ ദുരന്തങ്ങള്‍ എന്നെല്ലാം കേള്‍ക്കുമ്പോള്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും ഒരു ചിന്തയുണ്ടാവും; അത്തരം ദുരന്തം നമ്മളെ ബാധിക്കില്ല എന്നും. നമ്മളല്ലല്ലോ അതിന് കാരണക്കാര്‍ എന്നുമൊക്കെ. പക്ഷെ ഒരു കാര്യം നമ്മള്‍ മനസ്സിലാക്കാതെ തരമില്ല. പ്രകൃതിയെ നാശപ്പെടുത്തികൊണ്ട് ദുരന്തം വേഗത്തിലാക്കുന്ന പ്രവര്‍ത്തനത്തിലാണ് നമ്മള്‍ ഓരോരുത്തരും നിരന്തരം ഏര്‍പ്പെടുന്നത്. അറിഞ്ഞും അറിയാതെയും ഇക്കാര്യം നമ്മള്‍ ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്തം ലോകത്തില്‍ എതൊരാളും പ്രതീക്ഷിക്കുക തന്നെ വേണം. പ്രകൃതിയില്‍ സ്വാഭാവികമായുള്ള മാറ്റങ്ങള്‍ ഭൂരിഭാഗവും വളരെ സാവധാനത്തിലാണ്. പക്ഷെ മനുഷ്യ ഇടപെടല്‍ മൂലമുണ്ടാകുന്ന വ്യതിയാനങ്ങള്‍ വളരെപ്പെട്ടെന്നാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരവുമാണ്.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഉള്‍പ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവില്‍ വന്നിട്ടുള്ള വര്‍ധനയാണ് കാലാവസ്ഥാമാറ്റത്തിന് പ്രധാന കാരണമായി വിഗദ്ധര്‍ പറയുന്നത്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് അനുഭവിച്ച അസഹനീയമായ ചൂടിന്‍റെ കാര്യം മഴ പെയ്തതോടെ എല്ലാവരും മറന്നു തുടങ്ങിയിരിക്കും. പക്ഷേ, വേനല്‍ക്കാലത്ത് നമ്മള്‍ക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലായിരുന്നു. ഓരോ വര്‍ഷവും ചൂടിന്‍റെ കാഠിന്യം കൂടി വരുന്നു. കാലാവസ്ഥയുടെ കാര്യത്തില്‍ മെച്ചപ്പെട്ട അവസ്ഥയുള്ള കേരളത്തില്‍ പോലും ഇതായിരുന്നു അവസ്ഥ എങ്കില്‍ മറ്റിടങ്ങളില്‍ എന്തായിരിക്കും സംഭവിച്ചിരിക്കുക. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രകടമായ ലക്ഷണമാണ് ഇത്.

30-32 ഡിഗ്രി മാത്രം ചൂട് നിലനിന്നിരുന്ന നമ്മുടെ സംസ്ഥാനം ഇപ്പോള്‍ ശരാശരി 40 ഡിഗ്രിയിലേറെ വേനല്‍ച്ചൂടനുഭവിക്കുന്നു. സൂര്യാഘാതംമൂലം ആള്‍ക്കാര്‍ മരിക്കുന്ന അവസ്ഥ കേരളത്തിലുമുണ്ടായിരിക്കുന്നു. കഴിഞ്ഞ 100 വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ അന്തരീക്ഷ താപനിലയുടെ വാര്‍ഷിക ശരാശരിയില്‍ 0.44 ഡിഗ്രിയുടെ വര്‍ധനയുണ്ടായതായിട്ടാണ്. കഴിഞ്ഞ 100 വര്‍ഷത്തെ ചൂടേറിയ വര്‍ഷങ്ങള്‍ എല്ലാം തന്നെ ഇക്കഴിഞ്ഞ ദശകത്തിലായിരുന്നു എന്നതാണ് വസ്തുത.

ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗവും വനനശീകരണവുമാണ് ഇതിനു മുഖ്യമായും ഇടയാക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ അമിതമായ വര്‍ധനയാണ് ഹരിതഗൃഹ വാതകങ്ങളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് . ഇതിന്‍റെ ഫലമായി അന്തരീക്ഷതപനം ഇനിയും കൂടും. അതോടെ ഹിമപാളികള്‍ വര്‍ധിച്ച തോതില്‍ ഉരുകും. സമുദ്രോപരിതലത്തിന്‍റെ വിതാനവും വ്യാപ്തിയും വര്‍ധിക്കും. മനുഷ്യരാശിക്ക് ഭീഷണിയുണ്ടാകും. ഇതൊക്കെയാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

ഇതു ലോകരാജ്യങ്ങളുടെയെല്ലാം കണ്ണുതുറപ്പിച്ചിട്ടുണ്ട് എന്നുവേണം കരുതാന്‍. 1997ലെ ക്യോട്ടോ ഉച്ചകോടിയില്‍ അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായിട്ടുള്ള കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് സമ്മതിച്ചിരുന്നില്ല. ലോകത്തിലെ അഞ്ചുശതമാനം ജനസംഖ്യയാണ് അമേരിക്കയിലുള്ളതെങ്കിലും അവര്‍ പുറംതള്ളുന്നത് 22 ശതമാനം കാര്‍ബണാണ് എന്നോര്‍ക്കണം. എന്നാല്‍, അമേരിക്കയുള്‍പ്പെടെ 175 രാജ്യങ്ങള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് ലോക ഭൗമദിനത്തില്‍ പാരീസ് കാലാവസ്ഥാ വ്യതിയാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. ദുരന്തത്തെക്കുറിച്ചുള്ള തിരിച്ചറിവാണിതില്‍ പ്രതിഫലിക്കുന്നത്.

കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ കൊണ്ട് പലവിധ ദുരന്തങ്ങളെയും അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ് കേരളം. മണ്‍സൂണിനു മുമ്പുള്ള വരള്‍ച്ച, സൂര്യതാപം, മണ്‍സൂണ്‍ കാലത്തെ വെള്ളപ്പൊക്കം ഇതെല്ലാം നമുക്ക് അനുഭവിക്കേണ്ടിവരുന്നുണ്ട്.

അനവസരത്തിലുള്ള മഴയും വരള്‍ച്ചയും കാര്‍ഷികവിളകളുടെ ഉല്‍പ്പാദനത്തെയും സംഭരണത്തെയും ഗണ്യമായി ബാധിക്കുന്നു. താപനില ഒരു ഡിഗ്രി കൂടിയാല്‍ നെല്ലുല്‍പ്പാദനം 10 ശതമാനം കുറയുമെന്നാണ് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു വിളകളില്‍, ഓരോ ഡിഗ്രി ചൂട് കൂടുന്നതനുസരിച്ച് 6 ശതമാനം വിളവു കുറയുമെന്നാണ് വിലയിരുത്തല്‍. റബ്ബര്‍, കാപ്പി, കുരുമുളക്, തേയില, ഏലം എന്നിവയെല്ലാം ചൂടിന് സെന്‍സിറ്റീവായ വിളകളാണ്.

മാറിമാറി വരുന്ന കാലാവസ്ഥാ ഘടകങ്ങള്‍ക്ക് അനുസൃതമായി അപൂര്‍വ്വ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇടവരുന്നു. മലേറിയ, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, ജപ്പാന്‍ജ്വരം തുടങ്ങി പലതും കേരളത്തില്‍ പരക്കെ ഉണ്ടാകുന്നു. അന്തരീക്ഷതാപനിലയിലുള്ള വര്‍ധനയും ഇടവിട്ടുള്ള മഴയുമാണ് രോഗാണുവാഹക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുവാനുള്ള പ്രധാന കാരണം.

സമുദ്രനിരപ്പുയരുന്നത് തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകും. കൂടാതെ സമുദ്രതാപനിലയും അമ്ലതയും വര്‍ധിക്കുന്നതും മലിനീകരണം വര്‍ധിക്കുന്നതും മത്സ്യസമ്പത്തിന്‍റെ ശോഷണത്തിന് ഇടയാക്കും. 2012നെ അപേക്ഷിച്ച് കേരളതീരത്ത് പിടിക്കുന്ന മത്തിയുടെ അളവില്‍ 82 ശതമാനം വരെ കുറവ് വന്നിട്ടുണ്ട് എന്ന് ഒരു ശാസ്ത്രപഠനം ചൂണ്ടിക്കാണിക്കുന്നു

ചുരുക്കത്തില്‍ ജല ദൗര്‍ലഭ്യം, ഊര്‍ജ്ജപ്രതിസന്ധി, കാര്‍ഷികോല്‍പാദനത്തിലുള്ള കുറവ്, ജീവനും സ്വത്തിനുമുള്ള ഭീഷണി എന്നിവയെല്ലാം കാലാവസ്ഥാവ്യതിയാനം എന്ന പ്രതിഭാസത്തില്‍ നിന്നുണ്ടാവുന്ന പ്രത്യക്ഷമായ പ്രതിസന്ധികളാണ്. ഒരു പാരിസ്ഥിതിക പ്രശ്നമെന്നതിനേക്കാള്‍ മനുഷ്യരാശി അഭിമുഖീകരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ ഒരു വന്‍ പ്രതിസന്ധിയായിട്ടുവേണം കാലാവസ്ഥാവ്യതിയാനത്തെ കാണാന്‍. ദരിദ്ര്യരും സ്വാധീനം കുറഞ്ഞവരുമാണ് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങളില്‍ കൂടുതല്‍ അകപ്പെടുന്നത്.

കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെ ലഘൂകരിക്കുന്നതിനും സുസ്ഥിരമായ ജീവിതം ഉറപ്പുവരുത്തുന്നതിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് മേയര്‍മാരോടും മുനിസിപ്പല്‍ ചെയര്‍മാډാരോടുമൊക്കെ എനിക്ക് പറയാനുള്ളത് പ്രകൃതിയെ പരിപോഷിപ്പിക്കുന്ന രീതിയിലുള്ളതാകണം നമ്മുടെ വികസനം എന്നതാണ്. അതില്‍ നിങ്ങള്‍ പ്രത്യേക ശ്രദ്ധവെക്കണം.

ആവുന്നിടത്തോളം സ്ഥലങ്ങളില്‍ മരം വെച്ചുപിടിപ്പിക്കണം. പച്ചപ്പ് വര്‍ദ്ധിക്കുമ്പോള്‍, സസ്യജാലങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍, അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് കുറയുകയും അതുവഴി ചൂട് കുറയുകയും ചെയ്യും. വികേന്ദ്രീകൃത ഉറവിടമാലിന്യസംസ്ക്കരണത്തിനും മഴവെള്ള സംഭരണത്തിനും ഊന്നല്‍ കൊടുക്കണം. കാര്യക്ഷമമായ ഊര്‍ജ്ജ ഉപയോഗമാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു പ്രധാന ദൗത്യം തന്നെയാണ്. നഗരവല്‍ക്കരണത്തിന്‍റെ പേരില്‍ അവയൊന്നും നശിക്കാന്‍ ഇടവരുത്തിക്കൂടാ.

കാലാവസ്ഥാവ്യതിയാനത്തിന്‍റെ അടിസ്ഥാനത്തില്‍ കാര്‍ബണ്‍ സന്തുലനാവസ്ഥയ്ക്ക് വേണ്ടിയുള്ള ഒരു പുതിയ കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അക്കാര്യം ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളേയും സംരക്ഷിക്കുന്നതില്‍ മുന്‍ കാലത്തുണ്ടായ വീഴ്ചകള്‍ തിരുത്തി അവയുടെ സംരക്ഷണത്തിന് പദ്ധതികള്‍ നടപ്പിലാക്കേണ്ടതായിട്ടുണ്ട്. നീര്‍ത്തടാധിഷ്ഠിതമായി മണ്ണിന്‍റെയും ജലത്തിന്‍റെയും സംരക്ഷണത്തിനായുള്ള ഒരു ജനകീയ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യാപകമായ വനവല്‍ക്കരണത്തിന് പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിന്‍റേത്. ഹരിത ഗൃഹവാതകങ്ങളുടെ തോത് കുറച്ച് ആഗോള തപനത്തെ ചെറുക്കുന്നതിനായി വികസന പ്രക്രിയകളെ ഉപേക്ഷിക്കലല്ല, മറിച്ച് പ്രകൃതിയുമായി യോജിച്ചുപോകുന്ന വിധത്തില്‍ ഈ ശ്രമം തന്നെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കണം. ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടാവണം.
കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയും അതുമൂലമുണ്ടാകാനിടയുള്ള ദുരന്തങ്ങളെപ്പറ്റിയും അവ ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയും പഞ്ചായത്ത് – നഗരഭരണകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അവബോധം നല്‍കുന്നതിന് ഇത്തരത്തിലുള്ള പരിപാടികള്‍ ഗുണം ചെയ്യുമെന്നും ഞാന്‍ കരുതുന്നു. ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ള കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രത്തെ ഞാന്‍ അനുമോദിക്കുന്നു.

വളരെ ഗുണപ്രദമായ ഒരു ചര്‍ച്ച തുടര്‍ന്നുനടക്കുമെന്ന് കരുതുന്നു. ആഗോളതപനം കുറയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സഹകരിച്ചുള്ള പ്രവര്‍ത്തനമുണ്ടാകണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു.