കര്‍ഷക ദിനാചരണവും കര്‍ഷക അവാര്‍ഡ് വിതരണവും

ഈ വര്‍ഷത്തെ സംസ്ഥാനതല കര്‍ഷകദിനാചരണവും കര്‍ഷക അവാര്‍ഡ് വിതരണവും ആഗസ്റ്റ് 16 ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ടൗണ്‍ഹാളില്‍ നടത്തും. ചടങ്ങിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമ-സാംസ്‌കാരിക- പട്ടികജകാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സ്വാഗതമാശംസിക്കും. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരിക്കും. ഇതോടനുബന്ധിച്ച് ജൈവകൃഷിക്ക് പ്രധാന്യം നല്‍കുന്ന കാര്‍ഷിക പ്രദര്‍ശനം, തെങ്ങുകയറ്റ മത്സരം, വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തുന്ന സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഘോഷയാത്രയും പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.