സംസ്ഥാനത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കും

സംസ്ഥാനത്തെ നദികളും പുഴകളും പുനരുജ്ജീവിപ്പിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടഞ്ഞുപോയ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുക, പുഴകളും നദികളും തോടുകളും സജീവമാക്കി ശുദ്ധജലം ഉറപ്പ് വരുത്തുക എന്നിവ ഇതിന്‍റെ ഭാഗമായി നടക്കും . കാര്‍ഷിക സര്‍വകലാശാലകള്‍ നാലതിരുകളില്‍ തളച്ചിടാതെ ജനങ്ങളുമായി ബന്ധപ്പെടുത്തി കാര്‍ഷിക പുരോഗതി ഉണ്ടാക്കാന്‍ നടപടി ഉണ്ടാകും. കര്‍ഷകര്‍ നേരിടുന്ന മുഖ്യ പ്രശ്നം കാലാവസ്ഥയാണ്. ആസിയാന്‍ കരാര്‍ ഒറ്റപ്പെട്ട സംഭവമല്ല . കോര്‍പ്പറേറ്റുകള്‍ അവരുടെ കാര്‍ഷികോത്പന്നങ്ങള്‍ നമുക്കിടയില്‍ അടിച്ചേല്‍പിക്കുന്നതിനുള്ള മന:പൂര്‍വ്വമായ ശ്രമം നടത്തിതുടങ്ങി. നമ്മുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കാതെ പോവാന്‍ ഇത് ഒരു കാരണമാണ്. കര്‍ഷകര്‍ ചിങ്ങം ഒന്നിനു മാത്രമല്ല വര്‍ഷം മുഴുവന്‍ ആദരിക്കപ്പെടേണ്ടവരാണ് . കാര്‍ഷിക രംഗത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരന്തം സംഭവിച്ചത് നെല്‍കൃഷിക്കാണ്. നെല്‍വയല്‍ നികത്തുന്നതും തരിശ് ഇടുന്നതും ഇതിന് ആക്കം കൂട്ടി. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം കാര്‍ഷിക ക്ഷേമവും വികസനവും ഉറപ്പാക്കിക്കൊണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റബ്ബര്‍ കൃഷിയുടെ കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവും. നാണ്യ വിളയുടെ കാര്യത്തിലും ഇടപെടല്‍ നടത്തും.ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന നെല്‍ വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായുള്ള ലോഗോ പ്രകാശനവും ,കാര്‍ഷിക രംഗത്ത് വിജയിച്ചവരുടെ അനുഭവങ്ങള്‍ പങ്കിടുന്ന ഹരിതഗാഥ പുസ്തകത്തിന്‍റെ പ്രകാശനവും മുഖ്യ മന്ത്രി നിര്‍വ്വഹിച്ചു. പദ്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍കതിര്‍ അവാര്‍ഡും , തരിശു രഹിത പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഓണക്കാലത്ത് 1350 വിഷരഹിത പച്ചക്കറി ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുമെന്നും , സംസ്ഥാനത്ത് 3000 ലക്ഷം ഹെക്ടര്‍ നെല്‍ കൃഷി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക രംഗത്ത് ജില്ലക്ക് കൂടുതല്‍ പരിഗണന കിട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഈ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ഉണ്ടാവുമെന്ന് സ്വാഗത പ്രസംഗത്തില്‍ നിയമ സാസ്കാരിക പട്ടികജാതി/വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ചടങ്ങില്‍ എം.പിമാരായ എം.ബി.രാജേഷ്, പി.കെ.ബിജു , എം.എല്‍.എ മാരായ കെ.വി.വിജയദാസ്, പി.ഉണ്ണി, കെ.കൃഷ്ണന്‍കുട്ടി, അഡ്വ.എന്‍.ഷംസുദ്ദീന്‍ ഷാഫി പറമ്പില്‍, പി.കെ.ശശി, കെ.ബാബു, മുഹമ്മദ് മുഹസിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.ശാന്തകുമാരി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി, ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, ജില്ലാ പോലീസ് സൂപ്രണ്ട് ഡോ: എ.ശ്രീനിവാസ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.