ഗാന്ധിഭവൻ

ഗാന്ധിഭവന്‍റെ പതിമൂന്നാം വാര്‍ഷികത്തില്‍ സംബന്ധിക്കാനും ഗാന്ധിഭവന്‍റെ മഹാത്മാഗാന്ധി സമ്മാന്‍ ശ്രീ. എം എ യൂസഫലിക്കു സമര്‍പ്പിക്കാനും കഴിയുന്നതില്‍ എനിക്കു സന്തോഷമുണ്ട്.

പത്തനാപുരത്തെ ഗാന്ധിഭവന്‍ ഇന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ പ്രതീകമായി കേരളത്തിന്‍റെ മനസ്സില്‍ സ്ഥാനംപിടിച്ചിട്ടുള്ള സ്ഥാപനമാണ്. സാമൂഹ്യസേവന രംഗത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചുപോരുന്ന ഡോ. പുനലൂര്‍ സോമരാജന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗാന്ധിഭവന്‍ നിരാലംബരായ, നിസ്സഹായരായ എത്രയോ പേര്‍ക്ക് അഭയമാണ്. സമൂഹത്തിന്‍റെ എല്ലാ തട്ടുകളിലും പെട്ടവര്‍ ഇവിടെ സുരക്ഷിതത്വബോധത്തോടെ കഴിഞ്ഞുവരുന്നു. കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട്. പല ജാതിയിലും പല മതത്തിലും പെട്ടവരുണ്ട്. സ്ത്രീകളും പുരുഷന്മാരുമുണ്ട്. സമൂഹത്തിന്‍റെ നാനാതലങ്ങളില്‍പ്പെട്ടവരെ, അവരുടെ ജീവിത
പശ്ചാത്തലവും ജീവിതരീതികളും സ്വഭാവസവിശേഷതകളും ഒക്കെ മനസ്സിലാക്കി, അവര്‍ക്കു തൃപ്തികരമാം വിധം ജീവിക്കാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുന്നുണ്ട് ഇവിടെ എന്നു കാണുന്നതു സന്തോഷകരമാണ്.

ജീവിതത്തിന്‍റെ നല്ല പങ്കും മറ്റുള്ളവര്‍ക്കായി ജീവിച്ചിട്ട് വാര്‍ധക്യത്തില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിലാവുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ കൂടിവരികയാണ്. ഓരോ കുടുംബവും കൂടുതല്‍ കൂടുതലായി സ്വകാര്യ സൗഖ്യങ്ങളിലേക്കൊതുങ്ങുമ്പോള്‍ പ്രായമായവര്‍ വേണ്ടാത്തവരായി മാറുന്നു. അവരെ നോക്കാന്‍ ജോലിത്തിരക്കിലും ജീവിതത്തിരക്കിലും പെട്ടുപോകുന്ന മക്കള്‍ക്കുപോലും സമയമോ സാവകാശമോ ഇല്ല എന്നു വരുന്നു. ഒരു ന്യായീകരണവുമില്ലാത്തതാണിത്. എങ്കിലും സമൂഹത്തിന്‍റെ വലിയ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ് ഈ അവസ്ഥ. അതിനുനേര്‍ക്ക് കണ്ണടച്ചിട്ടു കാര്യമില്ല. ഉണര്‍ന്നു പ്രവര്‍ത്തിക്കാതെ തരവുമില്ല.

അങ്ങനെയുള്ളവരെക്കുറിച്ച് കരുണയോടെ, കരുതലോടെ ചിന്തിക്കാന്‍ പത്തനാപുരത്ത് ഒരു ഗാന്ധിഭവനുണ്ടായി എന്നത് നമ്മുടെ സമൂഹത്തിന്‍റെ മനഃസാക്ഷിയില്‍ നാം പൂര്‍ണമായും വറ്റിക്കഴിഞ്ഞിട്ടില്ല എന്നതിന്‍റെ ദൃഷ്ടാന്തമാണ്. ആലംബമറ്റ, അതിനിസ്വരായ മനുഷ്യര്‍ക്ക് മരുന്നും ആഹാരവും മാത്രം പോര, സ്നേഹവും സാന്ത്വനവും കൂടി വേണം. അതുകൂടി നല്‍കുന്നു എന്നതാണ് ഗാന്ധിഭവന്‍റെ പ്രത്യേകത എന്നു ഞാന്‍ മനസ്സിലാക്കുന്നു. പലര്‍ക്കും സ്വന്തം വീട്ടില്‍ കിട്ടാതിരുന്ന പരിഗണനയും സാന്ത്വനവുമാണ് ഇവിടെ ലഭിക്കുന്നത്. ഇതിനുപിന്നിലുള്ള സേവന മനഃസ്ഥിതിയെയും മനുഷ്യസ്നേഹത്തെയും എത്ര പ്രശംസിച്ചാലും മതിയാവില്ല.

സമൂഹത്തെക്കുറിച്ചുള്ള ഈ ചിന്തയുടെയും കരുതലിന്‍റെയും ഭാഗമാണ് സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കണമെന്ന ഗാന്ധിഭവന്‍റെ തീരുമാനത്തിനു പിന്നിലുള്ളത് എന്നുവേണം കരുതാന്‍. അങ്ങനെയാവണംമഹാത്മാഗാന്ധി സമ്മാന്‍ ഏര്‍പ്പെടുത്താന്‍ ഗാന്ധിഭവന്‍ നിശ്ചയിച്ചത്.

ഈ സാമൂഹ്യസേവന പുരസ്കാരത്തിനു മഹാത്മാഗാന്ധിയുടെ പേരുകൊടുത്തത് ഔചിത്യപൂര്‍ണമായ കാര്യമാണ്. അത്യാവശ്യമായതിനപ്പുറത്ത് ഒന്നുംതന്നെ സമൂഹത്തില്‍നിന്ന് എടുത്തുകുട എന്നു ചിന്തിച്ച വ്യക്തിയാണ് ഗാന്ധിജി. അതേസമയം,തന്‍റെ ജീവിതം സമൂഹത്തിനവകാശപ്പെട്ടതാണെന്ന ചിന്ത വെച്ചുപുലര്‍ത്തിയ വ്യക്തിയുമാണ്.

ഗാന്ധിജിയുടെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നുതന്നെ അദ്ദേഹത്തിന്‍റെ ഈ വ്യക്തിവൈശിഷ്ട്യം നമുക്കു മനസ്സിലാക്കാനാവും. അതില്‍ ഒന്നു ഞാന്‍ പറയാം. ഗാന്ധിജിയും നെഹ്റുവും തമ്മില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ച നടക്കുന്നു. ഗാന്ധിജിക്ക് ഇടയ്ക്കിടയ്ക്കു ചര്‍ച്ചാമുറിയില്‍നിന്നു പുറത്തുപോയി മുഖം കഴുകിവരുന്ന ഒരു സ്വഭാവമുണ്ട്. ഗാന്ധിജി ഇടയ്ക്കിടെ അതു ചെയ്തുകൊണ്ടിരുന്നു.
കൂജയില്‍ കരുതിവെച്ച വെള്ളമത്രയും തീര്‍ന്നുവെന്നും അതുകൊണ്ടുതന്നെ ചര്‍ച്ച ഇനി നാളെയാകാമെന്നുമായി ഒരു ഘട്ടത്തില്‍ മഹാത്മാഗാന്ധി. ഇതിനോട് ജവഹര്‍ലാല്‍ നെഹ്റു പ്രതികരിച്ചത്, ഗംഗയില്‍ എത്ര ലക്ഷം ഗാലന്‍ വെള്ളം വേണമെങ്കിലും ഉണ്ടെന്നും അത് എത്ര കൂജയില്‍ വേണമെങ്കിലും നിറച്ചുതരാമെന്നും വെള്ളം തീര്‍ന്നതിന്‍റെ പേരില്‍ ചര്‍ച്ച നിര്‍ത്തരുതെന്നും പറഞ്ഞുകൊണ്ടാണ്.

അതിനു ഗാന്ധിജി നല്‍കിയ ഒരു മറുപടിയുണ്ട്. ഗംഗയിലെ ജലം തനിക്കു മാത്രമായി അവകാശപ്പെട്ടതല്ലെന്നും അത് ഇന്ത്യയില്‍ 35 കോടി ജനങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും മൊത്തത്തിലുള്ള വെള്ളത്തെ 35 കോടികൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതെത്രയോ, അത്രമാത്രമേ താന്‍ എടുക്കാന്‍പാടുള്ളൂ എന്നും വിശദീകരിച്ചുകൊണ്ടാണു ഗാന്ധിജി നെഹ്റുവിന് മറുപടി നല്‍കിയത്. 35 കോടി എന്നു ഗാന്ധിജി പറഞ്ഞത് ഇന്ത്യയിലെ അന്നത്തെ മൊത്തം ജനസംഖ്യയാണ്.

ഗാന്ധിജിയുടെ ഈ മനോഭാവം മുഴുവന്‍ പൗരജനങ്ങള്‍ക്കുമുണ്ടെങ്കില്‍ ഇന്ത്യയുടെ വിഭവലഭ്യത സംബന്ധിച്ച മിക്കവാറും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പ്രകൃതിവിഭവങ്ങള്‍ അടക്കം എന്തും ചില പ്രത്യേക വ്യക്തികള്‍ക്ക് കയ്യടക്കിവെച്ച് കുത്തകയാക്കി അനുഭവിക്കാനുള്ളതല്ല. ചിലര്‍ അങ്ങനെ ചെയ്യുന്നതുകൊണ്ടാണ് മഹാഭൂരിപക്ഷവും അതിനിസ്വരായിത്തീരുന്നത്. അങ്ങനെ വരുന്നതുകൊണ്ടുകൂടിയാണ് സമൂഹത്തില്‍ ഇത്രയേറെ നിരാലംബരും നിരാശ്രയരുമുണ്ടാവുന്നത്. അവര്‍ക്ക് അഭയമാകുന്ന സ്ഥാപനത്തിന്‍റെ പേര് ഗാന്ധിജിയുടെ പേരിലുള്ളതായതു കൊണ്ടുകൂടിയാണ് ഞാന്‍ ഈ സംഭവം വിവരിച്ചത്.

ഏതായാലും മഹാത്മാഗാന്ധിയുടെ പേരില്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ശ്രീ. എം എ യൂസഫലിക്കു നല്‍കുന്നതില്‍ വലിയ ഒരു ഔചിത്യമുണ്ട്. തനിക്ക് എന്തുണ്ടോ അത് സമൂഹത്തിനുകൂടി ഉപകാരപ്പെടട്ടെ എന്ന മനോഭാവം സൂക്ഷിക്കുന്ന വ്യവസായ പ്രമുഖനാണ് എം എ യൂസഫലി. ലോക വ്യവസായരംഗത്തെ അതിപ്രമുഖരുടെ നിരയിലേക്ക് അതീവ ലളിതമായ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉയര്‍ന്നെത്തിയ വ്യക്തിയാണദ്ദേഹം. കഠിനമായ പ്രയത്നത്തിലൂടെയും അര്‍പ്പണബോധത്തോടെയുള്ള സേവനബോധത്തിലൂടെയാണ് അദ്ദേഹം ഈ നിലയിലേക്ക് ഉയര്‍ന്നെത്തിയത്. ഇങ്ങനെ ഉയര്‍ന്നെത്തിയപ്പോഴും അദ്ദേഹം സ്വന്തം നാടിനെയും അവിടത്തെ ജനങ്ങളെയും മറന്നില്ല. സ്വന്തം നാട്ടില്‍ നിന്നുള്ളവരടക്കം ഏതാണ്ട് നാല്‍പതിനായിരത്തിലധികം പേര്‍ക്ക് അദ്ദേഹം തന്‍റെ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കുന്നു. എത്രയോ കുടുംബങ്ങള്‍ അതുകൊണ്ട് വൈഷമ്യമില്ലാതെ ജീവിച്ചുപോരുന്നു.

ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര വ്യാപാര-വ്യവസായ ശൃംഖലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണദ്ദേഹം. കേരളത്തിന്‍റെ ഏതു സംരംഭത്തോടും എപ്പോഴും സഹകരിക്കുന്ന വ്യക്തി. സ്വന്തം രാജ്യത്തോട് അദ്ദേഹം കാട്ടുന്ന കരുതലിനെ എന്നും രാജ്യം അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ലഭിച്ച പത്മശ്രീയും പ്രവാസി ഭാരതീയ സമ്മാനും ഒക്കെ അതിന്‍റെ ഉദാഹരണങ്ങളാണ്. തനിക്ക് എന്തുകിട്ടും എന്നതല്ല ശ്രീ. എം എ യൂസഫലിയെ സംബന്ധിച്ചിടത്തോളം സേവനത്തിന്‍റെ മാനദണ്ഡം.

ഗള്‍ഫിലെ മലയാളികളെ സംബന്ധിച്ചിടത്തോളം കേരളത്തിന്‍റെ അപ്രഖ്യാപിത അംബാസഡറാണ് ശ്രീ. യൂസഫലി. അവര്‍ക്ക് അവിടെ എന്ത് അത്യാവശ്യമുണ്ടായാലും സഹായവുമായി ഇദ്ദേഹം എത്തുന്നു. ഇന്ത്യയില്‍ പ്രകൃതിക്ഷോഭമുണ്ടായ ഘട്ടങ്ങളില്‍ ആദ്യ ആശ്വാസ ധനസഹായവുമായി എത്താന്‍ അദ്ദേഹം ഉണ്ടാവാറുണ്ട്. ഗള്‍ഫില്‍ പൊതുമാപ്പിലൂടെ തിരിച്ചുപോരേണ്ടി വന്നവര്‍ക്ക് വിമാനടിക്കറ്റെടുത്തു കൊടുക്കാനദ്ദേഹമുണ്ടായിരുന്നു. കോഴിക്കോട് മാര്‍ക്കറ്റില്‍ തീപിടുത്തമുണ്ടായപ്പോള്‍ അവിടെ ആശ്വാസവുമായി എത്താനും ശ്രീ. യൂസഫലിയുണ്ടായിരുന്നു.

പണം എങ്ങനെ കുന്നുകൂട്ടി ലാഭവും അതില്‍നിന്നു വീണ്ടും ലാഭവുമുണ്ടാക്കാമെന്ന ചിന്തയല്ല, മറിച്ച് പണം എങ്ങനെ സാമൂഹ്യസേവനത്തിന് ഉപയോഗിക്കാം എന്ന് അദ്ദേഹം ചിന്തിക്കുന്നു എന്നു കാണുന്നത് സന്തോഷകരമാണ്. സമുദായ സൗഹാര്‍ദത്തിനും സമാധാനാന്തരീക്ഷത്തിനും വേണ്ടി ഇന്ത്യയിലും ഗള്‍ഫിലും അദ്ദേഹം നേതൃപരമായി ഇടപെട്ടതിന്‍റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. അടുത്തയിടെ, പരവൂര്‍ ക്ഷേത്രപരിസരത്തു ദുരന്തമുണ്ടായപ്പോള്‍ പോലും ആശ്വാസവുമായി അദ്ദേഹമെത്തി.

നാടിനോടും നാട്ടുകാരോടും കാട്ടുന്ന ഈ സ്നേഹവും സൗഹാര്‍ദവും എന്നും നാടും നാട്ടുകാരും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. അതിന്‍റെ പ്രതിഫലനം ഈ മഹാത്മാഗാന്ധി സമ്മാനിലും പ്രതിഫലിക്കുന്നുണ്ട് എന്ന് അദ്ദേഹത്തെ അറിയിക്കാന്‍ എനിക്ക് ചെറുതല്ലാത്ത സന്തോഷമുണ്ട്.

ഭിന്നശേഷിക്കാരായവര്‍ക്കു വേണ്ടിയുള്ള ഒരു പുനരധിവാസ കേന്ദ്രത്തിനു തറക്കല്ലിടുക എന്ന നല്ല പ്രവൃത്തികൂടി ഇന്ന് ഇവിടെ നടക്കുന്നുണ്ട്. ആ കെട്ടിടം വേഗം പൂര്‍ത്തിയാകട്ടെ എന്ന് ആശംസിക്കുന്നു.ഗാന്ധിഭവന്‍ ജീവിതത്തില്‍ ദൈന്യമനുഭവിക്കുന്ന നിരാലംബര്‍ക്ക് എന്നും ആശ്രയത്തിന്‍റെ തണലാവട്ടെ എന്ന് ആശംസിക്കുന്നു. ശ്രീ. എം എ യൂസഫലിക്ക് ഇനിയും ഏറെ പതിറ്റാണ്ടുകള്‍ സാമൂഹ്യസേവനത്തിന്‍റെ വഴിയിലൂടെത്തന്നെ സഞ്ചരിക്കാന്‍ ഇടവരട്ടെ എന്നും ആശംസിക്കുന്നു.