എസ്. ആദികേശവന്റെ സ്ഥലമാറ്റം; പരാതി പരിശോധിക്കണം

എസ്‌ബി‌റ്റി ചീഫ് ജനറല്‍ മാനേജറായിരുന്ന എസ്. ആദികേശവനെ നിര്‍ദിഷ്ട ലയനം നടപ്പാവുകപോലും ചെയ്യും മുമ്പ് എസ്‌ബി‌ഐയുടെ ഹൈദരാബാദ് ഓഫീസിലേക്ക് സ്ഥലംമാറ്റിയതു പ്രതികാരപരമാണെന്ന പരാതി പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അഭ്യര്‍ത്ഥിച്ചു.

എസ്‌ബി‌റ്റി-എസ്‌ബി‌ഐ ലയനം പാടില്ല എന്നതാണ് കേരള ജനതയുടെ പൊതുനിലപാട്. കേരള നിയമസഭയും അതേ നിലപാട് കൈക്കൊണ്ടു. കേരളത്തിന്റെ ഈ പൊതുവികാരത്തിനൊത്തുനിന്നു എന്നതിലുള്ള രോഷമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്ന് സേവ് എസ്‌ബി‌റ്റി ഫോറം കരുതുന്നു. ഇത് പ്രതികാരനടപടിയാണെന്നു പൊതുവെ കരുതപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നീതി ഉറപ്പാക്കുന്നതിനായി ഇടപെടണം – കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തനിക്കുകിട്ടിയ സേവ് എസ്‌ബി‌റ്റി ഫോറത്തിന്റെ ഇതുസംബന്ധിച്ച നിവേദനത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുമുണ്ട്.