അധ്യാപക ദിനം

ഇന്ന് ദേശീയ അധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും, ദാര്‍ശനികനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍റെ പിറന്നാളാണ് നമ്മള്‍ അധ്യാപക ദിനമായി കൊണ്ടാടുന്നത്.

ഈ അധ്യാപക ദിനം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ്സെടുത്തുകൊണ്ട് ആചരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്‍റെ ഭാഗമായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അധ്യാപകവേഷത്തില്‍ നില്‍ക്കുന്നത്.

ഞാന്‍ നിങ്ങളോട് സംസാരിക്കാന്‍ പോകുന്നത് ജീവിതശൈലീ രോഗങ്ങളെക്കുറിച്ചാണ്. ഇക്കാലത്ത് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണിത്. രോഗം വരുന്നതിനെക്കാള്‍ പ്രധാനം രോഗം വരാതെ നോക്കുകയാണ് എന്ന് പറയുമ്പോലെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ മനസ്സിലാക്കേണ്ടത് നിങ്ങളാണ്. കാരണം നിങ്ങളാണ് നാളത്തെ തലമുറ. ഏതൊരു രാജ്യത്തിന്‍റെയും സമ്പത്താണ് ആരോഗ്യമുള്ള തലമുറ. അതുകൊണ്ടുതന്നെ ഇന്നിന്‍റെ ദൂഷ്യവശങ്ങള്‍ നിങ്ങള്‍ തിരിച്ചറിയുകയും അവ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് തീരുമാനിക്കുകയും വേണം.

ജീവിതവുമായി ബന്ധപ്പെട്ട ചിട്ടകള്‍ക്ക് ഭംഗംവരുന്നതുമൂലം ശാരീരികവും മാനസികവുമായ നിരവധി രോഗങ്ങളാണ് നാമിന്ന് നേരിടുന്നത്. ഇവയെപ്പൊതുവേ ജീവിതശൈലീ രോഗങ്ങള്‍ എന്നുപറയാം. പുകവലി, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം, തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ശരിയായ ഉറക്കത്തിന്‍റെ അഭാവം തുടങ്ങിയവയൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഫാസ്റ്റുഫുഡ് ഭക്ഷണമാണ് ജീവിതശൈലീ രോഗങ്ങള്‍ക്ക് മുഖ്യകാരണം. വേഗത്തില്‍ തയാറാക്കുന്ന വിഭവങ്ങളാണല്ലോ ഫാസ്റ്റ് ഫുഡുകള്‍. കുറഞ്ഞ സമയംകൊണ്ട് തയ്യാറാക്കുന്ന ഇവയുടെ ദൂഷ്യഫലങ്ങള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാം.

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യേണ്ടവയാണ് ഭക്ഷണം. എന്നാല്‍, ഫാസ്റ്റ് ഫുഡാകട്ടെ പോഷകം വളരെക്കുറഞ്ഞതും കൊഴുപ്പും ഉപ്പും കൂടിയതുമാണ്. ഇതിനെ നാം ജങ്ക്ഫുഡ് എന്നും പറയാറുണ്ട്. നിങ്ങള്‍ വാതോരാതെ കഴിക്കുന്ന ചിപ്സ്, കേക്ക്, സോഫ്റ്റ് ഡ്രിങ്ക്സ്, ബര്‍ഗര്‍, പിസ മുതലായവ ഇക്കുട്ടത്തില്‍പ്പെടും. കമ്പിയില്‍ കോര്‍ത്ത് പൊരിച്ച കോഴികളും, ഷവര്‍മ്മ, കുബ്ബൂസ് തുടങ്ങിയ അറബി ഭക്ഷണങ്ങളും നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളായി മാറിയിട്ടുണ്ട്.

ഫാസ്റ്റ്ഫുഡ് കഴിച്ചുവളര്‍ന്ന തലമുറയല്ല ഞങ്ങളുടേത്. ചീനിപ്പുഴുക്ക്, ചക്കപ്പുഴുക്ക്, ഇലയട, കൊഴുക്കട്ട തുടങ്ങിയവയായിരുന്നു അന്നത്തെ ഭക്ഷണം. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിങ്ങനെ പോഷകസമൃദ്ധമായിരുന്നു പരമ്പരാഗതമായ മലയാളി ഭക്ഷണരീതി. ഇവയില്‍ കൊഴുപ്പിന്‍റെ അംശം കുറവും നാരിന്‍റെ അംശം കൂടുതലുമായിരുന്നു. പഞ്ചസാരയ്ക്കു പകരം ഇരുമ്പടങ്ങിയ ശര്‍ക്കര, കരുപ്പെട്ടി തുടങ്ങിയവയാണ് മധുരത്തിനായി ഉപയോഗിച്ചിരുന്നത്. കഞ്ഞിയും ചമ്മന്തിയും, ചക്കപ്പുഴുക്കും കഴിച്ച് ഒരു പുരുഷായുസ്സോളം ജീവിച്ചവരെപ്പറ്റി നിങ്ങളുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും പറഞ്ഞുതരും.

നാടന്‍ കോഴി മഞ്ഞള്‍ തേച്ച്, ചൂട്ടുകറ്റത്തീയില്‍ കരിച്ചെടുത്ത് വറുത്തും കറിവെച്ചുമെടുത്ത കാലം ഇന്ന് ഓര്‍മയില്‍ മാത്രമാണ്. അക്കാലത്ത് പ്രധാന ആഘോഷവേളകളില്‍ മാത്രമാണ് ഇറച്ചിക്കറി വച്ചിരുന്നത്. ഇന്ന് ദിവസം മൂന്നുനേരം കോഴിക്കാലില്ലാതെ ഭക്ഷണം ഇറങ്ങാത്തവരുടെ എണ്ണം കൂടിവരികയാണ്. കോഴിക്കാലുകള്‍ കടിച്ചുവലിക്കുമ്പോള്‍ അവയില്‍ അടങ്ങിയിരിക്കുന്ന മാരക വിപത്തിനെപ്പറ്റി നിങ്ങള്‍ ഓര്‍ക്കാറുണ്ടോ? കോഴിക്ക് തൂക്കവും വണ്ണവും ലഭിക്കുന്നതിന് സ്റ്റിറോയിഡുകള്‍ അടക്കമുള്ള വിഷമരുന്നുകള്‍ കുത്തിവെക്കുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇത്തരം മരുന്നുകള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ വൃദ്ധരാകേണ്ടിവരുന്ന അവസ്ഥ ഇത്തരം ചണ്ടിക്കോഴികളുടെ വരവോടെയാണ് തുടങ്ങിയത്. ഞാനതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

മലയാളിയുടെ ദേശീയ ഭക്ഷണമായ പൊറോട്ടയെക്കുറിച്ച് പറയാതിരിക്കാനാവില്ല. പൊറോട്ടയും ചിക്കനും എന്ന് കേള്‍ക്കുമ്പോഴേ നിങ്ങളുടെ വായില്‍ കപ്പലോടിത്തുടങ്ങി. പൊറോട്ട നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മൈദയില്‍ നാരും വിറ്റാമിനുകളും തീരെ കുറവാണ്. മാത്രമല്ല നാലഞ്ച് ടീസ്പൂണ്‍ എണ്ണയെങ്കിലുമടങ്ങിയ പൊറോട്ടയില്‍ കൊഴുപ്പിന്‍റെ അളവും കൂടുതലാണ്. ഇതൊക്കെ അറിയാമെങ്കിലും, നിര്‍ഭാഗ്യവശാല്‍, പൊറോട്ടയില്ലാതെ മലയാളിക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. അറിഞ്ഞുകൊണ്ട് വിഷം ഭക്ഷിക്കുന്ന ജനതയായി നമ്മള്‍ മാറിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇതിന്‍റെയെല്ലാം ഫലമെന്താണ്? മാറാരോഗങ്ങള്‍ വ്യാപകമാകുന്നു. ഒരുകാലത്ത് സമ്പന്നരുടെ കുത്തകയായിരുന്ന ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ ഇന്ന് സര്‍വ്വസാധാരണമാണ്. കാന്‍സര്‍, ഹൃദ്രോഗം, ഡയബറ്റിസ്, സ്ട്രോക് എന്നീ കൊലയാളി രോഗങ്ങള്‍ക്ക് മുഖ്യകാരണം ജീവിതശൈലിയാണ്. ടിവിക്ക് മുന്നില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്ന നമ്മള്‍ നടത്ത എന്ന ചിലവില്ലാത്ത വ്യായാമത്തെ അവഗണിക്കുന്നു. ചെറുപ്പക്കാര്‍പോലും ഒന്നാംനിലയില്‍ കയറാന്‍ ലിഫ്റ്റ് കാത്ത് നില്‍ക്കുന്നത് ഞാന്‍ കാണാറുണ്ട്. വീട്ടിനടുത്ത സ്കൂളില്‍ വരാനും വഴിയെ വരുന്ന ബൈക്കിന് കൈകാണിക്കുന്നവരില്ലേ? ചെറുപ്രായത്തിലേ വ്യായാമം ശീലമാക്കണം. വിശ്രമിക്കേണ്ട സമയത്ത് അതിന് തയ്യാറാകണം. രാത്രി ഒരുപാടുനേരം ഉറക്കമൊഴിച്ചിരുന്ന് ഇന്‍റര്‍നെറ്റില്‍ കളിക്കുന്നത് ഒഴിവാക്കണം. അത് നിങ്ങളുടെ കണ്ണിനെയും പഠനത്തിനെയും ദോഷകരമായി ബാധിക്കും.

മലയാളിയുടെ പരമ്പരാഗതമായ ഭക്ഷണ-വ്യായാമശീലം ഇനിയും പഴയതുപോലെ തുടരേണ്ടതുണ്ട്. പച്ചക്കറി, പയറുവര്‍ഗങ്ങള്‍, പഴം, ഇലക്കറികള്‍ എന്നിവക്ക് ഭക്ഷണത്തില്‍ കാര്യമായ സ്ഥാനം നല്‍കണം. ഇലക്കറികള്‍ മാറ്റിവച്ച് ഭക്ഷണം കഴിക്കുന്ന ശീലം നിങ്ങള്‍ ഒഴിവാക്കണം കേരളം പച്ചിലക്കറികളുള്ള നാടാണ്. നമ്മുടെ പറമ്പില്‍ സുലഭമായി ലഭിക്കുന്ന ചീര, മുരിങ്ങയില, പയറില, മത്തനില, ചേനയില, തുടങ്ങിയവ ഇപ്പോള്‍ ആര്‍ക്കും വേണ്ട. ഇറച്ചി, മത്സ്യം എന്നിവയുടെ കൂടെ ഇലക്കറികള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ വയറ്റിലെ മാലിന്യങ്ങളും മറ്റു ലവണങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും. നിങ്ങള്‍ അത് ശ്രദ്ധിക്കണം.

നമ്മുടെ നാട്ടിലെ യുവതലമുറയെക്കുറിച്ച് അടുത്തിടെ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. കേരളത്തിലെ സ്കൂളുകളില്‍ കഞ്ചാവും ഹഷീഷും അടക്കമുള്ള മയക്കുമരുന്നുകളുടെ കൈമാറ്റവും ഉപയോഗവും വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മയക്കുമരുന്ന് മാഫിയയ്ക്ക് വേണ്ടി സ്കൂള്‍ ബാഗുകളില്‍ അവ ഒളിപ്പിച്ചു കൊണ്ടുനടന്ന് ആവശ്യക്കാരെ ഏല്‍പ്പിക്കുന്നവരില്‍ കൂടുതലും കുട്ടികളാണെന്നാണ് പൊലീസ് പറയുന്നത്. ഇത് ഗൗരവമുള്ള കാര്യമാണ്. കുട്ടികള്‍ സ്വയമറിഞ്ഞു ചെയ്യുന്നതല്ല. അവരെ ആ വിധത്തില്‍ ദുരുപയോഗിക്കുകയാണു ചിലര്‍.

കുട്ടികളുടെ കൈയ്യില്‍ അവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ നല്‍കുന്ന പണം ലഹരിവസ്തുക്കള്‍ വാങ്ങാനായി ഉപയോഗിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ തുടര്‍ ഉപയോഗത്തിനുള്ള പണം കിട്ടുന്നതിനായി ഈ കുട്ടികള്‍ മയക്കുമരുന്നു സംഘങ്ങളുടെ കാരിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നു. ഇത്തരം റാക്കറ്റുകളുടെ വലയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം.

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലുടനീളം കൊണ്ടുനടക്കേണ്ട ശീലങ്ങളെല്ലാം തന്നെ ആരംഭിക്കുന്നത് ബാല്യത്തിലാണ്. ബാല്യത്തില്‍ നല്ല കാര്യങ്ങള്‍ ശീലിച്ചാല്‍ ആ ശീലം ജീവിതത്തിലുടനീളം നിങ്ങളെ നല്ല വഴിക്ക് നയിക്കും. ശീലങ്ങള്‍ക്ക് രോഗപ്രതിരോധ കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് ഞാനിതു പറയുന്നത്. അടുത്തകാലത്ത് പുറത്തുവന്നിട്ടുള്ള പ്രധാനപ്പെട്ട ഒരു ഗവേഷണ പഠനം വ്യക്തമാക്കുന്നത് കേരളത്തില്‍ ഓരോ വര്‍ഷവും പുതുതായി അമ്പത്തയ്യായിരം പേര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകുന്നുവെന്നാണ്. ഇങ്ങനെയുണ്ടാകുന്ന ക്യാന്‍സറിനെ ഗവേഷണപഠനം മൂന്നായി തരംതിരിച്ചിട്ടുണ്ട്. മൂന്നില്‍ ഒരുഭാഗം ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്.

പുകയിലയുടെ തുടര്‍ച്ചയായ ഉപയോഗം, പാന്‍ മസാലയുടെ ഉപയോഗം, ഭക്ഷണത്തിലെ അശുദ്ധിയും ക്രമരാഹിത്യവും, വ്യായാമക്കുറവ് എന്നിവകൊണ്ട് ഉണ്ടാകുന്ന രോഗങ്ങളാണിത്. ഇത് തടയാവുന്ന ഇനം ക്യാന്‍സറുകളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പക്ഷെ, നമുക്ക് കാര്യമായ തോതില്‍ ഈ രോഗത്തെ തടയാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. തടയാന്‍ എന്താണ് ചെയ്യേണ്ടത്? പുകയിലയുടെയും മയക്കുമരുന്നിന്‍റെയും ഒക്കെ ഉപയോഗം ആപല്‍ക്കരമാണെന്ന് ബാല്യത്തില്‍തന്നെ മനസ്സിലുറപ്പിക്കാന്‍ കഴിയണം. നല്ല ഭക്ഷണം, നല്ല വ്യായാമം എന്നിവ ബാല്യത്തില്‍ തന്നെ ശീലിക്കണം. ഇത് ചെയ്താല്‍ വലിയൊരളവില്‍ ക്യാന്‍സര്‍ തടയാന്‍ പറ്റും. ഇത് ഏറ്റവും കൂടുതല്‍ ചെയ്യാന്‍ കഴിയുക കുട്ടികള്‍ക്കാണ്.

എന്നാല്‍, കുട്ടികളില്‍ ഈ അവബോധം ഉണ്ടാകാതെ പോയാലോ? ഈ ചോദ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് കുട്ടികളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം ശ്ലാഘനീയമാകുന്നത്. പുരുഷന്മാരില്‍ ഉണ്ടാകുന്ന ക്യാന്‍സറിന്‍റെ 40 ശതമാനവും പുകയിലയുടെ ഉപയോഗം കൊണ്ട് ഉണ്ടാകുന്നതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വായിലെ ക്യാന്‍സര്‍ മുതല്‍ ശ്വാസകോശത്തിലെ ക്യാന്‍സര്‍ വരെയുണ്ട് പുകയിലജന്യമായ ക്യാന്‍സറുകളുടെ ലിസ്റ്റില്‍. പുകയിലയുടെ ഉപയോഗം ഇല്ലെന്നുവന്നാല്‍ ഈ ക്യാന്‍സറുകളും ഒഴിവാകുമെന്നര്‍ത്ഥം. പുകയില വില്‍പ്പനക്കാര്‍ മുതല്‍ മയക്കുമരുന്ന് വില്‍പനക്കാര്‍ വരെ അവരുടെ ഏറ്റവും വലിയ വില്‍പ്പന ടാര്‍ജറ്റായി കണക്കാക്കിയിട്ടുള്ളത് സ്കൂള്‍ കുട്ടികളെയാണ്. അത് കുട്ടികളുടെ മനസ്സിനെ മുതല്‍ അവരുള്‍പ്പെട്ട കുടുംബങ്ങളെ വരെ താറുമാറാക്കുകയും മഹാദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്നേഹത്തോടെ കഴിയേണ്ട കുടുംബങ്ങളെ എങ്ങനെയാണ് കഞ്ചാവും മയക്കുമരുന്നുമൊക്കെ ഛിദ്രമാക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ആപത്തുകളെക്കുറിച്ച് ഇളംപ്രായത്തില്‍ തന്നെ വ്യക്തമായ ധാരണയുണ്ടായാല്‍ ഇതില്‍നിന്നൊക്കെ ഒഴിഞ്ഞുനില്‍ക്കാനുള്ള മനസ്സ് കുട്ടികളില്‍ രൂപപ്പെടും. അത്തരമൊരു മനസ്സ് കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുക എന്ന മഹത്തായ കാര്യമാണ് ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ നിര്‍വഹിക്കുന്നത്.

മായമില്ലാത്ത നല്ല ഭക്ഷണത്തെക്കുറിച്ച് പറഞ്ഞല്ലൊ. കീടനാശിനി പോലുള്ളവ ഉപയോഗിക്കാത്ത പച്ചക്കറികള്‍ നമുക്ക് വീടുകളില്‍ തന്നെ വളര്‍ത്താവുന്നതേയുള്ളു. വീടിന്‍റെ ടെറസില്‍ വരെ വളര്‍ത്താം. അത് നട്ടുനനച്ച് പരിപാലിക്കുന്നതിന് അച്ഛനമ്മമാരെ സഹായിക്കുന്ന വിധത്തിലുള്ള ഒരു സംസ്കാരം കുഞ്ഞുങ്ങള്‍ക്കുണ്ടാകണം. അത്തരമൊരു സംസ്കാരം ഉണ്ടായാല്‍ മായം കലര്‍ന്ന ഭക്ഷണത്തിനെതിരായ വലിയ ഒരു നിര്‍ബന്ധം കുട്ടികളിലൂടെ കുടുംബങ്ങളില്‍ ആകെയുണ്ടാകും. ആത് രോഗത്തെ അകറ്റിനിര്‍ത്തുന്നതിന് വലിയതോതില്‍ സഹായകമാകും. അത് നല്ല ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം മാനസികമായ സന്തോഷവും നല്‍കും. വ്യായാമം രോഗപ്രതിരോധത്തിന് ഏറ്റവും ഉചിതമായ മാര്‍ഗമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എത്ര തിരക്കുണ്ടെങ്കിലും ദിവസത്തില്‍ അര മണിക്കൂറെങ്കിലും വ്യായാമത്തിനായി നിര്‍ബന്ധമായും നീക്കിവെക്കണം. കുട്ടികള്‍ക്ക് വ്യായാമത്തിനുള്ള പരിശീലനം നല്‍കണം. ഇത് സ്കൂളിലോ വീട്ടിലോ നല്‍കാവുന്നതാണ്. അത്തരം കാര്യക്ഷമമായ കര്‍മപദ്ധതികളിലേക്ക് നമ്മുടെ പൊതുചിന്ത മാറേണ്ടതുണ്ട്. കുട്ടികളുടെ ഇത്തരം ശീലങ്ങള്‍ മുതിര്‍ന്നവര്‍ക്ക് തന്നെ മാതൃകയായി മാറുന്ന നിലയിലേക്കു വളരും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് അത് വരാതെ നോക്കുക എന്ന അടിസ്ഥാനതത്വമാണ് വ്യായാമത്തിന്‍റെ കാര്യത്തിലുമുള്ളത്.

വ്യായാമത്തിനൊപ്പം പ്രധാനമാണ് ചിട്ടയുള്ള ഭക്ഷണം. വാരിവലിച്ച് ജങ്ക് ഫുഡ്ഡുകള്‍ കഴിക്കുന്നത് അപ്പോള്‍ രുചിയുണ്ടാക്കുമെങ്കിലും പിന്നീട് രോഗമാണ് ഉണ്ടാക്കുക. സമീകൃതമായ ആഹാരരീതി പ്രോത്സാഹിപ്പിക്കണം. കഴിവതും വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാനുള്ള പ്രവണത കുട്ടികളിലുണ്ടാകണം. ഫാസ്റ്റ്ഫുഡ് ശീലം രോഗങ്ങളെയും ഫാസ്റ്റായി നമ്മിലേക്ക് എത്തിക്കും. ഉചിതമായ ജീവിതരീതിയിലേക്ക് മാറുന്നതിന് ഇത്തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഗുണകരമാക്കി മാറ്റണം. ആരോഗ്യമാണ് നമ്മുടെ സമ്പത്ത്. അത് ചിട്ടയായി പാലിച്ച് നാടിന് ഗുണപ്പെടുന്ന പൗരന്മാരായി വളര്‍ന്നുവരാന്‍ നിങ്ങള്‍ക്ക് കഴിയട്ടേ എന്ന് അശംസിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.