മന്ത്രിസഭാ തീരുമാനങ്ങള്‍ 20/09/2016

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിവസം മൂന്ന് സുപ്രധാന വികസനപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇവ സമയബന്ധിതമായി നടപ്പാക്കാനുള്ള പ്രായോഗിക കര്‍മപരിപാടികളായി.

സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, ഹരിത കേരളം പദ്ധതി, വിദ്യാഭ്യാസ ശക്തീകരണ പദ്ധതി എന്നിവയ്ക്കാണു തുടക്കം കുറിക്കുന്നത്. ഇതിനുപുറമെ, പൊതുമേഖലയിലുള്ള ആശുപത്രികളിലെ സേവനകാര്യങ്ങള്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെ മെച്ചപ്പെടുത്തുന്ന പദ്ധതി കൂടിയുണ്ട്. ഒഴിവായിപ്പോയവരെ വികസനത്തിന്റെ ധാരയിലേക്കു കൊണ്ടുവരാനുദ്ദേശിച്ചുള്ളവയാണ് ഇവ.

സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി

എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കും. അതൊടൊപ്പം തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കാനുള്ള സംവിധാനം ഉറപ്പാക്കും. സേവന-ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കും.നാലു വിധത്തിലുള്ള ഗുണഭോക്താക്കള്‍ ആണുള്ളത്:

  1. ഭൂമിയുള്ള ഭവനരഹിതര്‍.
  2. സര്‍ക്കാര്‍ സഹായം അപര്യാപ്തമാകയാല്‍ വീടുപണി പൂര്‍ത്തിയാക്കാത്തവര്‍. സര്‍ക്കാര്‍ പദ്ധതി പ്രകാരം കിട്ടിയ വീടുകള്‍ വാസയോഗ്യമല്ലാതായി എന്ന നിലയിലുള്ളവര്‍.
  3. പുറമ്പോക്കിലോ തീരത്തോ തോട്ടം മേഖലയിലോ താല്‍ക്കാലിക വീടുള്ളവര്‍.
  4. ഭൂമിയും ഭവനവും ഇല്ലാത്തവര്‍. ആദ്യ രണ്ടു കൂട്ടര്‍ക്കും ആവശ്യമായ തുക പിഡബ്ല്യുഡി ഷെഡ്യൂള്‍ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കും.

നിര്‍മാണ സാമഗ്രികളുടെ ലഭ്യത ബ്ലോക്ക് തലത്തിലുറപ്പാക്കും. ഇതിനായി എഞ്ചിനീയറിങ് കോളേജുകളുടെ മേല്‍നോട്ടസംവിധാനം ഒരുക്കും. നിര്‍മാണ പുരോഗതി ജനങ്ങളെ അറിയിക്കാന്‍ ഐറ്റി അധിഷ്ഠിത മോണിറ്ററിങ് സംവിധാനം. മൂന്നൂം നാലും വിഭാഗക്കാര്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍. അവിടങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കും. ഉദാ: അങ്കണവാടി, സ്കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കല്‍, പഠനത്തില്‍ പിന്നിലായവര്‍ക്ക് സ്പെഷ്യല്‍ കോച്ചിങ്, ഇംഗ്ലീഷ്, ഐറ്റി പഠനത്തിനു പ്രത്യേക ഊന്നല്‍, കൗമാരക്കാര്‍ക്ക് കൗണ്‍സ്‌ലിങ്, സ്കില്‍ ട്രെയിനിങ്, ഉന്നത വിദ്യാഭ്യാസ പരിശീലനം, ആരോഗ്യ പരിരക്ഷ, വിവാഹ സഹായം. വയോജന പരിപാലനം. പാലിയേറ്റീവ് കെയര്‍ തുടങ്ങിയവ. പദ്ധതിയിലൂടെ നിര്‍മിക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. എന്നാല്‍ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ നല്‍കി 15-20 വര്‍ഷങ്ങള്‍ക്കുശേഷം ഇതു സ്വന്തമാക്കാം.

പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന-ജില്ലാ-പഞ്ചായത്തു തലങ്ങളില്‍ ത്രിതല സംവിധാനം ഒരുക്കും.

സംസ്ഥാന പാര്‍പ്പിട മിഷന്‍
അധ്യക്ഷന്‍: മുഖ്യമന്ത്രി.
സഹ അധ്യക്ഷന്‍ : തദ്ദേശസ്വയംഭരണ മന്ത്രി.
ഉപാധ്യക്ഷര്‍ : ധനകാര്യ-ഭവനനിര്‍മാണ-സാമൂഹികക്ഷേമ-വൈദ്യുതി-ജലവിഭവ-തൊഴില്‍ മന്ത്രിമാര്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍.
പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്.
മിഷന്‍ സെക്രട്ടറി : തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
മിഷന്‍ അംഗങ്ങള്‍ : എംഎല്‍എമാര്‍, മേല്‍ പറഞ്ഞ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ആരോഗ്യം, വിദ്യാഭ്യാസം സെക്രട്ടറിമാര്‍, സിഇഒ; ലൈഫ് മിഷന്‍ എന്നിവര്‍.

മിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി മിഷന്‍ ചീഫ് എക്സിക്യുട്ടീവ് നേതൃത്വം നല്‍കുന്ന ടാസ്ക്ഫോഴ്സ് ഉണ്ടാകും. അതിന്റെ ചെയര്‍മാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരിക്കും.

ഭൂമിലഭ്യത ഉറപ്പാക്കല്‍, വിഭവസമാഹരണമുറപ്പാക്കല്‍, ഗുണഭോക്താക്കളെ നിര്‍ണയിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കല്‍, മേല്‍നോട്ടം നടത്തല്‍, പൊതുമാര്‍ഗ നിര്‍ദേശങ്ങള്‍ അതതുസമയം ആവിഷ്കരിക്കല്‍ എന്നിവയാണ് മിഷന്റെ പ്രധാന ദൗത്യങ്ങള്‍.

ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ – ആര്‍ദ്രം മിഷന്‍

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ളതാണ് ഈ പദ്ധതി. ഒപി വിഭാഗത്തില്‍ രോഗികള്‍ക്ക് സമയബന്ധിതമായി വൈദ്യപരിശോധനയും മറ്റ് അടിസ്ഥാന പരിശോധനകളും ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൗഹൃദമാക്കി മാറ്റാന്‍ കഴിയും. അതോടെ കിടത്തിചികിത്സ വേണ്ട രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ആശുപത്രി മാനേജ്മെന്റിന് ശ്രദ്ധ കേന്ദ്രീകരിക്കാനാവും.

ആര്‍ദ്രം എന്ന പേരില്‍ ജനസൗഹൃദ ആശുപത്രികളായി സര്‍ക്കാര്‍ ആശുപത്രികളെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ആരോഗ്യമിഷന്‍ പ്രവര്‍ത്തിക്കുക. പദ്ധതിയുടെ പ്രവര്‍ത്തനം മൂന്നു ഘട്ടങ്ങളിലായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവകളില്‍ നടപ്പാക്കും.

സംസ്ഥാനതല മിഷന്റെ ഘടന
അധ്യക്ഷന്‍ : മുഖ്യമന്ത്രി.
ഉപ അധ്യക്ഷര്‍ : ആരോഗ്യവകുപ്പ് മന്ത്രി, ധന വകുപ്പ് മന്ത്രി
സഹ അധ്യക്ഷര്‍ : തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പൊതുവിതരണ വകുപ്പ് മന്ത്രി
പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്.
അംഗങ്ങള്‍ : എംഎല്‍എമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന ആസൂത്രണ ബോര്‍ഡിലെ ഒരംഗം, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കുടുംബശ്രീ ഡയറക്റ്റര്‍, ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഐറ്റി വകുപ്പ് സെക്രട്ടറി, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി. മിഷന്‍ സെക്രട്ടറിയും ടാസ്ക്ഫോഴ്സ് ചെയര്‍മാനും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ടാസ്ക്ഫോഴ്സും ഒരു പൂര്‍ണസമയ മിഷന്‍ ചീഫ് എക്സിക്യുട്ടീവും ഉണ്ടാകും.

സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി

സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിക്ക് മൂന്ന് പ്രധാന ഉപഘടകങ്ങളുണ്ട്.

  1. 1000 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ ആക്കുക എന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കുക.
  2. ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി തലത്തില്‍ 9-12 വരെ എല്ലാ ക്ലാസ് മുറികളും ഹൈറ്റെക്‍ ക്ലാസ് മുറികളാക്കി പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം നല്‍കുക.
  3. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വീണ്ടെടുക്കുക എന്ന ഉദ്ദേശത്തോടെ അധ്യാപക-രക്ഷകര്‍തൃ സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ എന്നിവകളുടെ സഹകരണത്തോടെ കാലോചിതമായ വികസനം ഉറപ്പാക്കും.

50 വര്‍ഷം, 100 വര്‍ഷം പൂര്‍ത്തിയാക്കിയ സ്കൂളുകള്‍ക്ക് പ്രത്യേക പാക്കേജ് അടിസ്ഥാ നത്തില്‍ സഹായം നല്‍കും. ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രോത്സാഹനം നല്‍കും. വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതിയുടെ പുനരവലോകനവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഉപയോഗപ്രദമാകുന്ന കാര്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ പരിമിതികള്‍ പരിഹരിക്കാനുള്ള നടപടികളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തി ഫലപ്രദമായ ഐറ്റി വിന്യാസം സാധ്യമാക്കുന്നതിനുള്ള നടപടികളും സംസ്ഥാനതല മിഷന്‍ ഏകോപിപ്പിക്കുന്നതാണ്. ഇതിനാവശ്യമായ വിഭവ സമാഹരണത്തിനും നിര്‍വഹണ ഏജന്‍സിയുടെ തെരഞ്ഞെടുപ്പിനും ഉള്ള മാര്‍ഗനിര്‍ദേശങ്ങളും സംസ്ഥാനതല മിഷന്റെ ചുമതലയായിരിക്കും.

സംസ്ഥാനതല മിഷന്റെ ഘടന
അധ്യക്ഷന്‍ : മുഖ്യമന്ത്രി.
ഉപ അധ്യക്ഷര്‍ : വിദ്യാഭ്യാസവകുപ്പ് മന്ത്രി, ധനവകുപ്പ് മന്ത്രി
സഹ അധ്യക്ഷര്‍ : തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി, സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി
പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്.
അംഗങ്ങള്‍ : എംഎല്‍എമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന ആസൂത്രണ ബോര്‍ഡിലെ ഒരംഗം, വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് സെക്രട്ടറി, ഐറ്റി വകുപ്പ് സെക്രട്ടറി.

മിഷന്‍ സെക്രട്ടറിയും ടാസ്ക്ഫോഴ്സ് ചെയര്‍മാനും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയായിരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ടാസ്ക് ഫോഴ്സും ഒരു പൂര്‍ണസമയ മിഷന്‍ ചീഫ് എക്സിക്യുട്ടീവും ഉണ്ടാകും. അധ്യാപക പരിശീലനത്തിനും ഐറ്റി സാങ്കേതികവിദ്യാ വിന്യാസത്തിനും ഊന്നല്‍ നല്‍കുന്നതിനാല്‍ സംസ്ഥാനതല ടാസ്ക് ഫോഴ്സില്‍ ഈ മേഖലയിലെ വിദഗ്ധരും എസ്സിഇആര്‍ടി, ഐറ്റി അറ്റ് സ്കൂള്‍, എസ്എസ്എ, ആര്‍എംഎസ്എ എന്നീ സ്ഥാപനങ്ങളുടെ ഡയറക്റ്റര്‍മാരും ഉള്‍പ്പെടുന്നതാണ്.

ഹരിത കേരളം മിഷന്‍

ശുചിത്വം-മാലിന്യ സംസ്കരണം, കൃഷി വികസനം, ജലസംരക്ഷണം എന്നീ മൂന്ന് മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന ബൃഹത്തായ ഇടപെടലാണ് ഹരിത കേരളം കണ്‍സോര്‍ഷ്യം മിഷന്‍ വഴി ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ മൂന്ന് ടാസ്ക്ഫോഴ്സുകളും സംസ്ഥാന, ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

സംസ്ഥാന ഹരിത കേരളം കണ്‍സോര്‍ഷ്യത്തിന്റെ ഘടന
അധ്യക്ഷന്‍ : മുഖ്യമന്ത്രി.
സഹ അധ്യക്ഷര്‍ : തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം മന്ത്രിമാര്‍.
ഉപ അധ്യക്ഷന്‍ : എംഎല്‍എമാര്‍/ മുന്‍ മന്ത്രി/ മുന്‍ എംഎല്‍എ/ മുന്‍ എം പി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി.
ഉപദേഷ്ടാവ് : സീനിയര്‍ നിലവാരത്തിലുള്ള ഒരു ശാസ്ത്രജ്ഞന്‍.
പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്.
അംഗങ്ങള്‍ : എംഎല്‍എമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന ആസൂത്രണ ബോര്‍ഡിലെ ഒരംഗം, പ്രിന്‍സിപ്പല്‍ സെക്രട്ടറി (തദ്ദേശസ്വയംഭരണം, ആരോഗ്യം, കൃഷി, ജലവിഭവം, ടൂറിസം, വിദ്യാഭ്യാസം), സംസ്ഥാനത്തെ മൂന്ന് ടാസ്ക്ഫോഴ്സുകളുടെ ചീഫ് എക്സിക്യുട്ടീവ്.
മിഷന്‍ സെക്രട്ടറി : ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി.

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജല ഉപയോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ മിഷന്റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജനസംഘടനകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും. ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതോടൊപ്പം, ഉറവിട മാലിന്യസംസ്കാര സങ്കേതങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷിക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കുകയും വീടുകളില്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് മാലിന്യസംസ്കരണ-കൃഷി വികസന മിഷനുകള്‍ വഴി അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. അതോടൊപ്പം ബയോഗ്യാസ് സംവിധാനങ്ങള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കാര സംവിധാനങ്ങള്‍, ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാനുള്ള സങ്കേതങ്ങള്‍ ലഭ്യമാക്കുക എന്നിവയും ശുചിത്വ-മാലിന്യ സംസ്കരണ മിഷന്റെ ലക്ഷ്യങ്ങളാണ്. ഉറവിട മാലിന്യ സംസ്കരണത്തോടൊപ്പം തന്നെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരപ്രദേശങ്ങള്‍ക്കായി നൂതന രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങളും നടപ്പാക്കും. വീടുകള്‍ തോറുമുള്ള കൃഷി സാധ്യതയ്ക്കു പുറമെ പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉല്‍പന്നങ്ങളിലും സ്വയംപര്യാപ്തത നേടാനുതകുന്ന വിധത്തില്‍ പൊതുവായ ഇടപെടലുകളും കൃഷി വികസന മിഷന്‍ ലക്ഷ്യമിടുന്നതാണ്.

ഏകോപന സംവിധാനം

ഈ മൂന്ന് മിഷനുകളുടെയും ആറ് ടാസ്ക്ഫോഴ്സുകളുടെയും (പാര്‍പ്പിടം, വിദ്യാഭ്യാസം, ആര്‍ദ്രം, ശുചിത്വം, കൃഷി, ജലവിഭവം) ഏകോപനത്തിന് ഒരു സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറിക്കാകും ഏകോപന ചുമതല. ധനകാര്യം, ആസൂത്രണം, ഭവനനിര്‍മാണം, ജലവിഭവം എന്നിവയുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയും തദ്ദേശസ്വയംഭരണം, കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും വിദ്യാഭ്യാസം, ഐറ്റി വകുപ്പ് സെക്രട്ടറിമാരും സംസ്ഥാനതല മിഷന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാരും അടങ്ങുന്നതാകും എംപവേര്‍ഡ് കമ്മിറ്റി. മിഷന്‍ സംബന്ധമായ തീരുമാനങ്ങളെടുക്കുകയും മന്ത്രിസഭയുടെ അംഗീകാരം തേടേണ്ടതായ ആ രീതിയില്‍ തയ്യാറാക്കുകയും ചെയ്യുക എന്നത് എംപവേര്‍ഡ് കമ്മിറ്റിയുടെ ചുമതലയായിരിക്കും. സമയബന്ധിതമായി അനുമതികള്‍ നല്‍കാനും സുഗമമായ പദ്ധതി നടത്തിപ്പ് ഉറപ്പാക്കാനുമുള്ള ഒരു ഏകജാലക സംവിധാനമായി എംപവേര്‍ഡ് കമ്മിറ്റി പ്രവര്‍ത്തിക്കും.എംപവേര്‍ഡ് കമ്മിറ്റിക്ക് ആവശ്യമായ പിന്തുണാ സംവിധാനം ഐഎംജി ഒരുക്കും. ഈ ആറ് മിഷനുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട് തയ്യാറാക്കുകയാണ് ആദ്യ ചുമതല. നവംബര്‍ ഒന്നിനുമുമ്പ് പദ്ധതി റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭയുടെ അംഗീകാരം നേടേണ്ടതുണ്ട്. ഫലപ്രാപ്തി ലക്ഷ്യമാക്കിയുള്ള നിരീക്ഷണം മിഷനുകളുടെയും ടാസ്ക്ഫോഴ്സുകളുടെയും പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.ഈ ആറ് മിഷനുകള്‍ക്കും ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ തലത്തിലും താഴെ പറയുന്ന മിഷന്‍ ഗ്രൂപ്പും ടാസ്ക്ഫോഴ്സുകളും ഉണ്ടായിരിക്കുന്നതാണ്.

ജില്ലാതല മിഷന്‍
അധ്യക്ഷന്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
അംഗങ്ങള്‍ : ജില്ലയില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങള്‍, എംഎല്‍എമാര്‍, മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്‍റും സെക്രട്ടറിയും).
സെക്രട്ടറി : ജില്ലാ കലക്റ്റര്‍.

ഓരോ ജില്ലാതല മിഷനും ഓരോ വിഷയത്തിലും ഒരു ടാസ്ക്ഫോഴ്സ് വീതം ഉണ്ടായിരിക്കുന്നതാണ്. ജില്ലയില്‍ അങ്ങനെ ആറ് ടാസ്ക്ഫോഴ്സുകളുണ്ടാകും. ജില്ലാതല ടാസ്ക്ഫോഴ്സുകളുടെ അധ്യക്ഷന്‍ കലക്റ്റര്‍ ആയിരിക്കും. ജില്ലാ പ്ലാനിങ് ഓഫീസര്‍, പട്ടികജാതി വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, കുടുംബശ്രീ, സാമൂഹ്യക്ഷേമ വകുപ്പ്, നഗരാസൂത്രണം, ഗ്രാമവികസനം (പിഎയു), കൃഷി, ജലവിഭവം, വിദ്യാഭ്യാസം, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, ജലനിധി എന്നിവയുടെ ജില്ലാ ഓഫീസര്‍മാര്‍, ആര്‍ഡിഒ/സബ് കലക്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും.

ഓരോ ജില്ലാതല ടാസ്ക്ഫോഴ്സിനും ഒരു പൂര്‍ണസമയ ഉദ്യോഗസ്ഥന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ്. സൗജന്യമായി ഭൂമി നല്‍കാന്‍ സന്നദ്ധതയുള്ള സ്ഥലങ്ങളിലും സര്‍ക്കാര്‍ ഭൂമി ലഭ്യമാകുന്ന സ്ഥലങ്ങളിലും ആയിരിക്കും പാര്‍പ്പിടപദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക എന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ഭൂമി ലഭ്യത ഉറപ്പാക്കുകയാണ് ജില്ലാതല പാര്‍പ്പിട മിഷന്റെ പ്രാഥമിക ചുമതല. ജില്ലാതല ഗുണഭോക്തൃ പട്ടികയുടെ അന്തിമ അംഗീകാരം ഭൂമി ലഭ്യത ഉറപ്പുവരുത്തുക, സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കുക, പ്രാദേശിക വിഭവസമാഹരണം ഉറപ്പാക്കുക, മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിവ ജില്ലാതല പാര്‍പ്പിട മിഷന്റെ ചുമതലയായിരിക്കും.

ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ തെരഞ്ഞെടുക്കുകയും അവയുടെ സ്ഥലസൗകര്യം പരിശോധിക്കുകയും ആര്‍ദ്രം മിഷന്‍ നടപ്പാക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുകയാകും ആരോഗ്യ ജില്ലാ മിഷന്റെ പ്രാഥമിക ചുമതല. പ്രാദേശിക വിഭവ സമാഹരണത്തിനുള്ള സാധ്യതകളും ആരോഗ്യ ജില്ലാ മിഷന്‍ ഉറപ്പുവരുത്തുന്നതാണ്.

അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തേണ്ട സര്‍ക്കാര്‍ സ്കൂളുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കണ്ടെത്തുക ജില്ലാ വിദ്യാഭ്യാസ മിഷന്റെ ചുമതലയാണ്. ഈ സ്കൂളുകളില്‍ പിറ്റിഎ, മദര്‍ പിറ്റിഎ, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍, പ്രാദേശികമായ സന്നദ്ധ സംഘടനകള്‍ എന്നിവയെ പദ്ധതിനടത്തിപ്പുമായി ആര്‍ജവമായി കൂട്ടിയോജിപ്പിക്കാനും ജില്ലാ വിദ്യാഭ്യാസ മിഷന്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. കുട്ടികള്‍ കൂടുതല്‍ ഉള്ളതും പഴയ കെട്ടിടങ്ങളും ക്ലാസ് മുറികളും ഉള്ള സ്കൂളുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.

ഓരോ വീട്ടിലെയും മാലിന്യസംസ്കരണ രീതി നിലവില്‍ എങ്ങനെയാണ് എന്ന് വിലയിരുത്തുകയും ജൈവ കമ്പോസ്റ്റിങ്, ബയോഗ്യാസ് എന്നിവയില്‍ ഏതു രീതിയാണ് ഓരോ വീട്ടിലും പ്രായോഗികമാവുക എന്ന് നിര്‍ദേശിക്കുകയും ഇതിനായി വീട്ടുകാരെ സജ്ജരാക്കുകയും ചെയ്യുക മാലിന്യസംസ്കരണ മിഷന്റെ നേതൃത്വത്തിലായിരിക്കും. തദ്ദേശസ്വയംഭരണ തലത്തില്‍ ഇക്കാര്യം ഫലപ്രദമായി ഏകോപിപ്പിച്ചിട്ടുണ്ട് എന്ന് ജില്ലാതല മാലിന്യസംസ്കരണ മിഷന്‍ ഉറപ്പാക്കേണ്ടതാണ്. ഇതുകൂടാതെ ചന്തകള്‍, അറവുശാലകള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയിലെ മാലിന്യ സംസ്കരണത്തിന് ആവശ്യമായ ക്രമീകരണങ്ങളും ജില്ലാതല മിഷന്‍ ഉറപ്പാക്കേണ്ടതുണ്ട്.

പൊതു ഉടമസ്ഥതയിലുള്ള ജലസ്രോതസ്സുകള്‍, കനാലുകള്‍, കുളങ്ങള്‍ തുടങ്ങിയവ ശുചീകരിക്കുന്നതിനും പ്രാദേശിക ജലസേചന-കുടിവെള്ള സ്രോതസ്സുകളായി അവയെ ഉപയോഗിക്കുന്നതിനും ജലവിഭവ മിഷന്‍ ഊന്നല്‍ നല്‍കും. കിണറുകളുടെ ശുചീകരണവും മഴവെള്ള റീചാര്‍ജിങ്ങും ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളും ജലവിഭവ മിഷനാണ് ഏകോപിപ്പിക്കേണ്ടത്.

ജില്ലയില്‍ തരിശുകിടക്കുന്ന സ്ഥലങ്ങള്‍ കൃഷിക്കുവേണ്ടി ഉപയോഗപ്പെടുത്താനുള്ള സാധ്യതയും പ്രാദേശികമായി സര്‍ക്കാര്‍ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വ്യാപകമായ പച്ചക്കറി, ഇതര കൃഷിരീതികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും കാര്‍ഷികോല്‍പന്നങ്ങളെ വിപണിയുമായി ബന്ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യാന്‍ കൃഷി മിഷന്‍ ലക്ഷ്യമിടുന്നു. ജൈവവളത്തിന്റെയും ജലസ്രോതസ്സുകളുടെയും ലഭ്യത ഇത്തരത്തിലുള്ള ആസൂത്രണത്തിന് അനിവാര്യമായതിനാല്‍ മേല്‍പറഞ്ഞ രണ്ട് ജില്ലാ മിഷനുകളുമായി ഒത്തൊരുമിച്ചാണ് കൃഷിമിഷന്‍ പ്രവര്‍ത്തിക്കേണ്ടിവരിക.

തദ്ദേശ സ്വയംഭരണതല മിഷന്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ഏകോപിപ്പിക്കാനും ഒരു തദ്ദേശ സ്വയംഭരണ മിഷന്‍ ഉണ്ടാകുന്നതാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതു രീതിയില്‍ ഏകോപിപ്പിക്കണം എന്ന വിശദമായ മാര്‍ഗരേഖ തയ്യാറാക്കുകയും കില വഴി തദ്ദേശസ്വയംഭരണ തലത്തിലെ പരിശീലനവും ശാക്തീകരണവും ഉറപ്പാക്കുകയും ചെയ്യും.

തദ്ദേശസ്വയംഭരണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്റെ ഘടന
അധ്യക്ഷന്‍ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പല്‍ ചെയര്‍മാന്‍/ മേയര്‍.
അംഗങ്ങള്‍ : ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഭരണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, കൃഷി ഓഫീസര്‍, കുടുംബശ്രീ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയര്‍. ഓരോ പദ്ധതിതലത്തിലും ഗുണഭോക്താക്കളെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും ശേഷിവര്‍ധനവും ഉറപ്പാക്കി ജനപങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, തുടര്‍നടത്തിപ്പ്, സാമൂഹിക ഓഡിറ്റിങ് നടപ്പാക്കുക.

പദ്ധതി നിര്‍വഹണത്തിനുള്ള സംവിധാനം
അതത് മേഖലയില്‍ പ്രാവീണ്യം തെളിയിച്ച പ്രൊഫഷണലുകളെയും നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ സര്‍വീസില്‍നിന്നും വിരമിച്ച പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നുമായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മിഷന്‍ ചീഫ് എക്സിക്യുട്ടീവ് ആയി പ്രവര്‍ത്തിക്കാന്‍ 100 പേരുടെ ഒരു റ്റീമിനെ തെരഞ്ഞെടുപ്പ് പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടിക്രമങ്ങളും നവംബര്‍ ഒന്നിനുമുമ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ ചുമതല ഐഐഎം കോഴിക്കോടിനെ ഏല്‍പിക്കാവുന്നതാണ്. അഞ്ചുവര്‍ഷത്തേക്ക് പ്രാബല്യത്തിലുള്ള ഈ മിഷനുകളുടെ ആവര്‍ത്തന ചെലവുകള്‍ ഡിപിആറില്‍ ഉള്‍പ്പെടുത്തി പദ്ധതി നിര്‍വഹണവുമായി ബന്ധിപ്പിക്കും.

(20/09/2016)