സമഗ്ര കേരള വികസനത്തിനായുള്ള കര്‍മ്മ പദ്ധതികള്‍

കേരളത്തിന്‍റെ സമഗ്ര വികസനത്തിനുവേണ്ടി താഴെപ്പറയുന്ന നാല് ബൃഹത്തായ പദ്ധതികള്‍ മിഷന്‍ മാതൃകയില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.

1. സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി.
2. ജനസൗഹാര്‍ദ സര്‍ക്കാര്‍ ആശുപത്രികള്‍
3. സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി
4. ശുചിത്വം – മാലിന്യസംസ്കരണം, കൃഷി വികസനം, ജലവിഭവ സംരക്ഷണം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഹരിത കേരളം പദ്ധതി.

ഈ പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനും ധനമന്ത്രി ഉപാദ്ധ്യക്ഷനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ സഹഅദ്ധ്യക്ഷന്മാരും ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനം), വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായുള്ള സംസ്ഥാനതല മിഷന്‍ ഗ്രൂപ്പും, ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്സണ്‍ അദ്ധ്യക്ഷനായ ജില്ലാതല മിഷന്‍ ഗ്രൂപ്പുകളും, ഗ്രാമ, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രത്യേക മിഷന്‍ ഗ്രൂപ്പുകളും രൂപീകരിക്കുവാന്‍ തീരുമാനിച്ചു. ഹരിത കേരളം മിഷനില്‍ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഉപാദ്ധ്യക്ഷനായിരിക്കും.

സംസ്ഥാനതലത്തിലുള്ള മിഷനുകളുടെ കീഴില്‍ വകുപ്പ് സെക്രട്ടറിമാര്‍ അദ്ധ്യക്ഷനായും മുഴുവന്‍ സമയ മിഷന്‍ സി.ഇ.ഒ.മാര്‍ നേതൃത്വം നല്‍കുന്ന രീതിയിലും ആറ് സംസ്ഥാനതല കര്‍മ്മസമിതികളും രൂപീകരിക്കും.മിഷനുകളുടെ ഏകോപനത്തിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായ ഒരു ഉന്നതാധികാര സമിതി ഉണ്ടാകും. ജില്ലാതല മിഷനുകള്‍ക്ക് ആറ് മേഖലകളിലും ജില്ലാതല കര്‍മ്മ സമിതികളും രൂപീകരിക്കും.

മിഷന്‍ സി.ഇ.ഒ.മാരായും ജില്ലാതല കര്‍മ്മസമിതികളില്‍ പ്രവര്‍ത്തിക്കുവാനും വേണ്ടി 100 പേരടങ്ങുന്ന ഒരു പ്രൊഫഷണല്‍ സംവിധാനത്തിന് രൂപം നല്‍കുവാന്‍ തീരുമാനിച്ചു. ഈ 100 പേരടങ്ങുന്ന കര്‍മ്മസമിതിയില്‍ ഉള്‍പ്പെടുത്തേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍, പരിചയസമ്പന്നരും പ്രഗല്‍ഭരുമായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ തെരഞ്ഞെടുക്കുവാനും പരിശീലിപ്പിക്കുവാനും ഐ.ഐ.എം. കോഴിക്കോടിനെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു. ഈ കര്‍മ്മസമിതികളെ സഹായിക്കുവാനായി ഒരു റിസോഴ്സ് ടീമിനും രൂപം നല്‍കുന്നതാണ്.

ഗ്രാമ, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മിഷനുകളുടെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും പരിശീലനവും കില-യും എംപവേര്‍ഡ് കമ്മിറ്റിയ്ക്കുവേണ്ട സാങ്കേതിക സഹായം ഐ.എം.ജി. യും ലഭ്യമാക്കുന്നതാണ്.മിഷനുകളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക സാങ്കേതിക സഹായം ഉപയോഗിക്കാവുന്നതുമാണ്.

20.09.2016