ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനം

മന്ത്രിസഭ നൂറുദിവസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഈ യോഗം നടക്കുന്നത്. രണ്ടുതലത്തിലുള്ള പരിപാടികളുമായി മുമ്പോട്ടുനീങ്ങുന്ന ഒരു രീതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്.

ഒന്ന്: ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ-ആശ്വാസ നടപടികള്‍. രണ്ട്: നാടിന്‍റെ വികസനത്തിനായുള്ള ദീര്‍ഘകാല പദ്ധതികള്‍.

ക്ഷേമപെന്‍ഷന്‍ വര്‍ധന പോലുള്ളവ ആദ്യത്തെ വിഭാഗത്തില്‍പ്പെടുമ്പോള്‍ കിഫ്ബി, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി, ഹരിതകേരളം തുടങ്ങിയവ രണ്ടാമത്തേതില്‍ പെടുന്നു.

പദ്ധതികള്‍ ഫയലുകളിലുറങ്ങാനുള്ളവയല്ല. ഈ സര്‍ക്കാര്‍ ഏതു പദ്ധതിയും പൂര്‍ണമായി നടപ്പാക്കാനുദ്ദേശിച്ചു തന്നെയാണ് പ്രഖ്യാപിക്കുന്നത്. നടപ്പാക്കലില്‍ വിട്ടുവീഴ്ചയില്ല എന്നര്‍ത്ഥം.

പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തിലും ജില്ലയിലെ ഭരണത്തിന്‍റെ നിര്‍വഹണകാര്യത്തിലും നിര്‍ണായകമായ പങ്കാണ് ജില്ലാ കലക്ടര്‍മാര്‍ക്കുള്ളത്. ജില്ലാതലത്തിലെ ഏറ്റവും ഉയര്‍ന്ന എക്സിക്യുട്ടീവ് ആണ് കലക്ടര്‍. ആ തലത്തില്‍ മുന്‍കൈ പ്രവര്‍ത്തനമുണ്ടായാല്‍ ജില്ലയിലാകെ മുന്‍കൈ പ്രവര്‍ത്തനമുണ്ടാകും. ആ തലത്തില്‍ മാന്ദ്യമുണ്ടായാല്‍ ജില്ലയിലാകെ ആ മാന്ദ്യം പടരും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏതു പദ്ധതിയുടെയും നിര്‍വഹണകാര്യത്തില്‍ ഒരു ഉരകല്ലാണ്; ഒരു touch stone ആണ് കലക്ടര്‍മാര്‍. ഈ ബോധത്തോടെയുള്ള ഉയര്‍ന്ന പ്രവര്‍ത്തനമാണ് നിങ്ങളില്‍ നിന്നുണ്ടാവേണ്ടത്. ആമുഖമായി ഇത്രയും പറഞ്ഞുവെന്നേയുള്ളു; നമുക്ക് ഇന്നത്തെ വിഷയത്തിലേക്കു കടക്കാം.

കലക്ടര്‍മാരുടെ അധികാരം, ചുമതല എന്നിവയുടെ കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാവണം. അതിലൂടെ ചിട്ടയായി തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ കേന്ദ്രീകരിക്കാന്‍ കഴിയണം. താലൂക്ക്, വില്ലേജ് ഓഫീസുകള്‍, പൊതു ഭക്ഷ്യവിതരണം, ദുരന്തത്തെ നേരിടല്‍, വികേന്ദ്രീകൃത ആസൂത്രണം അതിന്‍റെ നടപ്പാക്കല്‍, ജനക്ഷേമം, പരാതി പരിഹരിക്കല്‍, ക്രമസമാധാനപാലനം, പിന്നോക്കം പോയവരുടെ വികസനവും ക്ഷേമവും ഉറപ്പാക്കാന്‍ കഴിയുംവിധം പല വകുപ്പുകളെ ഏകോപിപ്പിക്കല്‍ എന്നിങ്ങനെ ഒട്ടേറെ റവന്യു ചുമതലകള്‍ നിങ്ങള്‍ക്കുണ്ട്.

ഇപ്പോള്‍, ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ മിഷന്‍ സമ്പ്രദായത്തില്‍ ചില സുപ്രധാന പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരികയാണ്. ഭവനനിര്‍മാണം, ശുചിത്വപരിപാലനം, പ്രകൃതിവിഭവ വിനിയോഗം, ആശുപത്രികളുടെയും സ്കൂളുകളുടെയും നിലവാരമുയര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട മിഷനുകള്‍ നിലവില്‍ വരികയാണ്.സൂക്ഷ്മമായ ആസൂത്രണം, സമയബന്ധിതമായ പ്രവര്‍ത്തനം, കൃത്യമായ മേല്‍നോട്ടം, തടസ്സം നീക്കാനുള്ള ഫലപ്രദമായ ഇടപെടലുകള്‍ എന്നിവയൊക്കെ ഉണ്ടായാലേ ഈ മിഷനുകള്‍ വിജയിക്കൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ജില്ലാതലത്തില്‍ ഇവയൊക്കെ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് കലക്ടര്‍മാര്‍ക്കുള്ളത്.

ഭവനപദ്ധതിയില്‍ ഭൂരഹിതര്‍ക്ക് വീടുവെക്കാന്‍ സ്ഥലം കണ്ടെത്തിക്കൊടുക്കല്‍ വളരെ പ്രധാനമാണ്. ഭൂപരിഷ്കരണത്തിന്‍റെ കാലം തൊട്ടേ ഈ പ്രക്രിയ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ലക്ഷ്യം നേടാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ജില്ലാ കലക്ടര്‍മാര്‍ മുന്നിട്ടിറങ്ങിയാലേ ഇതു നടക്കൂ. ഇതു നടപ്പാക്കാന്‍ പ്രതിജ്ഞബദ്ധമാണ് ഈ സര്‍ക്കാര്‍.

വികസനത്തിന് ഭൂമി കണ്ടെത്തിക്കൊടുക്കുക എന്നതു ഗവണ്‍മെന്‍റിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍, നിര്‍ദിഷ്ട സ്ഥലങ്ങളിലെ വ്യവസായ വികസന മേഖലകള്‍, കൊച്ചി-പാലക്കാട് വ്യവസായ കോറിഡോര്‍, റെയില്‍പാത ഇരട്ടിപ്പിക്കല്‍, നാഷണല്‍ ഹൈവേകളുടെ വികസനം തുടങ്ങിയവയൊക്കെ ഇക്കാര്യത്തില്‍ പ്രധാനമാണ്. വ്യവസായ വികസനമേഖല, വ്യവസായ ഇടനാഴി എന്നിവയ്ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ലാന്‍റ് ബോണ്ടുകള്‍ ഇറക്കും. അതായത്, ഭൂമി ഏറ്റെടുക്കല്‍, ഭൂമി വാങ്ങല്‍ എന്നിവയ്ക്ക് ഇങ്ങനെ ഈ ബോര്‍ഡ് ഫണ്ട് കണ്ടെത്തും.

ഫണ്ട് കണ്ടെത്തിയതുകൊണ്ടു മാത്രം കാര്യമായില്ല. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ കഴിയണം. പൊതുസമ്മേളനം വിളിച്ചുകൂട്ടി പ്രശ്നപരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുക എന്നതാവരുത് സമീപനം. ആരുടെയൊക്കെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത് അവരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണണം. അവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം കിട്ടും എന്ന് ഉറപ്പുനല്‍കണം. അവരെ വിശ്വാസത്തിലെടുക്കണം. അങ്ങനെ വ്യക്തിതലങ്ങളില്‍ പ്രശ്നം പരിഹരിക്കണം. എന്തായാലും ഗവണ്‍മെന്‍റ് പദ്ധതിയുമായി മുമ്പോട്ടുപോകുമെന്നും അത് ബന്ധപ്പെട്ട എല്ലാവര്‍ക്കും പരാതിയില്ലാത്ത വിധത്തില്‍ത്തന്നെ ആകുമെന്ന് ഉറപ്പുവരുത്തുമെന്നും പറയാന്‍ കഴിയണം. ഇങ്ങനെയേ ഭൂമി ഏറ്റെടുക്കാന്‍ പറ്റൂ. ബാഹ്യശക്തികളുടെ ഇടപെടല്‍ ഭൂമി നല്‍കേണ്ടവരെ പിന്തിരിപ്പിക്കാന്‍ പോരുന്ന വിധമുണ്ടായേക്കാം. അതിനെതിരെ ജാഗ്രതയുണ്ടാവണം.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പായില്ല എന്നുപറഞ്ഞ് കേരളത്തെ പലരും പഴിച്ചതു നിങ്ങള്‍ക്കറിയാം. എന്നാല്‍, ഇതിന്‍റെ നടത്തിപ്പ് അതിവേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ജില്ലാ കലക്ടര്‍മാരുടെ നേതൃപരമായ പങ്ക് ഇതിലുണ്ടായിട്ടില്ല. ഏറ്റവും മുന്തിയ പരിഗണനയോടെ ഇതു നടപ്പാക്കാന്‍ നിങ്ങളുടെ മുന്‍കൈ ശ്രമങ്ങള്‍ ഉണ്ടാവണം.

ജനകീയ ആസൂത്രണം പുനഃസ്ഥാപിക്കാന്‍ പോവുകയാണ്. ഇവിടെയും ജില്ലാ കലക്ടര്‍മാര്‍ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ട്. ഭരണഘടനാ സ്ഥാപനമാണ് ജില്ലാ പ്ലാനിങ് കമ്മിറ്റി. ഇതിന്‍റെ സെക്രട്ടറി എന്ന നിലയില്‍ പൊതുവായ ഏകോപനം കലക്ടറുടെ ചുമതലയാണ്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അടുത്തകാലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ വികേന്ദ്രീകൃത ആസൂത്രണത്തില്‍നിന്ന് അകന്നുനിന്നതായാണു കാണുന്നത്. ഈ നില മാറണം. ജില്ലാ കലക്ടര്‍മാര്‍ ഓരോരുത്തരും ഇതില്‍ സജീവമായ പങ്കുവഹിച്ചേ മതിയാവൂ. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുമായി നല്ല ബന്ധത്തില്‍ മുമ്പോട്ടുപോകണം. അതില്‍ കലക്ടര്‍മാര്‍ക്ക് അപകര്‍ഷതാബോധം തോന്നേണ്ട കാര്യമില്ല. ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും ഉള്ള പ്രാധാന്യം വിസ്മരിച്ചുകൂട. ജില്ലാ
പ്ലാനിങ് കമ്മിറ്റി ക്രമമായി യോഗം ചേരുന്നുവെന്ന് ഉറപ്പുവരുത്തണം. കലക്ടര്‍മാര്‍ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിട്ടര്‍ ചെയ്യണം. 40 ശതമാനം ഫണ്ട് തദ്ദേശസമിതികള്‍ വഴിയാണ് വിനിയോഗിക്കപ്പെടുന്നത് എന്നതിന്‍റെ പശ്ചാത്തലത്തില്‍ ഈ മോണിട്ടറിങ്ങിന് വലിയ പ്രാധാന്യമുണ്ട്.

ജില്ലാതലത്തില്‍ ചേരേണ്ട ഉദ്യോഗസ്ഥ മീറ്റിങ്ങുകള്‍ കൃത്യമായി ചേരുന്നുവെന്ന് ഉറപ്പുവരുത്തണം. റവന്യു ഉദ്യോഗസ്ഥരുടെ യോഗം, കൃഷി ഉദ്യോഗസ്ഥരുടെ യോഗം എന്നിവ കാര്യക്ഷമമായി നടക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ യോഗങ്ങളും ഉപേക്ഷകൂടാതെ നടത്തണം. ഗവണ്‍മെന്‍റ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മിഷനുകളുടെ കാര്യക്ഷമമായ നടത്തിപ്പിന് ഇത്തരം യോഗങ്ങളും ഇതിലൂടെയുണ്ടാകേണ്ട ഏകോപനവും വളരെ പ്രധാനപ്പെട്ടതാണ്.

മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്‍റ് ഗ്യാരന്‍റി സ്കീമിനു കീഴില്‍ കേരളം 1500 കോടി രൂപ ചെലവഴിക്കുന്നുണ്ട്. ഇത് ഇപ്പോള്‍ പാവപ്പെട്ടവരില്‍ എത്തുന്നു എന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. എന്നാല്‍, ഇതിന്‍റെ ഭാഗമായുണ്ടാകുന്ന ആസ്തികളുടെ ഗുണനിലവാരം ഉയരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കലക്ടര്‍മാര്‍ പ്രത്യേക താല്‍പര്യം എടുക്കണം. സമഗ്ര തണ്ണീര്‍ത്തട പദ്ധതികളുടെ പങ്ക് പ്രധാനമാണ്. ജലസംരക്ഷണം, ജലാശയങ്ങളുടെ നവീകരണം, പുനഃസ്ഥാപനം, ഭൂവികസനം എന്നിവയൊക്കെ തണ്ണീര്‍ത്തട സംരക്ഷണത്തിന്‍റെ ഭാഗമാണ്. ങഏചഞഋഏടന്‍റെ ഭരണഘടനാ അധികാരിയാണ് ജില്ലാ കലക്ടര്‍. ഈ നിലയ്ക്ക് ആത്മാര്‍ത്ഥമായും സജീവമായും രംഗത്തിറങ്ങാന്‍ കഴിയണം.

പരാതി പരിഹരിക്കല്‍ എന്നതു ജില്ലാ തലത്തില്‍ അങ്ങേയറ്റത്തെ പ്രാധാന്യമുള്ളതാണ്. എന്‍റെയടുത്തേക്കു വരേണ്ടതില്ലാത്തതും ജില്ലാതലത്തിലോ ഒരുപക്ഷെ, അതിനുതാഴെത്തെ തലത്തിലോ പരിഹരിക്കാവുന്നവയുമായ നിരവധി പരാതികള്‍ എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. നിങ്ങളുടെ തലത്തില്‍ പരിശോധനയും പരിഹാരനടപടിയും കാര്യക്ഷമമാംവിധം ഉണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നില്ല. ഇനി ചിട്ടയായി അത്തരം പരിശോധനാ-പരിഹാര നടപടികള്‍ നിങ്ങളുടെ തലത്തിലുണ്ടാവണം. പരാതി പരിഹാരം, ദുരിതാശ്വാസം എന്നീ കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി കൃത്യമായ ബന്ധത്തില്‍ പ്രവര്‍ത്തിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് ആവശ്യമാണ്. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാവും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഇതു തേടുക. ഇലക്ട്രോണിക് സംവിധാനത്തിലൂടെ തന്നെ ഇതിന് മറുപടി നല്‍കണം. അങ്ങനെ വന്നാല്‍ കാലതാമസം ഒഴിവാക്കാം. പരാതി പരിഹാര കാര്യങ്ങളിലും ഇതേ സംവിധാനം തന്നെ ഉണ്ടാവണം.

നിങ്ങള്‍ വിപുലമായ ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തണം. അപേക്ഷകള്‍ ക്ഷണിക്കല്‍, അതു പരിശോധിക്കല്‍, ക്യാമ്പുകളില്‍ സുതാര്യമായും നീതിയുക്തമായും അവയ്ക്കുമേല്‍ തീര്‍പ്പുകല്‍പിക്കല്‍ എന്നിവ ഉണ്ടാവണം. പൊതു ആവശ്യങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, ഭൂമി കൈമാറല്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ നമ്മുടെ അജണ്ടയിലുണ്ട്. അതില്‍ പറയുന്ന ഭൂമി കൈമാറ്റ നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ ഒരുമാസത്തിനകം അയക്കണം. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയാകട്ടെ ഉടനടി തുടങ്ങുകയും വേണം. ഭൂമി വാങ്ങല്‍ കാര്യത്തിലാകട്ടെ, 45 ദിവസത്തിനകം നിര്‍ദേശം മുമ്പോട്ടുവെക്കണം.

വകുപ്പുകള്‍ക്കിടയിലുള്ള ഭൂമി കൈമാറ്റത്തിന്‍റെ കാര്യത്തില്‍ ചില വ്യവസ്ഥകള്‍ക്കു വിധേയമായി ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം കൈമാറിത്തരാന്‍ ഉദ്ദേശിക്കുന്നുണ്ട്. റവന്യുവകുപ്പ് ഒരുമാസത്തിനകം ഇതിന്‍റെ നടപടികള്‍ പൂര്‍ത്തിയാക്കും. പുതിയ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമത്തിന്‍റെ വ്യവസ്ഥകള്‍ ബാധകമാക്കാന്‍ റവന്യുവകുപ്പ് കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ഇത് 45 ദിവസങ്ങള്‍ക്കകം നടക്കണം.

തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജനം അവസാനിപ്പിച്ച സംസ്ഥാനം എന്ന പ്രഖ്യാപനത്തിനു കേരളം സജ്ജമാവുന്ന ഘട്ടമാണിത്. നവംബര്‍ ഒന്നിന് അതു നടക്കും. ഗ്രാമീണമേഖലയില്‍ ടോയ്ലറ്റ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ജില്ലാ കലക്ടര്‍മാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിലേക്ക് ഇനി അധികസമയമില്ല. ഈ അവസാനഘട്ടത്തില്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒഡിഎഫ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് ടോയ്ലറ്റ് നിര്‍മാണം മാത്രമല്ല. തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജനം പാടെ അവസാനിപ്പിക്കല്‍ കൂടിയാണ്. ഇതു സാധ്യമാക്കാന്‍ ബുദ്ധിമുട്ടേറിയ മേഖലകളില്‍, പ്രത്യേകിച്ച് തീര-ഗോത്ര മേഖലകള്‍, ചേരിസമാനമായ ജനവാസ മേഖലകള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധവെക്കണം. ഇതിനൊപ്പം നഗരങ്ങളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം. ഇതുമായി ബന്ധപ്പെട്ട് വിശദമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്.

ഇന്ന് ഇവിടെ നടക്കുന്ന ചര്‍ച്ച സമഗ്രവും അര്‍ത്ഥപൂര്‍ണവുമാവണം. അതിന് ഇപ്പറഞ്ഞ ഓരോ രംഗങ്ങളുമായും ബന്ധപ്പെട്ട നിങ്ങളുടെ അറിവുകള്‍, അനുഭവങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ നിങ്ങള്‍ മുമ്പോട്ടുവെക്കണം. എവിടെയൊക്കെയാണ് പോരായ്മകള്‍, എന്തൊക്കെയാണ് അവ പരിഹരിക്കാന്‍ വേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം.

സര്‍ക്കാര്‍ നടപടി എടുക്കേണ്ടതായ നയപ്രശ്നങ്ങളുണ്ടെങ്കിലത്, ജില്ലയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടെങ്കിലത്, പോരായ്മകളുണ്ടെങ്കിലത്- ഒക്കെ നിര്‍ഭയമായി ഈ വേദിയില്‍ പറയണം. മൗലികമായ മൂര്‍ത്ത നിര്‍ദേശങ്ങളുണ്ടെങ്കില്‍ അതു മുമ്പോട്ടുവെക്കണം.

മിക്കവാറും എല്ലാ പ്രമുഖ ഉദ്യോഗസ്ഥരും ഇന്നിവിടെയുണ്ട്. പല പ്രശ്നങ്ങള്‍ക്കും ഇവിടെവെച്ചുതന്നെ പരിഹാരം കാണാന്‍ കഴിയണം. അതിനു കഴിയാത്തവയ്ക്ക്, ഇത്രനാളുകള്‍ക്കകം പരിഹാരം കാണുമെന്നു നിശ്ചയിക്കാന്‍ കഴിയണം.

ഉറച്ച ചുവടുകളും നടപടികളുമായി മുമ്പോട്ടുപോയേ പറ്റൂ. നീട്ടിവെക്കല്‍, ഒഴിവാക്കല്‍, മാറ്റിവെക്കല്‍ എന്നിവയ്ക്കൊന്നും ഭരണത്തിന്‍റെ അജണ്ടയില്‍ സ്ഥാനം ഉണ്ടാകില്ല. ഗവണ്‍മെന്‍റ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മിഷനുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഞാന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ടാസ്ക്ഫോഴ്സുകളെ ജില്ലകളില്‍ നയിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് നിങ്ങള്‍ക്കുള്ളത്. ടാസ്ക്ഫോഴ്സുകളുടെ പ്രവര്‍ത്തനമികവ്, മിഷനുകളുടെ വിജയം എന്നിവ ഉറപ്പാക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂട. കലക്ടര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ടാസ്ക്ഫോഴ്സ്, മിഷന്‍ എന്നിവയുടെ കാര്യങ്ങളില്‍ പ്രകടിപ്പിക്കുന്ന മികവ് പ്രധാന മാനദണ്ഡമായിരിക്കുമെന്ന് അറിയിക്കാന്‍ കൂടി ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒരു പുതിയ കേരളം രൂപപ്പെടുത്തി എടുക്കുന്നതില്‍ നിങ്ങളുടെ ഊര്‍ജസ്വലമായ ഇടപെടലുണ്ടാകണം. അത് നിങ്ങള്‍ ചരിത്രത്തില്‍ നടത്തുന്ന ഇടപെടലായി കാലം വിലയിരുത്തും. അത്രയേറെ ചരിത്രപരമായ പ്രാമുഖ്യമുണ്ടാകാന്‍ പോകുന്ന ബ്രഹത് പദ്ധതികളാണ് കേരളം ഈ വരും മാസങ്ങളില്‍ ഏറ്റെടുക്കാന്‍ പോകുന്നത് എന്നതുകൊണ്ടാണ് ഇതു പറയുന്നത്. ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍വെച്ചുകൊണ്ടാകട്ടെ നിങ്ങളുടെ ഇനിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും.