ഉപഗ്രഹ സഹായത്തോടെ മത്സ്യലഭ്യത അറിയാന്‍ ജനകീയ സംവിധാനം

ഉപഗ്രഹ ഡാറ്റയുടെ സഹായത്തോടെ കടലിലെ മത്സ്യസമ്പത്ത് കൂടിയ മേഖലകള്‍ യഥാസമയം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരെ അറിയിക്കാനുള്ള ജനകീയ സംവിധാനം വരുന്നു. വിദേശ രാജ്യങ്ങളില്‍ പ്രയോഗിക്കുന്ന ഈ സംവിധാനം ഏറ്റവും ആധുനികമായ രീതിയില്‍ കേരളത്തില്‍ നടപ്പാക്കും. ഒരുമാസത്തിനുള്ളില്‍ ഇതിന്‍റെ ഫലം മത്സ്യബന്ധന മേഖലയില്‍ ലഭ്യമാക്കും. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തന്‍ ചെയര്‍മാനായി ഉന്നതതല സാങ്കേതിക സമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തിരുമാനം.

ഉപഗ്രഹഡേറ്റ ഉപയോഗിച്ച് മത്സ്യലഭ്യത അറിയുന്ന സംവിധാനം വന്‍കിട മത്സ്യബന്ധന രംഗത്തുള്ളവര്‍ മാത്രമാണ് നിലവില്‍ ഉപയോഗിച്ചിരുന്നത്. ഇതിന് പകരം എല്ലാവര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുകയെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

അപകടത്തില്‍പ്പെടുന്ന ബോട്ടുകളുടെയും മത്സ്യതൊഴിലാളികളുടെയും രക്ഷാപ്രവര്‍ത്തനത്തിന് സാറ്റ്ലൈറ്റ് ഡാറ്റാ ഉപയോഗിക്കും. ഉള്‍നാടന്‍ മത്സ്യകൃഷിയ്ക്കുവേണ്ട അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കാനും നിലവിലുള്ള കൃഷിയിടങ്ങളില്‍ ഉല്‍പാദനം കൂട്ടാനും ഈ സംവിധാനം വഴി സാധിക്കും.

ജിയോ സ്പേഷ്യല്‍ മാപ്പിംഗ് ഉപയോഗിച്ച് തുറമുഖങ്ങള്‍, മത്സ്യവിപണന കേന്ദ്രങ്ങള്‍, ഉള്‍നാടന്‍ മത്സ്യകൃഷി നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സംസ്ഥാന ഫിഷറീസ് മാപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ തയ്യാറാക്കും. കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍ററും ഐ.എസ്.ആര്‍.ഒ.യുടെ ഹൈദരാബാദിലെ റിമോട്ട് സെന്‍സിംഗ് സെന്‍ററും (എന്‍.ആര്‍.എസ്.ഇ.) ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.

22.09.2016