തണ്ണീര്‍ത്തടങ്ങളിലെ നിര്‍മ്മാണം: പാരിസ്ഥിതികാഘാത നിര്‍ണ്ണയം നിര്‍ബന്ധമാക്കണം

തണ്ണീര്‍തടങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ പാരിസ്ഥിതികാഘാത നിര്‍ണ്ണയം നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനുള്ള കരട് നിര്‍ദേശങ്ങളില്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തണ്ണീര്‍ത്തടത്തിന് നാശംവരുത്തുന്ന പ്രവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കാനും കടുത്ത പിഴ ഈടാക്കാനുമുളള വ്യവസ്ഥ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നതും പൊതുനിര്‍ദേശങ്ങളില്‍പ്പെടും. തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടം 2016 തയാറാക്കുന്നതിന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി പൊതു നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവെച്ചത്. 2010ലെ ചട്ടപ്രകാരം കേന്ദ്ര തണ്ണീര്‍തട അതോറിറ്റിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2016ലെ കരട് ചട്ടത്തില്‍ മുഖ്യമന്ത്രിയോ, പരിസ്ഥിതി ചുമതലയുള്ള മന്ത്രിയോ അധ്യക്ഷനായ സംസ്ഥാന തണ്ണീര്‍തട അതോറിറ്റിക്കാണ് തണ്ണീര്‍തടങ്ങളുടെ സംരക്ഷണവും പരിപാലനവും ഉള്‍പ്പെടെയുള്ള ചുമതലകള്‍ നല്‍കിയിരിക്കുന്നത്. തണ്ണീര്‍ത്തടങ്ങള്‍ നോട്ടിഫൈ ചെയ്യാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിനാണ്. ഈ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും അംഗീകരിച്ചു. 2016ലെ കരട് ചട്ടത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ ബുദ്ധിപരമായും വിവേചന ബുദ്ധിയോടും അവയുടെ പാരിസ്ഥിതികഘടനയില്‍ ആഘാതമേല്‍പ്പിക്കാതെ പരിപാലിക്കപ്പെടണമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെടാനും തണ്ണീര്‍ത്തടങ്ങളുടെ നാശത്തിനും ഇടയാക്കുമെന്നതിനാല്‍ വ്യക്തമായ വ്യവസ്ഥകള്‍ വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ തണ്ണീര്‍ത്തട അതോറിറ്റിയുടെ തീരുമാനം ഹരിത ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ 2016 ലെ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ കരട്പ്രകാരം നദികളും നെല്‍വയലുകളും ചട്ടത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ ഇവയുടെ സംരക്ഷണത്തിന് 2008ലെ നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമവും 2001ലെ നദീസംരക്ഷണനിയമവും നിലവിലുള്ളതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, എല്ലാ നീര്‍ത്തടങ്ങളും ചട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പൊതുവായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നതായും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ഇപ്പോഴുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. നദീസംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. നാട്ടിലെ എല്ലാ കുളങ്ങളും തോടുകളും പുനരുജ്ജീവിക്കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. അടുത്തഘട്ടമായി നദികളും കായലുകളും സംരക്ഷിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച അഭിപ്രായങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ പിന്തുണച്ച് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം.സി. ദത്തന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

01/10/2016