ബഹിരാകാശവാരം

ഐഎസ്ആര്‍ഒയുടെ ആഭിമുഖ്യത്തില്‍ ഇവിടെ നടക്കുന്ന ലോക ബഹിരാകാശ വാരാചരണം ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതില്‍ എനിക്കു സന്തോഷവും അഭിമാനവുമുണ്ട്. അന്താരാഷ്ട്രതലത്തില്‍ ആചരിക്കപ്പെടുന്ന വാരമാണിത്. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലുണ്ടാവുന്ന നേട്ടങ്ങളെ മനുഷ്യനന്മയ്ക്ക് ഏതൊക്കെ വിധത്തില്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍നിന്നാണ് ഇതുപോലുള്ള വാരാചരണങ്ങള്‍ ആരംഭിച്ചത്.

ബഹിരാകാശശാസ്ത്രം ജനജീവിതത്തെ മെച്ചപ്പെടുത്തുന്നത് എങ്ങനെയൊക്കെ എന്നതിനെക്കുറിച്ച് ശാസ്ത്രലോകത്തിനും പൊതുസമൂഹത്തിനാകെത്തന്നെയും അവബോധമുണ്ടാക്കുക എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് 1999ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ലോക ബഹിരാകാശവാരം ആചരിക്കണമെന്നു നിശ്ചയിച്ചത്. ഒക്ടോബര്‍ 4 മുതല്‍ 10 വരെയാണ് വാരാചരണം എന്നു നിങ്ങള്‍ക്കറിയാം.വെറുതെ രണ്ടു തീയതികള്‍ കണ്ടെത്തി അവയ്ക്കിടയിലായി
വാരാചരണം നടക്കട്ടെ എന്നു നിശ്ചയിക്കുകയായിരുന്നില്ല. വാരാചരണത്തിന്‍റെ ആദ്യ ദിനത്തിന്‍റെയും സമാപന ദിനത്തിന്‍റെയും നിര്‍ണയത്തിനുപോലും മാനദണ്ഡമായത് ബഹിരാകാശ ശാസ്ത്രരംഗത്തെ ചരിത്രപ്രധാനമായ നേട്ടങ്ങളാണ്. മനുഷ്യനിര്‍മിതമായ ആദ്യ ഭൗമ ഉപഗ്രഹം സ്ഫുട്നിക് 1 ആണല്ലൊ.
ബഹിരാകാശ പര്യവേഷണത്തിന്‍റെ പുതിയ സാധ്യതകള്‍ തുറന്നുതന്ന ആ ഭൗമ ഉപഗ്രഹത്തിന്‍റെ വിക്ഷേപണദിനമാണ് ബഹിരാകാശവാരം ആരംഭിക്കുന്ന ഒക്ടോബര്‍ നാല്. വിദൂര ബഹിരാകാശത്തെ സമാധാനപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള തത്വങ്ങളെ സംബന്ധിച്ച കരാര്‍ ഒപ്പിട്ട ദിവസമാണ് ഒക്ടോബര്‍ പത്ത്. ഇങ്ങനെ നോക്കിയാല്‍ ചരിത്രപരമായ പ്രാധാന്യമുള്ള രണ്ടു ദിനങ്ങള്‍ക്കിടയിലാണ് ഈ വാരാചരണം നടക്കുന്നത് എന്നു കാണാവുന്നതാണ്.

ബഹിരാകാശ ശാസ്ത്രം-സാങ്കേതിക ശാസ്ത്രം എന്നിവ കൊണ്ടുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ, പ്രത്യേകിച്ച് യുവതലമുറയെ അറിയിക്കുക, അവ നിത്യജീവിതാവശ്യങ്ങള്‍ക്കും സുസ്ഥിര വികസനത്തിനുമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചു പഠിപ്പിക്കുക, ബഹിരാകാശ ഗവേഷണരംഗത്ത് ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുക, ആ രംഗത്തു നടക്കുന്ന വിസ്മയകരമായ കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ഔത്സുക്യമുണ്ടാക്കുക, ഈ രംഗവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളില്‍ അന്താരാഷ്ട്ര സഹകരണത്തിന്‍റെ അന്തരീക്ഷമുണ്ടാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് വാരമാചരിക്കുന്നത്.

ലോക ബഹിരാകാശവാരം ഓരോ വര്‍ഷവും ഓരോ വിഷയം മുന്‍നിര്‍ത്തിയാണ് ആചരിക്കുന്നത്. ‘നമ്മുടെ ഭാവിയെ രൂപപ്പെടുത്താന്‍ സഹായിക്കുന്ന റിമോട്ട് സെന്‍സിങ്’ എന്നതാണ് ഇത്തവണത്തെ വിഷയം.ബഹിരാകാശരംഗവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ശില്‍പശാലകള്‍, ശാസ്ത്രജ്ഞരുമായുള്ള കുട്ടികളുടെ കൂടിക്കാഴ്ചകള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഭാഷണങ്ങള്‍, ഇന്‍റര്‍ സ്കൂള്‍ ക്വിസ് തുടങ്ങിയ പരിപാടികളോടെയാണ് വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ ഈ ദിനം ആചരിക്കുന്നത്. ഇതൊക്കെത്തന്നെ, ദിനാചരണത്തിന്‍റെ ലക്ഷ്യമെന്തോ, അതു പ്രാപ്തമാക്കുന്നതിനു സഹായിക്കുമെന്നു നിസ്സംശയം പറയാം.

നമ്മുടെ ദൈനംദിന ജീവിതത്തെത്തന്നെ ബഹിരാകാശ ശാസ്ത്രവും അതു നടത്തുന്ന കണ്ടുപിടുത്തങ്ങളും സ്വാധീനിക്കുന്ന കാലമാണിത്. ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോള്‍ സങ്കല്‍പിക്കാന്‍ കൂടി കഴിയാതിരുന്ന കാര്യങ്ങളാണ് ഇന്നു സംഭവിക്കുന്നത്. ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ കണ്ടിട്ടില്ല. കമ്പ്യൂട്ടര്‍ കണ്ടിട്ടില്ല. മൊബൈല്‍ ഫോണിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഇന്‍റര്‍നെറ്റ്, ഇ-മെയില്‍, ചാറ്റിങ്, ഇ-ബുക്ക്, ടാബ് തുടങ്ങിയവ ഒന്നും ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല.

ഇന്ന് സാറ്റലൈറ്റുകളാണ് വലിയ ഒരളവില്‍ നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്നത്. ആ സാറ്റലൈറ്റില്ലെങ്കില്‍ ടെലിവിഷനില്ല; കമ്പ്യൂട്ടറില്ല; എന്തിനേറെ മൊബൈല്‍ ഫോണ്‍ പോലുമില്ല. കാറോടിക്കുമ്പോള്‍ വഴി കണ്ടെത്തുന്നതിനു മുതല്‍ കപ്പലിലിരിക്കുമ്പോഴുള്ള നാവിഗേഷന്‍ കാര്യങ്ങള്‍ക്കുവരെ ഇന്ന് സാറ്റലൈറ്റുകള്‍ സഹായകമാവുന്നു. കടലിനടിയിലെന്തൊക്കെയുണ്ടെന്നു കണ്ടെത്താന്‍, കാലാവസ്ഥാ വ്യതിയാനം കണ്ടെത്താന്‍, ദൂരെയിരിക്കുന്നയാളെ മുമ്പില്‍കണ്ടു സംസാരിക്കാന്‍, എന്നുവേണ്ട എല്ലാ കാര്യങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ തുണയാവുന്നു. ടെലി-എജ്യുക്കേഷന്‍, ടെലി-മെഡിസിന്‍, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, ദേശീയ സുരക്ഷ, സാറ്റലൈറ്റ് നാവിഗേഷന്‍ എന്നുവേണ്ട എന്തു കാര്യത്തിനും സാറ്റലൈറ്റുകള്‍ നിര്‍ണായക സാന്നിധ്യമാവുന്നു.

ദുരന്തങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം സഹായം ചെയ്യുന്നു റിമോട്ട് സെന്‍സിങ് സംവിധാനം. ആയിരക്കണക്കിനു കിലോമീറ്റര്‍ അപ്പുറത്തു മിസൈല്‍ വര്‍ഷിക്കാന്‍പോലും സഹായിക്കും ഉപഗ്രഹങ്ങള്‍. വിളസംരക്ഷണം, ചുഴലിക്കാറ്റ് മുമ്പെ കണ്ടുപിടിക്കല്‍ എന്നിവയ്ക്ക് ഉപഗ്രഹം പ്രയോജനപ്പെടുന്നു. ജലം കണ്ടെത്താന്‍ വരെ ഇന്ന് അതു വേണം. കാലാവസ്ഥാ പ്രവചനത്തിനുള്ള തടസ്സങ്ങള്‍ വരെ സാറ്റലൈറ്റ് നീക്കുമെന്നുവരുന്നു. ജിപിഎസ് സമ്പ്രദായമുപയോഗിച്ചുള്ള നാവിഗേഷന്‍ എന്നത് ഇന്ന് ആര്‍ക്കും അല്‍ഭുതകരമല്ല.

ചന്ദ്രയാന്‍ ഒന്നിന്‍റെ വിക്ഷേപണം, ചൊവ്വാ-ഓര്‍ബിറ്റര്‍ മിഷന്‍ എന്നിവ വിപുലമായ തോതിലാണ് നമ്മുടെ സാമൂഹ്യജീവിതത്തിലിടപെട്ടത്. ചന്ദ്രയാന്‍, ചൊവ്വാ ദൗത്യം എന്നിവയിലൂടെ ഐഎസ്ആര്‍ഒ രാജ്യത്തിനാകെ അഭിമാനം പകര്‍ന്നു എന്നു മാത്രമല്ല, ഗ്രഹാന്തര ദൗത്യങ്ങള്‍ പുതിയ ശക്തിയോടെ ഏറ്റെടുത്തു മുമ്പോട്ടുപോകാനുള്ള ആത്മവിശ്വാസം കൂടി പകര്‍ന്നുതന്നു. ഊര്‍ജസ്വലമായ ബഹിരാകാശ പരിപാടികളുമായാണ് നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ മുമ്പോട്ടുപോകുന്നത്. വിക്രം സാരാഭായി, രാഷ്ട്രപതിയായിരുന്ന അബ്ദുള്‍കലാം തുടങ്ങി എത്രയോ മഹാരഥന്മാരാണു നമ്മുടെ ഈ രംഗത്തെ ഗംഭീരമായി നയിച്ചിട്ടുള്ളത്.

അവര്‍ പതിറ്റാണ്ടുകള്‍ നീണ്ട അര്‍പ്പബോധത്തോടെയുള്ള സേവനംകൊണ്ട്, നേടിത്തന്നവ എന്തൊക്കെയാണെന്നു പുതിയ തലമുറയ്ക്കറിയാന്‍ ഇതുപോലുള്ള വാരാചരണങ്ങള്‍ സഹായിക്കും. ദേശീയ വികസനത്തില്‍ മുതല്‍ വ്യക്തിയുടെ ദൈനംദിന ജീവിതത്തില്‍ വരെ, സ്പെയിസ് ടെക്നോളജി ഉണ്ടാക്കിയിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങളുടെ പ്രകാശം പുതുതലമുറയുടെ മനസ്സിലേക്കെത്തിക്കണം. ബഹിരാകാശശാസ്ത്രം വിസ്മയജനകമാംവിധം ആകര്‍ഷകമാണെന്നു തിരിച്ചറിയുന്ന തലമുറ കൂടുതല്‍ കൂടുതലായി അതിലേക്ക് കടന്നുചെല്ലണം. അങ്ങനെ ബഹിരാകാശ പര്യവേക്ഷണരംഗത്ത് ലോകരാജ്യങ്ങളില്‍ ഒന്നിന്‍റെയും പിന്നിലല്ല എന്ന മാതൃകാപരമായ സ്ഥാനം കയ്യടക്കാന്‍ ഇന്ത്യയ്ക്കു കഴിയണം.

വിക്രംസാരാഭായി സ്പെയിസ് സെന്‍റര്‍ ഉപഗ്രഹ വിക്ഷേപണത്തിന്‍റെയും അനുബന്ധ ശാസ്ത്രസാങ്കേതിക വിജ്ഞാനത്തിന്‍റെയും കേന്ദ്രമാണ്. ഉപഗ്രഹ വിക്ഷേപണ സാങ്കേതികതയുടെ കാര്യത്തില്‍ വലിയ ഗവേഷണങ്ങള്‍ അവിടെ നടക്കുന്നു. അതേക്കുറിച്ചൊക്കെ അറിയാനും ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മഹാന്മാരായ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഭാവനകള്‍ മനസ്സിലാക്കാനും നിത്യേനയെന്നോണം നവീകരിക്കപ്പെടുന്ന ബഹിരാകാശ ശാസ്ത്ര നേട്ടങ്ങളെക്കുറിച്ചും അതു ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും കൂടുതല്‍ അവബോധമുണ്ടാക്കാനും ഈ വാരാചരണം പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു. വാരാചരണം ഉദ്ഘാടനം ചെയ്യുന്നു.

01/10/2016