സ്മാർട് സിറ്റി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം നഗരത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജി.വിജയരാഘവന്‍, കൗണ്‌സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരംഭിച്ച വെബ്‌സൈറ്റ് ആണ് www.tvmctiy.in . സ്മാര്‍ട്ട് സിറ്റി എന്ന ആശയം എന്താണെന്ന് ജനങ്ങളെ ധരിപ്പിക്കുവാനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാനുമുള്ള പ്രഥമ മാര്‍ഗ്ഗമാണ് ഈ വെബ്‌സൈറ്റ്. കൂടുതല്‍ അഭിപ്രായ നിര്‍ദ്ദേശങ്ങളുടെ സമാഹരണത്തിനായി ഫേസ്ബുക്, വാട്ട്‌സ് ആപ്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ വിവിധ സോഷ്യല്‍ മീഡിയ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. www.facebook.com/smarttrivandrum എന്ന ഫേസ്ബുക് പേജും #smarttrivandrum എന്ന ഹാഷ് ടാഗും സോഷ്യല്‍ മീഡിയയ്ക്ക് ഊര്‍ജ്ജം പകരും. ആശയങ്ങള്‍ വെബ്‌സൈറ്റിലൂടെ ടൈപ്പ് ചെയ്ത് പങ്ക് വയ്ക്കുന്നതോടൊപ്പം ചിത്ര, ഓഡിയോ , വീഡിയോ രൂപത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വയ്ക്കുകയോ tvmsmartctiy@gmail.com എന്ന മെയിലിലേക്ക് അയക്കുകയോ ചെയ്യാം.

03/10/2016