സ്വാശ്രയം : 10 ലക്ഷം ഫീസിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് 10 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ മാവിലായിയില്‍ എ കെ ജി സ്മാരക സഹകരണ നഴ്‌സിങ്ങ് കോളേജ് വനിത ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ മൂന്ന് കോളേജുകള്‍ക്കാണ് 10 ലക്ഷം ഫീസ് വാങ്ങാന്‍ അനുമതി ലഭിച്ചത്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളേജുകളില്‍ 20 ശതമാനം സീറ്റില്‍ 25000 രൂപയും 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപയുമാണ് ഫീസ്. ഈ സ്ഥാനത്താണ് 10 ലക്ഷം രൂപ നല്‍കേണ്ടി വരുന്നത്. എന്നാല്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളേജുകളില്‍ ഫീസ് വര്‍ധനവെന്ന് പറഞ്ഞ് സമരം നടത്തുന്നവര്‍ തോന്നിയ പോലെ ഫീസ് വാങ്ങുന്ന ഈ കോളേജുകളുടെ അധാര്‍മികതക്കെതിരെ പ്രതികരിക്കാനോ സമരം നടത്താനോ തയ്യാറായിട്ടില്ല. ഇത് ഇരട്ടത്താപ്പാണ്. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ആകാവുന്ന നടപടികളെ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഹൈക്കോടതി വിധി അപ്പീല്‍ വഴി തിരുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. സ്ഥാപനത്തിന്റെയും, പഠനത്തിന്റെയും നിലവാരമോ സാമൂഹ്യ പ്രതിബദ്ധതയോ ഒന്നും പ്രശ്‌നമല്ല, കൈയില്‍ വരുന്ന പണം മാത്രമാണ് പ്രധാനമെന്ന്് ചിന്തിക്കുന്നവരുടെ കൈയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിപ്പെട്ടാലുള്ള സ്ഥിതിയാണിത്. സാമൂഹ്യ ആവശ്യമോ നിലവാരമോ നോക്കാതെ തോന്നുംപോലെ സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ചതിന്റെ ഫലമാണിത്. അത്തരമാളുകള്‍ക്ക് എന്തും ചെയ്യാനുള്ള ദു:സ്വാതന്ത്ര്യമാണ് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചിരുന്നത്. ഒരു കാരണവശാലും വിദ്യാഭ്യാസരംഗത്തെ തട്ടിപ്പ് അനുവദിക്കില്ല. ഈ രംഗത്തെ ഒട്ടുമിക്ക സ്ഥപനങ്ങളുടെയും മുഖമുദ്ര സാമൂഹ്യ ബോധമില്ലായ്മയാണ്. പഠിച്ചിറങ്ങുന്നവരുടെ പ്രഫഷണല്‍ മികവോ സാമൂഹ്യ പ്രതിബദ്ധതയോ ഒന്നും ഇവര്‍ക്ക് പ്രശ്‌നമല്ല. കീശയുടെ വലിപ്പം നോക്കി സ്ഥാപനങ്ങള്‍ ആരംഭിച്ചപ്പോള്‍ സാമുഹ്യ സാഹചര്യവും പഠന നിലവാരവും ഒന്നും വിലമതിക്കേണ്ടതില്ല എന്ന നില വന്നു. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന വസ്തുത മറക്കാന്‍ പാടില്ല.

ആതുര ശുശ്രൂഷ രംഗവും കച്ചവട കേന്ദ്രമായി മാറുന്നു. ചികിത്സക്കെത്തുന്നവരില്‍ നിന്ന്് എങ്ങനെ ഭീമമായ തുക ഈടാക്കാമെന്നതില്‍ ഗവേഷണം നടത്തിയവരാണ് ചില മാനേജ്‌മെന്റുകള്‍ എന്ന് സംശയിക്കേണ്ട സ്ഥിതിയാണ്. പണം പിടുങ്ങുന്ന സ്ഥാപനമായി പല ആശുപത്രികളും മാറി. ഇതിന് തടസ്സമാകുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താനും ഇവര്‍ സംഘടിത ശ്രമം നടത്തും. ഇവര്‍ക്ക് വലിയ തോതില്‍ ദു:സ്വാതന്ത്ര്യം കഴിഞ്ഞ കാലങ്ങളില്‍ കിട്ടിയിരുന്നു. ചില സ്ഥാപനങ്ങള്‍ കോടികള്‍ തലവരിപ്പണം വാങ്ങുന്നവയായിരുന്നു. ആരും ചോദിക്കാനില്ലാത്ത സ്ഥിതി ആയിരുന്നു അന്ന്. ഇപ്പോള്‍ അതല്ല അവസ്ഥ. സമൂഹത്തോട് പ്രതിബദ്ധത കാട്ടേണ്ട ഇത്തരം സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ അതിന് നിര്‍ബന്ധിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡണ്ട് എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി. വിശിഷ്ടാതിഥിയായിരുന്നു. ഹോസ്റ്റലിലെ എ കെ ജിയുടെ ഫോട്ടോ പി. ജയരാജന്‍ അനാഛാദനം ചെയ്തു. കെ കെ രാഗേഷ് എം. പി, കെ കെ നാരായണന്‍, എന്‍ ചന്ദ്രന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍, പെരളശ്ശേരി ആശുപത്രി പ്രസിഡണ്ട് കെ വി ബാലന്‍, ജില്ലാപഞ്ചായത്ത് അംഗം കെ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ ലളിത, എ കെ ജി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാലകൃഷ്ണ പൊതുവാള്‍, സൊസൈറ്റി സെക്രട്ടറി കെ. വികാസ്, നഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ ഷെല്ലി മാത്യൂ, നഴ്‌സിങ്ങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ ഗിരിജാ കുമാരി, എന്‍ ഉത്തമന്‍. സി കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കെ. എന്‍ മോഹനന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.

07/10/2016