മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികളുണ്ടാവണം

സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ കാലത്തുതന്നെ മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മേഖല ഇപ്പോഴും പിന്നോക്കമായി തുടരുകയാണെന്നും ഇത് പരിഹരിക്കാനുള്ള പ്രത്യേക നടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ കോര്‍പറേഷന്‍ സമഗ്രവികസന പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം.എ.വൈ പദ്ധതിയുടെ ആദ്യഗഡു വിതരണവും മരക്കാര്‍ കണ്ടിയില്‍ പണിത പട്ടികജാതി ഫ്‌ളാറ്റിന്റെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വികസനകാര്യത്തില്‍ സഹകരിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കണം. പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാവുകയും അഴീക്കല്‍ തുറമുഖനവീകരണം പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ കോര്‍പറേഷന് പ്രത്യേകിച്ചും ജില്ലയ്ക്ക് മൊത്തത്തിലും വലിയ നേട്ടമാവും. എന്നാല്‍ അതോടൊപ്പം റോഡുകളുടെ വികസനവും നടക്കേണ്ടതുണ്ട്. നാഷനല്‍ ഹൈവേ സാധാരണരീതിയിലുള്ള നാലുവരിപ്പാതയായി വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ആരംഭിച്ചിട്ട് കാലമേറെയായെങ്കിലും സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ വീടും ഭൂമിയും ഇല്ലാത്തവരായുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വീടില്ലാത്ത മുഴുവനാളുകള്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ അത് നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ സാമൂഹിക സുരക്ഷാ സംവിധാനങ്ങളുമുള്ള ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിലെ ഒരാള്‍ക്കു വീതം നല്ല വരുമാനം ലഭിക്കത്തക്ക തൊഴില്‍ സര്‍ക്കാര്‍ മേഖലയിലല്ലാതെ തന്നെ കണ്ടെത്തി നല്‍കാന്‍ പദ്ധതിയാവിഷ്‌ക്കരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും ഭവനപദ്ധതിയുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരുന്നു. മേയര്‍ ഇ.പി ലത, പി.കെ ശ്രീമതി ടീച്ചര്‍ എം.പി, കെ.കെ രാഗേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

08/10/2016