ആര്‍ട്ടിസാന്‍സ് യൂണിയന്‍

കേരള ആര്‍ട്ടിസാന്‍സ് യുണിയന്‍റെ സംസ്ഥാന വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.

അസംഘടിത പരമ്പരാഗത തൊഴിലാളികള്‍ക്ക് ഏകീകൃത സംഘടനാരൂപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കേരളാ ആര്‍ട്ടിസാന്‍സ് യൂണിയന്‍ കൂടുതല്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വിപുലവും ശക്തവുമാക്കുന്നു എന്നു കാണുന്നത് ആഹ്ലാദകരമാണ്.സമൂഹത്തിലെ വളരെ പ്രധാനപ്പെaട്ട മേഖലകളില്‍ ജോലിചെയ്യുന്നവരുടെ പ്രതിനിധികളാണ് ഇന്നെന്‍റെ മുന്നിലിരിക്കുന്നത്. കരകൗശല തൊഴിലാളികള്‍, മരപ്പണിക്കാര്‍, ഇരുമ്പുപണിക്കാര്‍, ഫിറ്റര്‍മാര്‍, പ്ലമ്പര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, പെയിന്‍റര്‍മാര്‍, സ്വര്‍ണ്ണാഭരണ നിര്‍മ്മാണ തൊഴിലാളികള്‍, മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍, ബാര്‍ബര്‍, പാല്‍, പത്ര വിതരണക്കാര്‍ എന്നുതുടങ്ങി 174 വിഭാഗത്തില്‍ പണിയെടുക്കുന്നവരുടെ യൂണിയന്‍റെ സംസ്ഥാന സമ്മേളനമാണിത്.

കേരളത്തിലെ കൈവേലക്കാരുടെ തൊഴില്‍ പരിചയവും തൊഴില്‍ രക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന ഘട്ടങ്ങളിലാണ് ഏറ്റവുമധികം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയിട്ടുള്ളത്. കരകൗശല വികസന കോര്‍പ്പറേഷന്‍, ആര്‍ട്ടിസാന്‍സ് വികസന കോര്‍പ്പറേഷന്‍, കൈത്തൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമപദ്ധതി, നിര്‍മ്മാണ തൊഴിലാളി ക്ഷേമപദ്ധതി, ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്‍റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്, കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി, ആഭരണ തൊഴിലാളി ക്ഷേമപദ്ധതി, ഗാര്‍ഹിക തൊഴിലാളി ക്ഷേമപദ്ധതി എന്നിവ ഇടതുപക്ഷത്തിന്‍റെ ഭരണകാലത്ത് യാഥാര്‍ത്ഥ്യമായവയാണ്.

ആര്‍ട്ടിസാന്‍സിന്‍റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അവര്‍ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എത്രയോ മുമ്പുതൊട്ടേ ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. 1968ല്‍ ഇ.എം.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രൂപീകരിച്ച സ്ഥാപനമാണ് കരകൗശല വികസന കോര്‍പ്പറേഷന്‍ എന്നത് ഓര്‍ക്കുക. കേരളത്തിന്‍റെ കരകൗശല ഉല്‍പ്പന്നങ്ങളിലേക്ക് സ്വദേശ വിദേശ മാര്‍ക്കറ്റുകളെ ആകര്‍ഷിച്ച് തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരിക എന്നതായിരുന്നു ഉദ്ദേശ്യം. ഈ പാരമ്പര്യം ഇപ്പോഴുള്ള സര്‍ക്കാരും തുടരും എന്നറിയിക്കാന്‍ എനിക്കു സന്തോഷമുണ്ട്.

ആര്‍ട്ടിസാന്‍സിനു വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ മുമ്പോട്ടുവെച്ചിട്ടുണ്ട്. കരകൗശല വ്യവസായത്തിന് 8 കോടി രൂപ വകയിരുത്തി. പനമ്പ് നെയ്ത്ത് വ്യവസായത്തിന് 10 കോടി രൂപയാണ് നീക്കിവെച്ചത്. ദിനേശ് ബീഡി സഹകരണസംഘത്തില്‍നിന്ന് പിരിച്ച നികുതിക്ക് പരിഹാരമായി 8 കോടി രൂപ ഗ്രാന്‍റായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കളിമണ്‍ വ്യവസായത്തിന് ഒരു കോടി രൂപ വകയിരുത്തി. തകരുന്ന പാരമ്പര്യ തൊഴിലുകാരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി 5 കോടി രൂപ ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന് പ്രത്യേക ധനസഹായമായി നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്.
നാശോന്മുഖമായ പാരമ്പര്യ തൊഴിലുകളില്‍ പ്രവര്‍ത്തിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള ആഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി, മത്സ്യ ക്ഷേമനിധി, തുടങ്ങിയവയുടെ നിയമ പ്രകാരമുള്ള അംശാദായം കയറ്റുമതിക്കാരില്‍ നിന്നും
വ്യാപാരികളില്‍ നിന്നും ലഭിക്കാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം അവരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കും.

സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം സമഗ്രമായി അവലോകനം ചെയ്ത് പുനഃസംഘടിപ്പിക്കാന്‍ പോവുകയാണ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി മുള വ്യാപകമായി വെച്ചുപിടിപ്പിക്കും. സംസ്ഥാനത്തെ മുള വ്യാവസായിക ഉല്‍പന്നമായി വിപണനം ചെയ്യുന്ന സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗത തൊഴിലാളികളുടെ സംരക്ഷണത്തിന് കോട്ടം തട്ടാതെ കോര്‍പ്പറേഷന്‍റെ കീഴിലുള്ള നല്ലളം ഹൈടെക് ഫ്ളോറിംഗ് ടൈല്‍ ഫാക്ടറി വിപുലീകരിക്കും. മരത്തിനു പകരം മുള എന്ന സമീപനത്തെ
പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിനായി ബോധവല്‍ക്കരണം നടത്തും.

വീടു നിര്‍മാണത്തിനും വീട്ടുപകരണ നിര്‍മാണത്തിനുമായി തെങ്ങിന്‍തടി ഉപയോഗിക്കാവുന്നതാണ്. ഇതിന് സഹായിക്കുന്ന വ്യവസായശാലകള്‍ സ്ഥാപിക്കാന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കും. കുട്ട, പായ, പനമ്പ് നെയ്ത്ത്, തുടങ്ങിയ കൈത്തൊഴിലുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കളിമണ്‍ വ്യവസായത്തിനാവശ്യമായ ചെളി ഡാമുകളില്‍നിന്നും മറ്റും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. മേല്‍മണ്ണ് നഷ്ടപ്പെടാത്ത രീതിയില്‍ വയലുകളില്‍ വെള്ളക്കെട്ട് ഒഴിവാക്കി ചെളി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മണ്‍പാത്രങ്ങളും മറ്റു കളിമണ്‍ ഉല്‍പന്നങ്ങളും വാങ്ങാന്‍ ഇന്ന് ആവശ്യക്കാര്‍ ഏറെയുണ്ട്. ഇവ ആധുനിക ഡിസൈനില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ടൂറിസവുമായി ബന്ധപ്പെടുത്തി കരകൗശല മേഖലയിലെ ആസൂത്രിതമായ വികസനത്തിന് പരിപാടികള്‍ ആവിഷ്ക്കരിക്കും. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍സിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും.

കക്ക വ്യവസായത്തില്‍നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായിത്തന്നെ ഉപയോഗിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കാനും പരിപാടിയുണ്ട്. ബീഡി ചുരുട്ട് തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി വിപുലപ്പെടുത്തും. ചെത്തു വ്യവസായത്തിന് അനുയോജ്യമായ പൊക്കം കുറഞ്ഞ സങ്കരയിനം തെങ്ങുകള്‍ നടുന്നതിന് പ്രത്യേക പ്രോത്സാഹനം നല്‍കും. കള്ളുഷാപ്പുകള്‍ നവീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനുമുള്ള പദ്ധതിക്കു രൂപം നല്‍കുകയും സംരംഭകര്‍ക്ക് ആവശ്യമായ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും.

വ്യാജമദ്യ ഉപയോഗം പലവിധ സാമൂഹ്യവിപത്തുകള്‍ക്കും കാരണമാവുകയാണ്. വ്യാജമദ്യത്തിനെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കും. ചെത്ത് സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തും. കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൈവേലക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിനും സാധ്യതകള്‍ കൂടിവരികയാണ്. ഇതു പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ക്രാഫ്റ്റ് വില്ലേജുകള്‍ ആരംഭിക്കും.

സംസ്ഥാനത്തിന്‍റെ തനത് പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കാന്‍ ‘മാര്‍ക്കറ്റ് കേരള’ എന്ന പദ്ധതി കൊണ്ടുവരാന്‍ പോവുകയാണ്. കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിദേശത്തും സ്വദേശത്തും വിറ്റഴിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിലൂടെ കേരളത്തിന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തിലും ആഭ്യന്തരമായും വിപണി കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ സാഹചര്യങ്ങളുടെ വെല്ലുവിളി അതിജീവിക്കാനും സാധ്യതകള്‍ ഉപയുക്തമാക്കാനും ഫെയര്‍ ട്രേഡ് കമ്മ്യൂണിറ്റി ട്രേഡ് പരിധിയില്‍ പരമ്പരാഗത വ്യവസായത്തെയും ഉള്‍പ്പെടുത്തും. പ്രധാന പരമ്പരാഗത വ്യവസായങ്ങളെ ഹെറിറ്റേജ് സ്കില്‍ ആയി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുമുണ്ട്.

ആര്‍ട്ടിസാന്‍സ് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭ്യമാകുന്ന രീതിയില്‍ ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കരകൗശല തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിച്ച ശങ്കരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് ബന്ധപ്പെട്ട സംഘടനകളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങളെടുക്കും. കരകൗശല തൊഴിലാളികളെ പരമ്പരാഗത തൊഴില്‍ സമൂഹം എന്ന നിലയില്‍ കണ്ടുകൊണ്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.

വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങളും ഇളവുകളും നേടുന്ന ഹെറിറ്റേജ് ഹോട്ടലുകള്‍ ഇവിടെയുണ്ട്. അവിടങ്ങളിലൊക്കെ പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങള്‍ മിനിമം തോതിലെങ്കിലും നിര്‍ബന്ധമാക്കുന്നതിന് നടപടി സ്വീകരിക്കും. ആര്‍ട്ടിസാന്‍സിന്‍റെ തൊഴില്‍ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി എല്ലാ നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവും. സമൂഹത്തിലെ പ്രധാന തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വരുടെ പ്രതിനിധികളായി ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി അഭിവാദ്യമര്‍പ്പിച്ച് ഈ സമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. അഭിവാദ്യങ്ങള്‍.

09/10/2016