മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍

മാധ്യമം ദിനപത്രത്തിലെ പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനയായ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍റെ രജതജൂബിലി സമ്മേളനത്തിന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചതായി ഞാന്‍ അറിയിക്കുന്നു. സംഘടനയുടെ ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയും ചെയ്യുന്നു.

മാധ്യമം പത്രത്തിന്‍റെ ആരംഭകാലം മുതല്‍ അതിന്‍റെ വളര്‍ച്ച സൂക്ഷ്മമായി നോക്കിക്കാണുന്ന ഒരാളാണ് ഞാന്‍. പത്രമാധ്യമങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ കടുത്ത മത്സരത്തിന്‍റെ ഒരവസ്ഥ കേരളത്തിലുണ്ടായി. ചില പത്രങ്ങളുടെ വളര്‍ച്ച ഏതാണ്ട് മുരടിക്കുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി. പക്ഷെ അപ്പോഴും പതിയെയെങ്കിലും വായനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് മാധ്യമം പ്രസിദ്ധീകരണങ്ങള്‍ കേരളത്തില്‍ അതിന്‍റെ വേറിട്ട വ്യക്തിത്വം ഉറപ്പിക്കുകയായിരുന്നു. വായനക്കാരുടെ വിശ്വാസ്യതയാര്‍ജിക്കുന്നതിന് മാധ്യമം സ്വീകരിച്ച നിലപാടുകള്‍ ജനങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ പ്രതിഫലനമായിരുന്നു ഈ വളര്‍ച്ച. പത്രത്തിന്‍റെ ഈ പൊതുവളര്‍ച്ചക്ക് പിന്നില്‍ ജീവനക്കാരുടെ ആത്മാര്‍ഥമായ പരിശ്രമം ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമില്ല.

പത്രജീവനക്കാരും ഇതര ജീവനക്കാരും വ്യക്തിജീവിതത്തില്‍ വലിയ നഷ്ടങ്ങള്‍ വരുത്തിയിട്ടാണ് ഓരോ മാധ്യമ സ്ഥാപനത്തിലും പ്രവര്‍ത്തിക്കുന്നത്. വ്യക്തമായ ഒരു സമയക്രമത്തില്‍ ജോലി ചെയ്യാന്‍ കഴിയുന്നവരല്ല പത്രപ്രവര്‍ത്തകര്‍. നിങ്ങള്‍ ഓരോരുത്തരും അത്തരത്തില്‍ നേരിടുന്ന വിഷയങ്ങള്‍ ഞങ്ങള്‍ക്കു മനസ്സിലാവും. അടുത്ത ബന്ധുക്കളുടെ വിവാഹച്ചടങ്ങുകള്‍, മരണം തുടങ്ങിയവയില്‍ പലയിടത്തും എത്താന്‍ കഴിയാത്തതിന്‍റെ വിഷമം അനുഭവിച്ചിട്ടുള്ളവരാകും നിങ്ങള്‍.

തൊഴില്‍പരമായ ഇത്തരം വിഷമതകള്‍ അനുഭവിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല എന്നത് വളരെ വ്യക്തമാണ്. അനുഭവിച്ച് പോന്നിരുന്ന പല സൗകര്യങ്ങളും ദേശീയതലത്തില്‍ പത്രപ്രവര്‍ത്തകര്‍ക്കു നഷ്ടമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കടുത്ത തൊഴില്‍ ചൂഷണം നിലനില്‍ക്കുന്ന മേഖലയായി പത്രപ്രവര്‍ത്തനരംഗം മാറിയിരിക്കുന്നു എന്നതും കാണാതിരിക്കേണ്ട കാര്യമല്ല. പത്രപ്രവര്‍ത്തകര്‍ തികച്ചും സ്വകാര്യമേഖലയിലാണ് പണിയെടുക്കുന്നത്. എന്നാല്‍, പത്ര ഉടമകള്‍ക്ക് മുന്നില്‍ തങ്ങളുടെ നിലപാട് പണയം വയ്ക്കാതിരിക്കുന്നതിനായി അവര്‍ക്ക് വേജ്ബോര്‍ഡ് വേണമെന്നുള്ളത് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ആവശ്യമായിരുന്നു. മാധ്യമ സ്വാതന്ത്ര്യവും വേതനവര്‍ധനവും അത്തരത്തില്‍ ഉറപ്പാക്കപ്പെട്ടിരുന്നു. ബജാവത്ത്, മാനിസാന വേജ്ബോര്‍ഡുകള്‍ ഇത്തരത്തില്‍ നടപ്പാക്കപ്പെട്ടതാണ്. എന്നാല്‍, ഏറ്റവും ഒടുവില്‍ വന്ന ജസ്റ്റീസ് മജീദിയ കമ്മീഷന്‍റെ അവസ്ഥ നമ്മള്‍ എല്ലാവരും കണ്ടതാണ്. കമ്മീഷന്‍റെ നിര്‍ദേശത്തിനെതിരെ പത്രമുതലാളിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന അവസ്ഥയാണുണ്ടായത്. ഇതൊരു സ്വകാര്യതൊഴില്‍ മേഖലയാണെന്ന നിലപാടില്‍ പത്രമാനേജ്മെന്‍റുകള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മജീദിയ വേജ്ബോര്‍ഡ് നടപ്പായത്. ജേര്‍ണലിസ്റ്റുകളുടെ ശമ്പളം ഞങ്ങള്‍ നിശ്ചയിക്കും എന്നാണ് ചില പ്രമുഖ മാനേജ്മെന്‍റുകള്‍ തീരുമാനിച്ചിട്ടുള്ളത്. അവര്‍ക്കാകട്ടെ കേന്ദ്രഭരണത്തില്‍ വ്യക്തമായ സ്വാധീനമുണ്ടുതാനും. അങ്ങനെ വരുമ്പോള്‍ ഇനിയൊരു വേജ് ബോര്‍ഡ് എന്നത് എത്രമാത്രം സാധ്യമാണെന്ന സംശയം ബലപ്പെടുന്നു. ഇതിനും പുറമെയാണ് ഈ മേഖലയില്‍ നിന്നുള്ള പിരിച്ചുവിടല്‍ ഭീഷണികള്‍.

മുന്‍കാലങ്ങളെ അപേക്ഷിച്ച് പത്രപ്രവര്‍ത്തനരംഗം ഇന്ന് അത്രയൊന്നും സുഖകരമല്ല. മാനേജ്മെന്‍റുകളും കടുത്ത പ്രതിസന്ധിയെ നേരിടുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രതിസന്ധിയുള്ള മാനേജ്മെന്‍റുകളും അല്ലാത്തവരും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള എളുപ്പമാര്‍ഗമാണ് ജീവനക്കാരുടെ പിരിച്ചുവിടല്‍. ഒട്ടുമിക്ക മാധ്യമസ്ഥാപനങ്ങളിലും രഹസ്യമായും പരസ്യമായും പിരിച്ചുവിടല്‍ ഭീഷണി നിലനില്‍ക്കുകയാണ്. വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെയാണ് ഇത്തരത്തില്‍ നീക്കം ചെയ്യുന്നത്. മാനേജ്മെന്‍റുകള്‍ക്ക് അപ്രീതിയുള്ള ജേര്‍ണലിസ്റ്റുകളെ ദൂരേക്ക് സ്ഥലം മാറ്റുന്നു. അടുത്തിടെ ഒരു സംഭവം പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു പ്രമുഖ പത്രം അവര്‍ക്ക് ഇഷ്ടക്കുറവുള്ള ജീവനക്കാരനെ അകലെ ഒരിടത്തേക്ക് മാറ്റി. അവിടെ നിന്നും വാര്‍ത്തകള്‍ ഒന്നുമില്ല എന്നതുപോകട്ടെ ലേഖകന്‍ അവിടെ ചെന്നപ്പോള്‍ അന്നാട്ടിലെ പത്രക്കാര്‍ക്കും അല്‍ഭുതം. ഇയാളെന്തിനാ ഇവിടെ വന്നതെന്ന് ഇന്‍റലിജന്‍സുകാര്‍ക്കും സംശയം. പറയുന്ന പത്രത്തിന്‍റെ ഒരു കോപ്പിയും ഇല്ലാത്തിടത്താണ് ലേഖകനെ സ്ഥലം മാറ്റിയത് എന്നതാണ് വാസ്തവം. ഇത്തരം സാഹചര്യങ്ങള്‍ സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ചു പോയ എത്രയോ പേര്‍ ഇന്ന് കേരളത്തിലുണ്ട്. സ്ഥിരം ജീവനക്കാരെ ശത്രുക്കളായി കരുതുന്നതിന്‍റെ കാരണങ്ങള്‍ പലതാണ്.

കരാര്‍ തൊഴിലാളികളോടാണ് മാനേജ്മെന്‍റിന് താല്‍പര്യം. അതാവുമ്പോള്‍ നക്കാപിച്ച ശമ്പളം കൊടുത്താല്‍ മതി. ഒരു ആനുകൂല്യവും കൊടുക്കണ്ട. വലിയ ഇംഗ്ലീഷ് പത്രങ്ങള്‍ പോലും ഈ രീതി പിന്‍തുടരുകയാണ്. കേരളത്തില്‍ വരുംകാലത്ത് ഇത് കൂടുതല്‍ രൂക്ഷമാകും. ഓണ്‍ലൈന്‍ രംഗം വിപുലമാകുന്നത് പത്രങ്ങളെ ക്രമേണ ബാധിച്ചേക്കാം. ദൈനംദിന പ്രവര്‍ത്തനച്ചെലവുകള്‍ കുറയുമെന്നതുകൊണ്ട് പല മാനേജ്മെന്‍റുകള്‍ക്കും ഓണ്‍ലൈനിനോടുള്ള താല്‍പര്യം കൂടുകയാണ്. തൊഴില്‍പരമായ ഇത്തരം പ്രതിസന്ധികളോട് പൊരുതിനില്‍ക്കാന്‍ കാലോചിതമായി സ്വയം പരിഷ്കരിക്കുകയാണ് മാര്‍ഗം. പുതിയ സാങ്കേതികവിദ്യകളോട് ഒരു നിമിഷം പോലും മുഖം തിരിഞ്ഞ് നില്‍ക്കാതിരിക്കണം. അറിവ് അനുനിമിഷം മാറുന്ന ലോകത്ത് അതിന് പറ്റുന്നവരായി നമ്മള്‍ മാറണം. ആത്മപരിശോധനകള്‍ ആവശ്യമായി വരും. പുതുതലമുറയും ഇക്കാര്യം പരിശോധിക്കണം. വിവിധ സ്ഥാപനങ്ങളില്‍നിന്നും പഠിച്ചിറങ്ങി പത്രപ്രവര്‍ത്തനരംഗത്ത് എത്തുമ്പോള്‍ കൃത്യമായ സാമൂഹ്യ അവബോധം ഉണ്ടാവണം. സത്യസന്ധത മുഖമുദ്രയാകണം. സെന്‍സേഷണലിസത്തിന്‍റെ പിന്നാലെയുള്ള പരക്കംപാച്ചിലിന് നിയന്ത്രണം ഉണ്ടാവണം. നവീനമായ ഒരു പ്രവര്‍ത്തനശൈലി ആര്‍ജിക്കണം.

പത്രപ്രവര്‍ത്തനരംഗത്തെ മാറ്റങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ മാധ്യമത്തിലെ പ്രവര്‍ത്തകര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്ന നിലയിലേക്കുകൂടി ഈ സംഘടന ഉയര്‍ന്നു പ്രവര്‍ത്തിക്കണം. 1991ലാണ് ഈ സംഘടന പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്ഥാപനത്തിന്‍റെ വളര്‍ച്ചക്കും ഒപ്പം ജീവനക്കാരുടെ സംരക്ഷണത്തിനും വേണ്ടി സംഘടന തുടര്‍ന്നും പ്രവര്‍ത്തിക്കും എന്ന് ഞാന്‍ കരുതുന്നു. മാധ്യമത്തില്‍ വേജ്ബോര്‍ഡ് നടപ്പാക്കിക്കാന്‍ കഴിഞ്ഞതും ക്ലാസ് ഉയര്‍ത്താന്‍ കഴിഞ്ഞതും സംഘടനയുടെ പ്രവര്‍ത്തനമികവിന്‍റെ ഉദാഹരണമാണ്. രജതജൂബിലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് വേണ്ടി ഒരു ക്ഷേമപദ്ധതി യൂണിയന്‍ ആവിഷ്കരിക്കുന്നതായി സംഘാടകരില്‍ നിന്നും അറിഞ്ഞു. അതിന്‍റെ ഉദ്ഘാടനവും ഈ ചടങ്ങില്‍ നടക്കുന്നു എന്നതില്‍ സന്തോഷം. എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

10/10/2016