എളമക്കര സഹകരണസംഘം

എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘവുമായി വ്യക്തിപരമായ ഒരു അടുപ്പം എനിക്കുണ്ട്. 2012 ഡിസംബര്‍ 12ന് ഞാന്‍ തന്നെയാണ് ഈ സംഘത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അവിടെനിന്നും ഈ സംഘം വലിയ രൂപത്തില്‍ വളര്‍ന്നിരിക്കുകയാണ്. ഇന്നിപ്പോള്‍ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സാമൂഹ്യ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് ഞാന്‍ ഇവിടെ ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇത് ഏറെ സന്തോഷകരമായ ഒരു കാര്യമാണ്. ഉദ്ഘാടനം നിര്‍വ്വഹിച്ച് മടങ്ങിയെന്നതുകൊണ്ട് ഈ സംഘം ഈ തരത്തില്‍ വളരും എന്ന് കരുതാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഇതിനുപിന്നില്‍ ഒരുപാട് പേരുടെ ആത്മാര്‍ത്ഥമായ അധ്വാനവും പരിശ്രമവും ആവശ്യമായിരുന്നുവെന്ന് ആര്‍ക്കും മനസ്സിലാവും. ഈ സംഘം ഈ പ്രദേശത്ത് വരുത്തിയ മാറ്റങ്ങള്‍ എന്താണെന്ന് അത്രയെളുപ്പം തിരിച്ചറിയാന്‍ കഴിയില്ല. കാരണം അത് ജനങ്ങളുടെ നിത്യജീവിതവുമായി ഇഴുകി ചേര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ ആശ്രയിക്കുന്ന ഒരു കേന്ദ്രമായി ഇന്ന് ഇത് മാറിയിരിക്കുകയാണ്.

എറണാകുളം എന്ന മെട്രോ നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമസ്വഭാവമുള്ള പ്രദേശമാണല്ലോ ഇവിടം. ഏറെ പരാധീനതകള്‍ സാധാരണക്കാര്‍ അനുഭവിക്കുന്നു എന്നുകണ്ട സാഹചര്യത്തിലായിരുന്നുവല്ലോ ഇത്തരം ഒരു സംഘം ഇവിടെ ആരംഭിച്ചത്. സംഘത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ തുടര്‍ച്ചയായി ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കുകയായിരുന്നു ആദ്യം ചെയ്തത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എറണാകുളം നഗരത്തിന്‍റെ സ്വഭാവം ഞാന്‍ പറയാതെതന്നെ നിങ്ങള്‍ക്ക് അറിയാം. സമ്പന്നതയുടെ കടന്നുകയറ്റം അതിവേഗം വ്യാപിക്കുന്ന ഒരു ഇടമാണിത്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമാകുന്ന സാമൂഹികസാഹചര്യം ഇവിടെയുണ്ട്. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ പോലും ശവശരീരവുമായി പോകുന്നതിന് അറുന്നൂറ് – എഴുന്നൂറ് രൂപ വരെയാണ്
സ്വകാര്യ ആംബുലന്‍സുകള്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഈ സംഘം പത്ത് കിലോമീറ്റര്‍ വരെയുള്ള സഞ്ചാരത്തിന് 250 രൂപ മാത്രം വാങ്ങുന്നു. ഈ ഒറ്റ ഉദാഹരണം മതിയല്ലോ ഈ സ്ഥാപനം ജനസമൂഹത്തില്‍ എങ്ങിനെ ഇടപെടുന്നു എന്ന് മനസ്സിലാക്കാന്‍.

ജനങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള ചൂഷണത്തിന് അറുതിവരുത്തുകയും അവര്‍ക്കൊപ്പം നിലയുറപ്പിക്കുകയുമാണ് സഹകരണസ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. അങ്ങനെ നിലയുറപ്പിച്ചുകൊണ്ട് ഇടപെട്ടാല്‍ ഉണ്ടാവുന്ന നല്ല കാര്യങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യുന്ന ഡയാലിസിസ് സെന്‍റര്‍.
കേരളത്തില്‍ പകര്‍ച്ചവ്യാധിപോലെ വ്യക്കരോഗവും വ്യാപകമാവുകയാണ്. ഓരോ വര്‍ഷവും വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യമേഖലയില്‍ കേരളം നേരിടുന്ന വലിയ വിപത്തായി ഇത് മാറിയിട്ടുണ്ട്. ശാരീരികവും മാനസികവും മാത്രമല്ല സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടാവുന്നുണ്ട്. ഡയാലിസിസ് സെന്‍ററുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. വൃക്കരോഗികളില്‍ അഞ്ച് ശതമാനത്തിന് മാത്രമേ ചികിത്സാച്ചെലവുകള്‍ താങ്ങാനാകുന്നുള്ളൂ എന്നാണ് പൊതുവെ വിലയിരുത്തപെടുന്നത്. അതുകൊണ്ടുതന്നെ സഹകരണമേഖലയിലെ ഈ സെന്‍റര്‍ സാമ്പത്തികമായി ശേഷിയില്ലാത്ത രോഗികള്‍ക്ക് ഗുണകരമാകുമെന്ന് കരുതുന്നു.

തീരെ ദരിദ്രര്‍ക്ക് ഇവിടെ സൗജന്യമായി ഡയാലിസിസ് സൗകര്യം നല്‍കുന്നു എന്നത് പ്രശംസനീയമാണ്. ഒരു ദിവസം ആറ് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമാണ് തുടക്കത്തിലേ ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ദുര്‍ബല ജനവിഭാഗങ്ങളെപ്പോലെ തന്നെ സാമ്പത്തികശേഷി കുറഞ്ഞവര്‍ക്കും പ്രയാസങ്ങള്‍
നേരിടാറുണ്ട്. അതുകൊണ്ടാണ് സാമ്പത്തികശേഷി ഉള്ളവര്‍ക്ക് അമ്പതു ശതമാനം ഇളവിലും ദരിദ്ര വിഭാഗത്തിന് സൗജന്യമായും ഡയാലിസിസ് സൗകര്യം ചെയ്യുമെന്ന് അറിയിച്ചിട്ടുള്ളത് പ്രശംസനീയമാണ്. മരണാനന്ത ചടങ്ങുകള്‍ക്ക് സഹായം, ഗുരുതരരോഗബാധയുള്ളവര്‍ക്ക് അമ്പതിനായിരം രൂപ വരെ ചികിത്സാസഹായം തുടങ്ങിയ ബൃഹത്പദ്ധതികള്‍ സംഘത്തിന്‍റെ പ്രവര്‍ത്തനമികവിന്‍റെ മാതൃകയാണ്. കുടുതല്‍ സാധ്യതകള്‍ ഈ മേഖലയില്‍
കണ്ടെത്തണം എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.

പാലിയേറ്റീവ് രംഗത്തും ഹോം കെയര്‍ രംഗത്തും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവിധതരം മാരകരോഗങ്ങള്‍ പിടിമുറുക്കുന്ന ഇക്കാലത്ത് ഈ രംഗത്തുള്ള സേവനങ്ങള്‍ പരമാവധി വിപുലപ്പെടുത്തണം.ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ സഹായങ്ങളുമുണ്ടാകും.

സമീപകാലത്ത് വലിയ ചൂഷണത്തിന്‍റെ മേഖലയായി മരുന്നുവിപണനരംഗവും മാറിയിട്ടുണ്ട്. അവശ്യവസ്തു എന്ന നിലയില്‍ തോന്നും വിലയ്ക്ക് മരുന്ന് വില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണത ആരോഗ്യരംഗത്തുണ്ടായി. ഒരു രൂപ പോലും കുറവു വരുത്താതെയാണ് മരുന്നുകളുടെ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ മരുന്നു വില്‍പ്പനയില്‍ സഹകരണസംഘം ഇടപെടുന്ന സാഹചര്യം കേരളത്തിലുടനീളം ഇന്നുണ്ട്. ഈ സംഘത്തിനും നീതി മെഡിക്കല്‍ സ്റ്റോറുണ്ട്.
സ്വാഭാവികമായും 15 ശതമാനം മുതല്‍ 40 ശതമാനം വരെയും വിലക്കുറവിലാവും നിങ്ങള്‍ ഈ സ്റ്റോറില്‍നിന്നും മരുന്ന് വില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് പരിസരത്തുള്ള മരുന്നുവില്‍പ്പനശാലകള്‍ വിലകുറച്ച് മരുന്നു വില്‍ക്കാന്‍ തയ്യാറാവും എന്നുറപ്പാണ്. ഇതാണ് ശരിക്കുള്ള ഇടപെടല്‍.

അതുപോലെ തന്നെയാണ് ക്ലിനിക്കല്‍ ലാബുകളില്‍ നടത്തുന്ന വെട്ടിപ്പ്. ഇത്തരം ചൂഷണങ്ങള്‍ക്ക് എതിരെയുള്ള ഇടപെടലിനാണ് സാമൂഹ്യ ഡയഗ്നോസ്റ്റിക്ക് സെന്‍റര്‍ എന്ന പേരില്‍ അത്യാധുനിക ക്ലിനിക്കല്‍ ലബോറട്ടറി ആരംഭിച്ചത്. 40 ശതമാനം നിരക്ക് കുറച്ചാണ് ഇവിടെ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നത് എന്ന് വരുമ്പോള്‍ അത്രയേറെ പ്രയോജനം ഇതുവഴി ലഭിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

സഹകരണമേഖലയുടെ ആധുനികവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി നയരൂപീകരണം നടത്തേണ്ടതുണ്ട്. വളരെ വേഗത്തില്‍ തന്നെ അക്കാര്യം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയില്‍ നടപ്പിലാക്കേണ്ട ആധുനികവല്‍ക്കരണത്തിനുളള ഒരു കരട് ഐടി പോളിസി തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഇതൊക്കെ നടപ്പാക്കുമ്പോള്‍ സ്വഭാവികമായും സഹകരണ രംഗത്തുളളവര്‍ക്ക് ഒരു സംശയം വരാം. ഇതിനൊക്കെയുളള ജീവനക്കാരെക്കൂടി നിയമിക്കുമോയെന്ന്. വേണ്ടത്ര ജീവനക്കാരില്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ചും സര്‍ക്കാരിന് ഉത്തമബോധ്യമുണ്ട്. ജീവനക്കാരുടെ എണ്ണം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും. അതിനായി ജില്ലാ സഹകരണ ബാങ്കുകളിലേയും സംസ്ഥാന സഹകരണ ബാങ്കുകളിലേയും നിലവിലുളള ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള നടപടികള്‍ എത്രയും വേഗം നടപ്പാക്കും.

ചുരുങ്ങിയ കാലം കൊണ്ട് വിവിധ യൂണിറ്റുകളിലായി 23 പേര്‍ക്ക് ജോലി നല്‍കാന്‍ ഈ സംഘത്തിനു സാധിച്ചിട്ടുണ്ടെന്നു കാണുന്നതു സന്തോഷകരമാണ്. നൂതനമായ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതായും മനസ്സിലാക്കുന്നു. പൊതുജനങ്ങളില്‍ നിന്നും വലിയ സഹകരണമാണ് ഈ സ്ഥാപനത്തിന് ലഭിക്കുന്നത് എന്നതുകൊണ്ട് ഇനിയും ഉയരത്തിലേക്ക് വളരാന്‍ കഴിയും. സമൂഹത്തിലെ ഇടപെടല്‍ ശക്തിയായി ഈ സഹകരണസംഘം മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം ഞാന്‍ സന്തോഷപൂര്‍വ്വം നിര്‍വ്വഹിക്കുന്നു.

12/10/2016