പാലാരിവട്ടം ഫ്ളൈഓവര്‍

കേരളത്തില്‍ ഏറ്റവും വാഹനസാന്ദ്രതയുള്ള നാഷണല്‍ ഹൈവേ 66ഉം എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ എറണാകുളം – മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയും സന്ധിക്കുന്നതാണ് പാലാരിവട്ടം ജംഗ്ഷന്‍. ഈ ജംഗ്ഷനില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ജനങ്ങളും ജനപ്രതിനിധികളും നിരന്തരമായി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ളൈഓവര്‍ നിര്‍മാണം നടത്തിയത്. ഇത് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിലൂടെ ഈ നാടിന്‍റെ ഏറെക്കാലമായുളള സ്വപ്നത്തിന്‍റെ സാഫല്യമാണ് ഉണ്ടാവുന്നതെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് 1999ല്‍ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് എന്ന സ്ഥാപനം നിലവില്‍ വന്നത്. പാലാരിവട്ടം ഫ്ളൈഓവറിന്‍റെ നിര്‍മാണച്ചുമതല നല്‍കിയത് ഇവര്‍ക്കായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള റോഡ് ഫണ്ട് ബോര്‍ഡിന് ഇന്ധന സെസ്സ് വിഹിതമായി ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ഫ്ളൈഓവറിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2014 സെപ്തംബര്‍ ഒന്നിനാണ് നിര്‍മാണം ആരംഭിച്ചത്. കേരളത്തിലാദ്യമായി ഒറ്റത്തൂണില്‍ 19 സ്പാനുകളിലായി നിര്‍മ്മിച്ച ഫ്ളൈഓവര്‍ ആണിത്. 442 മീറ്റര്‍ നീളത്തില്‍ പാലവും ഇരുഭാഗത്തും അപ്രോച്ച് റോഡുകളോടും കൂടി 750 മീറ്ററാണ് ആകെ നീളം.
കേരളത്തിന്‍റെ പശ്ചാത്തല സൗകര്യ വികസനമേഖലയില്‍ പൊതുമരാമത്ത് വകുപ്പ് സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. സംസ്ഥാനത്തെ ദേശീയ പാത ഉള്‍പ്പടെയുള്ള റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണങ്ങളും സംരക്ഷണ പ്രവൃത്തികളും ഏറ്റെടുത്തു നടത്തുന്ന പ്രധാനപ്പെട്ട ജോലിയാണ് വകുപ്പിനുള്ളത്. അതുകൊണ്ടുതന്നെ വകുപ്പിലെ ജീവനക്കാരുടെ കാര്യക്ഷമത ഉയര്‍ത്തേണ്ടതുണ്ട്. പരമ്പരാഗത ശൈലികള്‍ മാത്രം നടപ്പാക്കിപ്പോന്ന വകുപ്പില്‍ പുത്തന്‍ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കേണ്ടതുണ്ട്. അതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചുവരികയാണ്.

കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് തകരുന്ന റോഡുകള്‍ സംസ്ഥാനത്ത് കൂടിവരികയാണ്. നിര്‍മാണത്തിലെ അശാസ്ത്രീയത, അപാകത, എസ്റ്റിമേറ്റിലെ ന്യൂനത, മേല്‍നോട്ടത്തിലെ വീഴ്ച, ഒരുവിഭാഗത്തിന്‍റെ അഴിമതി തുടങ്ങി വ്യത്യസ്തങ്ങളായ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് കാണാനാവും. ഓരോന്നിന്‍റെയും യഥാര്‍ഥ കാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകും.

കെട്ടിട നിര്‍മാണത്തില്‍ പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതികള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന്‍റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുയോജ്യമായ നിര്‍മ്മാണ രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിലൂടെ വൈദ്യുതിയുടെ ഉപയോഗം, നിര്‍മാണത്തിലെ പാഴ് വസ്തുക്കളുടെ പുനരുപയോഗം, ചെലവ് ചുരുക്കല്‍, പ്രകൃതിക്ക് പരമാവധി നാശം കുറയ്ക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

ദേശീയപാതാ വികസനം സര്‍ക്കാരിന്‍റെ മുഖ്യ അജണ്ടകളില്‍ ഒന്നാണ്. കാസര്‍ഗോഡു മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാത നാലുവരിയാക്കുന്നതിനുള്ള വികസനപ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായിരുന്നു. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികളാണെടുത്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഹൈവെ അതോറിറ്റി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍, അലൈന്‍മെന്‍റ് തീരുമാനിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ പുരോഗതി കൈവരിക്കാനായിട്ടുണ്ട്.

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി ബജറ്റില്‍ 1206 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മാന്ദ്യവിരുദ്ധ പാക്കേജില്‍പ്പെടുത്തി 5000 കോടി രൂപയുടെ പാലങ്ങള്‍, റോഡുകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍ എന്നിവക്ക് അനുവാദം നല്‍കിയിട്ടുമുണ്ട്. ദേശീയപാതകള്‍ മാത്രമല്ല സംസ്ഥാന പാതകളും ജില്ലാറോഡുകളും വീതി കൂട്ടുകയും ബി.എം. & ബി.സി. സാങ്കേതികവിദ്യയില്‍ നവീകരിക്കുകയും വേണം. ഹൈവേകളുടെയും റോഡുകളുടെയും സംരക്ഷണവും അറ്റകുറ്റപ്പണികളും കാര്യക്ഷമമായി നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ആവിഷ്ക്കരിക്കും. പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് സ്വകാര്യ വാഹനങ്ങളുടെ പെരുപ്പംമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകളും അപകടങ്ങളും, പരിസര മലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് നടപടികളുണ്ടാവും.

സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രത്യേക പാതകള്‍, പാര്‍ക്കുകളുടെ ശൃംഖല, ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, ഫ്ളൈഓവറുകള്‍, സബ്വേകള്‍ എന്നിവയ്ക്ക് ഒരു സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന റോഡിലും പാലത്തിലും ടോള്‍ പിരിവ് ഉണ്ടാവില്ല. അനധികൃത ടോള്‍പിരിവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (KIIFB) വഴി 5476 കോടി രൂപയുടെ റോഡുകള്‍, പാലങ്ങള്‍ ബൈപ്പാസുകള്‍, ഫ്ളൈഓവറുകള്‍, അണ്ടര്‍പാസുകള്‍, റയില്‍വേ മേല്‍പ്പാലങ്ങള്‍ തുടങ്ങിയ പ്രവൃത്തികള്‍ ഈ വര്‍ഷം ഏറ്റെടുത്തു നടത്താനിരിക്കുകയാണ്. നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്കും, സംരക്ഷണത്തിനും സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നുണ്ട്.

പൊതുമരാമത്ത് വകുപ്പിനെ അഴിമതിമുക്തവും കാര്യക്ഷമവുമാക്കുന്നതിനുള്ള നടപടികള്‍ എടുത്തുവരുന്നു. വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. “പുതിയ കാലം പുതിയ നിര്‍മാണം” എന്ന വകുപ്പിന്‍റെ മുദ്രാവാക്യം തന്നെ അവരുടെ പ്രതിജ്ഞാബദ്ധത എടുത്തുകാണിക്കുന്നു. പുത്തന്‍ പശ്ചാത്തല വികസന സങ്കല്‍പ്പത്തിലൂടെ ആധുനിക കേരളം കെട്ടിപ്പടുക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനായി എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പാലാരിവട്ടം ഫ്ളൈഓവറിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി അറിയിക്കുന്നു.

12/10/2016