ടോള്‍ പിരിവ് അവസാനിപ്പിക്കും

വരവിനുള്ള മറ്റു സ്രോതസ്സുകൾ കണ്ടെത്തി ടോള്‍ പിരിവ് പൂര്‍ണ്ണമായി നിര്‍ത്തലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊച്ചിയില്‍ പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടോള്‍ പിരിവ് ഒഴിവാക്കും.ശാസ്ത്രീയമായി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങള്‍ തേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് വഴി 5476 കോടിയുടെ റോഡുകളും പാലങ്ങളും ബൈപ്പാസുകളും അണ്ടര്‍പാസുകളും റെയില്‍വേ മേല്‍പ്പാലങ്ങളുമാണ് നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തും. പശ്ചാത്തല സൗകര്യ വികസന രംഗത്ത് വലിയ പ്രാധാന്യമാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും സംരക്ഷണവും ഏറ്റെടുക്കുന്ന വകുപ്പിലെ ജീവനക്കാരുടെ കാര്യക്ഷമത ഉയര്‍ത്തേണ്ടതുണ്ട്. അതിനുള്ള പദ്ധതികളാണ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പരമ്പരാഗത രീതിക്കു പകരം പുതിയ കാലഘട്ടത്തിനനുസൃതമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഉതകുന്ന തരത്തില്‍ വകുപ്പിന്റെ ശേഷി വര്‍ധിക്കണം.

പൊതുമരാമത്ത് വകുപ്പിനെ അഴമിതി വിമുക്തവും കാര്യക്ഷമവുമാക്കുന്നതിനായി സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പാക്കും. പുത്തന്‍ പശ്ചാത്തല സൗകര്യ വികസന സങ്കല്‍പ്പങ്ങളിലൂടെ ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കി കാലാവധിക്കു മുന്‍പേ തകര്‍ന്നു പോകുന്ന നിരവധി റോഡുകളുണ്ട്. നിര്‍മ്മാണത്തിലെ അശാസ്ത്രീയത, നിര്‍മ്മാണത്തിലെ അപാകത, എസ്റ്റിമേറ്റിലെ കുറവ്, മേല്‍നോട്ടത്തിലെ വീഴ്ച, അഴിമതി തുടങ്ങിയ ഘടകങ്ങളാണ് ഇതിന്റെ കാരണം. ഇവ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

പരസ്ഥിതി സൗഹൃദ നിര്‍മ്മാണ രീതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കേണ്ടത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പാഴ് വസ്തുക്കളുടെ പുനരുപയോഗം, ചെലവ് ചുരുക്കല്‍, പ്രകൃതി നാശം കുറയ്ക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ദേശീയപാതയുടെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത നാലുവരിയാക്കത്തക്ക രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. സ്തംഭനാവസ്ഥയിലായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കും.

വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കി പൊതുജനങ്ങളുടെ പ്രയാസം ലഘൂകരിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ തുറന്ന മനസോടെയുള്ള ചര്‍ച്ചകള്‍ നടത്തും. ജില്ല കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. റോഡുകളും പാലങ്ങളും നിര്‍മ്മിക്കാന്‍ 1206 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. കൂടാതെ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 5000 കോടി രൂപയും റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്. ദേശീയ പാതയ്ക്കു പുറമേ സംസ്ഥാന പാത, ജില്ല റോഡുകള്‍ എന്നിവ വീതി കൂട്ടാനുംപുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കാനും പദ്ധതിയുണ്ട്. ദേശീയ പാതകളുടെ സംരക്ഷണവും അറ്റകുറ്റപ്പണിയും കാര്യക്ഷമമായി നടപ്പാക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിക്കും.

പൊതുഗതാഗതം മെച്ചപ്പെടുത്തി സ്വകാര്യ വാഹനങ്ങളുടെ പെരുപ്പവും മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക്, അപകടം, മലിനീകരണം എന്നിവ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവയ്ക്കായി പ്രത്യേക പാതകള്‍ ഒരുക്കണം. പാര്‍ക്കുകളുടെ ശ്രംഖല, ഫുട്ട്ഓവര്‍ ബ്രിഡ്ജുകള്‍, ഫ്‌ളൈ ഓവറുകള്‍, സബ് വേകള്‍ തുടങ്ങിയവയ്ക്കായി സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിര്‍മ്മിക്കുന്ന ഒരു റോഡുകള്‍ക്കും പുതിയ ടോളുകള്‍ ഏര്‍പ്പെടുത്തില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പോ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനോ നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് ടോള്‍ ഉണ്ടാകില്ല. നിലവിലെ ടോളുകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടഭര്‍ഥിക്കും. സംസ്ഥാനത്തിന് പൂര്‍ണ്ണ അധികാരമുള്ള ടോളുകള്‍ നിര്‍ത്തലാക്കും. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നിലവില്‍ 15 ടോളുകളാണുള്ളത്. ബാക്കിയുള്ള ടോളുകള്‍ നിര്‍ത്തലാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തും. നിര്‍മ്മാണ തുകയായ 218 കോടി ലഭിക്കുന്നതുവരെയോ 20 വര്‍ഷത്തിനുള്ളില്‍ 9% പലിശ നിരക്കില്‍ ഈടാക്കുകയോ ചെയ്യണമെന്നാണ് വ്യവസ്ഥ. അക്കാര്യങ്ങള്‍ പരിശോധിച്ച് ടോളുകള്‍ നിര്‍ത്തലാക്കുന്നതിന് നടപടി സ്വീകരിക്കും. ടോള്‍ പിരിവില്‍ സര്‍ക്കാരിന് താത്പര്യമില്ല. ചില ടോള്‍ കരാറുകാര്‍ ഗുണ്ടകളേപ്പോലെയാണ് ജനങ്ങളോടു പെരുമാറുന്നത്. ടോള്‍ പിരിവിലൂടെ ലഭിച്ച തുകയുടെ കണക്ക് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പ്് നിര്‍മ്മാണങ്ങളേപ്പറ്റി നിരവധി ആക്ഷേപങ്ങള്‍ നിലവിലുണ്ട്.

എന്നാല്‍ എന്‍ജിനീയറിംഗ് സൗന്ദര്യാത്മകത വീണ്ടെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ വലിയ അംഗീകാരം ലഭിക്കുമെന്ന് വ്യക്തമാണ്. നിരവധി യുവാക്കള്‍ ഇപ്പോള്‍ വകുപ്പിലെത്തുന്നുണ്ട്. മലയോര ഹൈവേയും തീരദേശ ഹൈവേയും വേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ദേശീയപാത നാലുവരിയാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് ഈ മാസം 18 ന് റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

2014 സെപ്തംബര്‍ ഒന്നിന് നിര്‍മ്മാണം ആരംഭിച്ച് 24 മാസങ്ങള്‍ക്കുള്ളിലാണ് മേല്‍പ്പാലം പൂര്‍ത്തിയായിരിക്കുന്നത്. ഒറ്റത്തൂണില്‍ 19 സ്പാനുകളിലായാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 442 മീറ്റര്‍ നീളത്തില്‍ പാലവും ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകളും ചേര്‍ത്ത് 750 മീറ്ററാണ് ആകെ നീളം. കേരളത്തില്‍ ഒറ്റക്കാലില്‍ നിര്‍മ്മിക്കുന്ന ആദ്യപാലമാണിത്. ശരാശരി ഒരു മീറ്റര്‍ നീളത്തിന് അഞ്ചു ലക്ഷം രൂപ ചെലവിട്ട് ആകെ 39 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 14 മീറ്റര്‍ വീതിയില്‍ നാലുവരി ഗതാഗതത്തിനുതകുന്ന വിധമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കിറ്റ്‌കോ പ്രതിനിധി ഭാമ, പാലം നിര്‍മ്മാണം ഏറ്റെടുത്ത കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍ എന്നിവരെ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ തങ്കച്ചന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ എസ്. ശര്‍മ്മ, അഡ്വ. എം. സ്വരാജ്, വീണ ജോര്‍ജ്, ആന്റണി ജോണ്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ. മാക്‌സി, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡന്‍, പി.ടി. തോമസ്, എല്‍ദോ എബ്രഹാം, മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, വാര്‍ഡ് കൗണ്‍സിര്‍ സി.ഡി. വത്സല കുമാരി, ആരോഗ്യക്ഷേമ കാര്യ സ്റ്റാര്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ. മിനിമോള്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

12/10/2016