പൊലീസ് പരേഡ് – തിരുവനന്തപുരം

ഒമ്പതു മാസത്തെ തീവ്രപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി കേരള പൊലീസ് സേനയിലെ പൂര്‍ണ്ണ അംഗങ്ങളാകുന്ന നിങ്ങളോരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. എസ്എപി, കെഎപി 3, കെഎപി. 5 എന്നീ ബറ്റാലിയനുകളിലായി 247 പേരാണ് ഇന്നിവിടെ ഈ പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. ഏതാണ്ട് രണ്ടുമാസം മുന്‍പ് തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും പാസ്സിങ് ഔട്ട് പരേഡ് നടന്നിരുന്നു. പൊതുവേ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഈ ബാച്ചുകളിലെല്ലാമായി പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. സേവനരംഗത്ത് ഊര്‍ജ്ജസ്വലതയോടും പക്വതയോടും പ്രവര്‍ത്തിക്കാന്‍ ഈ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും നിങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, സമൂഹത്തിന്‍റെ സുസ്ഥിതിക്കായി രൂപം നല്‍കിയിട്ടുള്ള നിയമങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ചുമതലകളാണല്ലോ പൊലീസ് പ്രാഥമികമായി നിര്‍വഹിക്കേണ്ടത്. ആധുനിക കാലത്ത് ഈ ചുമതലയുടെ നിര്‍വ്വഹണം മുന്‍കാലത്തേതിനേക്കാള്‍ സങ്കീര്‍ണ്ണമായി മാറിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍, കുറ്റകൃത്യങ്ങളുടെ രീതിയിലും സ്വഭാവത്തിലും മാറ്റം വരുത്തിയിരിക്കുന്നു. പലതരം ഭീഷണികളെ നേരിടുകയാണ് നമ്മുടെ നാട്. തീവ്രവാദ ഭീഷണികള്‍ പുറത്തുനിന്ന് മാത്രമല്ല സംസ്ഥാനത്തിനകത്തുനിന്നും ഉണ്ടാകുന്നുണ്ട്. വര്‍ഗ്ഗീയമായും മറ്റു പലതരത്തിലും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങളും ശക്തമാണ്. ഭൂമാഫിയ, ലഹരി മാഫിയ, ബ്ലേഡ് മാഫിയ, ഗുണ്ടാ സംഘങ്ങള്‍, പെണ്‍വാണിഭ സംഘങ്ങള്‍ തുടങ്ങി പലതരം സമൂഹവിരുദ്ധ ശക്തികളും നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങളുടെ പെരുപ്പംമൂലം ട്രാഫിക് അപകടങ്ങളും വര്‍ധിച്ചിരിക്കുന്നു. ഇത്തരത്തില്‍ വ്യത്യസ്ത തരത്തിലുള്ള പ്രശ്നങ്ങളെയാണ് പൊലീസിന് ഇന്ന് നേരിടാനുള്ളത്.

അതേസമയം പുതിയ സാങ്കേതിക വിദ്യകളും ശാസ്ത്രീയ രീതികളും കുറ്റാന്വേഷണവും ക്രമസമാധാനപാലനവും കൂടുതല്‍ മികച്ച രീതിയില്‍ നടത്താന്‍ പൊലീസിനും ഉപകരിക്കുന്നുണ്ട്. ഇവ ഉപയോഗപ്പെടുത്തി ജനങ്ങളുടെ പിന്തുണയോടെ സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പാക്കാനാണ് ജനാധിപത്യ വ്യവസ്ഥയിലെ പൊലീസ് ശ്രമിക്കേണ്ടത്. കൊളോണിയല്‍ കാലത്തെ മര്‍ദ്ദക ശൈലിയല്ല ഇന്ന് പൊലീസ് പിന്തുടരേണ്ടതെന്നര്‍ത്ഥം. മര്‍ദ്ദനവും ബലപ്രയോഗവും ഭീഷണിയുമാണ്
പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം എന്ന ധാരണയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും, മൂന്നാംമുറ അവസാനിപ്പിക്കണമെന്നും ഈ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് ഈ കാഴ്ച്ചപ്പാടോടെയാണ്. എന്നാല്‍, അതിന് വിരുദ്ധമായ പ്രവണതകള്‍ ഇപ്പോഴും ചിലയിടങ്ങളില്‍ കാണുന്നുണ്ട്. അത്തരം പ്രവണതകളെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.

മൂന്നാംമുറപോലെ തന്നെ തീര്‍ത്തും ഇല്ലാതാക്കേണ്ട ഒന്നാണ് അഴിമതി. കഴിവും കാര്യക്ഷമതയുമുള്ള ഇന്ത്യയിലെ മികച്ച പൊലീസ് സേനകളിലൊന്നായാണ് കേരള പൊലീസ് അറിയപ്പെടുന്നത്. എങ്കിലും അഴിമതിക്ക് വശംവദരാകുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍ ഇടയ്ക്കിടെ ഉയരാറുണ്ട്. വേലിതന്നെ വിളവ് തിന്നുന്ന അത്തരമൊരവസ്ഥ നാടിന് ഭൂഷണമല്ല. അതുകൊണ്ട് അത്തരം പരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചുരുക്കത്തില്‍, ജനങ്ങളോട് മര്യാദയോടെ പെരുമാറുന്ന, സ്ത്രീകളും ദുര്‍ബല വിഭാഗങ്ങളും ഉള്‍പ്പെടെ എല്ലാവരുടേയും ആവലാതികള്‍ക്ക് ആശ്വാസമേകുന്ന, അഴിമതിക്ക് വശംവദരാകാത്ത പൊലീസ്- അങ്ങനെയുള്ള പോലീസിനെയാണ് നാടിനാവശ്യം. അത്തരത്തില്‍ മികച്ച പൊലീസ് സേനയായി മാറാന്‍ കൂടുതല്‍ ആള്‍ശേഷിയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്നകാര്യം സര്‍ക്കാരിന് ബോധ്യമുണ്ട്. സംസ്ഥാനത്തിന്‍റെ പരിധിക്കുള്ളില്‍നിന്ന് അവ പരമാവധി മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പൊലീസിലെ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും കൂടുതല്‍ സ്ഥലങ്ങളില്‍ പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങാനും നവീന സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്താനുമൊക്കെ നടപടികള്‍ ആരംഭിച്ചത് അതിന്‍റെ ഭാഗമാണ്. 2006 മുതല്‍ തീര്‍പ്പാക്കാതെ കിടന്ന എസ്ഐമാരുടെ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ച് ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ കൈക്കൊണ്ടതും അതിന്‍റെ ഭാഗമാണ്. ഇത്തരത്തിലുള്ള നടപടികളിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും നാട്ടില്‍ സമാധാനവും ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ഈ പരിശീലനം കഴിഞ്ഞ് കര്‍ത്തവ്യനിര്‍വഹണത്തിനായി നിങ്ങള്‍ പോകുന്നത് ജനങ്ങളുടെ ഇടയിലേക്കാണ്. അവിടെയാണ് യഥാര്‍ത്ഥ പരീക്ഷണം. ക്യാമ്പിലെ പാഠങ്ങള്‍ക്കപ്പുറം പ്രായോഗിക ബുദ്ധിയും ശരിയായ കാഴ്ചപ്പാടും നയസമീപനവും കൂടിയുണ്ടെങ്കിലേ അവിടെ വിജയിക്കാന്‍ കഴിയൂ. പല സന്ദിഗ്ധ ഘട്ടങ്ങളിലും വിവേകപൂര്‍വ്വം തീരുമാനം എടുത്തില്ലെങ്കില്‍ നിമിഷനേരം കൊണ്ട് കാര്യങ്ങല്‍ കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകും. ഒരു നല്ല പൊലീസ് ഉദ്യോഗസ്ഥനായി
മാറുന്നതിന് കഴിവിനപ്പുറം, ജോലി ചെയ്യുന്ന പ്രദേശത്തെ ജനസമൂഹത്തെ ആഴത്തിലറിയാനുള്ള മനസ്സുകൂടി വേണ്ടതുണ്ട്.

അത്തരമൊരു കാഴ്ചപ്പാടോടെ, പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവുമുള്ള ഉത്തമ പൊലീസുദ്യോഗസ്ഥരായി മാറാന്‍ നിങ്ങള്‍ക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു. ഇന്നിവിടെ പരിശീലനം പൂര്‍ത്തിയാക്കിയ എല്ലാ സേനാംഗങ്ങള്‍ക്കും ശോഭനമായ ഒരു സേവനകാലം ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.

14/10/2016