ഫിലിം അവാര്‍ഡ്

മലയാള സിനിമയ്ക്ക് അഭിമാനകരമായ ഒരു ചരിത്രമാണുള്ളത്. അതിനു നിരക്കുന്ന വിധത്തില്‍ത്തന്നെ പുതിയകാലത്ത് നമ്മുടെ സിനിമ ലോക ചലച്ചിത്ര രംഗത്തിന്‍റെയാകെ ശ്രദ്ധനേടുന്ന നിലയുണ്ടായി. പല പ്രമുഖങ്ങളായ അന്താരാഷ്ട്ര പുരസ്കാരങ്ങളും മലയാള സിനിമയെ തേടിയെത്തി. ലോക സിനിമാരംഗത്തെ ഏറ്റവും പുതിയ സാങ്കേതിക മികവുകള്‍ പോലും നമുക്ക് സ്വന്തമാക്കാന്‍ കഴിയുമെന്നും മൗലികമായ ആ ശേഷികൊണ്ട് അതിപ്രഗല്‍ഭരായ ലോക ചലച്ചിത്ര പ്രതിഭകള്‍ പോലും ശ്രദ്ധിക്കുന്ന തരത്തിലുള്ള ചലച്ചിത്രങ്ങള്‍ ഇവിടെയുണ്ടാവുമെന്നുംന് വന്നു.

ഇങ്ങനെയൊക്കെ അഭിമാനിക്കാന്‍ ഏറെ കാര്യങ്ങളുണ്ടെങ്കിലും എനിക്ക് ഒരു ഉല്‍ക്കണ്ഠയുണ്ട്. അത്, മണ്ണിന്‍റെ മണവും അതില്‍ പണിയെടുക്കുന്ന മനുഷ്യന്‍റെ പച്ചയായ ജീവിതവും ആ ജീവിതത്തിലെ പൊള്ളിക്കുന്ന ദുരന്തയാഥാര്‍ത്ഥ്യങ്ങളുമൊക്കെ സിനിമയുടെ പരിഗണനാവിഷയങ്ങള്‍ക്കു പുറത്താവുന്നുണ്ടോ എന്നതാണ് ഈ ഉല്‍ക്കണ്ഠ. ന്യൂ ജനറേഷന്‍ തരംഗത്തിന്‍റെ കാലമാണിത് എന്ന് എനിക്കറിയാം. എന്നാലും സിനിമ, ജീവിതത്തെയും ജീവിതയാഥാര്‍ത്ഥ്യങ്ങളേയും പാടേ മറന്നു പോകാമോ?

ചലച്ചിത്ര താരങ്ങളെ മനസ്സില്‍വെച്ച് അവര്‍ക്കു ചേരുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും അവരുടെ മിഴിവിനു നിരക്കുന്ന സന്ദര്‍ഭങ്ങള്‍ മാത്രം കഥയിലുള്‍ച്ചേര്‍ക്കുമ്പോഴും ഏറ്റവും പുതിയ തലമുറയെ ടാര്‍ജറ്റാക്കുമ്പൊഴും ടെക്നോളജിയുടെ പിന്നാലെ ഭ്രാന്തമായി പായുമ്പൊഴും ഒക്കെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ സിനിമ കൈവിട്ടുകളയുന്നുണ്ടോ? പൊള്ളിക്കുന്ന ജീവിത സത്യങ്ങളെ വിട്ട് ചില വര്‍ണ്ണക്കാഴ്ചകളില്‍ അഭിരമിക്കുന്ന പ്രവണത കാണുന്നുണ്ടോ? ഇക്കാര്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ ചിന്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഞാന്‍.

അത്യാധുനികമായ സങ്കേതങ്ങളില്‍ പുതിയ കാലത്ത് നമുക്ക് നോവലുകളുണ്ടായി. കഥകളുണ്ടായി. എന്നാല്‍, സങ്കേതമേത് എന്നു നോക്കാതെ എഴുതിയ തകഴിയുടെയോ കേശവദേവിന്‍റെയോ ബഷീറിന്‍റെയോ പൊന്‍കുന്നം വര്‍ക്കിയുടെയോ കൃതികള്‍ മനസ്സിലും സമൂഹത്തിലും ചെലുത്തിയ സ്വാധീനം ആധുനിക
സങ്കേതങ്ങളില്‍ രചിക്കപ്പെട്ട എല്ലാ കൃതികള്‍ക്കും ചെലുത്താന്‍ സാധിച്ചോ? അക്കാദമിക് ലൈബ്രറികളില്‍ ഇടംപിടിക്കലാണോ പ്രധാനം ജനമനസ്സുകളില്‍ കുടിയിരിക്കലാണോ പ്രധാനം എന്നത് എഴുത്തുകാരും ചലച്ചിത്ര പ്രതിഭകളും ഒക്കെ ആലോചിക്കണം. ഞാന്‍ പറഞ്ഞുവരുന്നത് ആധുനികതയോ പരീക്ഷണാത്മകതയോ ഒന്നും പാടില്ല എന്നല്ല. അതൊക്കെ വേണം. അതുണ്ടെങ്കിലേ ഏതു കലയും കാലത്തിനനുസരിച്ചു നവീകരിക്കപ്പെടുകയുള്ളൂ. ഒരുവശത്ത് അങ്ങനെ നവീകരിക്കപ്പെടാന്‍ വേണ്ട ഘടകങ്ങളൊക്കെ വേണം. മറുവശത്ത് ജനമനസ്സുകളില്‍ പതിയാനും അതില്‍ സ്വാധീനം ചെലുത്താനും കഴിയുന്ന ഘടകങ്ങളും
വേണം. രണ്ടും തമ്മില്‍ ഒരു ബാലന്‍സ് വേണം. അതുണ്ടായാല്‍ നമ്മുടെ ചലച്ചിത്രകല ഇനിയും കൂടുതല്‍ കൂടുതല്‍ ദൂരങ്ങള്‍ കീഴടക്കും.

കല ജനങ്ങളുമായി ചേര്‍ന്നുനില്‍ക്കണമെന്നു ചിന്തിക്കുന്നതുകൊണ്ടാണ് അവാര്‍ഡ്ദാന സമ്മേളനത്തെ ഇതുപോലെ വിപുലമായി കൊണ്ടാടണമെന്നു നിശ്ചയിച്ചത്. കുറേക്കാലമായി തിരുവനന്തപുരത്തു മാത്രമായിരുന്നു അവാര്‍ഡ് ദാനം. അവിടെ കനകക്കുന്ന് കൊട്ടാരത്തിന്‍റെ ഇടുങ്ങിയ ഹാളിലോ മറ്റോ നടക്കും. അതു
വേണ്ടെന്നുവെച്ച് അവാര്‍ഡ്ദാന ചടങ്ങിനെ ഇങ്ങനെ ജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടു വന്നത് ജനങ്ങളും ജനകീയ കലയും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകരുതെന്ന ചിന്ത കൊണ്ടാണ്.

സര്‍ക്കാരിന്‍റെ മനസ്സിലുള്ള ഈ ചിന്ത ചലച്ചിത്ര കലാകാരന്മാര്‍ പങ്കിടുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.വര്‍ഷങ്ങളായി നടന്നുവരുന്ന ഈ ചലച്ചിത്ര അവാര്‍ഡ് സംവിധാനം കലാത്മകമായ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. വിനോദ വ്യവസായമായല്ലാതെ കലയെ കാണുന്ന ചലച്ചിത്ര കലാകാരന്മാര്‍ വിപണി പിടിച്ചെടുക്കാനാവശ്യമായ ചേരുവകള്‍ സിനിമയില്‍ ചേര്‍ക്കാന്‍ മടിക്കും. സാമ്പത്തികമായി അത്തരം സിനിമകള്‍ വിജയിക്കാതെ വരും. സാമ്പത്തികമായി സഹായിക്കാന്‍ അവാര്‍ഡുകള്‍ക്കാവുകയില്ല.

എന്നാല്‍, ഇങ്ങനെ പല നല്ല സിനിമകളുമുണ്ട്. അതു കാണേണ്ടതാണ്; എന്നൊക്കെ ജനങ്ങളെ അറിയിക്കുന്നതില്‍, അവരുടെ ശ്രദ്ധയിലേക്ക് നല്ല സിനിമയെ നീക്കിവെക്കുന്നതില്‍ അവാര്‍ഡുകള്‍ വലിയ ഒരു പങ്കുവഹിക്കുന്നുണ്ട്. ഒപ്പം, വാണിജ്യ താല്‍പര്യത്തില്‍ നിര്‍മിക്കപ്പെടുന്ന സിനിമകളിലും കല പൂര്‍ണമായി
വിസ്മൃതമാവരുത് എന്ന് ഓര്‍മിപ്പിക്കുന്നതിലും അവാര്‍ഡുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പഴയ ഫിലിം സൊസൈറ്റി സംസ്കാരം തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍, അതിന്‍റെ ഭാഗമായി നല്ല ചലച്ചിത്രങ്ങള്‍ അവതരിപ്പിക്കാനും അവയെ ചര്‍ച്ചയ്ക്കു വിഷയമാക്കുവാനും കഴിഞ്ഞാല്‍ നല്ല ഒരു ചലച്ചിത്ര സംസ്കാരം നമുക്ക് നിലനിര്‍ത്താന്‍ കഴിയും.

ഫിലിം സൊസൈറ്റികളും അതു പോലുള്ള കൂട്ടായ്മകളുമാണ് സിനിമയെ വിമര്‍ശനാത്മകമായി നോക്കിക്കാണാന്‍ പൊതു സമൂഹത്തെ നിരന്തരം പ്രേരിപ്പിച്ചു പോന്നത് എന്നതും നാം കാണേണ്ടതുണ്ട്. രാജ്യമാകെ പരിശോധിക്കുമ്പോള്‍ ഫിലിം സൊസൈറ്റി സംസ്കാരം ഏറ്റവും വളര്‍ന്നിട്ടുള്ളത് കേരളത്തിലാണെന്നു കാണാം.
അടുത്ത കാലത്തായി രൂപപ്പെട്ട ന്യൂജനറേഷന്‍ തരംഗം, മലയാള സിനിമയിലെ കഥാപാത്ര സങ്കല്‍പങ്ങളെ അട്ടിമറിച്ചിട്ടുണ്ടെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഈ ചടങ്ങു നടക്കുന്ന പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ കേന്ദ്രീകരിച്ച് നൂറുകണക്കിന് സിനിമകളിറങ്ങിയെങ്കില്‍ അതില്‍ നിന്ന് വിട്ടു മാറി; കൊച്ചി,കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് തുടങ്ങി സംസ്ഥാനത്തിന്‍റെ വ്യത്യസ്തവും വിഭിന്നവും അതിമനോഹരവുമായ സാംസ്ക്കാരിക-ഭൂഭാഗ സവിശേഷതകള്‍ പശ്ചാത്തലമാക്കി നിരവധി സിനിമകളാണ് അടുത്ത വര്‍ഷങ്ങളിലായി ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ന്യൂജനറേഷന്‍ കാരുടെ ഇക്കാര്യത്തിലുള്ള ആര്‍ജ്ജവം എടുത്തുപറയേണ്ടിയിരിക്കുന്നു. ഒറ്റപ്പാലത്തിന്‍റെ പ്രാധാന്യം പോയി എന്നൊന്നുമല്ല ഇതിന്‍റെ അര്‍ത്ഥം. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതു പോലെ, ഒറ്റപ്പാലത്തെ ഫിലിം സിറ്റി എന്ന പദ്ധതി നമുക്ക് സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനുള്ള പിന്തുണ ഇന്നാട്ടുകാരില്‍ നിന്ന് കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

കേരളം ഒറ്റക്ക് നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ലക്ഷക്കണക്കിന് മലയാളികള്‍ കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് പല രാജ്യങ്ങളിലും ജോലി ചെയ്തുവരുന്നുണ്ട്. കേരളത്തിലേക്ക് മറ്റിന്ത്യക്കാരുടെ കുത്തൊഴുക്ക് തന്നെ അടുത്തകാലത്തായി വര്‍ധിച്ചിട്ടുമുണ്ട്. ഇത്തരം അഭയാര്‍ത്ഥിത്വങ്ങളുടെയും പ്രവാസങ്ങളുടെയും സാംസ്ക്കാരിക സവിശേഷതകള്‍, തികഞ്ഞ ജനാധിപത്യ ബോധത്തോടെയും സഹിഷ്ണുതയോടെയും പരസ്പര ബഹുമാനത്തോടെയും സിനിമ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഏറ്റവുമധികം ജനപ്രിയതയുള്ളതും ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതുമായ മാധ്യമമെന്ന നിലക്ക് സിനിമക്ക് ഇത്തരം കാര്യങ്ങളിലുള്ള ഉത്തരവാദിത്തം വളരെ വലുതാണ്.

പ്രദര്‍ശനശാലകളുടെ എണ്ണത്തിലുണ്ടായിട്ടുള്ള കുറവാണ് മറ്റ് സിനിമകളെയെന്നതു പോലെ മലയാള സിനിമയെയും സാരമായി ബാധിച്ചിരിക്കുന്ന ഒരു ഭീഷണി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരിഹാരങ്ങള്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മുഖാന്തിരവും മറ്റ് സംവിധാനങ്ങളിലൂടെയും നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലുള്ള സാംസ്ക്കാരിക സമുച്ചയങ്ങളിലും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലുള്ള ചെറു ഹാളുകളിലും സിനിമാപ്രദര്‍ശന സൗകര്യങ്ങളൊരുക്കാനാണ് കോര്‍പ്പറേഷന്‍ ഉന്നമിടുന്നത്. ഇത് ചലച്ചിത്ര വ്യവസായത്തിന് വലിയ വളര്‍ച്ച കൈവരിക്കാനുതകുന്ന
തീരുമാനമാണ്.

അതോടൊപ്പം, ചലച്ചിത്രത്തെ ഒരു കലയെന്ന നിലയ്ക്കും പഠന മാധ്യമമെന്ന നിലക്കും ചരിത്രാവിഷ്ക്കാരം എന്ന നിലക്കും പരിഗണിക്കുന്ന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനവും വന്‍ തോതില്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. തിരൂരിലുള്ള തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലടക്കം പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനകം സിനിമ ഒരു പഠന വിഷയമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ സംഭാവനകള്‍ അക്കാദമിക്ക് ചെയ്യാനാകും. അതിന് കമലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിക്ക് സാധ്യമാകട്ടെ എന്നാശംസിക്കുന്നു.

ചലച്ചിത്ര മേളകള്‍ തിരുവനന്തപുരത്ത് മാത്രം കേന്ദ്രീകരിക്കാതെ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കാനും അക്കാദമി ഉദ്ദേശിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതും നല്ല തീരുമാനമാണ്. ഈ പുരസ്കാരദാന ചടങ്ങിനു മുന്നോടിയായി പാലക്കാട് ജില്ലയില്‍ ഒരു സഞ്ചരിക്കുന്ന ചലച്ചിത്ര മേള അക്കാദമി നടത്തി എന്നതും അതിന്‍റെ ഉദ്ഘാടനം, ചരിത്രത്തിലൊരുകാലത്തും സിനിമ എത്താത്ത അട്ടപ്പാടിയിലെ മൂലഗംഗല്‍ ഊരില്‍ വെച്ചായിരുന്നുവെന്നതും കേരള സര്‍ക്കാരിന്‍റെ കാഴ്ചപ്പാടിന്‍റെ ശ്രദ്ധേയമായ ദൃഷ്ടാന്തങ്ങളാണ്.

ജെ സി ഡാനിയേല്‍ പുരസ്കാരത്തിനര്‍ഹനായ ശ്രീ. കെ ജി ജോര്‍ജിനെയും ഇതര പുരസ്കാരങ്ങള്‍ക്കര്‍ഹരായ ചലച്ചിത്ര പ്രതിഭകളേയും ഞാന്‍ ഹൃദയപൂര്‍വം അനുമോദിക്കുന്നു; ആദരവറിയിക്കുന്നു. ഈ ചടങ്ങില്‍ ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ടു പിന്നിട്ട സര്‍വ്വശ്രീ. യേശുദാസ്, ശ്രീകുമാരന്‍തമ്പി, എം കെ അര്‍ജുനന്‍, റസൂല്‍ പൂക്കുട്ടി, അഭിനയപ്രതിഭകളായ സര്‍വ്വശ്രീ മധു, ശാരദ, കവിയൂര്‍ പൊന്നമ്മ എന്നിവരെയും ആദരിക്കുന്നുണ്ട്. സിനിമാരംഗത്തെ വളര്‍ത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയവരാണ് ഇവരെല്ലാം. ഇവരെ എല്ലാവരെയും സ്നേഹാദരങ്ങള്‍ അറിയിക്കുന്നു.

15/10/2016