പത്രപ്രവര്‍ത്തകരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താൻ സര്‍ക്കാര്‍ ഒപ്പമുണ്ട്

പത്രപ്രവര്‍ത്തകരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ യൂണിയന്‍ ഭാരവാഹികളുടെ ആവശ്യങ്ങളോടുള്ള പ്രതികരണം എന്ന നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.

പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കും. ഇതിന് അടിയന്തിര പ്രാധാന്യം നല്‍കി തീരുമാനമെടുക്കും. ദേശീയ തലത്തില്‍ നോക്കിയാല്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവിത സാഹചര്യം അത്ര മെച്ചപ്പെട്ടതല്ല. ഒഡീഷയിലെ ദനാ മഞ്ചി സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ ജീവിതവും മഞ്ചിയുടേതില്‍ നിന്ന് ഒട്ടും മെച്ചപ്പെട്ടതായിരുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത പ്രസംഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രൂക്ഷമായ തൊഴില്‍ ഭീഷണിയും സുരക്ഷാ ഭീഷണിയുമാണ് നേരിടുന്നതെന്നും പത്രപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ഭവന നിര്‍മ്മാണ പദ്ധതിയും കള്‍ നടപ്പാക്കണമെന്ന് പ്രൊഫ.കെ.വി. തോമസ് എംപി പറഞ്ഞു. തൊഴിലുറപ്പിനേക്കാള്‍ മോശം സാഹചര്യമാണിന്ന് പത്രപ്രവര്‍ത്തകര്‍ അനുഭവിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ വിദ്യാര്‍ഥികളുടെ സ്വാഗത ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. അതിഥികളെ പൂച്ചെണ്ടുകള്‍ക്കു പകരം പുസ്തകങ്ങള്‍ നല്‍കി സ്വാഗതം ചെയ്തപ്പോള്‍ ഉദ്ഘാടനത്തിന് നിലവിളക്കിനു പകരം റാന്തല്‍ വിളക്ക് തെളിച്ചു. റാന്തല്‍ വിളക്ക് ഉപയോഗിച്ച ആശയത്തെ അഭിനന്ദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ഉദ്ഘാടനത്തിനു ശേഷം ഫാനിന്റെ കാറ്റ് കൊണ്ട് പല ചടങ്ങുകളിലും നിലവിളക്കു പെട്ടെന്ന് കെട്ടുപോകുന്നതു പോലെ റാന്തല്‍ വിളക്ക് പെട്ടെന്ന് കെട്ടുപോകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

15/10/2016