കോടതികളുടെ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ട

കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും കോടതികളില്‍ ആര് കയറണം കയറണ്ട എന്നു പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 54-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതികള്‍ രാജ്യത്തിന്റേതാണ്. കോടതിയുടെ അധികാരം ജുഡീഷ്യറിക്കാണ്. ആ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല. ജഡ്ജിമാരുടെ അവകാശം തങ്ങള്‍ക്കുള്ളതാണെന്ന് അഭിഭാഷകര്‍ തെറ്റിദ്ധരിക്കേണ്ടതില്ല. കോടതിയില്‍ പത്രപ്രവര്‍ത്തകരെ തടയുന്നത് പത്രസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലാണ്. മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ കയറരുതെന്നു പറയുന്ന അഭിഭാഷകര്‍ നിയമലംഘനം നടത്തുകയാണ്. നിയമം ലംഘിക്കാതെ നോക്കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് അഭിഭാഷകര്‍ മനസിലാക്കണം. അതിരുവിട്ടാല്‍ നിയമം ലംഘിക്കപ്പെടാതെ നോക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുള്ള പ്രശ്‌നം ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണ്. എന്നാല്‍ ഈ ധാരണ പൊളിക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും അത് ഇരു കൂട്ടരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമരംഗം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. ആഗോളവത്കരണത്തിന്റെ ഫലമായുണ്ടായ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളെയും ബാധിച്ചുതുടങ്ങിയിരിക്കുകയാണ്. അച്ചടി മാധ്യമങ്ങളിലെ വിദേശ നിക്ഷേപം ഇന്ത്യന്‍ താത്പര്യങ്ങള്‍ക്കെതിരായി ഇന്ത്യന്‍ ജനതയുടെ താത്പര്യങ്ങളെ വിദേശ ശക്തികള്‍ തിരിച്ചുവിട്ടേക്കാം. സഹോദരസ്ഥാപനങ്ങളായി പടക്കോപ്പു നിര്‍മ്മാണം വരെ നടത്തുന്ന വന്‍കിട മീഡിയ കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയിലേക്ക് കടന്നുവരാനുള്ള സാഹചര്യമാണിന്നുള്ളത്. തൊഴില്‍ സുരക്ഷയെയും ഇതു ദോഷകരമായി ബാധിക്കുന്നുണ്ട്.

അടിസ്ഥാന മൂലധനം, വിവിധ ഫീസുകളുടെ ക്രമാതീതമായ വര്‍ധന, എന്നിവ മൂലം ഇലക്‌ട്രോണിക് മാധ്യമരംഗത്ത് ചെറുകിട സംരംഭകര്‍ക്ക് പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയാണ്. പുതിയ സര്‍വീസ് ചാര്‍ജുകളും പ്രസരണ-വിതരണ ചെലവുകളും കാരണം ചെറുകിടക്കാര്‍ക്ക് അപ്രാപ്യമായ മേഖലയായി ടെലികാസ്റ്റിംഗ് മാറി. ഇതുമൂലം വന്‍കിട കോര്‍പ്പറേറ്റുകള്‍ മാധ്യമരംഗം കൈയടക്കുകയാണ്. വിവിധ ഭാഷ, സംസ്‌കാര, പ്രാദേശിക പത്രങ്ങള്‍ സ്വന്തം സ്വത്വം നഷ്ടപ്പെടുത്തി കോര്‍പ്പറേറ്റുകളില്‍ ലയിക്കുകയാണ്. മാധ്യമരംഗത്ത് സമ്പൂര്‍ണ്ണ കോര്‍പ്പറേറ്റ് സമഗ്രാധിപത്യമാണ് നടപ്പാകുന്നത്. കോര്‍പ്പറേറ്റുകള്‍ മാധ്യമശക്തികളാകുമ്പോള്‍ സാധാരണക്കാരന്റെ ശബ്ദം പ്രതിധ്വനിപ്പിക്കാന്‍ ആരുമില്ല. വാര്‍ത്തകള്‍ക്ക് കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ സ്വഭാവമായി മാറുകയാണ്.

മിക്ക മാധ്യമസ്ഥാപനങ്ങളിലും 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇതു ചോദ്യം ചെയ്യുന്നവരെ പിരിച്ചുവിടുകയും ചെയ്യുന്ന ദുരവസ്ഥയാണുള്ളത്. വേജ്‌ബോര്‍ഡ് ശമ്പളം പത്രപ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ അതു ചോദിച്ചാല്‍ പിരിച്ചുവിടുകയോ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയോ ആണ് ചെയ്യുന്നത്. ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസി ആണ് ഇന്ന് മാനേജ്‌മെന്റുകള്‍ മാധ്യമരംഗത്ത് നടപ്പാക്കിവരുന്നത്. കരാര്‍ ജോലിക്കാരെ മതി, സ്ഥിരം ജോലിക്കാരെ വേണ്ട എന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവകാശങ്ങള്‍ക്കായി സമരം ചെയ്താല്‍ പണി ബാക്കിയുണ്ടാകുമോ എന്ന് പത്രക്കാര്‍ ഈഗോ അഴിച്ചുവെച്ചു ചിന്തിച്ചുനോക്കണം. ശക്തമായ ചൂഷണം ഈ രംഗത്ത് നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ജെഎന്‍യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ ചില മാധ്യമമങ്ങളും കൂട്ടുനിന്നു. ഇത്തരത്തിലുള്ള അധാര്‍മ്മിക ദൗത്യങ്ങളില്‍ ഉപകരണമാകാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിന്നു കൊടുക്കരുത്. മാധ്യമപ്രവര്‍ത്തനത്തിന്റെ പിന്നിലും അവരറിയാത്ത കരുനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കനയ്യ കുമാറിനെതിരായ നടപടികള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സാഹചര്യവുമുണ്ടായി. രാജ്ദീപ്‌സര്‍ദേശായിയെപ്പോലും രാജ്യദ്രോഹികളായി മുദ്രകുത്തിയെങ്കിലും തല ഉയര്‍ത്തിപ്പിടിച്ച് അവര്‍ അതിനെ നേരിടുകയാണ് ചെയ്തത്.

സത്യത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ പുതുതലമുറ മാധ്യമരംഗത്ത് വളര്‍ന്നുവരണം. സമൂഹത്തില്‍ നിന്ന് ഒരു കറുത്ത പൊടിയെങ്ങാനും നന്മയുടെ വെണ്മയിലേക്ക് വീണുപോയാലുടന്‍ നന്മയെ അപ്പാടെ തിന്മയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കരുത്. അങ്ങനെ നന്മയെ തിന്മയായി ചിത്രീകരിക്കേണ്ടത് തിന്മയുടെ വക്താക്കള്‍ക്ക് ആവശ്യമാണ്. തിന്മ എന്നത് നാട്ടുനടത്തിപ്പാണെന്ന് വരുത്തി തീര്‍ക്കലാണ് തിന്മയുടെ വക്താക്കള്‍ക്കാവശ്യം. മുഖ്യധാര മാധ്യമങ്ങള്‍ മറച്ചുവെച്ചാലും ഇന്ന് സത്യം പുറത്തുവരുമെന്ന് ടെക്‌സറ്റൈല്‍ സമരത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ വായനക്കാരന്റെ നിരീക്ഷണത്തിലാണ് ഓരോ പത്രപ്രവര്‍ത്തകനും. സിറ്റിസണ്‍ ജേണലിസവും നവമാധ്യമങ്ങളും ഇന്ന് ശക്തമാണെന്ന തിരിച്ചറിവ് പത്രക്കാര്‍ക്കുണ്ടാകണം. ദേശീയ സ്വാതന്ത്ര്യപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന പത്രപ്രവര്‍ത്തനം ഇന്ന് കരിയറോ പ്രൊഷഫനോ ഒക്കെ ആയി. ഇതേതുടര്‍ന്ന് ഈ രംഗത്ത് മൂല്യത്തകര്‍ച്ചയും പുഴുക്കുത്തുകളും ധാരാളമായി കാണാം. പത്രപ്രവര്‍ത്തനം അറിയിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല സത്യം അറിയാനുള്ള വായനക്കാരന്റെ അവകാശം കൂടിയാണ്. സത്യവും അസത്യവും തമ്മിലും ധര്‍മ്മവും അധര്‍മ്മവും തമ്മിലും സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവും തമ്മിലും മതനിരപേക്ഷതയും വര്‍ഗ്ഗീയതയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നിക്ഷ്പക്ഷരായിരിക്കാന്‍ പാടില്ല.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യാതിഥി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരേ അടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മോശമായി പെരുമാറുന്നത് ദൗര്‍ഭാഗ്യകരമാണ്. കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട സംഭവം കേരളത്തിനാകെ അപമാനകരമാണ്. എല്ലാ അഭിഭാഷകരും ഇങ്ങനെ ചെയ്യുന്നില്ലെന്നും ഒരു വിഭാഗം മാത്രമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ അനുശോചന സന്ദേശം വായിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍, വിരമൃത്യു വരിച്ച ഉറിയിലെയും പഠാന്‍കോട്ടിലെയും സൈനികര്‍, മരിച്ച കലാകാരന്മാര്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷ എന്നിവര്‍ക്ക് സമ്മേളനം അനുശോചനം രേഖപ്പെടുത്തി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ എസ്. ശര്‍മ്മ, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഒ. രാജഗോപാല്‍, മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കൗണ്‍സിലര്‍ ഗ്രേസി ജോസഫ്, ലെക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ എംഡി ഷംസീര്‍ വയലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

15/10/2016