വിദ്യാലയങ്ങളെ നാടിന്റെ സ്വത്തായി കാണണം

സര്‍ക്കാര്‍, എയിഡഡ് എന്നീ വ്യത്യാസങ്ങളില്ലാതെ വിദ്യാലയങ്ങളെ നാടിന്റെ സ്വത്തായി കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മടം മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി പിണറായി എ.കെ.ജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ് പൊതുവിദ്യാലയമെന്ന ധാരണ മാറണം. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയിഡഡ് സ്‌കൂളുകള്‍ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കുവഹിച്ചവയാണ്. കുടുംബസ്വത്ത് ഉള്‍പ്പെടെ വിറ്റ് സ്‌കൂളുകളുണ്ടാക്കിയ ഒരു കാലമുണ്ടായിരുന്നു നമുക്ക്. ലാഭേച്ഛയില്ലാതെയാണ് അവര്‍ ആ പുണ്യകൃത്യം ചെയ്തത്. മാനേജ്‌മെന്റുകള്‍ക്ക് ചൂഷണ മനസ്ഥിതി വന്നത് അടുത്ത കാലത്തുമാത്രമാണ്. എയിഡഡ് സ്‌കൂളുകളുടെ കൂടി നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ നിയമനാധികാരം ഉള്‍പ്പെടെയുള്ള എയിഡഡ് മാനേജ്‌മെന്റുകളുടെ അധികാരത്തില്‍ കൈകടത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും അത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടെയുള്ള കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. പൂര്‍വവിദ്യാര്‍ഥികള്‍, പൗരപ്രമുഖര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ നടപ്പിലാക്കേണ്ടത്. ഇതിന് പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ വിദ്യാലയ വികസന സമിതികള്‍ മുന്‍കൈയെടുക്കണം.

ഇതോടൊപ്പം അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ മണ്ഡലത്തിലെ എല്‍.പി-യു.പി ക്ലാസ്സുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ താമസിയാതെ തുടങ്ങും. പൊതുവിദ്യാലയങ്ങളുടെ മൂല്യശോഷണമാണ് അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍ തഴച്ചുവളരാന്‍ ഇടയാക്കിയത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവുന്നതോടെ വിദ്യാര്‍ഥികള്‍ തിരികെ വരുന്ന അവസ്ഥയുണ്ടാകും. നമ്മള്‍ പഠിച്ച വിദ്യാലയങ്ങളെ ആരാധനാലയങ്ങളെപ്പോലെ കണ്ട് പുരോഗതിയിലേക്കുയര്‍ത്തണമെന്ന തീരുമാനം ഓരോരുത്തര്‍ക്കുമുണ്ടായാല്‍ നാട്ടിലെ പൊതുവിദ്യാലയങ്ങള്‍ രക്ഷപ്പെടും. രാഷ്ട്രീയ-വിഭാഗീയ ചിന്തകള്‍ക്കതീതമായി സ്‌കൂളുകളെ കാണാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ ഹൈടെക്കാക്കുകയും ക്ലാസ്റൂമുകള്‍ സ്മാര്‍ട്ടാക്കുകയും ചെയ്തുകൊണ്ട് മാത്രമേ പൊതുവിദ്യാലയങ്ങളെ മികവിലേക്ക് ഉയര്‍ത്താനാവൂ.

കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍, പെയിന്റിംഗുകള്‍, വൃത്തിയുള്ള ശുചിമുറികള്‍, സൗകര്യങ്ങളോടെയുള്ള ലബോറട്ടറികള്‍, ലൈബ്രറികള്‍ തുടങ്ങിയവ ഒരുക്കുന്നതിന് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കണം. കായിക രംഗത്തെ കുരുന്നുപ്രതിഭകളെ കണ്ടെത്തി പ്രത്യേകം പരിശീലനം നല്‍കും. ഓരോ വില്ലേജിലും കുട്ടികള്‍ക്കായി നീന്തല്‍ക്കുളങ്ങള്‍ നിര്‍മിച്ച് നീന്തല്‍ പരിശീലനവും മികവ് പുലര്‍ത്തുന്നവര്‍ക്ക് വിദഗ്ധ പരിശീലനവും നേടാനുള്ള സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം ഇലക്‌ട്രോണിക് രീതിയിലേക്ക് മാറിക്കഴിഞ്ഞ ഇക്കാലത്ത് ഡിജിറ്റല്‍ ലൈബ്രറികളും ഡിജിറ്റല്‍ മ്യൂസിയങ്ങളും നാട്ടില്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീപ്രൈമറി കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ താമസിയാതെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണത്തിനു പുറമെ മുട്ട, പാല്‍ എന്നീ പോഷകാഹാരങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ പദ്ധതിയാവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായിരുന്നു. കെ.കെ രാഗേഷ് എം.പി, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിമാരിലൊരാളായ മേജര്‍ ദിനേശ് ഭാസ്‌ക്കര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏണസ്റ്റ് ആന്റ് യംഗ് വൈസ് ചെയര്‍മാന്‍ ബിനു ശങ്കര്‍, മണ്ഡലം വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍ മുസൂദനന്‍ മാസ്റ്റര്‍, കെ പ്രദീപന്‍, കെ.വി പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലത്തിലെ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍, പി.ടി.എ അധ്യക്ഷന്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

16/10/2016