പോലിസ് സേനയില്‍ വനിതാ പ്രാതിനിധ്യം 10 ശതമാനമാക്കും

കേരളത്തിലെ പോലിസ് സേനയില്‍ വനിതാ പ്രാതിനിധ്യം നിലവിലെ ആറ് ശതമാനത്തില്‍ നിന്ന് 10 ശതമാനമായി പടിപടിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാങ്ങാട് കെ.എ.പിയിലെയും എം.എസ്.പിയിലെയും പുതിയ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.

നിയമപാലന കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ പോലിസിന് നല്‍കിയിരിക്കുന്നത്. കുറ്റാന്വേഷണത്തില്‍ യാതൊരു വിധ ഇടപെടലോ സമ്മര്‍ദ്ദമോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന് ഉറപ്പുപറയാനാവും. എന്നാല്‍ പോലിസിനകത്ത് ഏതെങ്കിലും വ്യക്തിയുടെയോ സംഘങ്ങളുടെയോ വഴിവിട്ട ഒരു നീക്കവും അനുവദിക്കില്ല. ഏത് സ്വാതന്ത്ര്യവും സേനയുടെ അച്ചടക്കത്തിനകത്ത് മാത്രമേ പാടുള്ളൂ. അല്ലാത്തപക്ഷം ഒരു ആള്‍ക്കൂട്ടമായി സേന മാറുന്ന അവസ്ഥയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമുള്ളവര്‍ പോലിസ് സേനയിലേക്ക് കൂടുതലായി കടന്നുവരുന്ന പശ്ചാത്തലത്തില്‍ കാലഘട്ടത്തിനനുസൃതമായി സേനാപരിശീലനം പരിഷ്‌ക്കരിക്കും. ഇതനുസരിച്ച് പോലിസ് അക്കാദമികള്‍ നവീകരിക്കും. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും വര്‍ധിച്ചുവരികയാണ്. ഇതിനനുസരിച്ചുള്ള സാങ്കേതിക സംവിധാനങ്ങള്‍ സേനയിലും ഏര്‍പ്പെടുത്തും. പൊതുജനങ്ങളുമായുള്ള പോലിസിന്റെ ഇടപെടല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ പോലിസ് സ്റ്റേഷനിലും ഒരാള്‍ക്ക് പബ്ലിക് റിലേഷന്റെ ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളെ കടത്തല്‍, മയക്കുമരുന്ന് കടത്തിനായി അവരെ ഉപയോഗിക്കല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ആളെ ചേര്‍ക്കല്‍ തുടങ്ങിയ വിപത്തുകള്‍ നേരിടാന്‍ സേനയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കും. തീവ്രവാദ ബാധിത പ്രദേശങ്ങളിലെ പോലിസ് സ്റ്റേഷനുകള്‍ക്കു ചുറ്റും പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലിസില്‍ മൂന്നാംമുറ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അതിനുവിരുദ്ധമായ ചിലപ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പോലിസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യവികസനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകള്‍ പുതിയ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

2015 ഡിസംബറില്‍ പരിശീലനം ആരംഭിച്ച കെ.എ.പി നാലാം ബറ്റാലിയനിലെ 223 പേരും മലബാര്‍ സ്‌പെഷ്യല്‍ പോലീസിലെ 60 പേരും ഉള്‍പ്പെടെ 283 പേരാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇവരില്‍ അഞ്ച് ബി.ടെക്കുകാര്‍, നാല് എം.ബി.എക്കാര്‍, 16 ബിരുദാനന്തര ബിരുദക്കാര്‍, എട്ട് ബി.എഡുകാര്‍, 107 ബിരുദധാരികള്‍, 54 ടെക്‌നിക്കല്‍ യോഗ്യതയുള്ളവര്‍ തുടങ്ങിയവരുണ്ട്. 10 പ്ലറ്റൂണുകളടങ്ങിയ പരേഡിന് ഷിജില്‍ കെ.സി നേതൃത്വം നല്‍കി. ജിസണ്‍ ജോര്‍ജായിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. പരിശീലന കാലയളവിലെ മികച്ച പ്രകടനത്തിനുള്ള ഉപഹാരങ്ങള്‍ കെ.എ.പിയിലെ അഗസ്റ്റിന്‍ പി ആന്റണി (ഔട്ട്‌ഡോര്‍, ഓള്‍റൗണ്ടര്‍), അജീഷ് പി (ഷൂട്ടിംഗ്), ബബീഷ് (ഇന്‍ഡോര്‍) എന്നിവരും എം.എസ്.പിയിലെ അയ്യൂബ് ടി (ഇന്‍ഡോര്‍, ഓള്‍റൗണ്ടര്‍), ഷിബിന്‍ എസ് (ഷൂട്ടിംഗ്), വിജീഷ് ടി.വി (ഔട്ട്‌ഡോര്‍) എന്നിവരും മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി നിഥിന്‍ അഗര്‍വാള്‍, എസ്.പി സഞ്ജയ്കുമാര്‍ ഗുരുഡിന്‍, എം.എസ്.പി കമാന്റന്റ് പി.എ വല്‍സന്‍, കെ.എ.പി കമാന്റന്റ് കെ.പി ഫിലിപ്, ജെയിംസ് മാത്യു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മുന്‍ എം.എല്‍.എ പി ജയരാജന്‍, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

16/10/2016