മന്ത്രിസഭാ തീരുമാനങ്ങള്‍ 19.10.2016

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ‘ഐക്യകേരളത്തിന്റെ അറുപത് വര്‍ഷം: നവോത്ഥാനത്തില്‍ നിന്ന് നവകേരളത്തിലേക്ക്’ (വജ്രകേരളം) എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുടക്കമാകും. അന്നേ ദിവസം തിരുവനന്തപുരത്ത് സാമൂഹിക-സാംസ്കാരിക രംഗത്തേതടക്കം സമൂഹത്തിന്റെ നാനാതുറകളിലുളള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും.

ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ്, ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലുമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ മുഴുവന്‍ വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും പങ്കാളികളാകും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം ബാധിക്കുന്ന എട്ട് റിസോര്‍ടുകളിലെ തൊഴിലാളികള്‍ക്കുളള നഷ്ടപരിഹാര പാക്കേജ് മന്ത്രിസഭായോഗം അംഗീകരിച്ചു. 211 പേര്‍ക്കായി 6.11 കോടി രൂപയാണ് (6,11,40,000 രൂപ) പാക്കേജിന്റെ ഭാഗമായി നല്‍കാന്‍ തീരുമാനിച്ചിട്ടുളളത്.

പിഎസ്‌സി ചെയര്‍മാനായി അഡ്വ. എം. കെ. സക്കീറിനെ നിയമിക്കുവാന്‍ തീരുമാനിച്ചു. നിലവില്‍ പിഎസ്‌സി അംഗമാണ്.

സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരുടെയും സ്വത്തുവിവരം സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.

സ്വകാര്യ വൃദ്ധസദനങ്ങളില്‍ വൃദ്ധജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പരിഹാരമാര്‍ഗം നിര്‍ദേശിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു.

റാന്നി സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഒരു അദ്ധ്യാപക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയ്ക്ക് ബി.ഫാം, ബി.എസ്‌സി നഴ്സിംഗ് പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്നതിനായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കി.

നിയമനങ്ങള്‍

റോഡ്സ് & ബ്രിഡ്ജ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്‌ന്റെ മാനേജിംഗ് ഡയറക്ടറായി ഡോ. ആശാ തോമസിനെ നിയമിച്ചു.

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്ററായി ഏ.പി.എം. മുഹമ്മദ് ഹനീഷിനെ നിയമിച്ചു.

ബി. ശ്രീനിവാസിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ അധിക ചുമതല നല്‍കി.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്ററായി ഡോ. കെ. ഇളങ്കോവനെ നിയമിച്ചു.

പൊതുമരാമത്ത് വകുപ്പ് റോഡ് പരിപാലന നയരേഖ രൂപീകരിക്കും

പുതിയ സാങ്കേതിക വിദ്യകളും രീതികളും ഉപയോഗിച്ച് റോഡ് പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ റോഡ് പരിപാലന നയരേഖ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള പദ്ധതി 2017 ഏപ്രില്‍ ഒന്നു മുതലാണ് നടപ്പിലാക്കുക.

വകുപ്പിലെ ഒരു ചീഫ് എഞ്ചിനീയറുടെ കീഴില്‍ പ്രത്യേക വിഭാഗം രൂപീകരിച്ചുകൊണ്ടാകും ഇതു നടപ്പില്‍ വരുത്തുക. റോഡുകളുടെ വിശദമായ വാര്‍ഷിക പരിപാലന പദ്ധതി വര്‍ഷത്തില്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതും ഫണ്ട് സ്വരൂപിക്കുന്നതും ചീഫ് എഞ്ചിനീയറുടെ ചുമതലയിലായിരിക്കും.

സംസ്ഥാന പാതയ്ക്കും മേജര്‍ ജില്ലാ റോഡുകള്‍ക്കും ആവശ്യമായ പരിപാലന സമയക്രമങ്ങള്‍ നയരേഖയില്‍ ഉള്‍പ്പെടുത്തും. നിലവിലുളള റോഡുപരിപാലന രീതികള്‍ക്കു പുറമെ പുതിയ രീതികളും പെര്‍ഫോമന്‍സ് മെയിന്‍റനന്‍സ്, പൊതുസ്വകാര്യ പങ്കാളിത്തം തുടങ്ങിയവയും നയരേഖയില്‍ ഉള്‍പ്പെടുത്തും. റോഡ് നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് വേസ്റ്റും സ്വഭാവിക റബറും ചേര്‍ന്ന ബിറ്റുമിന്‍ മിശ്രിതവും കയര്‍ ജിയോടെസ്റ്റും ഉപയോഗിക്കും. റോഡിന്‍റെ അവസ്ഥ, വാഹന സാന്ദ്രത, ഗുണനിലവാരം എന്നിവയുടെ തുടര്‍ച്ചയായ വിശകലനത്തിന് കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗപ്പെടുത്തും.

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അനുശാസിക്കുന്ന റഫ്നസ് ഇന്‍ഡക്സ്, പേവ്മെന്‍റ് കണ്ടീഷന്‍ ഇന്‍ഡക്സ്, എന്നിവയനുസരിച്ച് റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. റോഡുകളുടെ പ്രാധാന്യവും വാഹന സാന്ദ്രതയും റോഡു വിഭാഗവും കണക്കാക്കിയുളള പരിപാലന രീതികള്‍ പിന്തുടരും. എല്ലാ പ്രവൃത്തികളുടെ കരാറുകളിലും കരാറുകാരില്‍നിന്നും പിഴ ഈടാക്കുന്നതിനുളള വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കും. റോഡ് പരിപാലന പ്രവൃത്തികള്‍ക്ക് ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുകയും അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

ന്യൂഡല്‍ഹിയിലെ കേന്ദ്ര റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (സി.ആര്‍.ആര്‍.ഐ) സാങ്കേതിക സഹായത്തിനുളള നോഡല്‍ എജന്‍സിയാക്കും. റോഡുസുരക്ഷാ ഓഡിറ്റും ഗുണനിലവാര പരിശോധനയും നിര്‍ബന്ധമാക്കും. റോഡുകളുടെ പരിപാലനത്തിനായി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് സംഘടകളുടെയും സേവനം ഉറപ്പാക്കും. റോഡു ഉപയോക്താക്കളുടെയും പൊതുജനങ്ങളുടെയും പരാതി പരിഹാരത്തിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും മള്‍ട്ടി മീഡിയ കോള്‍ സെന്‍റര്‍ സംവിധാനം നടപ്പില്‍ വരുത്തും.