അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിക്കൊണ്ടുള്ള സമഗ്രമായ വ്യവസായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കേരളത്തില്‍ മുമ്പ് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ചില സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവയൊന്നും ഉദ്ദേശിച്ച ഫലപ്രാപ്തിയില്‍ എത്താതിരുന്നതിന്റെ പ്രധാനകാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു. ഭൂമിയുടെ ലഭ്യതക്കുറവ്, റോഡ് ഗതാഗതസൗകര്യം ഇല്ലായ്മ, വൈദ്യുതി ലഭ്യതയിലെ ഉറപ്പില്ലായ്മ എന്നിവയൊക്കെ നാം എത്രയേറെ ക്ഷണിച്ചാലും അതു സ്വീകരിക്കുന്നതില്‍നിന്ന് സംരംഭകരെ വലിയൊരളവില്‍ അകറ്റിയിരുന്നു. ഈ പോരായ്മ പരിഹരിക്കുക എന്ന വലിയ ദൗത്യമാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വ്യവസായ വികസനമെന്നത് ദുഷ്കരമാണ് എന്ന തിരിച്ചറിവോടെയുള്ള സമീപനമാവും ഇനി ഉണ്ടാവുക.
അടിസ്ഥാന സൗകര്യ വികസനമെന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനുള്ള മൂര്‍ത്തമായ പദ്ധതി ആവിഷ്കരിച്ചുകഴിഞ്ഞു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് എന്ന കിഫ്ബി നിലവില്‍ വന്നുകഴിഞ്ഞു. അടിയന്തര പ്രാധാന്യമുള്ളതുകൊണ്ടാണ് ഓര്ഡിനന്സിലൂടെത്തന്നെ അത് പ്രാബല്യത്തില്‍ കൊണ്ടുവന്നത്. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപ വരെ സമാഹരിക്കാനും വിനിയോഗിക്കാനുമുള്ള പദ്ധതികളാണ് ഇതിനുകീഴില്‍ തയ്യാറാവുന്നത്.
പുതിയ വ്യവസായങ്ങള്‍ തുടങ്ങുക എന്നതു മാത്രമല്ല, രോഗാതുരമായ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുക, കേന്ദ്രം അടച്ചുപൂട്ടുന്ന കേന്ദ്ര പൊതുമേഖലയിലെ സ്ഥാപനങ്ങളെ ഏറ്റെടുത്തു നടത്തുക, മുന്‍ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങളെ വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവയൊക്കെ ഈ സര്‍ക്കാരിന്റെ പുതിയ സമീപനത്തിന്റെ ഭാഗമാണ്.
ഇപ്പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. കേന്ദ്ര പൊതുമേഖലയിലുണ്ടായിരുന്നതും അവര്‍ അടച്ചുപൂട്ടാനിരുന്നതുമായ ഇന്‍സ്ട്രമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത് ഒരു ഉദാഹരണം. ഏറെക്കാലം പൂട്ടിക്കിടന്ന നാല്പതോളം കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചത് മറ്റൊരു ഉദാഹരണം. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് ആന്റ് കെമിക്കല്‍സ് ലിമിറ്റഡിന്റെ കൊച്ചി യൂണിറ്റിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇനിയുമൊരു ഉദാഹരണം.
വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിനു പിന്നിലുള്ള താല്പര്യങ്ങളില് ഒന്ന് തീര്‍ച്ചയായും അവയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍സംരക്ഷണം കൂടിയാണ്. കശുവണ്ടി ഫാക്ടറി തുറന്നപ്പോള്‍ 18,000 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ഖാദി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മിനിമം വേതനം കേരളം ഉയര്‍ത്തി. മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി സ്കീമിലുടെ ഒരുവര്‍ഷം 1000 കോടി രൂപയുടെ തൊഴില്‍ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ കാലത്ത് ആദ്യം ഉപേക്ഷിക്കേണ്ടത് തൊഴിലാളിയെ ആണെന്ന തത്വം ദേശീയതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. അപ്പോഴാണ് ഒരു ബദല്‍ നയം മുമ്പോട്ടുവെയ്ക്കും വിധം തൊഴിലാളിയെ സംരക്ഷിച്ചുകൊണ്ട് വ്യവസായങ്ങളെ പരിരക്ഷിക്കുന്ന നടപടിയുമായി കേരള സര്‍ക്കാര്‍ മുമ്പോട്ടുപോകുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി വളരെ പ്രാധാന്യമുള്ള ഒന്നായി മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി മുതല്‍ പാലക്കാട് വരെയുള്ള റോഡ്, റെയില്‍പാത എന്നിവയുടെ വശങ്ങളിലായി ഇരുപതോളം വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളും പുതിയ പദ്ധതികളായ എല്‍.എന്‍.ജി. ടെര്‍മിനല്‍ ഐ.സി.ടി.ടി വല്ലാര്‍പാടം, എല്‍.എന്‍.ജി. പൈപ്പ്ലൈനുകള്, അതിവേഗ റെയില്‍ കോറിഡോര്‍ തുടങ്ങിയവയൊക്കെ ഈ പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉണ്ടാവും. പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നത് സുപ്രധാനമാണ്. മലബാര്‍ സിമന്റ്സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ്, കെ.എം.എം.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം തുടങ്ങിയവയില്‍ ഇതിനായുള്ള പദ്ധതികള്‍ നടപ്പാക്കും.
ഇതോടൊപ്പം ആധുനിക കാലത്തിനു ചേരുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടു കൂടിയാണ് നാം നീങ്ങുന്നത്. 1500 സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതും 1000 നൂതന ആശയങ്ങള്‍ക്ക് ഐടി മേഖലയില്‍ പ്രോത്സാഹനം നല്‍കുന്നതും മറ്റും ഇതിന്റെ ഭാഗമാണ്. നമ്മുടെ നാട്ടില്‍ വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് ഇവിടെത്തന്നെ വ്യവസായം നടത്തി മുന്നേറാനുള്ള അന്തരീക്ഷം ഒരുക്കുന്നതിലൂടെ ഈ രംഗത്തെ മസ്തിഷ്ക്കചോര്ച്ച തടയുന്ന കാര്യത്തില്‍ വലിയ ഒരളവ് മുമ്പോട്ടുപോകാന്‍ കഴിയുന്നു.
വ്യവസായങ്ങള്‍ വരുന്നതിനെ തടയുന്ന പ്രധാന കാരണങ്ങളിലൊന്ന് ചുവപ്പുനാടയും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളുമാണ്. അത് മറികടക്കാനുള്ള ഏകജാലക-സുതാര്യ സംവിധാനം നടപ്പില്‍ വരുത്തുന്ന കാര്യം സജീവമായി സര്‍ക്കാര്‍ പരിഗണിക്കും.
ആധുനികവും വലിയ രൂപത്തിലുള്ളതുമായ വ്യവസായങ്ങളെ ആകര്‍ഷിക്കുക എന്നതിനൊപ്പം പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചു ശക്തിപ്പെടുത്തുക എന്നതില്‍ കൂടിയാണ് സര്‍ക്കാരിന്റെ ഊന്നല്‍. ഏതു മേഖലയില്‍ ഏതു മുന്‍കൈ പ്രവര്‍ത്തനം നടത്തുമ്പോഴും അത് മറ്റു മേഖലകളില്‍ കൂടി ഗുണമുണ്ടാക്കണമെന്ന ചിന്തയാണ് സര്‍ക്കാരിനെ നയിക്കുന്നത്. കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം നല്കുമെന്നു പ്രഖ്യാപിക്കുമ്പോള്‍ കൈത്തറി വ്യവസായത്തിന്റെ രക്ഷയ്ക്കുള്ള ഒരു അന്തരീക്ഷം മറുവശത്ത് ഒരുങ്ങുകയാണ്, അതിലൂടെ. സ്കൂള്‍ കുട്ടികള്‍ക്ക് 160 കോടി രൂപ ചെലവാക്കി യൂണിഫോം വിതരണം ചെയ്യുന്നതിനായി 300 ലക്ഷം മീറ്റര്‍ തുണിയാണ് വേണ്ടിവരിക. കൈത്തറി മേഖലയെ ഇത് ഊര്‍ജസ്വലമാക്കും.
സ്മാര്‍ട് സിറ്റിയുടെ വിസ്തീര്‍ണ്ണം 88 ലക്ഷം ചതുരശ്ര അടിയാക്കി വര്‍ധിപ്പിക്കുന്നതില്‍ നിന്നുതന്നെ ആധുനിക വിജ്ഞാന സാങ്കേതികാരംഗത്ത് എത്ര വിശാലമായാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത് എന്നത് വ്യക്തമാണ്.
ഗവണ്മെന്റ് ഒരു പുതിയ വ്യവസായനയം പ്രഖ്യാപിക്കുമെന്നറിയിക്കാന് എനിക്കു സന്തോഷമുണ്ട്. സമഗ്രമായ നയത്തിന്റെ കരടുരേഖ തയ്യാറായി വരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ഇപ്പോള്‍ ബജറ്റ് വിഹിതമായി വെച്ചിരിക്കുന്നത് നുറുകോടി രൂപയാണ്. ഇത് ആവശ്യമെന്നു കണ്ടാല്‍ വര്‍ധിപ്പിക്കും.
മലബാര്‍ സിമന്റ്സ്, ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡ്, കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് എന്നിവ വലിയതോതില്‍ മൂലധനം മുടക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യുട്ടീവ് അടക്കമുള്ള ഉന്നതതല നിയമനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡിനെ തുടര്സംവിധാനമാക്കും.
എഫ്എസിടിയില്‍നിന്നും വാങ്ങുന്ന ഭൂമിയില്‍ 6000 ഏക്കറിലായി പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കും. അയ്യായിരം കോടി രൂപയുടെ പ്ലാന്റ് ഇവിടെ സ്ഥാപിക്കും.
121 കോടി രൂപ ചെലവാക്കി തോന്നക്കലില്‍ 3.30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലൈഫ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കും. ചേര്‍ത്തല പള്ളിപ്പുറത്ത് കെഎസ്ഐഡിസി ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. 23 കോടി ചെലവില്‍ കെഎസ്ഐഡിസി ഒരു എന്‍ജിനീയറിങ് പാര്‍ക്കിന്റെ നിര്‍മാണം പാലക്കാട്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒറ്റപ്പാലത്ത് കിന്‍ഫ്ര 130 കോടി ചെലവില്‍ ഡിഫന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നു. കാക്കനാട്ട് കിന്‍ഫ്ര 141 കോടി ചെലവില്‍ ഇലക്ട്രോണിക് മാനുഫാക്ച്വറിങ് ക്ലസ്റ്റര്‍ സ്ഥാപിക്കുന്നു. കാക്കനാട്ടുതന്നെ ഒരു അന്താരാഷ്ട്ര എക്സിബിഷന് കണ്വന്ഷന് സെന്റര്‍ 134 കോടി രൂപയ്ക്ക് പണിതീര്‍ക്കുന്നുണ്ട്. തലശ്ശേരിയില്‍ 55500 ചതുരശ്ര അടിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
കണ്ണൂരിലെ പട്ടാന്നൂരിലും പണയത്താന്പറമ്പിലും വ്യവസായ സ്ഥാപനത്തിനായി 500 ഏക്കര്‍ വീതം ഏറ്റെടുക്കുകയാണ്. തൊടുപുഴയില്‍ 900 ഏക്കറും ഏറ്റെടുക്കുന്നുണ്ട്. ആറ് വ്യവസായ വികസന കേന്ദ്രങ്ങളില്‍ റോഡുകള്‍ നവീകരിക്കാന്‍ 25 കോടി രൂപ ചെലവാക്കുന്നുണ്ട്. വ്യവസായ വാണിജ്യ വകുപ്പിനുകീഴില്‍ 80,000 പേര്‍ക്ക് തൊഴില്‍ നല്കുന്ന വിധം 15,000 വ്യവസായ യൂണിറ്റുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും.
ആര്ട്ടിസാന്സിന് ആശാ പദ്ധതി നടപ്പാക്കും. ഈ വര്‍ഷം വ്യവസായമേഖലയില്‍ 496 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. വ്യവസായ സംരംഭ നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞു. വ്യവസായ വാണിജ്യ യൂണിറ്റുകള്‍ക്കായുള്ള പല ലൈസന്സുകള്ക്കുവേണ്ടി ഒരു അപേക്ഷ മതിയാകും. അപേക്ഷകളുടെ ഫയലിങ്ങും പരിശോധനകളും ഓണ്‍ലൈന്‍ സമ്പ്രദായത്തിലാക്കും. നടപടിക്രമങ്ങള്‍ ലളിതവല്ക്കരിക്കാന് ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കും. ഡിസംബര്‍31ഓടു കൂടി ഇതെല്ലാം നിലവില്‍ വരും.
സുതാര്യമായ രീതിയില്‍ ഭൂമി വ്യവസായിക ആവശ്യങ്ങള്‍ക്ക് നല്‍കുന്നതിന് ഒരു ലാന്‍ഡ് മാനേജ്മെന്റ് സിസ്റ്റം ആവിഷ്കരിക്കുന്നതാണ്. ഇതിലൂടെ യഥാര്‍ത്ഥ സംരംഭകര്‍ക്ക് മാത്രമേ ഭൂമി ലഭ്യമാക്കുകയുള്ളു എന്ന് ഉറപ്പുവരുത്തുന്നതാണ്.
കേരളത്തിലെ ജനസാന്ദ്രതയും സ്ഥലദൗര്‍ലഭ്യവും കണക്കിലെടുത്ത് വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ബഹുനില വ്യവസായ സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നതാണ്. തിരുവനന്തപുരം വേളിയിലെ രണ്ടാംഘട്ടം, തൃശൂര്‍ ജില്ലയില്‍ പുഴയ്ക്കല്‍പാടം, പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ വ്യവസായ സമുച്ചയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുന്നതാണ്.
ഒരു പ്രദേശത്ത് ഒരേ തരം അസംസ്കൃത വസ്തു ഉപയോഗിക്കുകയോ ഒരേ തരം ഉല്പന്നം നിര്‍മിക്കുകയോ ചെയ്യുന്ന വ്യവസായങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കിവരുന്ന ക്ലസ്റ്റര്‍ പദ്ധതി ഈ വര്‍ഷം ഏഴ് പുതിയ മേഖലകളില്‍ കൂടി വ്യാപിപ്പിക്കും.
വ്യവസായം ആരംഭിക്കുന്ന നവസംരംഭകര്‍ക്കായി അവരുടെ നൂതന ആശയങ്ങള്‍ പരിഗണിച്ച് സ്റ്റാര്‍ട്ട്അപ്പ് സപ്പോര്‍ട്ടും വ്യവസായങ്ങള്‍ ആരംഭിച്ചശേഷം ഇന്‍വെസ്റ്റ്മെന്റ് സപ്പോര്‍ട്ടും ടെക്നോളജി സപ്പോര്‍ട്ടും നല്‍കുന്നതാണ്. പുതിയ സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ ഉല്പന്നമാക്കി മാറ്റുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തുന്നതിനും സഹായകമാകുന്ന രീതിയില്‍ എല്ലാ വ്യവസായ കേന്ദ്രങ്ങളിലും കോമണ്‍ ഫെസിലിറ്റി സര്‍വീസ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്.
ചങ്ങനാശേരിയിലെയും മഞ്ചേരിയിലെയും പൊതുസേവനകേന്ദ്രങ്ങളില് നവ വ്യവസായ സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ പരിശീലനം നല്കി സാമ്പത്തിക സഹായത്തോടെ അവരെ പുതിയ വ്യവസായം നടത്താന്‍ പ്രാപ്തരാക്കുന്നതാണ്.
പുതിയ സാങ്കേതിക വിദ്യയിലൂടെ പുതിയ ഡിസൈനുകള്‍ രൂപീകരിക്കുന്നതിനും അതിലൂടെ പുതിയ മൂല്യവര്‍ധിത ഉല്പന്നങ്ങള് ഉണ്ടാക്കുന്നതിനും കരകൗശല മേഖലയില്‍ ആവശ്യമായ പരിശീലനം നല്കാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അതിലൂടെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിനുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനും ഗവണ്മെന്റ് നടപടി സ്വീകരിക്കുന്നതാണ്. കരകൗശല തൊഴിലാളികളുടെ സംരംഭക പദ്ധതിയുടെ ആശാ പദ്ധതിയും ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്നതാണ്.
കൈത്തറി ഉല്പന്നങ്ങളുടെ ഡൈയിങ്, ഫിനിഷിങ് കാര്യങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ഒഴിവാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ കോമണ്‍ ഫെസിലിറ്റീസ് സെന്റര്‍ ആരംഭിക്കുന്നതാണ്. അഞ്ചുമുതല്‍ പത്തുവരെ തറികള്‍ സ്ഥാപിച്ച് ക്ലസ്റ്റര്‍ മോഡലില്‍ പുതിയ മൂല്യവര്‍ധിത ഉല്പന്നങ്ങള് ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കേരള ഹാന്റ്ലൂം എന്ന ബ്രാന്റ് സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് കൂടുതല്‍ പ്രചാരണം നല്കി, വ്യാജ ഉല്പന്നങ്ങള് കൈത്തറി എന്ന പേരില്‍ വിപണനം ചെയ്യുന്നത് ഒഴിവാക്കാന്‍ കഴിയും. കേരളത്തനിമ നിലനിര്‍ത്തുന്ന കൈത്തറി ഉല്പന്നങ്ങള്ക്ക് വിദേശ വിപണി കണ്ടെത്തും. സ്പിന്നിങ് മില്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതാണ്.
നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംരംഭങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഐഡിസിയെ നിയോഗിച്ചിട്ടുണ്ട്.
101 കോടി രൂപയുടെ പദ്ധതികളാണ് കിന്‍ഫ്രയിലൂടെ ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ്, ഒറ്റപ്പാലത്തെ ഡിഫന്‍സ് പാര്‍ക്ക്, പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, കഴക്കൂട്ടം ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ രണ്ടാംഘട്ട വികസന പദ്ധതികള്‍, പാലക്കാട്ടെയും എറണാകുളത്തെയും വ്യവസായിക ആവശ്യത്തിന് വെള്ളം നല്കുന്ന പദ്ധതി എന്നിവ ഈ വര്‍ഷം ഏറ്റെടുക്കുന്നതാണ്.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വൈകാരികമായ മേഖലയാണ് ഖാദി. ഈ മേഖലയിലെ വളരെ പരിമിതമായ കൂലിയും പുതിയ തൊഴിലാളികള്‍ ഈ മേഖലയിലേക്ക് കടന്നുവരാത്തതും മറ്റ് ഏതു പരമ്പരാഗത മേഖലയെയും പോലെ ഖാദിയെയും ബാധിക്കുന്നുണ്ട്. ഖാദി ഉല്പന്നങ്ങള്ക്ക് കമ്പോളത്തിലെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വില വര്‍ധിപ്പിച്ച് തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനുള്ള നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കുന്നതാണ്. പരമ്പരാഗത ഉല്പാദനരീതി മാറ്റി ഭാഗിക യന്ത്രവല്‍ക്കരണം വഴി തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഖാദിയുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുന്നതാണ്. തൊഴിലാളികള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ ഡയറക്ട് ഫണ്ട്-ട്രാന്‍സ്ഫര്‍ പദ്ധതിയിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.
ധാതുമണല്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന മിനറല്‍സിന്റെയും ഖനനം പൊതുമേഖലയില്‍ നിക്ഷിപ്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളും ഫലപ്രദമായി നടപ്പിലാക്കി, അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും വരുമാനചോര്‍ച്ച അവസാനിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നതാണ്. പെര്‍മിറ്റുകളും ലൈസന്‍സുകളും സുതാര്യമായി നല്‍കുന്നതിന്റെ ഭാഗമായി കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡ് സര്‍വീസ് എന്ന ഒരു പദ്ധതി നടപ്പിലാക്കുന്നതാണ്. ചവറ, തോട്ടപ്പള്ളി ബെല്‍റ്റിലുള്ള മുഴുവന്‍ തീരദേശ മണല്‍ സംസ്കരണവും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കായി നീക്കിവെക്കും. കെംടെല് ആയിരിക്കും ഇതിന്റെ നോഡല്‍ ഏജന്‍സി.
വ്യവസായവകുപ്പിന്റെ അധീനതയില്‍ ഒരു സ്റ്റാറ്റ്യൂട്ടറി കോര്പ്പറേഷന് ഉള്‍പ്പെടെ 42 പൊതുമേഖലാ സ്ഥാപനങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇവയില്‍ 10 സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 2016-17ലെ ബജറ്റില്‍ വകയിരുത്തിയ 100 കോടി രൂപയില്‍ 39.76 കോടി രൂപ ഇതിനകം അനുവദിച്ചുകഴിഞ്ഞു.
2016-17ലെ ബജറ്റില്‍ 496.51 കോടി രൂപയാണ് വ്യവസായത്തിനായി നീക്കിവെച്ചിട്ടുള്ളത്. ഇത് ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് കേരളത്തിന്റെ വ്യവസായ രംഗത്തിന്റെ മുഖഛായ പുരോഗമനപരമായി മാറ്റാനുള്ള ശ്രമമാണ് നടത്തിവരുന്നത്.