തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടെ പണികഴിപ്പിച്ച ഇരുനില ആകാശ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 65 വര്‍ഷം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളേജിന്റെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായത്തോടെ ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. തിരക്കേറിയ റോഡിലൂടെ വീല്‍ചെയറിലും സ്ട്രക്ചറിലും അത്യാസന്നനിലയിലുള്ള രോഗികളെ കൊണ്ടുപോകുന്നത് ഈ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒഴിവാക്കാനാകും എന്നത് ഏറെ സന്തോഷകരമാണ്.
1951 നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജാണ്. ആരോഗ്യ സംരക്ഷണത്തിലും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും മെഡിക്കല്‍ കോളേജിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. വര്‍ഷത്തില്‍ 10 ലക്ഷം പേര് ഇവിടെ ചികിത്സയ്ക്ക് എത്തുന്നതായാണ് കണക്ക്. ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തി ചികിത്സയും നല്‍കുന്നുണ്ട്. അത്യാഹിത വിഭാഗത്തിലെത്തുന്നതാവട്ടെ 20 ലക്ഷത്തിലധികം പേരും. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഒട്ടേറെ സൗജന്യ ചികിത്സാപദ്ധതികള്‍ ഇവിടെ നടപ്പാക്കിവരുന്നുണ്ട്. പതിനായിരക്കണക്കിന് നിര്‍ധനരോഗികള്‍ക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുന്നത്.
നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നുവരികയാണ്. മികവിന്റെ 65-ാം വര്‍ഷത്തില്‍ 65 ഇന കര്‍മ്മ പദ്ധതികള്‍ ഇവിടെ ആരംഭിക്കുകയാണ്. ഇവിടത്തെ അക്കാദമിക് മേഖലയും ചികിത്സാമേഖലയും ഏകോപിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് വിശ്വസിക്കുന്നു.
ഇതിലേറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഒ.പി. കൗണ്ടറിലെ ക്യൂ അവസാനിപ്പിക്കുക എന്നതാണ്. വളരെ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്ന് അതിരാവിലെ ഒ.പി.യിലെത്തി ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ സങ്കടകരമാണ്. ഭക്ഷണം പോലും കഴിക്കാതെ രോഗികളും അവരുടെ കൂടെ വരുന്നവരും അനുഭവിക്കുന്ന ഈ പ്രയാസത്തിന് പരിഹാരം കാണല്‍ പ്രഥമപരിഗണനയായി എടുക്കുകയായിരുന്നു. പ്രതിദിനം 3000 രോഗികളും അവരുടെ ബന്ധുക്കളുമായി പതിനായിരത്തിലധികം പേര് അനുഭവിക്കുന്ന ഈ ദുരിതത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. ക്യൂ സമ്പ്രദായം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റ് നല്കാവുന്ന സാങ്കേതിക വിദ്യ നടപ്പാക്കാന്‍ പോകുകയാണ്. ഓണ്‍ലൈന്‍ സംവിധാനത്തില്‍ അറിവില്ലാത്തവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന സംവിധാനങ്ങളും ഇതിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തും.
65 ഇന കര്‍മ്മ പദ്ധതികളിലെ ആദ്യത്തേതിന്റെ പൂര്‍ത്തീകരണമാണ് ഇന്ന് ഉദ്ഘാടനം ചെയ്യാന്‍പോകുന്ന ഇരുനില ആകാശ ഇടനാഴി. ഇന്‍ഫോസിസ് ഫൗണ്ടേഷന് 5.2 കോടിരൂപ വിനിയോഗിച്ചാണ് ആകാശ ഇടനാഴി നിര്‍മ്മിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി, അത്യാഹിത വിഭാഗം, ഒ.പി. ബ്ലോക്ക്, ബ്ലഡ് ബാങ്ക് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ റോഡിന്റെ ഇരുവശത്തായാണല്ലോ കിടക്കുന്നത്. പ്രതിദിനം 5000 വാഹനങ്ങള്‍ മെഡിക്കല്‍ കോളേജിലെ ഈ റോഡിലൂടെ കടന്നുപോകുന്നതായാണ് കണക്കുകള്‍. ഇത്രയും തിരക്കേറിയ റോഡിലൂടെ വീല്‍ ചെയറിലും സ്ട്രക്ച്ചറിലുമായി അത്യാസന്നരായ രോഗികളെ കൊണ്ടുപോകുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അത്യാഹിത വിഭാഗത്തിലെ രോഗികള്‍ പോലും വിവിധ ടെസ്റ്റുകള്‍ക്കും സ്കാനിംഗുകള്‍ക്കുമായി ഈ റോഡു മുറിച്ചു കടന്നാണ് ബ്ലഡ് ബാങ്കിലേയ്ക്കും ഒ.പി. ബ്ലോക്കിലേയ്ക്കും വരുന്നതെന്ന് നമുക്ക് കാണാം. 2008-ല്‍ പുതിയ ബ്ലഡ് ബാങ്കും 2010-ല്‍ ആ കെട്ടിടത്തില്‍ എം.ആര്.ഐ. സ്കാനിംഗും 2011-ല്‍ പുതിയ ഒ.പി. ബ്ലോക്കും ആരംഭിച്ചതോടെ ഈ റോഡ് മുറിച്ചു കടക്കാനുളള തിരക്കു വര്‍ദ്ധിക്കുകയായിരുന്നു. ഒ.പി.യില്‍ എത്തുന്ന രോഗികള്‍ക്ക് വാര്‍ഡില്‍ അഡ്മിറ്റ് ആകാനും ഈ റോഡ് മുറിച്ചു കടക്കുകയേ നിര്‍വ്വാഹമുള്ളു. 3000-ല്‍ അധികം വരുന്ന രോഗികളും അവരുടെ സഹായികളും ഉള്‍പ്പെടെ പ്രതിദിനം 15000-ല്‍ അധികം പേര്‍ക്ക് ഈ റോഡ് മുറിച്ച് കടക്കേണ്ടിവരികയാണ്. ഇവര്‍ക്കൊക്കെ വലിയ അനുഗ്രഹമാവുകയാണ് ആകാശ ഇടനാഴി.
ചികിത്സയ്ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന സംസ്ഥാനമാണ് കേരളം. ഒട്ടേറെ കുടുംബങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടുന്നതില്‍ ഭീമമായ ചികിത്സാ ചെലവും
പ്രധാന കാരണമാവുകയാണ്. ഇതിനു പരിഹാരമായി പൊതു ആരോഗ്യ സംവിധാനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാ രോഗങ്ങള്‍ക്കും പൂര്‍ണ്ണ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ഒരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യ ശൃംഖല ശക്തിപ്പെടുത്തി മുഴുവന്‍ പൗരന്മാരുടെയും ആരോഗ്യനില തുടര്‍ച്ചയായി പരിശോധിക്കുകയും അതിനനുസരിച്ച് രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 394 കോടിരൂപയാണ് കഴിഞ്ഞ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 22.5 കോടി രൂപ മെഡിക്കല്‍ യൂണിവേഴ്സിറ്റിയ്ക്കുള്ളതാണ്. പ്രഖ്യാപിച്ചിട്ടുള്ള ഒരു മെഡിക്കല്‍ കോളേജും സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കില്ല.
അധ്യാപകരുടെ ലഭ്യതയും സാമ്പത്തിക നിലയും പരിഗണിച്ച് ഘട്ടംഘട്ടമായി അവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിനാവശ്യമായ നിര്‍മ്മാണത്തിനും ഉപകരണങ്ങള്‍ക്കുമുള്ള ചെലവ് മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഹിതത്തില്‍ നിന്നും കണ്ടെത്തുന്നതാണ്.
രോഗപ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള സേവനം ഉറപ്പുവരുത്തുന്ന സമഗ്ര നയവുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. പ്രാഥമിക ആരോഗ്യ ശൃംഖല ശക്തിപ്പെടുത്തി ഓരോ വ്യക്തിയുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിന് വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളും ധനസഹായങ്ങളും സംയോജിപ്പിക്കും. എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സയും ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് സൗജന്യനിരക്കും ഉറപ്പാക്കും.
ജീവനക്കാരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കിവരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അറ്റന്റര്‍ ട്രേഡ് വിഭാഗത്തില്‍ 417 പേര്‍ക്ക് സ്ഥിരം നിയമനം നല്കി കഴിഞ്ഞു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 390 തസ്തികകള്‍ സൃഷ്ടിച്ചു. മെഡിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവരെ കാലതാമസം ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും നിയമിക്കാന്‍ പി.എസ്.സി.യില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ആവശ്യമെങ്കില്‍ മെഡിക്കല്‍ സര്‍വ്വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ആരംഭിക്കാനും നടപടിയെടുക്കും. ഡോക്ടര്‍മാരുടെ ഒഴിവ് നികത്തി വരുന്നു. ജീവനക്കാരുടെ പ്രമോഷന് സമയബന്ധിതമായി നടപ്പാക്കാന്‍ നടപടിയെടുക്കും.
ആരോഗ്യപരിപാലനത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചുവരുന്നുണ്ട്. യു.എന്‍. സുസ്ഥിര പദ്ധതി ലക്ഷ്യങ്ങളില്‍ പ്പെടുത്തിയും നിരവധി പദ്ധതികള്‍ ആവിഷ്ക്കരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ നവീകരിക്കുകയാണ്. റോഡപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നതിന് ആംബുലന്‍സ് നെറ്റ് വര്‍ക്ക് സംവിധാനം ആരംഭിക്കും. മെഡിക്കല്‍ സര്‍വ്വകലാശാല രൂപീകരണ സമിതിയുടെ ശുപാര്‍ശ അനുസരിച്ചുള്ള ഗവേഷണകേന്ദ്രങ്ങള്‍ സര്‍വ്വകലാശാലയുടെ കീഴില്‍ ആരംഭിക്കും.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ച അത്യാധുനിക ആകാശ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടൊപ്പം സാമൂഹ്യപ്രതിബദ്ധതയോടെ ഇതിനു മുന്‍കൈയെടുത്ത ഇന്‍ഫോസിസ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശ്രീമതി. സുധാമൂര്‍ത്തിയെ അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.