ആകാശ ഇടനാഴി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ.പി. ടിക്കറ്റിനു വേണ്ടി ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥപരിഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റ് നല്‍കുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അഞ്ചുകോടി ഇരുപതു ലക്ഷം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ ഇരുനില ആകാശ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് പോലുള്ള വലിയ ആശുപത്രികളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഒ.പി. ടിക്കറ്റിങ് സമ്പ്രദായം ഇവിടെയും വിജയകരമായി നടപ്പാക്കും. മെഡിക്കല്‍ കോളേജിന്റെ അറുപത്തഞ്ചാം വാര്‍ഷികാഘോഷവേളയില്‍ അറുപത്തഞ്ചിന കര്‍മപരിപാടികള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കും. താങ്ങാനാവാത്ത ചികിത്സാ ചെലവുകള്‍ പരിഹരിക്കാന്‍ പൊതു ആരോഗ്യ സംവിധാനത്തെ കേന്ദ്രീകരിച്ച് എല്ലാ രോഗങ്ങള്‍ക്കും പൂര്‍ണമായ സൗജന്യ ചികിത്സാ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കുടുംബങ്ങളുമായി ബന്ധപ്പെട്ടുള്ള ചികിത്സാ സംവിധാനം പ്രാഥമികാരോഗ്യ സ്ഥാപനങ്ങളില്‍തുടങ്ങി ഓരോ ആളുടേയും ആരോഗ്യനില തുടര്‍ച്ചയായി പരിശോധിച്ച് രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും. കുറഞ്ഞ ചെലവില്‍ ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും ഉറപ്പു വരുത്തുന്ന സമഗ്രനയം ആരോഗ്യമേഖലയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് സൗജന്യ നിരക്കും സര്‍ക്കാര്‍ ഉറപ്പാക്കും.

മെഡിക്കല്‍ കോളേജ് മുതല്‍ താഴേക്കുള്ള സ്ഥാപനങ്ങളെ നല്ല നിലവാരത്തിലെത്തിക്കുന്നതിന്റെ ആദ്യഘട്ടമായി എല്ലാ മെഡിക്കല്‍ കോളേജുകളെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പലകാര്യങ്ങളും നടപ്പിലാക്കുന്നത് സഹായ സന്നദ്ധതയുള്ളവരുടെ സഹായം സ്വീകരിച്ചുകൊണ്ടാണെന്നും മെഡിക്കല്‍ കോളേജിനുവേണ്ടി അഞ്ചുകോടിയില്‍പരം രൂപ ചെലവിട്ട ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ നടപടി അങ്ങേയറ്റം മനുഷ്യസ്‌നേഹപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഴയ ആശുപത്രി ബ്ലോക്കിലെയും പുതിയ ഒ.പി. ബ്ലോക്കിലെയും ഒന്നാം നിലയേയും രണ്ടാം നിലയേയും ബന്ധിപ്പിക്കുന്ന 124 മീറ്റര്‍ നീളമുള്ള രണ്ട് ഇടനാഴിയാണ് മെഡിക്കല്‍ കോളേജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബലക്കുറവുള്ള ഭാഗങ്ങളില്‍ പൈലിംഗ് നടത്തി വലിയ തൂണുകള്‍ സ്ഥാപിച്ച് അതിനുമുകളില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ ഒരുക്കി തുരുമ്പു പിടിക്കാത്ത ഫ്‌ളോര്‍ഷീറ്റുകള്‍ ഇട്ടാണ് ഇടനാഴിക്ക് പ്ലാറ്റ്‌ഫോം ഒരുക്കിയത്. അതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് തെന്നിവീഴാത്ത വിധത്തില്‍ ആന്റി സ്‌കിഡ് ടൈല്‍സ് വിരിച്ച് വശങ്ങളില്‍ ഗ്രാനൈറ്റ് പതിച്ച് അഞ്ചുവര്‍ഷത്തേക്ക് യാതൊരു അറ്റകുറ്റപ്പണിയും വേണ്ടാത്തവിധത്തില്‍ ലോകോത്തര നിലവാരത്തിലാണ് ഇത് പൂര്‍ത്തിയാക്കിയതെന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാമൂര്‍ത്തി പറഞ്ഞു.

വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.എസ് ഷര്‍മ്മദ,് ഇന്‍ഫോസിസ് കേരള ഡവലപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസ് എന്നവര്‍ സംബന്ധിച്ചു.