കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍

കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലും സ്വകാര്യവല്‍ക്കരിക്കുന്നതിലും കേരളത്തിനു പൊതുവില്‍ ഉത്കണ്ഠയുണ്ട്. ഈ ഉത്കണ്ഠയാണ് ഈ ചര്‍ച്ചയ്ക്ക് അടിസ്ഥാനം. അതു സര്‍ക്കാര്‍ പൂര്‍ണമായും പങ്കിടുന്നു. ഒരുവശത്തു കേന്ദ്രനിക്ഷേപം പൊതുമേഖലയില്‍ കുറയുന്നു. മറുവശത്തു നിലവിലുള്ള പരിമിതമായ പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും പൂട്ടുന്നു. വളരെ വര്‍ഷങ്ങളായി തുടരുന്ന ഒരു അവസ്ഥയാണിത്. ഇതിലുള്ള ആശങ്ക പലതവണ കേന്ദ്രത്തെ കേരളം അറിയിച്ചിട്ടുള്ളതുമാണ്.
ആഗോളവത്ക്കരണ നയങ്ങള്‍ ശക്തിപ്പെട്ടുവന്നതോടെ, ഇക്കാലമത്രയും ഇവിടെ ഉല്പാദിപ്പിച്ചുകൊണ്ടിരുന്ന ഇനങ്ങള്‍ കൂടി വന്‍തോതില്‍ ഇറക്കുമതി ചെയ്യാമെന്നു വന്നു. ഇറക്കുമതി നയത്തിലെ ഈ വൈകല്യംമൂലം എഫ്.എ.സി.റ്റിയുടെ കാപ്രോലാക്ടം പ്ലാന്‍റ് അടക്കമുള്ളവ പ്രതിസന്ധിയിലായ കാര്യം നമുക്കറിയാം. ഇറക്കുമതി ആഭ്യന്തരഉല്പന്നങ്ങള്‍ക്ക് കമ്പോളം കിട്ടാത്ത അവസ്ഥയുണ്ടാക്കും. അങ്ങനെ നമ്മുടെ ഫാക്ടറികള്‍ പൂട്ടിപ്പോവും.

ഇത്തരം ഒരു നയം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നിലനില്‍ക്കുമ്പോഴും അതിന്‍റെ ഫലമായി അടച്ചുപൂട്ടപ്പെട്ട ഫാക്ടറികള്‍ തുറക്കുന്നതിനുള്ള ശ്രമങ്ങളാണ് നാം നടത്തുന്നത്. ഇന്‍സ്ട്രുമെന്‍റേഷന്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ കേന്ദ്രം നിശ്ചയിച്ചപ്പോള്‍ അതിന്‍റെ ഭാഗമായ പാലക്കാട്ടെ യൂണിറ്റിനെ സംരക്ഷിച്ചു നിര്‍ത്തി. ഇങ്ങനെ, പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും ഒരു ബദല്‍നയം മുന്‍നിര്‍ത്തി അടച്ചുപൂട്ടലിനെയും ലേ-ഓഫിനെയും പിരിച്ചുവിടലിനെയും ഒക്കെ ചെറുക്കുകയും സ്ഥാപനങ്ങളെയും ജീവനക്കാരെയും രക്ഷിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍.

കേന്ദ്രം ഓരോ വര്‍ഷവും ഇറക്കുമതി നയം ഉദാരമാക്കിക്കൊണ്ടിരിക്കുകയാണ്. ഇറക്കുമതിചുങ്കം കുത്തനെ കുറയ്ക്കുകയാണ്. റബ്ബര്‍ മുതല്‍ കാപ്രോലാക്ടം വരെ എല്ലാത്തിനും ഇതു ബാധകമാണ്. ഇറക്കുമതി ചുങ്കം കുറയുന്ന മുറയ്ക്ക് ഇറക്കുമതി കൂടുകയും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ക്കു കമ്പോളത്തില്‍ വില കിട്ടാതാവുകയുമാണ്. ഇതിനിടയിലാണ് കേന്ദ്രപൊതുമേഖലാ നിക്ഷേപത്തിലെ കുത്തനെയുള്ള കുറവ്. ഇന്ത്യയിലെ കേന്ദ്രപൊതുമേലാ സ്ഥാപനങ്ങളില്‍ നടത്തിയ മൊത്തം നിക്ഷേപത്തില്‍ നിന്നും കേരളത്തിന് 2012-13ല്‍ ലഭിച്ചത് 2.2 ശതമാനം മാത്രമാണ് എന്നറിയുമ്പോള്‍ എത്ര തുച്ഛമാണ് കേരളത്തിന് ലഭിക്കുന്ന പരിഗണന എന്നു വ്യക്തമാകും. ആ വിഹിതം പോലും 2013-14ല്‍ 1.43 ശതമാനമായി ഇടിഞ്ഞു. മഹാരാഷ്ട്രയില്‍ 16.92 ശതമാനവും ആന്ധ്രാപ്രദേശില്‍ 7.26 ശതമാനവും തമിഴ്നാട്ടില്‍ 6.84 ശതമാനവുമുള്ളപ്പോഴാണ് കേരളം 1.43 ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുന്നത്. ഈ അവഗണനാമനോഭാവം മാറണം. ഇത് മാറ്റിയെടുക്കാനുള്ള സമ്മര്‍ദ്ദം ശക്തമായി കേന്ദ്രത്തിനുമേല്‍ ഉണ്ടാവണം.

കേന്ദ്രത്തിന്‍റെ മനോഭാവം മാറുക എന്നതു പ്രധാനമാണ്. 1951 ഏപ്രില്‍ 1ന് ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ 5 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ഉണ്ടായിരുന്ന നിക്ഷേപം 29 കോടിയായിരുന്നു. ഇന്ന് അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥാനത്ത് 298 എണ്ണം ഉണ്ട്. നിക്ഷേപം 24 കോടിയില്‍ നിന്ന് 10,96,057 കോടിയിലേക്ക് ഉയര്‍ന്നു. എന്നാല്‍, ഇതേ സമയം തന്നെയാണ് 56,500 കോടിയുടെ പൊതുമേഖലാ ഓഹരിവില്പന കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചത്. 1,77,138.43 കോടി രൂപയുടെ ഓഹരി വിറ്റുകഴിഞ്ഞു. കേരളത്തിന്‍റെ കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാവുന്നത് ഈ ദേശീയ പശ്ചാത്തലത്തില്‍ കൂടിയാണ്. കേരളത്തിലെ ആകെ കേന്ദ്രനിക്ഷേപം ജനസംഖ്യാനുപാതികമായി നോക്കിയാല്‍ 3 ശതമാനത്തിലധികമാവണം. ഒരിക്കലും ആ തലത്തിലേക്ക് ഉയരുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ തുടരെയുള്ള അടച്ചുപൂട്ടല്‍ കൂടിയാവുമ്പോള്‍ ഇത് വീണ്ടും കുറയും.

എഅഇഠ യുടെ സഞ്ചിതനഷ്ടം 1956 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. വളത്തിന്‍റെ വില നിശ്ചയിക്കാന്‍ ഉല്പാദിപ്പിക്കുന്നവര്‍ക്ക് അവകാശമില്ലാത്തതുകൊണ്ട് ഉല്പാദനച്ചിലവിന്‍റെ പകുതി വിലയ്ക്കാണ് വില്‍ക്കുന്നത്. കേന്ദ്ര സബ്സിഡി കൊണ്ടാണ് ഇതിന്‍റെ ആഘാതം കുറയേണ്ടത്. ആ സബ്സിഡി ഒരിക്കലും വേണ്ട തോതില്‍ വേണ്ടസമയത്തു ലഭിക്കുന്നില്ല. എഅഇഠ യെ സംരക്ഷിക്കാന്‍ ശരാശരി വിലയ്ക്ക് പ്രകൃതി വാതകം ലഭ്യമാക്കണം. എഅഇഠ യുടെ പുനരധിവാസ പാക്കേജ് അംഗീകരിക്കണം. ഈ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങളായി എഅഇഠ ജീവനക്കാര്‍ പോരാട്ടരംഗത്തായത്.ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്‍റെ കാര്യമെടുക്കാം. ആകഎഞ മീറ്റിംഗില്‍ ഒഛഇഘ അടച്ചുപൂട്ടാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. കേരള മുഖ്യമന്ത്രിയുടേയും എം.പി.മാരുടേയും നിരന്തര ഇടപെടലിന്‍റെ ഫലമായാണ് കേന്ദ്രം അതില്‍ നിന്നും പിന്തിരിഞ്ഞത്. പുനരുദ്ധാരണ പാക്കേജിലൂടെയേ അതിനെ രക്ഷിക്കാനാവൂ. ഒഛഇഘ നെ രക്ഷിക്കാനാണവിടെ ജീവനക്കാര്‍ ശ്രമിക്കുന്നത്. ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെയാണ് 15 മാസമായി അവിടെ ജീവനക്കാര്‍ കഴിയുന്നത്.

കൊച്ചിന്‍ ഷിപ്പിയാര്‍ഡ് വിപുലസാധ്യതയുള്ള ഒന്നാണ്. എന്നാല്‍, ആ വഴിക്കല്ല കേന്ദ്രത്തിന്‍റെ ശ്രമം. 25 ശതമാനം ഓഹരികള്‍ വില്പനയ്ക്കു വെച്ചിരിക്കുകയാണ്. ഈ നിലപാട് തിരുത്തിയേ പറ്റൂ. കേന്ദ്ര ഓഹരി വില്പന നിര്‍ത്തണം. നാവികസേനയ്ക്കുവേണ്ടി തദ്ദേശീയമായി രൂപകല്പന ചെയ്ത വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ച ചരിത്രമുള്ള സ്ഥാപനമാണിത്. ഇതിനെ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തണം. പുതിയ ഓര്‍ഡറുകള്‍ പിടിച്ചാല്‍ 5 വര്‍ഷംകൊണ്ട് 1500 കോടി ലാഭമുണ്ടാക്കാമെന്നു പഠനങ്ങളില്‍ പറയുന്നു. അവിടെയാണ് ഓഹരി വിറ്റഴിച്ച് പൊതുമേഖലാ സങ്കല്പത്തെ തന്നെ ഉപേക്ഷിക്കുന്നത്.ഒങഠയില്‍ 1990 വരെ 27,000 ജീവനക്കാരുണ്ടായിരുന്നു. 2016ല്‍ ഇവിടെയുള്ളത് 259 സ്ഥിരം ജീവനക്കാര്‍ മാത്രം. ഇതില്‍നിന്നുതന്നെ തെളിയുന്നുണ്ട് ഒങഠ യുടെ തകര്‍ച്ച. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും പ്രതിസന്ധിയിലാണ്. ഷെയര്‍ ഹോള്‍ഡിങ്ങ് ഘടനയക്ക് മാറ്റം വരുത്തണമെന്ന കേന്ദ്രനിര്‍ബന്ധം അതിനെ കൂടുതല്‍ വിഷമത്തിലാക്കുന്നു. കേരളത്തിലെ ഏക വന്‍കിട തുറമുഖമാണത്. കേരളത്തിന്‍റെ വാണിജ്യ വ്യവസായ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള തുറമുഖം. കൊളംബോ തുറമുഖവുമായി മത്സരിച്ച് ചരക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും അഞ്ച് വര്‍ഷത്തിനിടയില്‍ കാര്യമായ ഒരു പുരോഗതിയും ഈ രംഗത്ത് ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്‍റ് ടെര്‍മിനലാണ് വല്ലാര്‍പാടത്ത് സ്ഥാപിച്ചത്. ഇതിനായി ദുബായ് പോര്‍ട്ട് ഇന്‍റര്‍നാഷണലും കൊച്ചി പോര്‍ട്ട് ട്രസ്റ്റും തമ്മില്‍ 30 വര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയിരുന്നു. കരാറിന്‍റെ ഭാഗമായി കൊച്ചി തുറമുഖത്തിന്‍റെ ഉടമസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്ന രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ അടച്ചുപൂട്ടി. ഇതുമൂലം കൊച്ചി തുറമുഖത്തിന്‍റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടിലായി. കരാര്‍ പ്രകാരം ടെര്‍മിനലില്‍ നിന്ന് ലഭിക്കുന്നതിന്‍റെ 33.3 ശതമാനം മാത്രം കൊച്ചി തുറമുഖത്തിന് ലഭിക്കുന്ന പദ്ധതിക്ക് പൊതുഖജനാവില്‍ നിന്നും 2,000 കോടിയോളം ചിലവഴിച്ചിട്ടുണ്ട്. കപ്പല്‍ ചാലിന്‍റെ ആഴം നിലനിര്‍ത്താന്‍വേണ്ടി വര്‍ഷംതോറും 180 കോടി വീതം കൊച്ചിന്‍ പോര്‍ട്ട് ചെലവാക്കിക്കൊണ്ടുമിരിക്കുന്നു. ടെര്‍മിനിലിനുവേണ്ടി ചെലവഴിക്കുന്ന തുകയും ഉണ്ടാകുന്ന വരുമാനവും തമ്മില്‍ ഒരു പൊരുത്തവും ഇല്ല. ഓരോ വര്‍ഷവും 100 കോടിയുടെ നഷ്ടം സഹിക്കേണ്ടിവരുന്നു. ഇതാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ തകര്‍ക്കുന്ന പ്രധാന ഘടകം. കരാറില്‍ ഡി.പി. വേള്‍ഡിന് അനൂകൂലമായ ഘടകം നിലനില്‍ക്കേ, ഡി.പി. വേള്‍ഡ് നടത്തുന്ന കൊച്ചി-ചെന്നൈ-മുംബൈ തുറമുഖങ്ങളെ ഹിന്ദുസ്ഥാന്‍ പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലാക്കി ഷെയര്‍ഹോള്‍ഡിങ്ങ് ഘടനയ്ക്ക് മാറ്റം വരുത്തുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കി. ഇതും ഒരു കാരണമാണ്.
കൊച്ചി തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ള എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകാത്ത സാഹചര്യത്തില്‍ ദുബായ് പോര്‍ട്ടുമായുള്ള എഗ്രിമെന്‍റ് അനിശ്ചിതത്വത്തിലാണ്. ഇതിന്‍റെ കാര്യത്തില്‍ എന്തുചെയ്യണമെന്ന പ്രശ്നമുണ്ട്. ഇത് കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്.
1330 കോടി വിറ്റുവരവുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ സ്ഥിരം തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയാണ്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റാകട്ടെ, ന്യൂസ് പ്രിന്‍റിന്‍റെ ഇറക്കുമതിചുങ്കം കേന്ദ്രം പൂര്‍ണ്ണമായി എടുത്തു കളഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധിയിലായത്.

കഞ്ചിക്കോട്ടെ ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡിന്‍റെ കാര്യം ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചു. അതു ലാഭത്തിലാണ്. എന്നാല്‍, രാജസ്ഥാനിലെ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അതിന്‍റെ സഹസ്ഥാപനം നഷ്ടത്തിലാണെന്നു പറഞ്ഞ് കഞ്ചിക്കോട്ടെ ഫാക്ടറി കൂടി അടച്ചുപൂട്ടാനായിരുന്നു നീക്കം. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് അതിനെ രക്ഷിച്ചു. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ കഞ്ചിക്കോട്ടു തുടങ്ങിയ ആഋങഘ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചു കഴിഞ്ഞു. വില്‍ക്കാന്‍ വെച്ചിരിക്കുന്നവയുടെ ലിസ്റ്റിലാണ് ഇപ്പോള്‍ ഇതിന്‍റെ സ്ഥാനം.

കഞ്ചിക്കോട് ഐ.ടി.ഐ യെ രക്ഷിക്കാന്‍ കേന്ദ്ര പുനരുദ്ധാരണ പാക്കേജ് അംഗീകരിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് ധാതുമണല്‍ ഖനനത്തിന്‍റെ അഭാവത്തില്‍ വേണ്ടതോതില്‍ പ്രവര്‍ത്തിക്കുന്നില്ല. ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ഇറക്കുമതി കൊണ്ട് വിഷമിക്കുന്നു. കോച്ചിന്‍ റിഫൈനറി മെച്ചപ്പെട്ട നിലയിലാണ്. പുതിയ പ്ലാന്‍റ് വരുന്നതോടെ കൂടുതല്‍ സാധ്യത തെളിയും. ഒരു വര്‍ഷത്തെ ലാഭം 3610 കോടി രൂപയാണ്.പൊതുവേ നോക്കിയാല്‍ തൊഴില്‍ സമരങ്ങളോ തൊഴില്‍ദിന നഷ്ടങ്ങളോ ഒന്നും നമ്മുടെ കേരള പൊതുമേഖലാസ്ഥാപനങ്ങളെ വിഷമത്തിലാക്കിയിട്ടില്ല എന്നു കാണാം. യഥാര്‍ത്ഥത്തില്‍ കേന്ദ്ര ഇറക്കുമതി നയം, ഓഹരി വിറ്റഴിക്കല്‍, നിക്ഷേപം കുറയ്ക്കല്‍, അവഗണനാ മനോഭാവം തുടങ്ങിയവയാണ് അവയെ നഷ്ടത്തിലാക്കുന്നത്. ആ നയങ്ങള്‍ തിരുത്തിക്കാന്‍ ഈ സഭ ഒറ്റക്കെട്ടായി ആവശ്യപ്പെടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.