എം.പി. കോണ്‍ഫറൻസ്

പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കേരളത്തിൽ നിന്നുള്ള എം.പിമാരുടെ യോഗത്തിൽ ഇന്നലെ പങ്കെടുത്തു. എം. പിമാരുടെ അടിയന്തിരശ്രദ്ധ പതിയേണ്ട സംസ്ഥാനത്തിന്റെ ചില വിഷയങ്ങളെക്കുറിച്ച് അവരോട് സംസാരിച്ചു.

കേന്ദ്രസർക്കാർ സംസ്ഥാത്തിന് അരിവിഹിതം വെട്ടിക്കുറച്ചതിനെക്കുറിച്ച് മുൻപ് ഒരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. അതിൽ വിട്ടുവീഴ്‌ചയില്ല. നടപടിക്രമങ്ങളിൽ അൽപം കാലതാമസം വന്നാൽ ഉടൻ അരി നിഷേധിക്കും എന്നു പറയുന്നതു നീതിയല്ല. സുഗന്ധവ്യഞ്‌ജനങ്ങൾ വിദേശനാണ്യം നേടിത്തരുമെന്നും അതുകൊണ്ട്‌ ഉല്‍പാദനമേഖലയിലെ ഊന്നൽ അതിലാകണമെന്നും അതുകൊണ്ട്‌ ഭക്ഷ്യധാന്യ രംഗത്തുണ്ടാവുന്ന കുറവ്‌ നികത്തിത്തന്നുക്കൊള്ളാമെന്നും പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ തന്നെ കേന്ദ്രം ഉറപ്പുനല്‍കിയിരുന്നു. അതു പ്രകാരമാണ്‌ കേരളം സുഗന്ധവ്യഞ്‌ജനങ്ങളിൽ കേന്ദ്രീകരിച്ചത്‌. അതുകൊണ്ട്‌ കേന്ദ്ര വിദേശനാണ്യ ഖജനാവ്‌ കനത്തു. എന്നാൽ, അതിന്റെ തുച്ഛഭാഗമെങ്കിലും നല്‍കി ഭക്ഷ്യരംഗത്തെ കേരളത്തിന്റെ പോരായ്‌മ നികത്താൻ നടപടിയൊന്നും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോൾ നിയമസാങ്കേതികത്വം പറയുന്ന കേന്ദ്രത്തെ, അവരുടെതന്നെ പഴയ ഉറപ്പും അതിന്റെ ലംഘനവും ഓര്‍മിപ്പിക്കേണ്ടതുണ്ട്. കേരളത്തിൽ സ്‌റ്റാറ്റ്യൂട്ടറി റേഷനിങ്‌ വന്ന പ്രത്യേക പശ്‌ചാത്തലത്തിൽ വേണം, ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുംവരെ നിര്‍ബാധം അരി ലഭിക്കണമെന്ന ആവശ്യത്തിൽ ജനപ്രതിനിധികൾ പാർലമെന്റിൽ ഊന്നേണ്ടത്‌.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ സ്ഥിതി പരിതാപകരമാണ്. മൊത്തം കേന്ദ്ര നിക്ഷേപത്തില്‍നിന്ന്‌ മഹാരാഷ്‌ട്ര പോലുള്ള സംസ്ഥാനങ്ങള്‍ക്ക്‌ 16.92 ശതമാനം ലഭിക്കുമ്പോൾ കേരളത്തിനു ലഭിക്കുന്നത്‌ 2.2 ശതമാനവും 1.43 ശതമാനവും മറ്റുമാണ്‌. ഒരുവശത്ത്‌ നിക്ഷേപം ഇടിയുന്നു, മറുവശത്ത്‌ കേന്ദ്ര വ്യവസായ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ഇറക്കുമതി ഉദാരവല്‍ക്കരണം, ഓഹരി വിറ്റഴിക്കൽ തുടങ്ങി പല കാര്യങ്ങളാണ്‌ പൊതുമേഖലയെ തകര്‍ക്കുന്നത്‌. ഇക്കാര്യത്തിൽ തിരുത്തൽ ഉണ്ടാകാൻ എം.പിമാർ ഇടപെടേണ്ടതുണ്ട്.

പാമോലിൻ ഇറക്കുമതി കേര കര്‍ഷകരെയും റബ്ബർ ഇറക്കുമതി റബ്ബർ കര്‍ഷകരെയും ഒക്കെ രൂക്ഷമായി ബാധിക്കുന്നുണ്ട്. അത്തരം പ്രശ്‌നങ്ങളിൽ രാഷ്‌ട്രീയ നിരപേക്ഷമായ ഒറ്റക്കെട്ടായ സമീപനം ഉണ്ടാവണം. കേരളത്തിന്റെ പദ്ധതി നിര്‍ദേശങ്ങള്‍ക്ക്‌ കാലവിളംബരം കൂടാതെ അനുമതി കിട്ടുന്നതടക്കമുള്ള കാര്യങ്ങളിൽ എം.പിമാർക്ക് കാര്യമായി ഇടപെടാനാവും. റബ്ബറിന്റെ ഇറക്കുമതി ചുങ്കം കാര്യമായി ഉയര്‍ത്തുകയും റബ്ബർ ഇറക്കുമതി ചില തുറമുഖങ്ങളിലേക്കു മാത്രമായിട്ടെങ്കിലും പരിമിതപ്പെടുത്തുകയും ചെയ്യണം.

പല മേഖലകളിലും കേരളത്തിന്‌ അര്‍ഹതപ്പെട്ടത്‌ ലഭിക്കാതെ പോകുന്നുണ്ട്‌. രാഷ്‌ട്രീയ കൃഷി വികാസ്‌ യോജനയിൽ നേരത്തെ 300 കോടി കിട്ടിയിടത്ത്‌ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിൽ 180 കോടിയായി കുറഞ്ഞു. നെല്‍കൃഷിക്കായി അനുവദിച്ച 81 കോടിയിൽ 57 കോടി മാത്രമേ സംസ്ഥാനത്ത്‌ എത്തിയുള്ളു. ബാൾ കൊപ്രയുടെ വില കിന്റലിന്‌ 9200 രൂപയും മില്ലിങ്‌ കൊപ്രയുടെ വില 8300 രൂപയും ആക്കി നിശ്‌ചയിക്കണമെന്ന്‌ ആവശ്യപ്പെട്ടുവെങ്കിലും യഥാക്രമം 6785, 6500 എന്നീ നിരക്കിലേ കേന്ദ്രം നിശ്‌ചയിച്ചുള്ളു.

2014-15 സാമ്പത്തികവർഷം വരെ കേന്ദ്ര പദ്ധതികളായ RKVY, NFSM, RAD എന്നീ പദ്ധതികള്‍ക്ക്‌ 100 ശതമാനം കേന്ദ്രസഹായം അനുവദിച്ചിരുന്നു. ആത്മ, കാര്‍ഷിക യന്ത്രവല്‍ക്കരണം എന്നീ പദ്ധതികൾ 90:10 എന്ന അനുപാതത്തിലും NHM പദ്ധതി 85:15 എന്ന അനുപാതത്തിലുമാണ്‌ നടപ്പിലാക്കിവരുന്നത്‌. എന്നാൽ, 2015-16 മുതൽ എല്ലാ പദ്ധതികളും 60:40 അനുപാതം നടപ്പാക്കി. ഇതുമൂലം സംസ്ഥാനത്തിന്‌ 40 ശതമാനം തുകയുടെ അധികബാധ്യത വന്നു. ഈ അവസ്ഥ മാറ്റി പഴയ നില പുനഃസ്ഥാപിക്കാൻ സംഘടിതമായ ശ്രമം ഉണ്ടാവണം.