മന്ത്രിസഭാ തീരുമാനങ്ങള്‍ 02-11-2016

സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ അരി

ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട(അന്തിമ പട്ടികക്ക് വിധേയമായി) അന്ത്യോദയ- അന്നയോജന വിഭാഗങ്ങളില്‍ പെടുന്ന 595800 കാര്‍ഡുകളിലെ 2558631 ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള പ്രകാരം തന്നെ കാര്‍ഡ് ഒന്നിന് 35 കിലോ അരി വീതം സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ വിതരണം നടത്താന്‍ മന്ത്രിസഭായോഗം തിരുമാനിച്ചു.

താല്‍ക്കാലിക മുന്‍ഗണനാപട്ടികയിലെ ശേഷിക്കുന്ന 2837236 കാര്‍ഡുകളിലെ 12921410 ഗുണഭോക്താക്കള്‍ക്ക് (അന്തിമ പട്ടികക്ക് വിധേയമായി) ആളൊന്നിന് അഞ്ച് കിലോ ധാന്യങ്ങള്‍ (അരിയും ഗോതമ്പും) 80:20 അനുപാതത്തില്‍ സമ്പൂര്‍ണ്ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യും.

സംസ്ഥാനത്തിന്‍റെ ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും കരട് മുന്‍ഗണന ഇതരപട്ടികയില്‍ പെട്ടവരായ (അന്തിമ പട്ടികക്ക് വിധേയമായി) 12150769 ആളുകള്‍ക്ക്, മുന്‍പ് എപിഎല്‍ (എസ്. എസ്) വിഭാഗത്തിന് പരിഗണന ലഭിച്ചതു പോലെ, രണ്ട് രൂപ നിരക്കില്‍ ആളൊന്നിന് രണ്ട് കിലോഗ്രാം അരി വിതരണം ചെയ്യും. ശേഷിക്കുന്ന മുന്‍ഗണനാ ഇതര വിഭാഗത്തിന് ഒരു കിലോ ഗോതമ്പ്, ലഭ്യമായ അളവില്‍ അരി എന്നിവ നിലവില്‍ നല്‍കുന്ന എപിഎല്‍ നിരക്കില്‍ വിതരണം ചെയ്യും.

നിയമനങ്ങള്‍

കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ അധിക ചുമതല കൂടിയുണ്ടാകും.

ഭക്ഷ്യ സുരക്ഷാ കമ്മീഷണായി നവജ്യോത് ഖോസയെ നിയമിച്ചു. കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതല കൂടിയുണ്ടാകും.

സിവിള്‍ സപ്ലെസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടറായി വി രതീശനെ നിയമിച്ചു.

ടി വി അനുപമയെ സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായി നിയമിച്ചു. വിമുക്തി പ്രൊജക്ടിന്‍റെ അധികചുമതല കൂടിയുണ്ടാകും.

പി ബാലകിരണിനെ പഞ്ചായത്ത് ഡയറക്റായി നിയമിച്ചു. കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ടിന്‍റെ അധിക ചുമതല കൂടിയുണ്ട്.

മിനി ആന്‍റണിയെ സിവില്‍ സപ്ലൈസ് കമ്മീഷണറായി നിയമിച്ചു.

മിഷന്‍ പ്രഖ്യാപനം പത്തിന്

സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും വീട് വച്ചു നല്‍കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ലൈഫ് മിഷന്‍, ശുചിത്വം- മാലിന്യ സംസ്ക്കരണം- കൃഷി വികസനം- ജലസംരക്ഷണം എന്നിവക്കായുള്ള ഹരിതകേരളം മിഷന്‍, ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായുള്ള ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസം ശക്തിപെടുത്തുന്നതിനുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ മിഷന്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ പത്തിന് നടക്കും. തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ ഇതിന്‍റെ പ്രഖ്യാപനം നടത്താന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു.

മിഷനുകളുടെ ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഉന്നതാധികാരസമിതിയില്‍ വച്ച് അന്തിമമായി തീരുമാനിക്കും. അധികവിഭവം ഈ വര്‍ഷം ആവശ്യമുണ്ടെങ്കില്‍ ധനവകുപ്പിന്‍റെ അംഗീകാരം തേടണം. അത്യാവശ്യം വേണ്ട ജീവനക്കാരുടെ ലഭ്യതക്കും ധനവകുപ്പിന്‍റെ അനുമതി വേണം. ഇതിനൊക്കെയുള്ള നിര്‍ദേശങ്ങള്‍ ഉന്നതാധികാരസമിതിയുടെ അംഗീകാരത്തോടെ ധനവകുപ്പിന് സമര്‍പ്പിക്കണം.

വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തി. അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി നിര്‍ദേശങ്ങള്‍ 2017-18 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണം. മിഷന്‍റെ ഒന്നാം വര്‍ഷം കഴിയുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്ലാനിങ്ങ് ബോര്‍ഡിന് സമര്‍പ്പിക്കണം. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുമായി ബന്ധിപ്പിക്കാന്‍ ഉന്നതാധികാരസമിതിയുമായി ചര്‍ച്ച ചെയ്ത് രൂപരേഖ ഉണ്ടാക്കണം.

ഒഴിവുവരുന്ന തസ്തികകള്‍: ഓരോ മാസവും അവലോകനം ചെയ്യും
ഒഴിവുവരുന്ന തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യം ഓരോ മാസവും ചീഫ് സെക്രട്ടറി അവലോകനം ചെയ്ത് മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്തിസഭായോഗം തീരുമാനിച്ചു. നിയമനം നടത്തുന്ന കാര്യങ്ങള്‍ പി എസ് സിയുമായി ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.