സ്‌പേസ് സാങ്കേതികവിദ്യ പ്രകൃതിവിഭവ മാനേജ്‌മെന്റിനും വികസനത്തിനും നിര്‍ണായകം

കേരളത്തിനായുള്ള ഐ.എസ.്ആര്‍.ഒ ഭുവന്‍ ജിയോപോര്‍ട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഐ.എസ്.ആര്‍.ഒയും കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഏകദിന കേരള സ്റ്റേറ്റ് മീറ്റ്- 2016ന്റെ പ്രത്യേക സമ്മേളനത്തിലായിരുന്നു ഉദ്ഘാടനം.റിമോട്ട് സെന്‍സിംഗ്, ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രകൃതിവിഭവ മാനേജ്‌മെന്റിന്റെയും ഭരണത്തിന്റെയും വികസനത്തിന്റെയും വിവിധ മേഖലകളിലും നിര്‍ണായകപങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്്‌പേസ് സാങ്കേതികവിദ്യ അപ്്‌ളിക്കേഷനുകള്‍ നിര്‍ണായകമാണ്. വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തിന് ജലവിഭവ മാനേജ്‌മെന്റ് ആവശ്യമാണ്. കൂടാതെ ഫിഷറീസ്, കൃഷി, വനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ സ്‌പേസ് സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗിക്കാം. സ്‌പേസ് ടെക്‌നോളജി അധിഷ്ഠിത അപ്‌ളിക്കേഷനുകളും ടൂളുകളും ഉപയോഗിക്കുന്നതിലൂടെ വകുപ്പുകള്‍ക്ക് തങ്ങളുടെ പരിപാടികള്‍ക്ക് ഫലപ്രദമായ കര്‍മപദ്ധതികളും തന്ത്രങ്ങളും രൂപീകരിച്ച് പദ്ധതി നിര്‍വഹണം ആയാസമില്ലാതെ, സൂക്ഷ്മതയോടെ നടപ്പാക്കാനാകും. പദ്ധതികളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താനും ഇത് സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികള്‍, അപകടങ്ങള്‍, മലിനീകരണം, ദുരന്തങ്ങള്‍ എന്നിവയുടെ മാപ്പിംഗ് പോലുള്ള മേഖലകളില്‍ ജനങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ കൂടുതല്‍ സുഗമമായി എത്തും. സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച നാല് ബൃഹദ് മിഷനുകളായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ കൈകാര്യം ചെയ്യുന്ന മേഖലകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പദ്ധതികളുടെ ആസൂത്രണ,നിര്‍വഹണ ഘട്ടങ്ങളില്‍ സ്‌പേസ് ആപ്ലിക്കേഷനുകളെ ഉപയോഗിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. എല്ലാ വകുപ്പുകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ സ്‌പേസ് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആപ്ലിക്കേഷനുകളും ഉപകരണങ്ങളും ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പ്രത്യാശിച്ചു. ഐഎസ്ആര്‍ഒയുടെ പരിചയസമ്പത്ത് ഈ ലക്ഷ്യം നേടാനായി ഉപയോഗിക്കാനാകും. അടിസ്ഥാനതല കഡസ്ട്രല്‍ മാപ്പിംഗിന് ഐഎസ്ആര്‍ഒ കണ്ടെത്തിയ ആറ് മുന്‍ഗണനാ സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നത് മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ശാസ്ത്ര,സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭുവന്‍ പിഡബ്‌ള്യൂഡി പോര്‍ട്ടലിന്റെ ഉദ്ഘാടനം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എ.എസ്.കിരണ്‍ കുമാര്‍ നിര്‍വഹിച്ചു.മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.ചന്ദ്രദത്തന്‍, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ഐഎസ്ആര്‍ഒ സയന്റിഫിക് സെക്രട്ടറി ഡോ.പി.ജി.ദിവാകര്‍, ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.എസ്.സെന്തില്‍, ഡോ.സുരേഷ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന് മന്ത്രി ഉപഹാരം നല്‍കി.