ബീക്കണ്‍ സംവിധാനം

കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ബീപ്പില്‍ സഹായം. കേരളത്തിലെ ഫിഷറീസ് വകുപ്പാണ് ഐ.എസ്.ആര്‍.ഒ യുടെ സാങ്കേതിക സഹായത്തോടെ മീന്‍പിടുത്ത വള്ളങ്ങളില്‍ ഉപയോഗിക്കാവുന്ന ബീക്കണുകളുമായി മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ഡല്‍ഹിയിലെ പ്രഗതിമൈതാനില്‍ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളപവലിയന്‍ തീംഏരിയയില്‍ ഫിഷറീസ് വകുപ്പിന്‍റെതുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ ബീക്കണിലെ അപായ ബട്ടണമര്‍ത്തിയാല്‍ സന്ദേശം ഉപഗ്രഹത്തിലൂടെ ചെന്നെയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് ലഭിക്കും. ഇവിടെ നിന്ന് ബന്ധപ്പെട്ട കോസ്റ്റ് ഗാര്‍ഡ് പോലീസ് സ്റ്റേഷനുകളിലേക്ക് തുടര്‍ സന്ദേശമെത്തുന്നതോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനാവും. ജി.പി.എസ് സാങ്കേതിക വിദ്യയുടെ പിന്തുണയുള്ളതിനാല്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്‍റെ സ്ഥാനം കൃത്യമായി അറിയാനും സാധിക്കും. അപായ ബട്ടണ്‍ അമര്‍ത്താനാവാത്ത സാഹചര്യത്തില്‍ കടല്‍ വെള്ളം തൊടുമ്പോള്‍ ബീക്കണ്‍ ബട്ടണ്‍ സ്വയം പ്രവര്‍ത്തിച്ചും സന്ദേശമയക്കും. ഫിഷറീസ് വകുപ്പ് ഇതിനകം കേരളത്തില്‍ 7000 ബോട്ടുകള്‍ക്ക് ബീക്കണുകള്‍ നല്‍കിയിട്ടുണ്ട്. 18000 രൂപയ്ക്ക് മേല്‍ വിലയുള്ള ബീക്കണ്‍ സൗജന്യമായാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയത്.

ഇന്ത്യയില്‍ ആദ്യമായാണ് മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഉപഗ്രഹാധിഷ്ഠിത സംവിധാനം തയ്യാറാക്കിയത്. കെല്‍ട്രോണ്‍ രൂപകല്പന ചെയ്ത ബീക്കണുകള്‍ മറ്റു സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പുകളെയും ആകര്‍ഷിക്കുകയാണിപ്പോള്‍.

‘ഡിജിറ്റല്‍ കേരള’ത്തിന് പ്രോത്സാഹനവുമായി എം.എല്‍.എ മാര്‍

ഭാരത അന്താരാഷ്ട്ര വ്യാപാരമേളയുടെ കേരള പവലിയന് ആവേശം പകര്‍ന്ന് എം.എല്‍.എ മാര്‍ എത്തി. ഹൈബി ഈഡന്‍, വി.ടി. ബല്‍റാം, ശബരീനാഥ്, എം. വിന്‍സെന്‍റ്, കെ.ജെ. മാക്സി, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നീ എം.എല്‍.എ മാരാണ് പ്രഗതിമൈതാനിലെ ഡിജിറ്റല്‍ കേരള പവലിയന്‍ സന്ദര്‍ശിച്ചത്. കേരളത്തിന്‍റെ ഐ.ടി, ഡിജിറ്റല്‍ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ പര്യാപ്തമായാണ് കേരള പവലിയന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് എം.എല്‍.എ മാര്‍ അഭിപ്രായപ്പെട്ടു. നേരത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും പവലിയന്‍ സന്ദര്‍ശിച്ചു.

‘ഡിജിറ്റല്‍ കേരള’ മാതൃകാപരം: മന്ത്രി കടന്നപ്പള്ളി

ശാസ്ത്ര സാങ്കേതിക ഐ.ടി മേഖലകളില്‍ കേരളം കൈവരിച്ച അഭിമാന നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ എടുത്തു കാട്ടേണ്ടത് ആവശ്യമാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ ഇക്കുറി കേരളം ആവിഷ്കരിച്ച ഡിജിറ്റല്‍ കേരള പവലിയന്‍ ഈ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നതെന്നും പവലിയന്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്‍റെ സമസ്ത മേഖലകളിലും വിവര സാങ്കേതിക വിദ്യയുടെ ഗുണപരമായ പ്രതിഫലനം കാണാം. കേരളത്തിന്‍റെ വികസനോډുഖ കാഴ്ച്ചപ്പാടിനുതകും വിധത്തില്‍ പവലിയന്‍ രൂപകല്പന ചെയ്ത ശില്പി ജിനനെയും ഏകോപനം നിര്‍വ്വഹിച്ച ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെയും മന്ത്രി അഭിനന്ദിച്ചു.