മന്ത്രിസഭാ തീരുമാനങ്ങള്‍ 17/11/2016

ഷൂട്ടിംഗ് താരമായ സിദ്ധാര്‍ത്ഥ് ബാബുവിന് കായിക ഉപകരണങ്ങള്‍ വാങ്ങാനും അന്താരാഷ്ട്ര പരിശീലനത്തിനുമായി 8.94 ലക്ഷം രൂപ കായിക വികസന നിധിയില്‍ നിന്നും അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

എറണാകുളം സര്‍ക്കാര്‍ ലോ കോളേജില്‍ വനിതാ ഹോസ്റ്റലില്‍ ഒരു മേട്രന്‍ തസ്തിക സൃഷ്ടിക്കും.

കൊല്ലം ടി.കെ.എം. കോളേജില്‍ ബയോകെമിസ്ട്രി വിഭാഗത്തില്‍ ഒരു അദ്ധ്യാപക തസ്തിക സൃഷ്ടിക്കും.

വയനാട് ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡറായി ജോസഫ് മാത്യു (കല്‍പ്പറ്റ)നെ നിയമിക്കാന്‍ തീരുമാനിച്ചു.

നെടുമങ്ങാട് പച്ച, പാലോട്, കടുവാപ്പാറ, തടത്തരികത്തു വീട്ടില്‍ ജോയി മരിച്ചതിനെ തുടര്‍ന്ന് ജോയിയുടെ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന മൂന്നു കുട്ടികളുടെയും പേരില്‍ 2 ലക്ഷം രൂപാവീതം ഫിക്സഡ് ഡിപ്പോസിറ്റിടാന്‍ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവിന് ഇതിന്‍റെ പലിശ ഉപയോഗിക്കാം. കുട്ടികളെ സാമൂഹ്യനീതി വകുപ്പിന്‍റെ څസ്നേഹപൂര്‍വ്വംچ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജോയിയുടെ അമ്മയ്ക്ക് പെന്‍ഷനും നല്‍കും.

1977ല്‍ കല്ലട ജലസേചന പദ്ധതിയിലെ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട ബി. കല്യാണിക്കുട്ടി അമ്മയ്ക്ക് മൈലം വില്ലേജില്‍ 9 സെന്‍റ് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു.

ഹോമിയോ വകുപ്പിനുകീഴില്‍ വന്ധ്യതാനിവാരണ കേന്ദ്രം സ്ഥാപിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ 3.14 ആര്‍ ഭൂമി വിട്ടുകൊടുക്കും.

വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ), തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) എന്നിവ പുനര്‍രൂപീകരിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ഇതര വികസന അതോറിറ്റികളും ഇനി തുടരേണ്ടതില്ല എന്നും തീരുമാനിച്ചു.