മന്ത്രിസഭാ തീരുമാനങ്ങള്‍ 20/12/2016

1. നാട്ടകം ഗവണ്‍മെന്‍റ് പോളിടെക്നിക് കേളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ചികിത്സയില്‍ കഴിയുന്ന അവിനാഷ്, ഷൈജു ടി. ഗോപി എന്നീ വിദ്യാര്‍ത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കും.

2. 2017-18 അദ്ധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് ഒഴികെ മെഡിക്കല്‍, ആയുഷ്, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ കേരളം പ്രത്യേകിച്ച് എന്‍ട്രന്‍സ് ടെസ്റ്റ് നടത്തില്ല. നീറ്റ് റാങ്ക് ലിസ്റ്റ് ഇതിന് ബാധകമാക്കുകയും അതില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്യും.

3. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായി ആവശ്യമായ 105 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 50 ഡോക്ടര്‍മാര്‍, 55 സ്റ്റാഫ് നേഴ്സുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

4. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറിട്ടോറിയത്തിന്റെ കാലാവധി 2017 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടി. മൊറട്ടോറിയത്തിന്റെ കാലാവധി 2016 ഡിസംബര്‍ 31ന് അവസാനിക്കുകയാണ്.

5. വനിതകള്‍ക്കുവേണ്ടിയുള്ള തുറന്ന ജയിലിലെ ഉപദേശക സമിതി ശുപാര്‍ശ പ്രകാരം ശ്രീമതി. അന്നമ്മ, ശ്രീമതി. ലക്ഷ്മി, ശ്രീമതി. ഓമന എന്നീ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരെ അവര്‍ ശിക്ഷ അനുഭവിച്ച കാലയളവില്‍ ശിക്ഷാകാലം നിജപ്പെടുത്തി അകാലവിടുതല്‍ നല്‍കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

6. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസിലെ യാത്രാനിരക്ക് സ്വകാര്യ ബസ്സ് യാത്രാനിരക്കുമായി ഏകീകരിച്ചു.

7. റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹൈസ്കൂള്‍ അസിസ്റ്റന്‍റ് എന്‍.ടി. ബാലകൃഷ്ണന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്നതുവരെ അദ്ദേഹത്തെ പെരുവളളൂര്‍ ജി.എച്ച്.എസ്.എസില്‍ പേഴ്സണ്‍സ് വിത്ത് ഡിസ്എബിലിറ്റീസ് ആക്ട് പ്രകാരം എച്ച്.എസ്.എ (ഗണിതം) യുടെ ഒരു സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനിച്ചു.