കാമ്പസുകളില്‍ ലഹരിമാഫിയ ശക്തി പ്രാപിക്കുന്നത് ചെറുക്കണം

നല്ല കാലവും നല്ല ലോകവും സൃഷ്ടിക്കാന്‍ കഴിയുന്നതിലും വലിയ സര്‍ഗാത്മകപ്രവര്‍ത്തനമില്ലെന്നും യുവത്വത്തെ ലഹരിക്കടിപ്പെടുത്തി പ്രതികരണ ശേഷിയില്ലാത്തവരാക്കിത്തീര്‍ക്കാന്‍ കാമ്പസുകളെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ച സഹനം, സമരം, സര്‍ഗാത്മകത എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനീതികളെ ചോദ്യം ചെയ്യണമെങ്കില്‍ സമൂഹത്തില്‍ പ്രതികരണശേഷിയുള്ള യുവാക്കളുണ്ടാവണം. യുവാക്കളുടെ പ്രതികരണശേഷി ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളെ ചുറ്റിപ്പറ്റി ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നത്. വന്‍തോതില്‍ മയക്കുമരുന്ന് വ്യാപിപ്പിക്കുന്നവര്‍ക്കും മനുഷ്യരെ യോജിപ്പിച്ചു നിര്‍ത്താതിരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്കുമെതിരെ യുവാക്കള്‍ കര്‍മനിരതരാകണം. കാലഘട്ടത്തിനനുസൃതമായ പങ്കു നിര്‍വഹിക്കാന്‍ യുവാക്കള്‍ക്കു കഴിയണം.

ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് അന്ന് യുവാക്കളായിരുന്നവര്‍ നടത്തിയ അനവധി സഹനസമരങ്ങളുടെ ഫലമാണ് ഇപ്പോള്‍ കാണുന്ന അറുപതു വയസ്സുള്ള കേരളമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഏതു കാലത്തും ലോകം പ്രത്യാശയോടെ നോക്കുന്നത് യുവത്വത്തെയാണ്. ആ പ്രത്യാശയ്‌ക്കൊപ്പം ഉയര്‍ന്നു നില്‍ക്കേണ്ടത് യുവത്വത്തിന്റെ ബാധ്യതയാണ്. നിലനില്‍ക്കുന്ന വ്യവസ്ഥിതി അങ്ങനെതന്നെ തുടരട്ടെ എന്നു കരുതുന്നതില്‍ സര്‍ഗാത്മകതയില്ല. വ്യവസ്ഥിതികളെ മാറ്റിമറിക്കുന്നതാണ് സര്‍ഗാത്മകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.ജൂനിയര്‍ റസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഹരീഷിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി.