യൂ. എ. ഇ സ്വീകരണം

വീണ്ടും ഒരിക്കല്‍ക്കൂടി ഇവിടെ വരുവാനും നിങ്ങളെയൊക്കെ കാണാനും കഴിയുന്നു എന്നതില്‍ എനിക്ക് അനല്‍പ്പമായ
സന്തോഷവും അഭിമാനവുമുണ്ട്. നാട്ടില്‍നിന്നും ബന്ധുമിത്രാദികളില്‍നിന്നും ഏറെ അകന്നു കഴിയുമ്പോഴും അതിനെത്തുടര്‍ന്ന് ഈ രാജ്യത്തെ സാമൂഹ്യ ജീവിതത്തിന്‍റെ മുഖ്യധാരയിലൂടെത്തന്നെ ഒഴുകുമ്പോഴും നിങ്ങള്‍ നാടിനോടുള്ള കൂറും അവിടുത്തെ സാംസ്കാരിക
മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്നു. അതുകൊണ്ടാണല്ലോ, മലയാളി സമൂഹത്തിന്‍റേതായ സംഘടനകള്‍ ഇവിടെ ഉണ്ടാവുന്നതും അതിന്‍റെ ആഭിമുഖ്യത്തില്‍ ഇവിടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. ജീവിക്കാന്‍ പണം ഉണ്ടായാല്‍ മാത്രം പോരാ. ജീവിതത്തെ ജീവിതയോഗ്യമാക്കിത്തീര്‍ക്കുന്ന ചില ഘടകങ്ങള്‍ കൂടി വേണം. ഇത് ശരിയായി തിരിച്ചറിയുന്നവര്‍ കേരളത്തിലുള്ളവരേക്കാള്‍ പ്രവാസി മലയാളികളാണ്. അതുകൊണ്ടുതന്നെയാണ് ഭാവിയെ, സംസ്കാരത്തെ, കലയെ ഒക്കെ ഹൃദയത്തോട് എന്നും ചേര്‍ത്തുപിടിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നത്.

കലാ സാംസ്കാരിക രംഗങ്ങളിലുള്ള ശ്രദ്ധ മാത്രമല്ല, ശ്രദ്ധേയമായ മറ്റു കാര്യങ്ങളുമുണ്ട്. അത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേതാണ്. ആ രംഗത്തും നിങ്ങള്‍ പിന്നിലല്ല. ഗള്‍ഫില്‍ വരുന്നയാള്‍ കൂടെയുള്ളവരെ കൊണ്ടുവരാന്‍ കാണിക്കുന്ന ശ്രദ്ധയില്‍ മുതല്‍ അത് തുടങ്ങുന്നു. തൊഴില്‍ തര്‍ക്കത്തിലിടപെടുന്നു. മരിക്കുന്നവരുടെ മൃതദേഹം കൊണ്ടുവരാന്‍ ഇടപെടുന്നു. ആംനെസ്റ്റി പദ്ധതിയില്‍ സഹായം വേണ്ടവരെ സഹായിക്കാനും വേണ്ടത് ചെയ്യുന്നു. അങ്ങനെ എന്തെല്ലാം…

നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ടെന്നതും എനിക്കറിയാം. ലേബര്‍ ക്യാമ്പുകളിലെ ജീവിത ദുരിതാവസ്ഥ, പാസ്പോര്‍ട്ട് വാങ്ങി വച്ചിട്ട് പറഞ്ഞതല്ലാത്ത ജോലി ചെയ്യിക്കുന്ന സ്ഥിതി, നാട്ടില്‍ പോകാന്‍ അനുവാദം കിട്ടായ്ക, സുഗമമല്ലാത്ത ജോലി സാഹചര്യം, സുരക്ഷിതമല്ലാത്ത പണിക്കു നിയോഗിക്കല്‍, ജോലി മാറുന്നതിലെ നിയന്ത്രണം, തൊഴില്‍ നഷ്ടപ്പെടല്‍ എന്നിങ്ങനെ പലതും. ഇതില്‍ മിക്കതും സമൂഹത്തിന്‍റെ ഏറ്റവും താഴത്തെ തട്ടിലുള്ളവരെ ബാധിക്കുന്നതാണ്. ഇവിടെ ജോലി ചെയ്യുന്നതില്‍ ഏതാണ്ട് 70 ശതമാനവും ആ വിഭാഗത്തില്‍പെട്ടവരാണു താനും. ജോലിയില്‍നിന്നും എളുപ്പം പുറത്താകുന്നവര്‍ കൂടിയാണിവര്‍. ഇതര വിഭാഗക്കാര്‍ വൈദഗ്ധ്യം ആവശ്യമായ തൊഴിലിലും മറ്റുമാകയാല്‍ അവര്‍ക്കുള്ള തൊഴില്‍ സുരക്ഷിതത്വം പോലും ഇവര്‍ക്കില്ല. ഇതുകൊണ്ടാണ് ഞാന്‍ ഇവരുടെ കാര്യത്തില്‍ ഊന്നുന്നത്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റും എന്നത് സര്‍ക്കാരിന്‍റെ അടിയന്തര പരിശോധനയിലാണ്. തൊഴില്‍ നഷ്ടപ്പെട്ടുനില്‍ക്കുന്നവരെ എങ്ങനെ സഹായിക്കാന്‍ പറ്റും എന്നത് ആലോചിക്കും.

കേന്ദ്രഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍കൊണ്ടുവന്ന് അടിയന്തരമായി നീങ്ങാനാണുദ്ദേശിക്കുന്നത്. തൊഴില്‍
പ്രശ്നങ്ങള്‍, നിയമസഹായ പ്രശ്നങ്ങള്‍, എന്നിങ്ങനെ പലതുണ്ട് ചെയ്യാന്‍.സാധാരണക്കാര്‍ക്കു നാട്ടില്‍ വന്നുപോകാന്‍ കഴിയാത്തവിധം വിമാന യാത്രാക്കൂലി കൂട്ടുന്നതിന്‍റെ പ്രശ്നമുണ്ട്. ഓരോ സീസണിലും പ്രവാസി മലയാളികള്‍ക്ക് അപ്രാപ്യമാകുന്ന വിധം വിമാന യാത്രാക്കൂലി കൂട്ടുക. സാധാരണ ഘട്ടത്തിലേതിനേക്കാള്‍ പലയിരട്ടിയായി നിരക്കു കൂട്ടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. മറ്റുള്ള വിമാന കമ്പനികള്‍ കൊള്ളയടിക്കുന്നതു പിന്നെയും മനസ്സിലാക്കാം. നമ്മുടെ നാഷണല്‍ കാരിയറായ എയര്‍ഇന്ത്യ തന്നെ ആ കമ്പനികളുടെ കൊള്ളയ്ക്കു വഴിതുറന്നുകൊണ്ട് ഉയര്‍ന്ന നിരക്കുറപ്പിച്ചു നിന്നാലോ? പുനരധിവാസ പദ്ധതിയുടെ കാര്യം കുറേകാലമായി പറയുന്നെങ്കിലും ഒന്നും മുമ്പോട്ടു പോയിട്ടില്ല. വി പി സിങ്ങിന്‍റെ മന്ത്രിസഭ കേന്ദ്രത്തിലും ഇ കെ നായനാരുടെ മന്ത്രിസഭ
കേരളത്തിലുമുണ്ടായിരുന്നപ്പോള്‍ തുടങ്ങിവെച്ചതാണ് ഈ ചര്‍ച്ച. അന്ന് കേരളം ഇതിനായുള്ള പ്രോജക്ട് തയ്യാറാക്കി വി പി സിംഗിന് സമര്‍പ്പിച്ചു. അത് ക്ലിയര്‍ ചെയ്യാനിരിക്കെ ആ ഗവണ്‍മെന്‍റ് വീണു. യുഎഇയിലെ ഇന്ത്യന്‍ സമൂഹം വര്‍ഷം 15 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ദേശീയ ഖജനാവിനു നല്‍കുന്നത്. ഇതിന്‍റെ തുഛമായ ഒരംശം മതി ഗള്‍ഫ് പുനരധിവാസ പാക്കേജ് ഉണ്ടാക്കാന്‍. എന്നാല്‍, അതു നിലവില്‍ വരുന്നില്ല. ഇതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് മുന്നോട്ടു പോകേണ്ടതുണ്ട്. അതിന് ആര്‍ജ്ജവമുള്ള ഭരണസംവിധാനം ഇന്നു കേരളത്തിലുണ്ട്.

നിലവിലുള്ള കേന്ദ്രപദ്ധതികള്‍ അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല ചിലര്‍ എന്ന പ്രശ്നവുമുണ്ട്. പണം പ്രത്യുല്‍പാദനപരമായ മേഖലകളില്‍ നിക്ഷേപിക്കാതെ തട്ടിപ്പുനിക്ഷേപങ്ങളിലോ വന്‍കെട്ടിട നിര്‍മ്മാണങ്ങളിലോ ഒക്കെ വ്യര്‍ത്ഥമാക്കുന്നവരുണ്ട്. ഇവിടെയൊക്കെ ബോധവല്‍ക്കരണം ആവശ്യമാണ്. അതുമാത്രം പോര. ഗള്‍ഫ് പ്രവാസികള്‍ക്കു വിശ്വാസപൂര്‍വ്വം നിക്ഷേപം നടത്താനും അതിലൂടെ വരുമാനമുണ്ടാക്കാനും ഉള്ള സര്‍ക്കാര്‍ പദ്ധതികള്‍ വരും. കിഫ്ബി പോലുള്ളവയില്‍, സ്പെഷല്‍ പെര്‍പസ്
വെഹിക്കിള്‍ പോലുള്ളവയില്‍ നിക്ഷേപിക്കാം. ഇതനൊക്കെയുള്ള വ്യക്തതയിലേക്കു കാര്യങ്ങള്‍ നീങ്ങുകയാണിന്ന്.
ഇതാകട്ടെ പൊതുവായി കേരളത്തിലുണ്ടാവുന്ന ഒരു മാറ്റത്തിന്‍റെ ഭാഗമാണ്.

പ്രത്യേക മിഷനുകള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുള്ള കാര്യം നിങ്ങള്‍ക്കറിയാം എന്നു കരുതുകയാണ്. ജലസംഭരണികള്‍ ശുചീകരിക്കുന്നതിനും പച്ചക്കറി കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരുത്തുന്നതിനും ഹരിതം മിഷന്‍. ആരോഗ്യരംഗം, ചികിത്സാപദ്ധതികള്‍ എന്നിവ ഫലപ്രദമാക്കുന്നതിന് ആര്‍ദ്രം മിഷന്‍. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക് താമസസ്ഥലവും ജീവിതഉപാധിയും ഉണ്ടാക്കികൊടുക്കാന്‍ ലൈഫ് മിഷന്‍, മദ്യമയക്കുമരുന്നുകളില്‍ നിന്നുള്ള മോചനത്തിനു വിമുക്തി, വിദ്യാഭ്യ നിലവാരമുയര്‍ത്തുന്നതിന് സമഗ്രവിദ്യാഭ്യാസ മിഷന്‍. എന്നിങ്ങനെ കേരളത്തന്‍റെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന പദ്ധതികളുമായി കേരളം മുന്നോട്ടു പോവുകയാണ്.

വ്യവസായം വരണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമുണ്ടാവണം. ബജറ്റ് വിഹിതം കൊണ്ടു സാധിക്കാവുന്നതല്ല ഇത്. ബജറ്റിനു പുറത്ത് അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി കണ്ടെത്തി അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാനുള്ള ഫണ്ട് വേറെ. അതിടലക്കം നിങ്ങള്‍ സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കട്ടെ.

നമ്മുടെ നല്ലൊരു പങ്ക് മലയാളികളും പുറം രാജ്യങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. പ്രവാസികളായ മലയാളികളുടെ എണ്ണം ഏതാണ്ട് 31 ലക്ഷം വരും. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ലോകത്തു തന്നെ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ പ്രവാസസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നായിരിക്കും കേരളം. ഇതില്‍ 24 ലക്ഷത്തോളം ഇന്ത്യക്കു പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇന്ത്യയില്‍തന്നെ മറ്റു സംസ്ഥാനങ്ങളില്‍ കുടിയേറിയവരുടെ എണ്ണം ഏകദേശം ഏഴു ലക്ഷമാണ്.

സവിശേഷമായ ചരിത്രമുള്ളവരാണ് മലയാളികള്‍. വരുന്ന എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വീകരിച്ച ചരിത്രമാണ്
കേരളത്തിനുള്ളത്. അറബികളും ലങ്കക്കാരും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും എല്ലാം കടന്നുവന്നതിന്‍റെയും അവരെയൊക്കെ കേരളത്തിന്‍റെ മണ്ണില്‍ സ്വീകരിച്ചതിന്‍റെയും ചരിത്രം നിങ്ങള്‍ക്കറിയാം. സ്വയം പ്രവാസികളാകുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നമ്മുടെ നാട്ടിലേക്ക് വരുന്നവരെ ഇപ്പോഴും നമ്മള്‍ സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം ഏകദേശം 25 ലക്ഷമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

അതുപോലെതന്നെ, മറ്റു നാടുകളിലേക്ക് പോകാനും അവരുടെ സംസ്ക്കാരത്തെ അംഗീകരിച്ചും സ്വാംശീകരിച്ചും
ജീവിക്കാനും മലയാളി എന്നും മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നിട്ടുണ്ട്. അതുകൊണ്ടാണല്ലോ ചന്ദ്രനില്‍ പോയാലും
അവിടെ ഒരു മലയാളി ചായക്കട നടത്തുന്നുണ്ടാവും എന്ന് തമാശയായി നമ്മള്‍ പറയുന്നത്. മനുഷ്യസ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ഈ സമീപനം മലയാളികളില്‍ രൂഢമൂലമാക്കിയത് മാവേലിനാട് പോലുള്ള നമ്മുടെ സമത്വസങ്കല്‍പങ്ങളാകാം. അതല്ലെങ്കില്‍ പണ്ടേതന്നെ മലയാളിയുടെ മനസ്സില്‍ ഉറച്ചുനില്‍ക്കുന്ന സോഷ്യലിസ്റ്റ് സമൂഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാവാം. എവിടെയായാലും മനുഷ്യനെ മനുഷ്യനായി കാണാന്‍ നമ്മുടെ സംസ്കാരം നമ്മെ പ്രേരിപ്പിക്കുന്നു എന്നത് ചെറിയകാര്യമല്ല. അതാണ് പ്രവാസ ജീവിതത്തിന്‍റെ അടിസ്ഥാനവും.

സാമ്പത്തികമേഖലയെ എന്നപോലെ തന്നെ മലയാള കലാസാംസ്കാരിക രംഗത്തെയും പ്രവാസ ജീവിതം സ്വാധീനിച്ചിട്ടുണ്ട്. പ്രവാസജീവിതം ഇതിവൃത്തമാക്കിയ നല്ല സൃഷ്ടികന്‍ നമ്മുടെ കഥാ കവിതാ സിനിമാ ശാഖകളില്‍ ഉണ്ടായിട്ടുണ്ട്. എത്തിപ്പെടുന്നയിടങ്ങളിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ഇഴുകിചേരുകയും ചെയ്യുമ്പോള്‍ത്തന്നെ നമ്മുടെ തനതായ സാംസ്കാരിക കലാശേഷികള്‍ കൈവിട്ടുപോകാതെ സൂക്ഷിക്കാനും പൊതുവെ പ്രവാസികള്‍ ശ്രദ്ധിക്കുന്നുണ്ട്. അത് ആശാവഹമാണ്. നാട്ടില്‍ എവിടെ എന്ന് ചോദിക്കുമ്പോള്‍ പറയാന്‍ ഓരോ സ്ഥലങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ പൊതുവെ നിങ്ങള്‍ മലയാളികളാണ്. പ്രാദേശികതകള്‍ക്കതീതമായി മലയാളികളുടെ പൊതുസ്വത്വത്തെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ സജീവമാക്കി നിര്‍ത്താന്‍ കഴിയുന്നു എന്നത് എടുത്തുപറയേണ്ടതാണ്. അതുവഴി നാടിന്‍റെ സ്പന്ദനങ്ങളും സാംസ്കാരിക തനിമയും നിങ്ങള്‍ പ്രവാസജീവിതത്തിലും പിന്തുടരുന്നു എന്നതും സന്തോഷകരമാണ്. കേരളത്തിലെ ആനുകാലികവിഷയങ്ങളിലും രാഷ്ട്രീയചര്‍ച്ചകളിലും നവമാധ്യമങ്ങളിലൂടെയും മറ്റും സജീവമായി ഇടപെടുന്നവരാണ് പ്രവാസികള്‍. സ്വന്തം നാടിന്‍റെ വര്‍ത്തമാനത്തിലും ഭാവിയിലും നിങ്ങള്‍ കാണിക്കുന്ന താല്‍പര്യം ശ്ലാഘനീയമാണ്.

മധ്യപൂര്‍വദേശങ്ങള്‍ തന്നെയാണ് മലയാളികള്‍ പ്രവാസത്തിനായി ആശ്രയിക്കുന്ന പ്രധാനയിടം. ഇവിടങ്ങളില്‍ കുടിയേറിയിരിക്കുന്നത് നമ്മുടെ മൊത്തം പ്രവാസികളുടെ 86 ശതമാനത്തോളം പേരാണ്. ആകെ പ്രവാസികളുടെ 37 ശതമാനത്തിലധികം ആളുകള്‍ യുഎഇയിലാണ്. 22 ശതമാനത്തോളം പേര്‍ സൗദി അറേബ്യയിലുണ്ട്. പ്രവാസികളുടെ എണ്ണം മാത്രമല്ല, അവര്‍ നാട്ടിലേക്കയയ്ക്കുന്ന സമ്പാദ്യത്തിന്‍റെ കാര്യവും നിസ്സാരമല്ല. കേരളത്തിന്‍റെ ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 36 ശതമാനമാണ് ഇത്തരത്തില്‍ ലഭ്യമാകുന്ന വിദേശപണം. അതായത് നമ്മുടെ ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷികൃഷിഅനുബന്ധ മേഖലകളും വ്യവസായവും ഒരുമിച്ച് സംഭാവന ചെയ്യുന്നതിനേക്കാള്‍ കൂടുതലാണിത്. നേരിട്ടുള്ള കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ പരോക്ഷസമ്പ്രദായങ്ങള്‍ഉപയോഗിച്ച് തയ്യാറാക്കിയ ഈ കണക്കുകളില്‍ ചെറിയ വ്യത്യാസങ്ങള്‍ വരാമെങ്കിലും പൊതുവെ ഈ കണക്കുകള്‍ചൂണ്ടിക്കാണിക്കുന്നത് പ്രവാസം കേരളത്തിന്‍റെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നു എന്ന് തന്നെയാണ്.

ആളോഹരി വരുമാനം, കുടുംബങ്ങളുടെ ശരാശരി ആസ്തി, ശരാശരി ഉപഭോഗ ചെലവ്, മാനവ വികസന സൂചിക തുടങ്ങിയവയുടെ എല്ലാം കാര്യത്തില്‍ കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നതിന്‍റെ ഒരു കാരണം പ്രവാസികളായ നിങ്ങള്‍ ഈ മറുനാട്ടില്‍ ഒഴുക്കുന്ന വിയര്‍പ്പാണ്. കേരളത്തിന്‍റെ ഇന്നു കാണുന്ന തരത്തിലുള്ള സവിശേഷമായ വികസനത്തില്‍ ഭൂപരിഷ്കരണം വഹിച്ച പങ്ക് വലുതാണെന്ന് നിങ്ങള്‍ക്കറിയാം. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നാം നേടിയ നേട്ടങ്ങള്‍ ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ഒരു ജനതയെ സൃഷ്ടിക്കുന്നതിന് സഹായകമായി. അത് മറ്റുരാജ്യങ്ങളുടെ തൊഴില്‍ മേഖലകളില്‍ കടന്നു ചെല്ലാന്‍ നമുക്ക് അവസരം നല്‍കി. 1960കളുടെ തുടക്കത്തില്‍ സര്‍വ്വമേഖലയിലും ദേശീയ ശരാശരിയേക്കാള്‍ പിന്നിലായിരുന്ന കേരള സമ്പദ്ഘടന ഇന്ന് ഒട്ടുമിക്ക സൂചകങ്ങളിലും ഇതര സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണ്. അങ്ങനെ കേരളം താഴ്ന്ന വരുമാനം താഴ്ന്ന വളര്‍ച്ച, താഴ്ന്ന ഉപഭോഗം താഴ്ന്ന സമ്പാദ്യം എന്ന നിലയില്‍നിന്നും ഉയര്‍ന്ന വരുമാനം, ഉയര്‍ന്ന വളര്‍ച്ച, ഉയര്‍ന്ന ഉപഭോഗം, ഉയര്‍ന്ന
സമ്പാദ്യം എന്നീ നിലയിലേക്കു മാറി. ഇത്തരം അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് നിദാനമായത് മലയാളിയുടെ പ്രവാസവും അതുവഴിയുണ്ടായ പുറം വരുമാനവുമാണ്.

എന്നാല്‍, കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലും പദ്ധതി അടങ്കലിലും പ്രവാസികളുടെ സ്ഥാനം വളരെ വളരെ ചെറുതായിരുന്നു ഒരു ഘട്ടത്തില്‍. 1987ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ആദ്യമായി ഒരു പ്രവാസകാര്യവകുപ്പ് കേരളത്തില്‍ തുടങ്ങുന്നത്. എന്നാല്‍, വകുപ്പിന്‍റെ പദ്ധതി വിഹിതം ഇപ്പോഴും കുറവാണ്. നീക്കിവച്ച ആ ചെറു തുകപോലും ചെലവഴിക്കുന്നതിനോ പ്രഖ്യാപിച്ച പരിപാടികള്‍ കൃത്യമായി നടപ്പിലാക്കുന്നതിനോ ചില ഘട്ടങ്ങളില്‍ ചിലര്‍ ഒരു താല്‍പര്യവും കാണിച്ചിട്ടില്ല.

മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകളുടെ നയം ഇതിലും ദയനീയമാണ്. രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിദേശവരുമാനസ്രോതസ്സായ പ്രവാസികളോടുള്ള അവഗണനയും അവജ്ഞയും വ്യക്തമാണ്. വിദേശനിക്ഷേപത്തിന്‍റെ എത്രയോ വലിയ ഭാഗമാണ് പ്രവാസികള്‍ അയയ്ക്കുന്ന പണം. എന്നിട്ടും അതിനുപോലും സേവന നികുതി അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. വിദേശനിക്ഷേപത്തെ ആകര്‍ഷിക്കാനെന്ന മട്ടില്‍ നല്‍കുന്ന ഇളവുകള്‍ പ്രവാസിക്ക് ബാധകമല്ല. കനത്ത വിമാനക്കൂലിയാണ് പ്രവാസികള്‍ നല്‍കേണ്ടി വരുന്നത്. ഒരു പുനരധിവാസ പദ്ധതിയും നടപ്പാക്കുന്നുമില്ല.

1930കളിലെ ആഗോളസാമ്പത്തികമാന്ദ്യമാണ് കേരളത്തില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശ്രീലങ്ക, ബര്‍മ്മ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് അന്ന് പ്രധാനമായും കുടിയേറ്റമുണ്ടായത്. സ്വാതന്ത്ര്യാനന്തരവും ഇത് തുടര്‍ന്നുകൊണ്ടിരുന്നു. ഈ ഘട്ടത്തിലൊക്കെ പൊതുവേ കുടിയേറ്റം ചെറിയ തോതിലായിരുന്നു. എന്നാല്‍, കേരള സമ്പദ്ഘടനയുടെ അലകും പിടിയും മാറ്റുന്ന തരത്തില്‍ വലിയ പ്രവാസികളുടെ ഒരു പ്രവാഹം തന്നെ നടക്കുന്നത് മധ്യപൂര്‍വദേശത്തേക്ക് അവസരങ്ങള്‍ തുറന്നു കിട്ടിയപ്പോഴാണ്.
എണ്ണക്കയറ്റുമതി രാജ്യങ്ങള്‍ സംഘടിക്കുകയും എണ്ണവില ഉയരുകയും ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുകയും ചെയ്തതോടെയാണ് കുടിയേറ്റത്തിന്‍റെ പുതിയ യുഗം ആരംഭിച്ചത്. പക്ഷെ ഇപ്പോള്‍ മധ്യപൂര്‍വദേശത്തെ അനിശ്ചിതത്വങ്ങളും എണ്ണ വിലയിടിവും പൊതുവെ പ്രവാസികളില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. ആഗോള തൊഴില്‍ കമ്പോളങ്ങളില്‍ കേരളം മറ്റു മൂന്നാംലോക രാജ്യങ്ങളില്‍നിന്ന് ശക്തമായ മത്സരത്തെ നേരിടുന്നുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. താരതമ്യേനെ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയും തൊഴില്‍ നൈപുണ്യവും ആവശ്യമുള്ള തൊഴിലുകളിലാണ് ഈ മത്സരം അധികവും നേരിടേണ്ടിവരുന്നത്. നമ്മുടെ തൊഴിലാളികള്‍ മിക്കവാറും വിദ്യാസമ്പന്നരാണെങ്കിലും ഇത്തരം തൊഴിലുകളാണ് പലപ്പോഴും ചെയ്യേണ്ടി വരുന്നത്.

അവികസിത രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചമൂലം കൂടുതല്‍ തൊഴിലാളികള്‍ തൊഴില്‍ കമ്പോളങ്ങളിലേക്കെത്തുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിതാഖാത്ത് മൂലമുണ്ടായിട്ടുള്ള പ്രതിസന്ധി കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങള്‍ക്കിടയില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനത്തിലേറെ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതികമാറ്റങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടുന്ന തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തക്കവണ്ണം നമ്മുടെ തൊഴില്‍സേനയെ കാലത്തിനനുസരിച്ച് നവീകരിച്ചേ മതിയാവൂ. അതിനുള്ള ശ്രമങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ നടത്തും.

കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ മൂന്നുമടങ്ങ് വരും. ഗള്‍ഫ് കുടിയേറ്റമില്ലായിരുന്നുവെങ്കില്‍ കേരളത്തിലെ തൊഴിലില്ലായ്മ സ്ഫോടനാത്മകമായ നിലയിലായേനേ. കേരളത്തിലെ ഇന്നത്തെ തൊഴിലില്ലായ്മ 15.5 ശതമാനമാണ്. ഗര്‍ഫില്‍ ആള്‍ക്കാര്‍ ജോലി തേടി പോയില്ലായിരുന്നുവെങ്കില്‍ അത് ഏതാണ്ട് 19 ശതമാനമാകുമായിരുന്നു എന്ന് ചില വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നുണ്ട്.

നമ്മളിതൊക്കെ ഗുണപരമായി കാണുമ്പോള്‍ തന്നെ പ്രവാസാവും പ്രവാസി സമ്പാദ്യവും കേരളത്തിലെ ഉല്‍പ്പാദന
മേഖലയെ പിന്നോട്ടടിച്ചുവെന്ന് വിലയിരുത്തുന്നവരും ഉണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തയ്യാറാക്കിയ കേരളം:
വികസന പരിപ്രേക്ഷ്യം 2030 എന്ന ആസൂത്രണ രേഖ ഇത്തരത്തിലാണ് പ്രവാസത്തെ വിലയിരുത്തുന്നത്. എന്നാല്‍,
അങ്ങനെയൊരു വിലയിരുത്തല്‍ ഞങ്ങള്‍ക്കില്ല. പ്രവാസികള്‍ പണിയെടുത്തുണ്ടാക്കിയ പണം അവര്‍ നാട്ടിലേക്കയച്ചതുമൂലം അതു നമ്മുടെ ആഭ്യന്തര കമ്പോളത്തെ വികസിപ്പിച്ചു. മിച്ചം വന്നത് ബാങ്കുകളില്‍ നിക്ഷേപിച്ചു. അത് കേരളത്തിന്‍റെ പുരോഗതിക്ക് ഉപയോഗിക്കുന്നതിനു പകരം ബാങ്കിങ് ചാനലുകളിലൂടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒഴുകി പോവുകയാണ്. ഇതൊക്കെയാണു വിലയിരുത്തല്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് എടുത്താല്‍ കേരളത്തിന്‍റെ ക്രഡിറ്റ് ഡെപ്പോസിറ്റ് റേഷ്യോ ഏതാണ്ട് 60 ശതമാനമേ വരൂ.
പ്രവാസി സമ്പാദ്യത്തെയും കമ്പോള സാധ്യതയേയും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിനു കഴിയാത്തതിന് പ്രവാസിയുടെ മേല്‍ കുതിരകയറിയിട്ട് കാര്യമില്ല, അത് നാടിന്‍റെ കുഴപ്പമാണ്. അത് പരിഹരിക്കപ്പെടേണ്ടതാണ്. അതിനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ഒരു ഭരണ സംവിധാനം നിലനില്‍ക്കുന്നിടത്ത് നിക്ഷേപം നടത്താന്‍ ആരും തയ്യാറാവില്ലെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. നിര്‍ഭാഗ്യവശാല്‍ നമുക്കുണ്ടായ അത്തരം ചീത്തപ്പേരുകള്‍ മാറ്റിയെടുക്കാനും സുതാര്യവും കര്‍മ്മശേഷിയുള്ളതുമായ ഒരു ഭരണ സംവിധാനം സ്ഥാപിക്കാനുമാണ് പുതിയ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് ഈ സര്‍ക്കാര്‍ ആദ്യമേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇവിടെ ജോലി ചെയ്യുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് നാട്ടില്‍ സുരക്ഷിതമായും സമാധാനപൂര്‍ണ്ണമായും ജീവിക്കാനാവണം എന്നത് ഏറ്റവും പ്രാഥമികമായ ആവശ്യമാണല്ലോ. സാമൂഹ്യ സുരക്ഷിതത്വവും ക്രമസമാധാനവും ഉറപ്പുവരുത്താതെ പുരോഗതി സാധ്യമല്ല എന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. ഒരേസമയം സാമൂഹ്യ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം കൊടുക്കുന്ന ദ്വിമുഖ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

കേരളസമ്പദ്ഘടന ഒരു ദശാസന്ധിയിലാണ്. ഗള്‍ഫ് പണവരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ചയെ എങ്ങനെ സുസ്ഥിരമാക്കാം ഈ വളര്‍ച്ചയെ എങ്ങനെ ഉല്‍പാദന മേഖലകളുമായി ബന്ധപ്പെടുത്താം തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളത്. പ്രാദേശികവികസനത്തില്‍ അതത് പ്രദേശത്തെ പ്രവാസികളെയും പ്രവാസി കൂട്ടായ്മകളെയും പ്രയോജനപ്പെടുത്തുവാനാവും. കേവലം ദീനാനുകമ്പയുടെ പേരിലുള്ള പ്രവര്‍ത്തനം മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും മറ്റും വികസനത്തിലും പ്രവാസി സംഘടനകള്‍ക്ക് വലിയൊരു പങ്കുവഹിക്കുവാനാകും.
ഇവിടെനിന്നുള്ള തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ കൂടുതലായി ലഭിക്കുന്നതിന് മറ്റു രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിനാണ് ഇതില്‍ പ്രധാന പങ്കു വഹിക്കാനാവുക. അതുകൂടാതെ ഉയര്‍ന്ന വിമാനനിരക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിച്ച് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരം ഉണ്ടാകണം.

പഴയ ബ്രിട്ടീഷ് കുടിയേറ്റ നിയമത്തിന്‍റെ ഭാഗമായ നിലവിലുള്ള നിയമം, കുടിയേറ്റക്കാര്‍ക്ക് ക്ഷേമവും പ്രോത്സാഹനവും നല്‍കുന്ന തരത്തില്‍ ഒരു സമഗ്ര കുടിയേറ്റ നിയമമായി പരിവര്‍ത്തിപ്പിക്കണം. പുതിയ തൊഴില്‍ സാധ്യതകളുടെ വിവരങ്ങള്‍ തൊഴിലന്വേഷകര്‍ക്ക് എത്തിച്ചുകൊടുക്കുക, ഫിനിഷിങ് സ്കൂള്‍ നടത്തുക, കുടിയേറ്റത്തിനാവശ്യമായ വായ്പകള്‍ ലഭ്യമാക്കുക എന്നിവയൊക്കെ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുമോയെന്ന് പരിശോധിക്കും. സ്ഥിരമായി വിദേശത്ത് താമസിക്കുന്ന മലയാളികളുടെ കുട്ടികള്‍ക്ക് സ്വാഭാവികമായും ആതിഥേയ രാജ്യത്തോട് ഇഴുകിച്ചേരാനാണ് താല്‍പര്യമുണ്ടാവുക. ഇവരുടെ കഴിവുകളെ സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉപയോഗപ്പെടുത്തണമെങ്കില്‍ മലയാളത്തെയും കേരളസംസ്കാരത്തെയും അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. ഭാഷാപഠന പ്രോത്സാഹനത്തിനുള്ള മലയാളം മിഷന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളില്‍ പ്രവാസികളുടെ സാംസ്കാരിക സംഘടനകല്‍ക്ക് സുപ്രധാന പങ്കു വഹിക്കാനാകും. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെങ്കിലും പദ്ധതിയുണ്ടാവണം. ജയിലില്‍കിടക്കുന്നവര്‍ക്കും കേസില്‍പ്പെട്ടവര്‍ക്കും നിയമപരമായ
സഹായം നല്‍കുന്നതിനുവേണ്ടി അഭിഭാഷകരെ നിയോഗിക്കാന്‍ ആവുമോ എന്ന് പരിശോധിക്കണം.

ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ളതിനെ അപേക്ഷിച്ച് താല്‍ക്കാലിക കുടിയേറ്റങ്ങളാണ്. കാലാവധി കഴിഞ്ഞു തിരികെ വരുന്നവരുടെ എണ്ണം മുമ്പെങ്ങുമില്ലാത്തപോലെ ഉയര്‍ന്നിട്ടുണ്ട്. തിരികെ വരുന്നവര്‍ക്ക് മുന്‍കൂറായിത്തന്നെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും നേര്‍ക്കയുമായി ചര്‍ച്ച ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ടാവണം. അവരുടെ താല്‍പര്യത്തിനനുസരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനാവണം. കേരളമാണ് ആദ്യമായി ഒരു പ്രവാസി
വകുപ്പ് രൂപീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം. പക്ഷെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും മുന്നേറ്റം ആവശ്യമാണ്.

നോര്‍ക്കയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. പ്രവാസി വകുപ്പിനായുള്ള ബജറ്റ് വിഹിതം കുറവായിരുന്നു. ക്ഷേമഫണ്ടിന് വെറും ഒരുലക്ഷം രൂപയാണ് നേരത്ത ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഈ സര്‍ക്കാര്‍ അത് പത്തുകോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് തിരികെ വരുന്നവരുടെ പുനരധിവാസത്തിനായി 12 കോടി രൂപയാണ് വകയിരുത്തിയിരുന്നതെങ്കില്‍ ഈ സര്‍ക്കാര്‍ അത് 24 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സാന്ത്വനം പദ്ധതിയുടെ ഭാഗമായി പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളില്‍, ജോലി അന്വേഷിക്കുന്നവര്‍ക്കായി നിലവിലുള്ള പ്രീഡിപ്പാര്‍ചര്‍ ഓറിയന്‍റേഷന്‍ പ്രോഗ്രാം പൂര്‍ണമായും പുനഃസംഘടിപ്പിക്കും. വിദഗ്ദ്ധ സര്‍ക്കാര്‍ ഏജന്‍സികളുമായിച്ചേര്‍ന്ന് കാലോചിതമായ മാറ്റങ്ങള്‍ വരുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശരിയായ പരിശീലനം നടത്തുന്നതിനാവും ഇതുവഴി ശ്രമിക്കുക. തിരിച്ചുവരുന്ന പ്രവാസികള്‍ക്കായുള്ള പുനഃരധിവാസ പദ്ധതി കൂടുതല്‍ ഫലപ്രദമാക്കേണ്ടതുണ്ട്. ഇതിനായി, മൂലധന സബ്സിഡി ഉയര്‍ത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. നിലവിലുള്ള ബാങ്കുകളെ കൂടാതെ, പ്രാഥമിക സഹകരണസംഘങ്ങള്‍ മുഖാന്തിരം ലോണ്‍ നല്‍കുന്ന നടപടികളും പരിശോധിച്ചു വരുന്നു.

പ്രവാസി മലയാളിയുടെ കുടുംബത്തിനു തിരികെ വരുമ്പോള്‍ ഒരു സംരംഭം വിജയകരമായി നടത്തുവാന്‍ കഴിയുന്ന തരത്തിലും വായ്പയും വൈദഗ്ധ്യവും ലഭ്യമാക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഫലപ്രദമാകുന്ന രീതിയില്‍ വിപുലീകരിക്കപ്പെട്ട ഒരു ജോബ് പോര്‍ട്ടല്‍ ആവശ്യമുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റ് കഴിവുകളും പരിശോധിച്ച് സര്‍ടിഫൈ ചെയ്യുന്നതിനായി ഒരു അംഗീകൃത ഏജന്‍സിയെ നിയമിക്കാനും ആലോചനയുണ്ട്. വിദേശജോലി എളുപ്പത്തില്‍ ലഭിക്കുന്നതിനായി നിലവിലുള്ള നൈപുണ്യ വികസന പദ്ധതി സമഗ്രമായി വികസിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ ഐറ്റിഐകള്‍, പോളിടെക്നിക്കുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയുള്‍പ്പടെയുള്ള പ്രശസ്ത സ്ഥാപനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതുവഴി ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതരം വിദഗ്ദ്ധജോലി ലഭിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും. പ്രവാസികള്‍ക്ക് വിദേശത്ത് നിയമസഹായം ലഭ്യമാക്കുന്ന പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, ജയില്‍ മോചിതരായി തിരികെ വരുന്നവര്‍ക്കുള്ള സ്വപ്ന സാഫല്യം പദ്ധതി എന്നിവ നടപ്പാക്കുന്നതിന് ഉള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍, സംഘടനകള്‍ എന്നിവരുമായി ചേര്‍ന്ന് ഉടനടി സഹായം ലഭിക്കുന്ന രീതിയില്‍ പദ്ധതി വിപുലീകരിക്കാന്‍ ആലോചിക്കുന്നു.

പ്രവാസികളുടെ കൃത്യമായ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്നതിനും പ്രവാസം സംബന്ധിച്ച കാലികമായ സൂക്ഷ്മപഠനം, ഗവേഷണം എന്നിവയ്ക്കായി കേരള മൈഗ്രേഷന്‍ സെന്‍റര്‍ എന്ന തരത്തില്‍ ഒരു വിദഗ്ദ്ധ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. പ്രവാസി വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനായി ഒരാഗോള പ്രവാസി സമ്മേളനം നടത്തുവാന്‍ ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ ഉപദേശത്തിനായി ഒരു പ്രവാസി കേരളാ സംവിധാനവും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കാരുണ്യം പദ്ധതി പ്രകാരമുള്ള ധനസഹായം കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സാമൂഹ്യപ്രവര്‍ത്തകരെയും
സംഘടനകളെയുമുള്‍പ്പെടുത്തി നടപടികള്‍ ത്വരിതപ്പെടുത്തണം. വിദേശത്തുള്ള മലയാളികള്‍ക്ക് സ്വന്തം നാട്ടില്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് കേരളാ ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ എന്ന സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുജനോപകാരപ്രദമായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോട് കൂടി ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിയും. കേരളത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും പ്രവാസികളായി
ഇവിടെ എത്തിയ എന്‍റെ മുന്നിലിരിക്കുന്ന ഓരോ മലയാളിയെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. പരസ്പര സഹകരണത്തിലും സ്നേഹത്തിലും അധിഷ്ഠിതമായി മലയാളി എന്ന ഒരേ വികാരത്തോടെ മുന്നോട്ടുപോകാന്‍ നിങ്ങള്‍ക്കാകട്ടെ എന്ന് ആശംസിക്കുന്നു.