റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീസഹായകേന്ദ്രം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വൈ-ഫൈ സൗകര്യം, ട്രെയിന്‍ വിവരങ്ങള്‍ നല്‍കാന്‍ ലെഡ് ഡിസ്പ്‌ളേ ബോര്‍ഡുകള്‍, സ്ത്രീകളുടെ നവീകരിച്ച കാത്തിരിപ്പുകേന്ദ്രം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍, എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ പണമടച്ച് ഉപയോഗിക്കാവുന്ന എയര്‍കണ്ടീഷന്‍ഡ് വെയിറ്റിംഗ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും നിര്‍വഹിച്ചു.

സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് നല്‍കുന്ന പ്രാധാന്യം സ്വാഗതാര്‍ഹമാണെന്നും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ചില സ്ത്രീ യാത്രക്കാരെയെങ്കിലും യാത്രയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നാതായും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനവും കേന്ദ്രവുമായുള്ള കൂട്ടു സംരംഭങ്ങളിലൂടെ പല പദ്ധതികളും പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പ്രവാസി മലയാളികളുടെ സാമ്പത്തികശക്തിയും റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ റെയില്‍വേ വികസനം ദീര്‍ഘകാലമായി നേരിടുന്ന അവഗണനയ്ക്ക് പരിഹാരം ഉണ്ടാവണമെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. റെയില്‍വേ ട്രാക്കുകളുടെ അപകട സാധ്യത അടിയന്തരമായി ശ്രദ്ധിക്കേണ്ട പ്രശ്‌നമാണെന്ന് മന്ത്രി പറഞ്ഞു.സി.പി.നാരായണന്‍ എം.പി, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, ഒ.രാജഗോപാല്‍, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്രി എന്നിവര്‍ സെന്‍ട്രല്‍ സ്‌റ്റേഷനിലെ ചടങ്ങില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സില്‍ കണ്ണൂര്‍ സ്റ്റേഷനില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ഇ.പി.ലത, കൊല്ലത്ത് കെ.സോമപ്രസാദ് എം.പി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.