എം.പിമാരുടെ യോഗം ചേര്‍ന്നു

സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ സര്‍ക്കാരും എം.പിമാരും കൈക്കൊള്ളുന്ന യോജിച്ച നിലപാട് നല്ലനിലയ്ക്ക് തുടര്‍ന്നുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ സഭയില്‍ ഉയര്‍ത്താന്‍ കഴിഞ്ഞ യോജിപ്പ് ഇനിയും തുടരണം. റേഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷ്യധാന്യവിഹിതം ലഭിക്കുന്നില്ല. മുന്‍ഗണനാപട്ടിക വന്നപ്പോള്‍ പുറത്തായിപ്പോയവരുള്‍പ്പെടെയുണ്ട്. ഇക്കാര്യവും ഗൗരവമായി എടുക്കണം. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കിയതായും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കുറവുണ്ടായതായും മുഖ്യമന്ത്രി എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിമാരും സെക്രട്ടറിമാരും അജണ്ടപ്രകാരം എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി ചര്‍ച്ച ചെയ്തു.

നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 24,000 രൂപ മാത്രം ആഴ്ചയിലൊരിക്കല്‍ പിന്‍വലിക്കാനാകുന്ന അവസ്ഥ വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു. കാര്‍ഷികവായ്പകള്‍ പോലും പണമായി നല്‍കാനാകുന്നില്ല. ഈ നിയന്ത്രണം നീക്കാന്‍ നടപടിക്കായി ശ്രമിക്കണം. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്ക് നല്‍കുന്ന പലിശ സബ്‌സിഡി 2014-15 വര്‍ഷത്തെ രണ്ടാംപാദം മുതലും, 2015-16 ലെ ആദ്യരണ്ട് പാദങ്ങളിലേയും തുക നബാര്‍ഡില്‍നിന്ന് ലഭിക്കാനുണ്ട്. ഇത് അനുവദിക്കാന്‍ സമ്മര്‍ദ്ദമുണ്ടാകണമെന്നും അദ്ദേഹം എം.പിമാരോട് ആവശ്യപ്പെട്ടു. സംയോജിത സഹകരണ വികസന പദ്ധതിക്ക് ദേശീയ സഹകരണ വികസന കോര്‍പറേഷന്‍ നല്‍കുന്ന വായ്പക്ക് പലിശ നിരക്ക് കൂടുതലാണ്. ഇത് കുറയ്ക്കാനും സബ്‌സിഡി തുക വകയിരുത്താനും നടപടി വേണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പിന്നാക്ക വിഭാഗ കമ്മീഷന്‍ മുമ്പാകെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ലഭിച്ച നിരവധി നിവേദനങ്ങള്‍ പരിശോധിച്ച് പരിഗണിക്കാന്‍ സോഷ്യോ -എക്കണോമിക് ആന്റ് കാസ്റ്റ് സര്‍വേ ലഭ്യമാക്കാന്‍ നടപടിയുണ്ടാകാന്‍ എം.പിമാര്‍ ശ്രമിക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കാസമുദായ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ആവശ്യപ്പെട്ടു. വന്‍ബന്ധു കല്യാണ്‍ യോജന പദ്ധതിപ്രകാരം 3600 കോടി രൂപയുടെ അഞ്ചുവര്‍ഷ പരിപ്രേക്ഷ്യ വികസന പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാന്‍ നടപടി വേണം. പട്ടികവര്‍ഗ ഊരുകളില്‍ വൈദ്യുതി ലൈന്‍ നീട്ടുന്നതിനും കുടിവെള്ളമെത്തിക്കുന്നതിനും എം.പി ഫണ്ടില്‍ മുന്തിയ പരിഗണന നല്‍കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മിസോറാം സര്‍ക്കാര്‍ ആരംഭിക്കുമെന്നറിയിച്ചിട്ടുള്ള ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും സംസ്ഥാന ഭാഗ്യക്കുറി സംരക്ഷിക്കാന്‍ എം.പിമാരുടെ ഇടപെടല്‍ വേണമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് യോഗത്തില്‍ പറഞ്ഞു. ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് 1.50 കോടി രൂപയ്ക്ക് താഴെ വരുമാനമുള്ള വ്യാപാരികളെ പൂര്‍ണമായും സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ ശക്തമായി ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളുടെ പുനരുദ്ധാരണത്തിനായി കേന്ദ്രസഹായം തേടി സമര്‍പ്പിച്ച 886 കോടി രൂപയുടെ പ്രൊപ്പോസലില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിന്റെ അംഗീകാരത്തിനായി പാര്‍ലമെന്റംഗങ്ങളുടെ ഇടപെടല്‍ വേണം. പോളി ടെക്‌നിക് കോളേജുകളില്‍ കമ്മ്യൂണിറ്റി കോളേജ് പദ്ധതിക്ക് എ.ഐ.സി.ടി.ഇ നല്‍കാനുള്ള ബാക്കി ഗഡുക്കള്‍ ലഭ്യമാക്കാന്‍ സമ്മര്‍ദ്ദമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവിതരണസമ്പ്രദായത്തെ ആശ്രയിച്ചുകഴിയുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനുള്ള ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണമെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ലഭ്യമായിരുന്ന വിഹിതത്തെക്കാള്‍ കുറവാണ് ഭക്ഷ്യഭദ്രതാ നിയമപ്രകാരം ലഭ്യമാകുന്നത്. പഞ്ചസാര വിഹിതവും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി എം.പിമാരുടെ ശ്രമമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴിലും നൈപുണ്യവും, ആരോഗ്യ-കുടുംബക്ഷേമം, നിയമം, വനം വന്യജീവി, തദ്ദേശസ്വയംഭരണം, ആയുഷ്, മത്സ്യബന്ധന-തുറമുഖ വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. കൃഷി, വ്യവസായം, പൊതുമരാമത്ത്, വൈദ്യുതി, ഗതാഗതം, റവന്യൂ, ജലവിഭവം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും എം.പിമാരുടെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ട്. മന്ത്രിമാരായ ജി. സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, എ.സി. മൊയ്തീന്‍, എം.എം. മണി, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ പങ്കെടുത്തു.

ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ പാര്‍ലമെന്റില്‍ നടത്തുമെന്ന് എം.പിമാര്‍ അറിയിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, എം.പിമാരായ ഡോ. എ. സമ്പത്ത്, പി.കെ. രാഗേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, സി.പി. നാരായണന്‍, ജോസ് കെ. മാണി, പി.കെ. ബിജു, ആന്‍േറാ ആന്റണി, ഇന്നസെന്റ്, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.ഐ. ഷാനവാസ്, ജോയ്‌സ് ജോര്‍ജ്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ സംബന്ധിച്ചു.