സി. ഭാസ്കരന്‍ അനുസ്മരണം

സി.പി.ഐ. (എം) വയനാട് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുമ്പോഴായിരുന്നു സ. സി. ഭാസ്കരന്‍ നമ്മെ വിട്ടുപിരിയുന്നത്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കൂടിയായിരുന്നു ഭാസ്കരന്‍. വയനാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാക്കളിലൊരാളെയാണ് ഭാസ്ക്കരന്‍റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ജില്ലയില്‍ തൊഴിലാളി, യുവജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ ഭാസ്കരന്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.

എരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ നിന്നാണ് സ. ആക്ടിങ് ജില്ലാ സെക്രട്ടറി പദവിയിലെത്തുന്നത്. 1982 മുതല്‍ 88 വരെ ബത്തേരി ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഭാസ്കരന്‍ മാനന്തവാടി, പുല്‍പ്പള്ളി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാസെക്രട്ടറിയായിരുന്ന സി.കെ. ശശീന്ദ്രന്‍ 2016ല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ടിയുടെ ജില്ലാ ആക്ടിങ് സെക്രട്ടറിയായി സഖാവിനെ നിശ്ചയിക്കുകയായിരുന്നു. ഭരണ രംഗത്തും സഖാവ് തന്‍റെ മികവ് തെളിയിച്ചു. ബത്തേരി ഗ്രാമപഞ്ചായത്ത് അംഗം, ബത്തേരി ബ്ലോക്ക് ഡെവലപ്പമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ സഖാവിന്‍റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.

1950ല്‍ കോഴിക്കോട് ജില്ലയിലെ ചീക്കിലോട് ജനിച്ച സ. സി. ഭാസ്കരന്‍ തൊഴില്‍ തേടിയാണ് വയനാട്ടിലെത്തിയത്. ജില്ലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീവല്‍ക്കരിക്കുന്നതിനും നേതൃത്വപരമായ പങ്ക് അദ്ദേഹം വഹിക്കുകയുണ്ടായി. 1970 കാലത്ത് തൊഴിലാളിയായി വയനാട്ടിലെത്തിയ സഖാവ് ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു പൊതുരംഗത്തെത്തിയത്. ചുമട്ടു, മോട്ടോര്‍, തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് ജില്ലയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തമാക്കുന്നതിലും അവരെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലും മുന്‍നിരയില്‍ നിന്ന നേതാവായിരുന്നു സി. ഭാസ്കരന്‍.

1995 മുതല്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു.

ചെത്തു തൊഴിലാളി യൂണിയന്‍ നേതാവുകൂടിയായിരുന്ന സി. ഭാസ്കരന്‍ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച വാഗ്മിയായിരുന്ന സഖാവ് നിരവധി തവണ കടുത്ത പൊലീസ് മര്‍ദ്ദനത്തിനുമിരയായിട്ടുണ്ട്.