മത്തായി നൂറനാല്‍ അവാര്‍ഡ്

ബത്തേരി സെന്‍റ്മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കുന്ന ഈ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. കാരണം അഭിവന്ദ്യ പുരോഹിതന്‍ ശ്രീ. മത്തായി നൂറനാലിന്‍റെ പേരിലാണല്ലോ ഇവിടെ പുരസ്ക്കാര സമര്‍പ്പണം നടക്കുന്നത്. ജീവിതത്തില്‍ സ്വപ്രയത്നം കൊണ്ട് മഹത്വത്തിലേക്ക് നടന്ന് കയറിയിട്ടുള്ള ധാരാളംപേരെ നമുക്കറിയാം. അവരില്‍ പ്രഥമസ്ഥാനീയനാണ് നൂറനാലച്ചന്‍. തന്‍റെ ലക്ഷ്യം കൃത്യമായി തിരിച്ചറിഞ്ഞ പോരാളി. തോല്‍വിയെപോലും വിജയമാക്കി മാറ്റിയ അസാമാന്യ പ്രതിഭ. ഈ വിശേഷണങ്ങളെല്ലാം അദ്ദേഹത്തിനു നന്നായി യോജിക്കുന്നതാണ്.

പ്രഗല്‍ഭനായ സംഘാടകനായിരുന്ന ശ്രീ. മത്തായി നൂറനാല്‍ കാലത്തിനുമുന്‍പേ സഞ്ചരിക്കാനുള്ള കഴിവ് പ്രദര്‍ശിപ്പിച്ച
വ്യക്തിയായിരുന്നു. തനതായ ഒരു വികസന കാഴ്ചപ്പാടു പുലര്‍ത്തിയ അദ്ദേഹം ഈ പ്രദേശത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കുമായി അഞ്ചു പതിറ്റാണ്ട് കാലമാണ് ചുക്കാന്‍ പിടിച്ചത്. അനുകരണീയമായ നേതൃപാടവവും ശ്രദ്ധേയമായ ഭരണനിപുണതയും പ്രദര്‍ശിപ്പിച്ച അദ്ദേഹം മികച്ച ഒരു പ്രാസംഗികനുമായിരുന്നു. പ്രൗഢഗംഭീരമായ ശബ്ദവും സ്ഫുടമായ ഉച്ചാരണശുദ്ധിയുമുള്ള അദ്ദേഹത്തിന്‍റെ വാക്ധോരണികള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ പോരുന്നതായിരുന്നു.

സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി അഹോരാത്രം പ്രയത്നിക്കണമെന്നുള്ള വിശ്വാസമാണ് അവസാന നിമിഷം വരെ അദ്ദേഹത്തെ നയിച്ചിരുന്നത്. സ്വന്തം വിശ്വാസ പ്രമാണങ്ങളില്‍ അചഞ്ചലമായ പ്രതിബന്ധത പുലര്‍ത്തുമ്പോഴും പ്രായോഗികതലത്തില്‍ ഊന്നിയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. സ്വസമുദായത്തിന്‍റെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമ്പോഴും എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്ന പരിഹാരത്തില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ഇത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. വിശാലമായ ജീവിതവീക്ഷണവും സാമൂഹ്യപ്രതിബദ്ധതയും ഉള്ളവര്‍ക്കു മാത്രമേ ഇതു സാധിക്കൂ.

കേരളത്തിന്‍റെ സാമൂഹ്യജീവിതം തികച്ചും കലുഷമായ ഒരവസ്ഥയിലൂടെ കടന്നുപോകുന്ന കാലയളവിലായിരുന്നു അദ്ദേഹത്തിന്‍റെയും പ്രവര്‍ത്തനം. വയനാടിനെ സംബന്ധിച്ചിടത്തോളം അന്നത്തെ ഏറ്റവും വലിയ പ്രശ്നം കുടിയേറ്റക്കാരുടേതായിരുന്നു. ഇതിനു പരിഹാരം കാണുന്നതിനായി അക്കാലത്ത് മുന്‍നിര പോരാളിയായി നിന്ന സമരധീരനായ സഖാവ് എ കെ ജിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സന്നദ്ധനായി. കമ്യൂണിസ്റ്റുകാരനുമായി ചേര്‍ന്നുനിന്നാല്‍ ദൈവകോപമൊന്നും വരില്ല എന്ന് അദ്ദേഹം വിശ്വാസികള്‍ക്കു കാട്ടിക്കൊടുത്തു. സഭയ്ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഇടയില്‍ പൊതുവായ പ്രവര്‍ത്തനത്തിനുള്ള ഇടങ്ങളുണ്ട് എന്നു കാട്ടിക്കൊടുത്തു. മനുഷ്യനډയ്ക്കായി കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു
അദ്ദേഹം കാട്ടിക്കൊടുത്തു.

ഇതു ഞാന്‍ എടുത്തുപറയാന്‍ കാരണം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി പടര്‍ന്നുപന്തലിക്കുന്ന കാലമായിരുന്നു അത്. ഒപ്പം സഭ കമ്യൂണിസ്റ്റ് പാര്‍ടിയെയും പ്രവര്‍ത്തകരെയും സംശയത്തോടെ കാണുകയും അകലം പാലിക്കുകയും ചെയ്തിരുന്ന കാലം. ഇക്കാലത്താണ് യാതൊരു ആശങ്കയും കൂടാതെ മഹാനായ എ കെ ജിക്കൊപ്പം നൂറനാലച്ചന്‍ സമരരംഗത്തു കൈകോര്‍ക്കുന്നത്. അതില്‍ അക്കാലത്തിനും ഇക്കാലത്തിനും മാത്രമല്ല, വരും കാലത്തിനും വേണ്ടതായ ഒരു പാഠമുണ്ട്.

വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്‍റെ സംഭാവന എടുത്തുപറയേണ്ടതാണ്. അന്നത്തെ കാലത്തു വയനാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ലായ്മ. സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വകലാശാലാ വിദ്യാഭ്യാസത്തിനായി മൈലുകള്‍ താണ്ടി കോഴിക്കോട് എത്തേണ്ടതുണ്ടായിരുന്നു. വയനാട്ടിലെ കര്‍ഷകര്‍ക്ക് ചിന്തിക്കുവാന്‍ കഴിയുന്നതിനപ്പുറമായിരുന്നു അത്. ഇതുപരിഹരിക്കാനായി ഫാദര്‍ നൂറനാല്‍ നടത്തിയ ഇടപെടലുകള്‍ ഞാന്‍ നിങ്ങളോടു വിശദീകരിക്കേണ്ടതില്ലല്ലോ. അദ്ദേഹത്തിന്‍റെ അശ്രാന്ത പരിശ്രമ ഫലമായി, നിരവധി പ്രമുഖരുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ സ്ഥാപിതമായ ബത്തേരി സെന്‍റ് മേരീസ് കോളേജ് ഇതിനുദാഹരണമാണ്. ഇന്ന് കേരളത്തിലെ തന്നെ വലിയ കോളേജുകളിലൊന്നായി വളര്‍ന്ന് നില്‍ക്കുന്ന ഈ കലാലയം മാത്രം മതി മത്തായി നൂറനാലിന്‍റെ സ്മരണ
നിലനിര്‍ത്തുവാന്‍.

അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പ്രവര്‍ത്തനമായി ഞാന്‍ വിലയിരുത്തുന്നത്, സഹകരണമേഖലയോട് അദ്ദേഹം പുലര്‍ത്തിയ അഭിമുഖ്യമാണ്. ബത്തേരിയിലെ നിരവധി സഹകരണ സ്ഥാപനങ്ങളുടെ രൂപീകരണത്തില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക്, സഹകരണ ഹൗസിങ് സൊസൈറ്റി തുടങ്ങിയവയുടെ സ്ഥാപക അധ്യക്ഷനായിരുന്നു അദ്ദേഹം. സഹകരണ മേഖലയ്ക്കു കേരള വികസനത്തിലുള്ള പങ്കിനെപ്പറ്റി തികച്ചും ബോധവാനായ പുരോഹിതനായിരുന്നു നൂറനാലച്ചന്‍. ഭൂപരിഷ്ക്കരണത്തിനുശേഷം കേരളം കണ്ട ഏറ്റവും വിപ്ലവാത്മകമായ മുന്നേറ്റമായ സഹകരണപ്രസ്ഥാനത്തിനെതിരെ അടുത്തിടെ നടക്കുന്ന ജല്‍പനങ്ങള്‍ നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു ഞാന്‍ കരുതുന്നു. അപ്രതീക്ഷിതമായുണ്ടാകുന്ന ഏതു സാമ്പത്തിക പ്രതിസന്ധിയിലും സാധാരണജനങ്ങള്‍ക്കു കൈത്താങ്ങാകുന്ന സ്ഥാപനങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങള്‍. യാതൊരുവിധ ശുപാര്‍ശയും കൂടാതെ, ബന്ധുക്കളോടെന്ന പോലെ സ്വാതന്ത്ര്യപൂര്‍വ്വം പെരുമാറാനും, ആവശ്യങ്ങള്‍ സാധിച്ചെടുക്കുന്നതിനും കഴിയുന്ന സ്ഥാപനമാണിത്.

ബ്യൂറോക്രസിയുടെ ചുവപ്പുനാടയും ഉദ്യോഗസ്ഥ ധാര്‍ഷ്ട്യവും നിങ്ങള്‍ക്കിവിടെ കാണാനാകില്ല. സ്വന്തമെന്ന പോലെ ഇവിടെ കയറിച്ചെല്ലാനും സേവനങ്ങള്‍ ഉപയോഗിക്കുവാനും എല്ലാവര്‍ക്കും അവസരമുണ്ട് എന്നതാണിവയുടെ പ്രത്യേകത. ഇതൊന്നും ഞാന്‍ നിങ്ങളെയാരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമല്ല. എന്നാല്‍ ഒരുകാര്യം നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഈ പ്രസ്ഥാനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് കേരളത്തെ വലിയ തകര്‍ച്ചയിലേക്കാകും തള്ളിയിടുക. അതുകൊണ്ടുതന്നെ സഹകരണ പ്രസ്ഥാനത്തിന്‍റെ സംരക്ഷണത്തിനായി നിങ്ങള്‍ ഒരു കോട്ട പോലെ കാവല്‍ നില്‍ക്കണം. നൂറനാലച്ചന്‍റെ സ്മരണ നിങ്ങള്‍ക്ക് അതിനു വേണ്ടത്ര പ്രചോദനം നല്‍കും.

ഇതു തിരിച്ചറിയുകയും സഹകരണ പ്രസ്ഥാനത്തിലൂടെ സമൂഹത്തിന്‍റെ ഉന്നമനത്തിനുവേണ്ടി അഹോരാത്രം യത്നിക്കുകയും ചെയ്ത നൂറനാലച്ചന്‍റെ പേരിലുള്ള അവാര്‍ഡ്നല്‍കുന്നത് സാമൂഹ്യരംഗത്തെ മികച്ച സംഭാവന നല്‍കിയ വ്യക്തിക്കാണ്. അദ്ധ്യാപകരുടെ അധ്യാപകന്‍چ എന്നു വിളിപ്പേരുള്ള ഫാ. ടി ജെ ജോഷ്വായാണ് ഇത്തവണ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. അദ്ദേഹത്തെ ഹൃദയപൂര്‍വ്വം അഭിനന്ദിച്ചുകൊണ്ടു ഈ ചടങ്ങ് സന്തോഷപൂര്‍വ്വം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു. പുരസ്കാരം സമര്‍പ്പിക്കുന്നു.