ഉഷ്ണരാശി

പൊതുവേ ഇടതുപക്ഷ രാഷ്ട്രീയവും അതിന്‍റെ പോരാട്ടവീര്യവും കൊണ്ട് സമ്പന്നമായ നാടാണ് കേരളം. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും അയ്യാ വൈകുണ്ഠനും പണ്ഡിറ്റ് കറുപ്പനും അടക്കമുള്ളവര്‍ നേതൃത്വം നല്‍കിയ കേരളീയ നവോഥാനത്തിന്‍റെയും ദേശീയ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ശക്തി പ്രാപിച്ച ദേശീയപ്രസ്ഥാനത്തിന്‍റെയും തുടര്‍ച്ചയായിട്ടാണ് കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടത്. പക്ഷെ അതിനു മുന്‍പുതന്നെ ദേശീയ സ്വാതന്ത്ര്യ സമരത്തോടൊപ്പവും അല്ലാതെയും ഇടതുപക്ഷ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും നടത്തിയിട്ടുള്ള ത്യാഗോജ്വല പോരാട്ടങ്ങള്‍ ഏറെയുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായ ഭരണസംവിധാനങ്ങള്‍, ദേശീയപ്രസ്ഥാനം സൃഷ്ടിച്ച രാഷ്ട്രീയ മൂല്യബോധങ്ങളെ അട്ടിമറിച്ചപ്പോഴും തൊഴിലാളി-കര്‍ഷക ജനസാമാന്യത്തിനെതിരായ ചൂഷണം ശക്തിപ്പെടുത്തിയപ്പോഴും സന്ധിയില്ലാത്ത സമരത്തിന് നേതൃത്വം കൊടുത്തത് ഇടതുപക്ഷമാണ്. ജാതി-ജډി-ഭൂപ്രഭു വ്യവസ്ഥയ്ക്കെതിരെ നടത്തിയ ചോരചിതറിയ പോരാട്ടങ്ങള്‍ കേരളത്തിന്‍റെ ചരിത്രത്താളുകളില്‍ അനശ്വരവും ആവേശോജ്വലവുമായി എന്നും ഉണ്ടാകുകതന്നെ ചെയ്യും.

സ്വാതന്ത്ര്യ ബോധത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും ഉജ്വല മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ആ പോരാട്ടങ്ങള്‍ അതേത്തുടര്‍ന്നു വന്ന കാലത്തെ കലാ സാഹിത്യ മണ്ഡലങ്ങളില്‍ തങ്കലിപികളിലാണ് എഴുതിച്ചേര്‍ത്തിട്ടുള്ളത്. കേരളത്തെ കേരളമാക്കിയ ആ ജനമുന്നേറ്റങ്ങളുടെ അനുരണനങ്ങള്‍ അന്നത്തെ നാടകം കഥാപ്രസംഗം തുടങ്ങിയ കലാരൂപങ്ങളിലും തുടിച്ചുനിന്നു. കെപിഎസിയെപ്പോലെയുള്ള നാടക സംഘങ്ങളും വി സാംബശിനെപ്പോലെയുള്ള കാഥികരും നിരവധി സിനിമാ പ്രവര്‍ത്തകരും ഇടതുപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായും ശക്തമായും ഇടപെട്ട് ആ പോരാട്ടങ്ങളുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. കവിതയും കഥയും നാടകവും നോവലും ഒക്കെ ഇടതുപക്ഷ രാഷ്ട്രീയം കൊണ്ട് സമ്പന്നമായിരുന്നു അന്ന്.

ഇ എം എസ്സും വി ടിയും കെ ദാമോദരനും തോപ്പില്‍ഭാസിയും അടക്കമുള്ളവരില്‍ തുടങ്ങിയ ഒരു നിര സാഹിത്യത്തിലും കലയിലും ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ പതാകയുമായി ഏറെ മുന്നേറിയവരാണ്. കേരളത്തിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന നിമിഷങ്ങളെയും സമരക്കാര്‍ അനുഭവിച്ച നരകതുല്യ യാതനകളെയും പുതുതലമുറയ്ക്ക് മുന്നില്‍ എത്തിക്കുന്നതിലും ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മഹനീയ മാതൃകകളെ പരിചയപ്പെടുത്തുന്നതിലും അവര്‍ നല്‍കിയ നേതൃത്വം ആവേശകരമാണ്.

കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും മുനയന്‍കുന്നും പുന്നപ്ര വയലാറും കല്ലറ-പാങ്ങോടും ഒക്കെ പുതുതലമുറയുടെ ആവേശമായത് അങ്ങനെയാണ്. സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും വരെ ഭരണകൂടത്താല്‍ തട്ടിയെടുക്കപ്പെട്ട അടിയന്തിരാവസ്ഥയിലും അതിനുശേഷവും കലാ-സാഹിത്യ-സാംസ്കാരിക മേഖലകളിലെ ഈ ഇടതുപക്ഷ സര്‍ഗ്ഗ വസന്തം തുടര്‍ന്നു. തൊണ്ണൂറുകളില്‍ ശക്തമായ ഉദാരീകരണത്തിന് ശേഷമാണെന്ന് തോന്നുന്നു, സാഹിത്യ കലാമേഖലകളില്‍ അവനവന്‍ തുരുത്തുകള്‍ ശക്തിപ്പെട്ടത്. സമൂഹത്തിന്‍റെ പ്രശ്നങ്ങളില്‍നിന്നും മുഖംതിരിച്ച് വ്യക്ത്യധിഷ്ഠിത വ്യാപാരങ്ങളിലേക്ക് സാഹിത്യാദി കലകള്‍ തിരിച്ചിറങ്ങുന്ന ഒരു കാലമായി അതിനെ കാണാം. ആധുനികതയുടെ കാലത്തേ തുടങ്ങിയതാണ് ഈ പ്രവണത. എന്നാല്‍, ശക്തമായത് ഉദാരവല്‍ക്കരണ കാലത്താണ്. ആഗോളവല്‍ക്കരണമെന്ന മുതലാളിത്ത നയത്തിന് സാഹിത്യത്തിലൂടെ ജനങ്ങളെ സമൂഹത്തില്‍ ഒറ്റ മനുഷ്യരായി വേര്‍തിരിച്ചു നിര്‍ത്തേണ്ടത് ഒരു രാഷ്ട്രീയ ആവശ്യമായിരുന്നു. ആ ആവശ്യം സാധിച്ചുകൊടുക്കുക എന്ന ദൗത്യം നമ്മുടെ ചില സാഹിത്യകാരډാര്‍ ശക്തിപ്പെടുത്തി എന്നതാണു സത്യം. അങ്ങനെ സമൂഹത്തില്‍നിന്നും പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു പ്രത്യേക സാഹിത്യം ഉണ്ടായി.

രാഷ്ട്രീയം മറച്ചുവയ്ക്കപ്പെടേണ്ടതാണെന്ന ഒരു സ്വാര്‍ത്ഥചിന്ത പൊതുവെ ഉടലെടുത്തു. ഇടതുപക്ഷ രാഷ്ട്രീയത്തോട്ചേര്‍ന്നു നില്‍ക്കുന്നതും അതുയര്‍ത്തിപ്പിടിക്കുന്നതും വ്യക്തി ജീവിതത്തിലും സ്വീകാര്യതയുടെ കാര്യത്തിലും അത്ര ആദായകരമല്ല എന്ന ഒരുതരം കമ്പോള നിലപാട് ചിലരിലെങ്കിലും ഉടലെടുത്തു. ഭരണകൂട അംഗീകാരങ്ങളും വില്‍പനയുടെ നേട്ടവും ഒക്കെ നോക്കി സൃഷ്ടിയിലേര്‍പ്പെടുന്ന സ്ഥിതിയുണ്ടായപ്പോള്‍ സാധാരണക്കാരന്‍റെ ജീവിതത്തോട് ചേര്‍ന്നുനിന്ന പതിത രാഷ്ട്രീയം പിന്നണിയിലേക്ക് തള്ളി മാറ്റപ്പെട്ടു. നല്ല സൃഷ്ടികള്‍ ഉണ്ടാവുന്നില്ലെന്നോ രാഷ്ട്രീയമുള്ള എഴുത്തുകാര്‍ തീരെ ഇല്ലെന്നോ അല്ല ഈ പറഞ്ഞതിനര്‍ത്ഥം, നവലിബറല്‍ കാലം എങ്ങനെയാണ് നമ്മുടെ സാംസ്കാരികാന്തരീക്ഷത്തെ സ്വാധീനിച്ചത് എന്നതു സൂചിപ്പിക്കാന്‍ ശ്രമിച്ചു എന്നു മാത്രം.

ഇത്തരത്തില്‍ സാഹിത്യ പൊതുമണ്ഡലത്തില്‍ രാഷ്ട്രീയം ഒഴിവാക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ. കെ വി മോഹന്‍ കുമാറിന്‍റെ ‘ഉഷ്ണരാശി’ കടന്നുവരുന്നത്. അത് ആധുനിക പ്രവണതകളെ തിരുത്തിക്കൊണ്ട് രാഷ്ട്രീയം കൈകാര്യം ചെയ്തു. അതും സര്‍ഗ്ഗാത്മകമായി തന്നെ. പുന്നപ്ര വയലാറിന്‍റെ ഇതിഹാസചരിത്രം പ്രമേയമാക്കി അദ്ദേഹം ‘ഉഷ്ണരാശി’ എന്ന നോവല്‍ രചിച്ചു.

1944ല്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാല്‍ തിരുവിതാംകൂര്‍ സ്വതന്ത്രമായി നില്‍ക്കുമെന്ന സ്വതന്ത്ര തിരുവിതാംകൂര്‍ വാദമായിരുന്നു സി പിയുടെ അമേരിക്കന്‍ മോഡല്‍. പരിമിതമായ വോട്ടവകാശവും ദിവാന്‍റെ നേതൃത്വത്തില്‍ ഒരു സ്ഥിരം ഭരണ സംവിധാനവുമായിരുന്നു ദിവാന്‍റെ സ്വപ്നം. ഇതു വകവെച്ച് കൊടുക്കാന്‍ ദേശീയ ബോധമുള്ള നാട്ടുകാര്‍ തയ്യാറല്ലായിരുന്നു. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍, മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍, ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ എന്നീ തൊഴിലാളി സംഘടനകളുടെ സംയുക്തയോഗം സമരം ചെയ്യാന്‍ തീരുമാനിച്ചു. ഇതാണ് ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരമായി വളര്‍ന്നത്.

ആലപ്പുഴയിലെ കയര്‍ തൊഴിലാളികള്‍ പുന്നപ്ര-വയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയത് ഏതെങ്കിലും രീതിയിലുള്ള അവരുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല. ഉത്തരവാദിത്വ ഭരണം അനുവദിക്കുക, ദേശീയ നേതാക്കളെ മോചിപ്പിക്കുക എന്നീ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു. പുന്നപ്രയില്‍ വെടിവയ്പ്പില്‍ തുടങ്ങി മാരാരിക്കുളം, മേനാശ്ശേരി, ഒളതല, വയലാര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ച സമരത്തിന്‍റെ ചരിത്രം ആരെയും ആവേശം കൊള്ളിക്കുന്നതാണ്. അതിതീവ്രമായ സ്വാതന്ത്ര്യ ബോധവും സംഘടിത ശക്തിയിലുള്ള അചഞ്ചലമായ വിശ്വാസവും കൊണ്ടാണ് വാരിക്കുന്തവുമായി തൊഴിലാളികള്‍ സി പി യുടെ ചോറ്റുപട്ടാളത്തോട് പോരാട്ടത്തിനിറങ്ങിയത്. കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത ആ പോരാട്ടത്തിന്‍റെ കഥ ഇന്നും നമ്മുടെ നാടിന്‍റെ പോരാട്ടമനസ്സിനെ ആവേശം കൊള്ളിക്കുന്നു. അതുകൊണ്ടാണല്ലോ വയലാര്‍ പാടിയത് ‘ചോര ചുവയ്ക്കും ഞങ്ങടെ നാട്ടിലെ നീരാവിക്കും മണലിന്നും കറുകക്കൂമ്പിന്‍ മഞ്ഞണി മുത്തിനുമൊരു തുള്ളിച്ചുടു നിണമില്ലേ…’

ആ ചോരകൊണ്ടെഴുതിയ ഇതിഹാസത്തെയാണ് മോഹന്‍കുമാര്‍ ഇവിടെ നോവല്‍ രൂപത്തില്‍ പുനരാഖ്യാനം ചെയ്യുന്നത്. പുന്നപ്ര-വയലാറിന്‍റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹൃദയ ദ്രവീകരണ ശക്തിയുള്ള ശൈലിയില്‍ എഴുതപ്പെട്ട ഉഷ്ണരാശി ഉജ്വലമായ ഒരു രാഷ്ട്രീയേതിഹാസ നോവലാണ്. പുതിയ തലമുറ പുന്നപ്ര-വയലാര്‍ സമരത്തെ പുനര്‍ വായിക്കുന്ന തരത്തിലാണ് ആഖ്യാനം വികസിക്കുന്നത്. അധികാര പ്രമത്തതയും ആസക്തികളുമെല്ലാം നിറഞ്ഞ ആക്രമണോല്‍സുകമായ ജډിത്വത്തിന്‍റെ വികൃത മുഖം
ഏതു ഭാവനയ്ക്കും അപ്പുറം നില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. അക്കാലത്ത് സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ ക്രൂരമായിരുന്നു. നവവധുക്കളെ ആദ്യ ദിവസം തന്നെ ജډിമേലാളډാര്‍ക്ക് കാഴ്ചവയ്ക്കേണ്ടി വരുന്നതും സമരത്തെ അടിച്ചമര്‍ത്താനെത്തിയ പട്ടാളം സ്ത്രീകളോട് ചെയ്യുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളും ആരുടേയും ചോര തിളപ്പിക്കും. നിരീക്ഷണ പാടവവും പഠനോത്സുകതയും ആത്മാര്‍ത്ഥതയും സര്‍വോപരി സര്‍ഗ്ഗാത്മകതയും ചേര്‍ന്ന കൃതിയാണിത്. വസ്തുതകളുടെ ആധികാരികതയും മൗലികതയും ഉഷ്ണരാശിയെ ഒരു വിലപ്പെട്ട നോവലാക്കി തീര്‍ത്തിരിക്കുന്നു. മനോഹരമായ നിരവധി കഥകള്‍ എഴുതിയിട്ടുള്ള മോഹന്‍കുമാര്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും ഇപ്പോള്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കും തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഉഷ്ണരാശിയിലൂടെ ഇരുത്തം വന്ന ഒരു നോവലിസ്റ്റ് ആയിക്കൂടി അദ്ദേഹം മാറി.

കയ്യൂര്‍ സമരത്തെ അധികരിച്ച് പ്രശസ്ത കന്നഡ എഴുത്തുകാരന്‍ നിരഞ്ജന എഴുതിയ ‘ചിരസ്മരണ’യ്ക്കൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന നോവലാണ് ഉഷ്ണരാശി എന്നെനിക്ക് തോന്നുന്നു. കയ്യൂര്‍ പോലെ മനസ്സുപൊള്ളിക്കുന്ന ഒരു സംഭവം ഇവിടെ ഉണ്ടായിട്ട് കന്നടയില്‍ നിന്നുള്ള നിരഞ്ജന വേണ്ടിവന്നു അതെക്കുറിച്ച് നോവലെഴുതാന്‍! എന്തുകൊണ്ട് മലയാള സാഹിത്യകാരډാര്‍ക്ക് ആ വഴിക്കു ചിന്ത പോയില്ല. കയ്യൂര്‍ സാഹിത്യത്തിനു പറ്റിയതല്ല എന്നാരും പറയുമെന്നു തോന്നുന്നില്ല. എങ്കില്‍ നിരഞ്ജന എങ്ങനെ എഴുതി? മൃണാള്‍സെന്നെ അത് എങ്ങനെ ആകര്‍ഷിച്ചു? അപ്പോള്‍ അതല്ല പ്രശ്നം. കമ്യൂണിസ്റ്റുകാരെ നല്ല വെളിച്ചത്തില്‍ നിര്‍ത്തുന്ന സാഹിത്യം വേണോ വേണ്ടയോ എന്നതാണു പ്രശ്നം.വേണ്ട എന്നു തീരുമാനിച്ചവരാണ് പൊതുധാരയില്‍ കൂടുതല്‍ എഴുത്തുകാരും. അവരുടെ മനോഭാവം തകര്‍ക്കും വിധമാണ് പുന്നപ്ര-വയലാര്‍ മുന്‍നിര്‍ത്തി മോഹന്‍കുമാര്‍ ധീരമായി ഇങ്ങനെ ഒരു നോവലെഴുതിയത്. അഭിനന്ദനാര്‍ഹമായ കാര്യമാണത്. കെ ദാമോദരനും ചെറുകാടിനും എപി കളയ്ക്കാടിനും ഒക്കെ രാഷ്ട്രീയ സാഹിത്യരചനയുടെ കാര്യത്തില്‍ പിډുറക്കാരുണ്ടാവുന്നു എന്നതു സന്തോഷകരമാണ്.

കേരളസമൂഹം കെട്ടിപ്പടുക്കുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെക്കുറിച്ചുകൂടി ഈ നോവല്‍ ഉള്‍ക്കാഴ്ചതരുന്നുണ്ട്. ഐഎഎസുകാരനായിരിക്കുമ്പോള്‍ പോലും എഴുത്തുകാരന്‍ എന്ന നിലയില്‍ വേറിട്ട് നില്‍ക്കാനും മൗലികമായ നിലപാടുകള്‍ കൈക്കൊള്ളാനും മോഹന്‍കുമാറിന് കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. അദ്ദേഹത്തിന്‍റെ വരുംകാലത്തെ സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍റെ ആശംസകള്‍.