നിയമസഭാ വജ്ര ജൂബിലി സെമിനാര്‍ ഉദ്ഘാടനം

നിയമനിര്‍മാണസഭയെ ചലനാത്മകമായ ജനാധിപത്യസ്ഥാപനമായി വളര്‍ത്തിക്കൊണ്ടുവന്നതില്‍ നിയമനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ മെംബേഴ്‌സ് ലോഞ്ചില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളോണിയല്‍ വാഴ്ചയില്‍നിന്നാണ് ജനായത്ത ഭരണത്തിലേക്കും അധികാര വികേന്ദ്രീകരണത്തിലേക്കും ഭരണനവീകരണത്തിലേക്കും നാം എത്തിയത്. പുരോഗമനപരവും വിപ്ലവാത്മകവുമായ അനേകം നിയമനിര്‍മാണങ്ങള്‍ക്ക് നമ്മുടെ നിയമസഭ വേദിയായി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ കാലയളവില്‍ കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലത്തിലും ജനജീവിതത്തിലും ദൂരവ്യാപക പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുള്ളതായിക്കാണാം.

നമ്മുടെ നിയമനിര്‍മാണങ്ങളുടെ ചുവടുപിടിച്ച് മറ്റു സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാര്‍ പോലും നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. രാജഭരണക്കാലത്തെ വിളംബരങ്ങളും മറ്റും നിയനിര്‍മാണത്തിന്റെ പൂര്‍വ മാതൃകകളാണ്. ക്ഷേത്ര പ്രവേശന വിളംബരം പോലുള്ള രാജകീയ വിളംബരങ്ങള്‍ കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്മി കുടിയാന്‍ ആക്ട്, ഈഴവ ആക്ട്, ട്രാവന്‍കൂര്‍ ക്ഷത്രിയ ആക്ട്, ഇവയെല്ലാം നിലവില്‍വന്നത് വിസ്മരിക്കാവുന്നതല്ല. 1948ല്‍ ഉത്തരവാദിത്വ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ തിരുവിതാംകൂര്‍ ജനപ്രതിനിധി സഭ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി എന്ന നിലയിലും പ്രവര്‍ത്തിച്ചു.

1957ല്‍ അധികാരത്തില്‍ വന്ന ഒന്നാം നിയമസഭ നിയമനിര്‍മാണത്തിന്റെ മഹത്തായ ചരിത്രം കുറിച്ചു. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, സാമൂഹികക്ഷേമ മേഖലകളില്‍ സോദ്ദേശ്യപരമായ നിയമനിര്‍മാണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഒന്നാം നിയമസഭയ്ക്ക് കഴിഞ്ഞു. കാര്‍ഷിക ബന്ധബില്‍, വിദ്യാഭ്യാസബില്‍, പഞ്ചായത്ത് രാജ് ആക്ട്, നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം, സഹകരണ നിയമം, മലയാള സര്‍വകലാശാലാ ആക്ട്, സേവനാവകാശനിയമം എന്നിവയെല്ലാം കേരള നിയമ സഭയുടെ വിപ്ലവകരമായ സംഭാവനകളാണ്. ബില്ലുകള്‍ പ്രസിഡന്റിന്റെ അനുമതി കിട്ടാതെ തിരിച്ചയക്കപ്പെടുന്ന അവസ്ഥ ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ ഒരു ബില്ലു പാസാക്കുക എന്നതിനു പിന്നില്‍ ജനാഭിലാഷമാണുള്ളത്. കാലികപ്രസക്തമല്ലാത്ത നിയമങ്ങളുടെ ക്രോഡീകരണവും കാലഹരണപ്പെട്ടവ റദ്ദാക്കാനുള്ള ശ്രമവും അനിവാര്യമാണ്. സഭയില്‍ നിയമനിര്‍മാണത്തിന് ആവശ്യമായ സമയം നീക്കിവയ്ക്കുന്നുണ്ടോ എന്ന കാര്യം ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ ഓര്‍ഡിനന്‍സ് ഒഴിവാക്കാനാവില്ല. എന്നാല്‍ ഏറ്റവും അടുത്ത അവസരത്തില്‍ത്തന്നെ അത് സഭയില്‍ ബില്ലാക്കി അവതരിപ്പിച്ച് പാസാക്കാനും കഴിയണം. പക്ഷേ നിയമനിര്‍മാണത്തിനായുള്ള കുറുക്കുവഴിയായി ഓര്‍ഡിനന്‍സുകള്‍ മാറരുത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു പ്രത്യേക നിഷ്‌കര്‍ഷയുണ്ട്. നിയമസഭയുടെ പ്രധാന ധര്‍മം നിയമനിര്‍മാണമാണ് എന്നത് പലപ്പോഴും നാം മറന്നുപോകുന്നു എന്ന സ്വയം വിമര്‍ശനത്തിനുകൂടി ഈയവസരം വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യോഗത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിയമനിര്‍മാണങ്ങള്‍ യാന്ത്രികമായിട്ടല്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ നിയമസഭയ്ക്കു കഴിയുന്ന തരത്തില്‍ ഗൗരവമായ സംവാദങ്ങളും നിയമനിര്‍മാണങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായ അന്വേഷണങ്ങളും ഉണ്ടാവണമെന്ന് സ്പീക്കര്‍ പറഞ്ഞു. പലപ്പോഴും സമൂഹമാവശ്യപ്പെടുന്ന പ്രശ്‌നങ്ങളോട് ആദ്യം പ്രതികരിച്ച സംസ്ഥാനമാണ് കേരളം. നിയമനിര്‍മാണത്തിന്റെ അനുഭവങ്ങളെയും ദൗര്‍ബല്യങ്ങളെയും വിലയിരുത്താന്‍ പത്ത് ജില്ലകളില്‍ പത്ത് മേഖലകളെ കേന്ദ്രീകരിച്ച് പ്രഭാഷണ പരമ്പരകളും യുവജനങ്ങള്‍ക്കായി യൂത്ത്-വിദ്യാര്‍ത്ഥി പാര്‍ലമെന്റുകളും ആയിരം ഭരണഘടനാ ക്ലാസുകളും സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചു.

കേരള നിയമസഭ- നിയമനിര്‍മാണത്തിന്റെ ആറു പതിറ്റാണ്ടുകള്‍ എന്ന വിഷയം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ അവതരിപ്പിച്ചു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണ സഭകള്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ ഗവര്‍ണറും പ്രസിഡന്റും ഒപ്പു വച്ചാലും ജുഡീഷ്യറി തള്ളുന്ന പ്രവണത പുന:പരിശോധിക്കപ്പെടണമെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിലെ കോഴ വാങ്ങല്‍ കേരളത്തിന്റെ അന്തസ്സിനു ചേര്‍ന്നതല്ല. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ക്കുളള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാവാനും സംവരണ തത്വങ്ങള്‍ പാലിക്കപ്പെടാനും നിയമനിര്‍മാണങ്ങളുണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ, മുന്‍നിയമസഭാ സെക്രട്ടറി ഡോ. എന്‍.കെ. ജയകുമാര്‍, മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗങ്ങളായ സി.പി. ജോണ്‍, ജി. വിജയരാഘവന്‍, നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.