പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യം

സര്‍ക്കാര്‍ വകുപ്പുകളിലെ പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യം സംബന്ധിച്ച് സമയബന്ധിതമായി വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും റിസര്‍വ് ചെയ്ത തസ്തികകളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കാനും ഓരോ വകുപ്പിലും വകുപ്പധ്യക്ഷന് താഴെയുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

നോഡല്‍ ഓഫീസറെ നിയമിച്ച് ഒരാഴ്ചക്കകം പൊതു ഭരണവകുപ്പ് സെക്രട്ടറിയെ എല്ലാ വകുപ്പുകളും അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യം ഉറപ്പാക്കുന്നതു സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില തസ്തികകളില്‍ യോഗ്യരായ പട്ടികവര്‍ഗക്കാരെ ലഭിക്കാന്‍ പ്രയാസം നേരിടുന്നതിനാല്‍ നിയമനം നടത്താനാവുന്നില്ല. ഇതുപരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കാമെന്ന് പരിശോധന നടത്തി ഇടക്കാല റിപ്പോര്‍ട്ട് ഇതുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം.

പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കുന്നതിലുണ്ടാകുന്ന വീഴ്ച ഗൗരവമായി കാണും. ഈ യോഗത്തിന്റെ തുടര്‍ച്ചയായി യോഗങ്ങള്‍ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന് പരിശോധിക്കുന്ന സ്ഥിതിയുണ്ടാകണം. ഒഴിവുകളുടെ ഇപ്പോഴത്തെ സ്ഥിതി, നിയമനത്തിനുള്ള കാലതാമസം തുടങ്ങിയവ സെക്രട്ടറിമാര്‍ വ്യക്തിപരമായി ഇടപെട്ട് പരിശോധിച്ച് നികത്താനുള്ള നടപടി കൈക്കൊള്ളണം. പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ എത്ര നിയമനം ബാക്കിയുണ്ട്, വൈകാന്‍ കാരണം, ഏതു തീയതിക്കകം നടപടികള്‍ പൂര്‍ത്തിയാക്കാനാകും തുടങ്ങിയ കാര്യങ്ങള്‍ പി.എസ്.സി സെക്രട്ടറി പരിശോധിച്ച് പി.എസ്.സിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി ചീഫ് സെക്രട്ടറി തലത്തില്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രാതിനിധ്യ പരിശോധനയ്ക്കാവശ്യമായ വിവരങ്ങള്‍ നല്‍കുമെന്ന് പൊതുഭരണ വകുപ്പിനെ വിവിധ വകുപ്പുകള്‍ അറിയിക്കാന്‍ വ്യത്യസ്ത തീയതികളും യോഗത്തില്‍ തീരുമാനിച്ചു നല്‍കി.

യോഗത്തില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഷീലാ തോമസ്, വി.ജെ. കുര്യന്‍, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് തുടങ്ങിയവരും, വിവിധ വകുപ്പുസെക്രട്ടറിമാര്‍, വകുപ്പധ്യക്ഷന്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.