റിയോ പാരാലിംപിക്‌സ് മെഡല്‍ ജേതാക്കളെ അനുമോദിച്ചു

സംസ്ഥാനത്ത് സമഗ്ര കായിക നയം ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ അനുമോദിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് ടീമുകള്‍ക്ക് രൂപം കൊടുക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ജില്ലയ്ക്ക് താഴോട്ടും വേരോട്ടമുണ്ടാകുന്ന വിധത്തില്‍ പരിഷ്‌കരിക്കാന്‍ നടപടിയെടുക്കും. 2024 ഒളിംപിക്‌സ് ലക്ഷ്യം വച്ച് പ്രത്യേക പരിശിലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതായിട്ടുണ്ട്. കായികരംഗത്ത് മികവു തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എല്ലാ കാലഘട്ടത്തിലും കൈക്കൊണ്ടിട്ടുള്ളത്.

കായികമേഖലയില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പശ്ചാത്തല സൗകര്യ വികസനമാണ്. അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്താന്‍ സഹായകമായ ഇനങ്ങള്‍ നമുക്ക് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഗ്രാമീണമേഖലകളില്‍ ഇക്കാര്യങ്ങള്‍ തുടങ്ങണമെന്നാണുദ്ദേശിക്കുന്നത്. പഞ്ചായത്തുതലത്തില്‍ത്തന്നെ പറ്റിയ കളിസ്ഥലങ്ങളുണ്ടാവണം. ഗ്രാമീണതലത്തില്‍ കണ്ടെത്തുന്ന പ്രൊഫഷണലുകളെ നല്ലരീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം. അതിനാവശ്യമായ നടപടി സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക കായികയിനത്തില്‍ വേരോട്ടമുള്ളതായിരിക്കും ഓരോ ഗ്രാമവും. അതു കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളാണ് നമുക്ക് വേണ്ടത്. എല്ലാവര്‍ക്കും വ്യായാമം എന്നതാവണം നമ്മുടെ ലക്ഷ്യം. അന്തര്‍ദേശീയ തലത്തില്‍ നിലവിലുള്ള സ്‌പോര്‍ട്‌സ് മെഡിസിന്‍ ശാഖ നമ്മുടെ നാട്ടിലും വ്യാപകമാക്കണം. കായിക താരങ്ങള്‍ പരിശീലനത്തിലും മത്സരത്തിലുമേര്‍പ്പെടുമ്പോളുണ്ടാകുന്ന പരിക്കുകള്‍ക്ക് ചികിത്സിക്കാന്‍ ഇതു കൂടിയേ മതിയാകൂ. ഇതിനുവേണ്ട സൗകര്യങ്ങളൊരുക്കുവാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ച് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്‌സികുട്ടന്‍, കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയന്‍കുമാര്‍, സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ. വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.