മന്ത്രിസഭാ തീരുമാനങ്ങള്‍ 25/01/2017

വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിച്ചു
സംസ്ഥാനത്ത് വനിതാ പോലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി 1 കമാണ്ടന്റ്, 20 വനിതാ പോലീസ് ഹവില്‍ദാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 5 ഡ്രൈവര്‍, 10 ടെക്‌നിക്കല്‍ വിഭാഗം, 1 ആര്‍മറര്‍ എസ്.ഐ, 20 ക്യാമ്പ് ഫോളോവര്‍മാര്‍, 1 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, 1 ജൂനിയര്‍ സൂപ്രണ്ട്, 1 കാഷ്യര്‍ / സ്റ്റോര്‍ അക്കൗണ്ടന്റ്, 8 ക്ലാര്‍ക്ക്, 2 ടൈപ്പിസ്റ്റ്, 1 ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും
പോലീസ് സേനയില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് വിവിധ കായിക ഇനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരും പ്രത്യേക തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ നിയമന യോഗ്യത നേടിയവരുമായ 74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും. അത്‌ലറ്റിക്‌സ് (സ്ത്രീകള്‍) വിഭാഗത്തില്‍ 12 പേര്‍ക്കും പുരഷന്‍മാരുടെ വിഭാഗത്തില്‍ ഒമ്പത് പേര്‍ക്കും ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും നാലു വീതവും നിയമനം ലഭിക്കും. ഫുട്‌ബോള്‍ വിഭാഗത്തില്‍ ആറും, ജൂഡോ വിഭാഗത്തില്‍ പത്തും നീന്തല്‍ വിഭാഗത്തില്‍ പന്ത്രണ്ടും, വാട്ടര്‍ പോളോ വിഭാഗത്തില്‍ പന്ത്രണ്ടും, ഹാന്റ് ബോള്‍ വിഭാഗത്തില്‍ പന്ത്രണ്ടും പേര്‍ക്ക് നിയമനം ലഭിക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പോലീസ് സംരക്ഷണം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പോലീസ് സംരക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിഴിഞ്ഞം പുളിങ്കുടിയില്‍ ഒരു പുതിയ ഡിറ്റാച്ച്‌മെന്റ് യൂണിറ്റ് ആരംഭിക്കുവാനുളള അനുമതി നല്‍കിക്കൊണ്ടും യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് സബ് ഇന്‍സ്‌പെക്ടര്‍ (പുനര്‍വിന്യാസം മുഖേന) 1, സിവില്‍ പോലീസ് ഓഫീസര്‍ 30, വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ 6, ഡ്രൈവര്‍ 4 എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

ഏനാത്ത് പാലത്തിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു
ഏനാത്ത് പാലത്തിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിക്കാന്‍ തീരുമാനിച്ചു.

ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു
ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. 21-10-2016-ലെ സ.ഉ (കൈ) 148/2016/തസ്വഭവ. ഉത്തരവിലെ കമ്മീഷന്‍ ഘടന സംബന്ധിച്ച വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത്, ചെയര്‍മാനായി ഡോ.സി.പി. വിനോദിനെയും മെമ്പറായി ഡോ.എന്‍. രമാകാന്തനെയും മെമ്പര്‍ സെക്രട്ടറിയായി തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി / സെക്രട്ടറി എന്നിവരെയും നിയമിക്കും.

ഗവണ്‍മെന്റ് ഗ്യാരന്റി വര്‍ദ്ധിപ്പിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന് ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍നിന്നും ധനസഹായം ലഭ്യമാക്കുന്നതിന് നിലവിലുളള ഗവണ്‍മെന്റ് ഗ്യാരന്റി മൂന്നു കോടി രൂപയില്‍നിന്നും ആറു കോടിരൂപയാക്കി വര്‍ദ്ധിപ്പിച്ചു.

മാര്‍ക്കറ്റ് വില നല്‍കി തോട്ടണ്ടി ലഭ്യമാക്കും
കൃഷിവകുപ്പിന്റെയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും കീഴിലുളള ഫാമുകളില്‍ വരുന്ന സീസണില്‍ ഉല്പാദിപ്പിക്കുന്ന തോട്ടണ്ടി, കശുവണ്ടി വികസന കോര്‍പ്പറേഷനും കാപെക്‌സിനും ലഭ്യമാക്കും. കൃഷി വകുപ്പും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പും ലഭ്യമാക്കുന്ന തോട്ടണ്ടി മാര്‍ക്കറ്റ് വില നല്‍കി വാങ്ങുന്നതിന് കശുവണ്ടി വികസന കോര്‍പ്പറേഷനും കാപെക്‌സിനും അനുമതി നല്‍കാനും തീരുമാനിച്ചു.

കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ മാനേജിരിയല്‍ തസ്തികകള്‍ സൃഷ്ടിച്ചു
കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ കരാര്‍ നിയമന വ്യവസ്ഥയില്‍ മൂന്ന് വര്‍ഷത്തേക്ക് നിയമനം നടത്തുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി താല്ക്കാലികാടിസ്ഥാനത്തില്‍ അഞ്ച് മാനേജിരിയല്‍ തസ്തികകള്‍ സൃഷ്ടിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോഡ് സേഫ്റ്റി, ഡയറക്ടര്‍ റോഡ് യൂസര്‍ സേഫ്റ്റി, ഡയറക്ടര്‍ ഗവണ്‍മെന്റ് സപ്പോര്‍ട്ട് ആന്റ് കമ്മ്യൂണിറ്റി ലെയ്‌സണ്‍, ഡയറക്ടര്‍ ഡാറ്റാ അനാലിസിസ് ആന്റ് പെര്‍ഫോമന്‍സ് മോണിറ്ററിംഗ്, ഡയറക്ടര്‍ ക്യാമ്പയിന്‍സ് ആന്റ് പബ്ലിക്ക് റിലേഷന്‍സ് എന്നീ തസ്തികകളാണ് സൃഷിക്കുക.

അംഗപരിമിതര്‍ക്ക് പുനര്‍ നിയമനം നല്‍കും
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം ലഭിക്കുകയും പി.എസ്.സി മുഖേന സ്ഥിര നിയമനം, പ്രസവാവധി, അധ്യയന വര്‍ഷാവസാനം എന്നീ കാരണങ്ങളാല്‍ 179 ദിവസം സേവനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരുമായ അംഗപരിമിതര്‍ക്ക് പുനര്‍ നിയമനം നല്‍കും. സാമൂഹിക നീതി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത 157 അംഗ പരിമിതര്‍ക്ക് 2677 സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ ഇതുവരെ നികത്തപ്പെടാത്ത ഒഴിവുകളില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍ നിയമനം നല്‍കുക.

ഭവന നിര്‍മാണ ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കും
ഭവന നിര്‍മാണ ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2017 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കും. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത നിലവിലുള്ള അതേ വ്യവസ്ഥയില്‍ ഭവന നിര്‍മാണ ബോര്‍ഡ് ഏറ്റെടുക്കും.

ഔഷധ സസ്യ ബോര്‍ഡില്‍ പുതിയ തസ്തികകള്‍
ഔഷധ സസ്യ ബോര്‍ഡില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് എന്നീ തസ്തികകള്‍ സൃഷ്ടിക്കും

എട്ടു തീരദേശ പോലീസ് സ്‌റ്റേഷനുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും
നിര്‍മാണം പൂര്‍ത്തീകരിച്ച എട്ടു തീരദേശ പോലീസ് സ്‌റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍-ഒന്ന്, സബ് ഇന്‍സ്‌പെക്ടര്‍-രണ്ട്, എ.എസ്.ഐ./സിവില്‍ പോലീസ് ഓഫീസര്‍-25, ഡ്രൈവര്‍-ഒന്ന് ക്രമത്തില്‍ 29 തസ്തികകള്‍ സൃഷ്ടിക്കും. ഈ പോലീസ് സ്‌റ്റേഷനുകളില്‍ ആറായിരം രൂപ പ്രതിമാസ വേതനത്തില്‍ ഓരോ കാഷ്വല്‍ സ്വീപ്പറെ നിയമിക്കും. ഈ സ്‌റ്റേഷനുകളില്‍ ആവശ്യത്തിനുള്ള കുറഞ്ഞ എണ്ണം ബോട്ടുകള്‍ വാടകയ്‌ക്കെടുക്കാനും അനുമതിയായി.

ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 2016 ജനുവരി 20-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ധനകാര്യവകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭ്യമാക്കും.
കേരള സംഗീത നാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവയും ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്‌ക്കരിക്കും

അക്കൗണ്ടന്റ് ജനറല്‍ ഓഫീസിന് ഭൂമി നല്‍കും
അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് നിര്‍മ്മാണത്തിനായി 22.77ആര്‍ ഭൂമി സൗജന്യമായി നല്‍കും. തിരുവനന്തപുരം താലൂക്കില്‍ തൈക്കാട് വില്ലേജില്‍ ബ്ലോക്ക് നം. 129-ല്‍ റീസര്‍വേ 22-ല്‍പ്പെട്ട ഭൂമിയാണ് ഓഫീസ് നിര്‍മ്മാണത്തിനായി പതിച്ച് കൊടുക്കുന്നത്.