ഇ ഹെല്‍ത്ത് കേരള

കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ ഒരു നൂതന സാങ്കേതിക ആരോഗ്യ പദ്ധതിക്കു കൂടി ഇന്നു തുടക്കമാകുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ അലോപ്പതി ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്ന څഇ ഹെല്‍ത്ത് കേരളچ പദ്ധതി ഇന്നു മുതല്‍ നിലവില്‍ വരും.

രണ്ടു ഘട്ടങ്ങളിലായാണു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ശ്രേണികളിലുളള സ്ഥാപനങ്ങളെയാണ് പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുത്തിട്ടുളളത്. ഇതിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നിങ്ങനെ ഏഴു ജില്ലകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കും. രണ്‍ണ്ടാം ഘട്ടത്തില്‍ മറ്റ് ഏഴു ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുന്നതോടെ കേരളത്തിലെ സര്‍ക്കാര്‍ അലോപ്പതി പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഒരു കേന്ദ്രീകൃത ശ്യംഖലയുടെ ഭാഗമായി മാറും. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആരോഗ്യരംഗത്ത് ഇത്തരത്തില്‍ വിപ്ലവകരമായ മുന്നേറ്റം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

പൊതുജനാരോഗ്യരംഗത്തു കേരളം ലോകത്തിനു മാതൃകയാണെന്ന പ്രസ്താവനയില്‍ ഒട്ടുംതന്നെ അതിശയോക്തിയില്ല. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും മാതൃ-ശിശു- പൊതുമരണ നിരക്കുകള്‍ കുറയ്ക്കാനും സാധിച്ചതിലൂടെ യാണു നമ്മുടെ കേരളം പൊതുജനാരോഗ്യരംഗത്ത് ലോകമാതൃകയായി മാറിയത്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുകേവലം ആരോഗ്യരംഗത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍കൊണ്ടു മാത്രമുണ്ടായതാണോ? അല്ല. ഈ നേട്ടം പലതിന്‍റെയും ആകെ തുകയാണ്. ഭൂപരിഷ്കരണം, സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, ഗ്രാമീണ ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങി നാം നടപ്പാക്കിയ നിരവധി പദ്ധതികളുടെ ഫലമായുണ്ടായ സാമൂഹ്യമാറ്റങ്ങള്‍ കൂടിച്ചേര്‍ന്നാണ് കേരളത്തിന്‍റെ ആരോഗ്യരംഗത്തെ ഈ
വിധത്തില്‍ മെച്ചപ്പെടുത്തിയത്; ലോകത്തിനുതന്നെ മാതൃകയാക്കിയത്.

ലോകാരോഗ്യസംഘടനയാണ് സാമൂഹ്യനീതിയിലധിഷ്ഠി തമായ, ചെലവുകുറഞ്ഞ ആരോഗ്യസംരക്ഷണത്തെ ആദ്യമായി څകേരള മാതൃകچ എന്നുവിളിച്ചത്. 1957ലെ ഇ.എം.എസ്. സര്‍ക്കാര്‍ തുടങ്ങിവച്ചതും തുടര്‍ന്നുള്ള ഇടതുപക്ഷ ജനാധിപത്യ പുരോഗമനമുന്നണി സര്‍ക്കാരുകള്‍ പിന്തുടര്‍ന്നതുമായ നയങ്ങളാണ് ഈ മാതൃക സൃഷ്ടിച്ചതെന്ന് അറിയാത്തവരില്ല. 1957ലെയും ’67ലെയും സര്‍ക്കാരുകളുടെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ആരോഗ്യരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടാകുന്നത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ്.

ജനകീയാസൂത്രണത്തോടെ ജില്ലാ ആശുപത്രികള്‍വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനും ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും പ്രാദേശിക തലത്തില്‍ ആളുണ്ടായി; സംവിധാനമുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണു സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയതെന്ന കാര്യം നാം മറക്കാന്‍ പാടില്ല.

നേട്ടങ്ങളിങ്ങനെ ധാരാളം എടുത്തുകാട്ടാനുണ്ടെങ്കിലും നമുക്കു സംഭവിച്ച ചില പോരായ്മകള്‍ കൂടി തിരിച്ചറിയുന്നതു നല്ലതാണ്. കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണത്തില്‍ ഇനിയും നാം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. നിര്‍മാര്‍ജനം ചെയ്തതായി നാം പ്രഖ്യാപിച്ച മലേറിയ വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. മാത്രമല്ല കോളറ, മന്ത്, ലെപ്രസി എന്നിവയുടെ തിരിച്ചുവരവ്, ഡെങ്കി, എലിപ്പനി എന്നിവയുടെ വ്യാപനം, ജീവിതശൈലീ രോഗങ്ങളുടെ ഭയാനകമായ വര്‍ധന എന്നീ വിഷയങ്ങളെ ഗൗരവമായി കാണാതെ മുന്നോട്ടുപോകാനാകില്ല. ഈ വിഷയങ്ങള്‍ ആരോഗ്യവകുപ്പു ഗൗരവത്തോടെ തന്നെയാണു കൈകാര്യം ചെയ്യുന്നത്. അന്താരാഷ്ട്രതലത്തിലെ വൈദഗ്ധ്യവും
സൗകര്യങ്ങളും ഇക്കാര്യത്തില്‍ ഉപയോഗിക്കാന്‍ ശ്രമം നടത്തിയാലതു നന്നായിരിക്കും എന്ന് എനിക്കു തോന്നുന്നുണ്ട്.

വലിയ ഒരുവിഭാഗം ജീവനക്കാര്‍ ഫീല്‍ഡുതലത്തിലുള്ള വകുപ്പാണിത്. പ്രാഥമികാരോഗ്യകേന്ദ്രതലം മുതല്‍ സംസ്ഥാന തലം വരെ ദിനംപ്രതി ബന്ധം പുലര്‍ത്തുന്ന നിലയിലാണു വകുപ്പിന്‍റെ പ്രവര്‍ത്തനം. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ വിജയിക്കണമെങ്കില്‍ എല്ലാ തട്ടിലും ജീവനക്കാരുടെ സഹകരണം ഉണ്ടാകണം. അതുണ്ടാകുന്നുണ്ടോ? അത്തരത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണോ ഇവിടെ നടക്കുന്നത്? പുതിയ പ്രവര്‍ത്തന സംസ്കാരത്തിന് അനുഗുണമായ നിലയില്‍ ജീവനക്കാരുടെ ജോലി സ്വഭാവം പുനക്രമീകരിച്ചിട്ടുണ്ടോ? പരമ്പരാഗത രീതികളായ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങളുടെ കണക്കെടുപ്പും രക്ത സാമ്പിള്‍ ശേഖരിക്കലും മാത്രമാണോ ഫീല്‍ഡുതലങ്ങളില്‍ ഇപ്പോഴും നടക്കുന്നത്? അതിനപ്പുറത്തേക്ക് പോകാന്‍ കഴിയുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിങ്ങള്‍തന്നെ കണ്ടെത്തുന്നതാകും ഉചിതം.

ജീവിതശൈലീരോഗ നിയന്ത്രണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നീ രംഗങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ മാലിന്യ സംസ്ക്കരണം ഫലപ്രദമായി നേരിടാന്‍ പറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തന രീതി ആവിഷ്ക്കരിക്കണം. ഹരിതകേരളം പദ്ധതി ഫലവത്താക്കുന്നതില്‍ ആരോഗ്യമേഖലയുടെ പങ്കു വളരെ വലുതാണ്. കേരളത്തിന്‍റെ ഹരിതാഭ സംരക്ഷിക്കുന്നതിനു നമുക്കേവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

ഇ-ഹെല്‍ത്ത് വിഭാവനം ചെയ്യുന്നതു വിപുലമായ ലക്ഷ്യങ്ങളാണ്. സംസ്ഥാനത്തെ മുഴുവന്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളെയും കേന്ദ്രീകൃത ശ്യംഖലയുമായി ബന്ധിപ്പി ക്കുക വഴി ഇവിടെ ചികിത്സതേടി എത്തുന്ന വ്യക്തികളുടെ രോഗം, നല്‍കുന്ന ചികിത്സ, ആരോഗ്യം സംബന്ധിക്കുന്ന പൊതുവിവരങ്ങള്‍ എന്നിവ ഡിജിറ്റല്‍ രീതിയില്‍ ശേഖരിച്ച് സൂക്ഷിക്കാനാകും. അതോടൊപ്പം ആരോഗ്യ സാമൂഹിക പ്രവര്‍ത്തകര്‍ തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ശേഖരിക്കുന്ന സാമൂഹിക ആരോഗ്യ വിവരങ്ങള്‍ അവര്‍ക്കു ലഭ്യമാക്കുന്ന ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചു അപ്ലോഡു ചെയ്യും. ഓരോ വ്യക്തിയുടേയും ആധാര്‍, തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് മുതലായവ ഏതെങ്കിലും ഒരു വ്യതിരിക്ത നമ്പര്‍ മുഖേന ബന്ധിപ്പിച്ച് ഓരോ വ്യക്തിയുടെയും ആരോഗ്യസംബന്ധിയായ വിവരങ്ങളുടെ സമഗ്രത ഉറപ്പാക്കും. സാംക്രമിക രോഗങ്ങളുടെ ഉത്ഭവവും വ്യാപനവും യഥാവസരം കണ്ടെത്തുന്നതിന് സമയബന്ധിതമായ നടപടി സ്വീകരിക്കുന്നതിനും ഇതു വഴിയൊരുക്കും.

വ്യക്തികളുടെ ചികിത്സാരേഖകള്‍ കേന്ദ്രീകൃത ഡേറ്റാബേസില്‍ ലഭ്യമാക്കുക വഴി അവര്‍ സംസ്ഥാനത്തെ ഏതു സര്‍ക്കാര്‍ അലോപ്പതി ആശുപത്രിയില്‍ ചികിത്സ തേടിയാലും തടസ്സമില്ലാതെയുള്ള തുടര്‍ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മാനേജ്മെന്‍റ് സംവിധാനം നിലവില്‍ വരുന്നതോടെ ഔട്ട് പേഷ്യന്‍റ് വിഭാഗം, ലാബറട്ടറി, ഫാര്‍മസി, എക്സറേ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടുവരുന്ന തിരക്കും കാലതാമസവും ഒഴിവാക്കാനാകും. കടലാസുരഹിത രീതി പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം ലഘൂകരിക്കുകന്നതോടൊപ്പം ശാസ്ത്രീയമായ സേവനം നല്‍കുന്നതിനു കൂടി ഉപകരിക്കും.

ജനങ്ങള്‍ക്കു നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ ക്ഷേമ പരിരക്ഷകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും അര്‍ഹരായവര്‍ തന്നെയാണു അതിന്‍റെ ഗുണഭോക്താക്കളെന്ന് ഉറപ്പുവരുത്തുന്നതിനും സാധിക്കും. മാത്രമല്ല ആരോഗ്യവകുപ്പില്‍ നിന്നും ലഭിക്കേണ്ട പല തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി വിതരണം നടത്താനും സാധിക്കും. വ്യക്തികളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ എന്നതിലുപരി വിവിധ ആശുപത്രികളെ സംബന്ധിച്ചും ഓരോ സ്ഥലത്തും ലഭ്യമാകുന്ന സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ അപ്പോയിമെന്‍റ്, പേയ്മെന്‍റ് തുടങ്ങിയവ ലഭ്യമാകുന്ന വെബ് പോര്‍ട്ടല്‍ ഉടന്‍തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അനുശാസിക്കുന്ന ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്സ് സ്റ്റാന്‍ഡാര്‍ഡുകള്‍ക്ക് അനുസൃതമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം അന്താരാഷ്ട്ര കോഡിംഗ് സിസ്റ്റത്തിലേയ്ക്ക് മാറ്റി സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്ര ഗവേഷണം, ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ആരോഗ്യ സംരക്ഷണ നയപരിപാടികളുടെ രൂപവത്കരണം, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പുരോഗതിക്ക് ഈ പദ്ധതി സഹായകമാകും.

കേന്ദ്രസര്‍ക്കാരിന്‍െറ വിഹിതമായ 86.69 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 9.42 കോടി രൂപയുമുള്‍പ്പെടെ ആകെ 96.12 കോടി രൂപയാണ് പദ്ധതിയ്ക്കായി ആദ്യഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്. ദേശീയതലത്തില്‍ നടത്തിയ മല്‍സരാധിഷ്ഠിത ടെന്‍ഡര്‍ വഴിയാണ് ഒമംഹലജേേമരസമൃറ ഋിലേൃുൃശലെെ കിറശമ എന്ന കമ്പനിയെ സോഫ്റ്റ്വെയര്‍ നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തത്. ഡോക്ടര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്തു വിഭാഗം ജീവനക്കാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് അനുബന്ധ വിഭാഗം തുടങ്ങിയവരുമായി നിരന്തരം ആശയവിനിമയം നടത്തിയാണ് പദ്ധതിക്കാവശ്യമായ മോഡ്യൂളുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത് എന്നാണു അറിയാന്‍ കഴിഞ്ഞത്. ഇത് ശുഭോദര്‍ക്കമായ കാര്യവുമാണ്. സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കാന്‍ പോകുന്ന പദ്ധതി ഞാന്‍ അഭിമാനപൂര്‍വ്വം ഉദ്ഘാടനം ചെയ്യുന്നു. നന്ദി.