വിദ്യാലയങ്ങള്‍ കാലാനുസൃതമാക്കും

മികവിന്റെ വിദ്യാലങ്ങളൊരുക്കാന്‍ ‘പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി’ന് തുടക്കമായി കേരളത്തിന് വിദ്യാഭ്യാസമേഖലയില്‍ യശസ് നേടാനായത് പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനഫലമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പൊതുവിദ്യാലയങ്ങള്‍ക്ക് കാലാനുസൃതമായ പുരോഗതി ഉണ്ടാകാത്തതാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ആകര്‍ഷണം വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പഠന സമ്പ്രദായങ്ങളുമായി വിദ്യാലയങ്ങള്‍ കാലാനുസൃതമാക്കും. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന ‘പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി’ന്റെ ഉദ്ഘാടനം മലയിന്‍കീഴ് ഗവ: ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാശ്രയകോളേജുകള്‍ വന്നതോടെ വിദ്യാഭ്യാസ സ്ഥാപനമെന്നത് ലാഭമുണ്ടാക്കാനുള്ള സ്ഥാപനമെന്ന കണക്കുകൂട്ടലിലേക്ക് ആളുകള്‍ മാറി. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഈനില പ്രീ-പ്രൈമറിതലം തൊട്ട് വ്യാപിച്ചു. നേരത്തെ നാടിനോടും സമൂഹത്തോടുമുള്ള താത്പര്യം കൊണ്ട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാനത്ത് കൂടുതല്‍ ലാഭം കിട്ടുന്ന കച്ചവടം എന്ന നിലയായി. പൊതുവിദ്യാലയത്തില്‍നിന്ന് പഠിച്ച് ഉയര്‍ന്നുവന്ന ആളുകളടക്കം തങ്ങളുടെ മക്കളെ അണ്‍-എയ്ഡഡില്‍ അയച്ചാലേ ഗുണംപിടിക്കൂ എന്ന് ചിന്തിക്കുന്ന അവസ്ഥവന്നു. എന്നാല്‍, അക്കാദമിക മികവ് നോക്കിയാല്‍ പൊതുവിദ്യാലയങ്ങള്‍ തന്നെയാണ് മികച്ചുനില്‍ക്കുന്നത്. സര്‍ക്കാര്‍തല നിയന്ത്രണങ്ങളാണ് കാരണം.

ഈ പദ്ധതിയുടെ ഉദ്ദേശ്യം ഏതെങ്കിലും ചിലതിനെ മികവിന്റെ കേന്ദ്രമാക്കലല്ല. എല്ലാം മികവിന്റെ കേന്ദ്രങ്ങളാകണം. നേതൃത്വം നല്‍കാന്‍ മാതൃകാപരമായി ആ രംഗത്ത് പ്രവര്‍ത്തിച്ച ഒരാളെത്തന്നെ മന്ത്രിയായി ലഭിക്കുകയും ചെയ്തു. പ്രീ പ്രൈമറിതലം മുതല്‍ അക്കാദമിക് രംഗത്തും പശ്ചാത്തല സൗകര്യരംഗത്തുമുള്ള പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്നതാണ് ഈ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി ഒന്നുമുതല്‍ 12 വരെ വിദ്യാര്‍ഥികള്‍ പുതിയ രീതിയിലുള്ള പഠനസമ്പ്രദായങ്ങള്‍ സ്വീകരിക്കും. ഇന്നുള്ളതാകെ ഉടച്ചുവാര്‍ക്കുന്നു എന്ന് ഇതിനര്‍ഥമില്ല.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് നല്ല പരിജ്ഞാനം ലഭിക്കണം. ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസുകളാകുകയും സ്‌കൂളുകള്‍ ഹൈടെക്കായി മാറുകയും പശ്ചാത്തല സൗകര്യം വര്‍ധിക്കുകയും വേണം. സര്‍ക്കാരിന്റെ പണത്തിനൊപ്പം പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപക-രക്ഷാകര്‍തൃസമിതി, എം.എല്‍.എ, എം.പി, നല്ല മനസുള്ള ഒട്ടേറെപ്പേര്‍ തുടങ്ങിയവര്‍ ഇതിന്റെ കൂടെ ചേരണം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ മാതൃകയാക്കണം. അധ്യാപകര്‍ക്കും പരിശീലനം നല്‍കി കാലാനുസൃതമാക്കണം. അതിന് പ്രത്യേകമായി വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിക്കും.

ഗുണഭോക്താവായ വിദ്യാര്‍ഥി കേന്ദ്രീകൃതമായാണ് പദ്ധതി നടപ്പാക്കുക. എല്ലാ കുട്ടികളെയും ശരാശരിക്ക് മുകളില്‍ നിലവാരത്തിലേക്ക് എത്തിക്കുകയാണ് ഉദ്ദേശ്യം. തുടര്‍പ്രവര്‍ത്തനം ഉണ്ടാകും എന്നതാണ് പദ്ധതിയുടെ ഗുണം. ഒപ്പം അധ്യാപകര്‍ ഇന്നത്തെ കാലത്തിനനുസരിച്ച് കൂടുതല്‍ കഴിവുകള്‍ നേടുകയും ചെയ്യും. പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടുന്ന യജ്ഞത്തിനുപുറമേ, ഉന്നതവിദ്യാഭ്യാസമേഖലയെ പ്രത്യേകമായി പരിഗണിക്കും. വിദ്യാര്‍ഥികള്‍ ഉയര്‍ന്ന രീതിയില്‍ വിദ്യ അഭ്യസിക്കാനുള്ള സാഹചര്യം ഉണ്ടാകണം.

അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പോകുന്നതിന് ഇടയാക്കുന്ന ഒരു കാരണം ഇംഗ്‌ളീഷിനോടുള്ള അതിരുകവിഞ്ഞ പ്രതിപത്തിയാണ്. നമ്മുടെ നാട്ടിലെ കുട്ടി മലയാളം നന്നായി പഠിക്കണം. ഇംഗ്‌ളീഷും ഹിന്ദിയും കുട്ടി നിര്‍ബന്ധമായി അറിഞ്ഞിരിക്കുകയും വേണം. നമ്മുടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഭാഷയുടെ കഴിവും സ്വാധീനവും വര്‍ധിപ്പിക്കുന്നുണ്ട്.

ഈ യജ്ഞത്തെ സഹായിക്കാനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഓരോ മണ്ഡലത്തിലേയും ഓരോ എല്‍.പി സ്‌കൂള്‍ കാലാനുസൃതമാക്കാനുള്ള പദ്ധതി ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സുമനസുകള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളും ആധുനിക വിദ്യാഭ്യാസം നല്‍കുന്ന ഡിജിറ്റല്‍ വിദ്യാലയങ്ങളാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. മറ്റെവിടെയും ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളില്‍ ലഭ്യമാക്കും. അക്കാദമിക ഇതര മേഖലകളിലും സര്‍ഗശേഷി വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക കൈപ്പുസ്തക പ്രകാശനം ഡോ. എ. സമ്പത്ത് എം.പി നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ഐ.ബി സതീഷ് എം.എല്‍.എ ചടങ്ങിന് സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പദ്ധതി വിശദീകരിച്ചു.

ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. എസ്.എസ്.എ ഡയറക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന്‍, സീമാറ്റ് ഡയറക്ടര്‍ ഡോ.പി.എ. ഫാത്തിമ, ഐ.ടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, നേമം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. അനിത, ജില്ലാ പഞ്ചായത്തംഗം രമകുമാരി, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍ നായര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.